ഇത് രാജസ്ഥാന്‍ യാത്രയുടെ അഞ്ചാം ഭാഗമാണ്

ആദ്യഭാഗം ഇവിടെ 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം
നാലാം ഭാഗം 

Sunset at Sam Sand Dunes - Jaisalmer Rajasthan - Pick, Pack Go

ഞങ്ങളുടെ അടുത്ത ലക്ഷ്യം ജൈസാല്മീര്‍ ആയിരുന്നു. ജയ്പൂര്‍ നഗരത്തില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് ജൈസാല്മീര്‍. ജയ്പൂരിലൂടെ കടന്നു പോകുന്ന ഡല്‍ഹി- ജൈസാല്മീര്‍ എക്സ്പ്രസ്സ്‌ ട്രെയിനില്‍ ആണ് ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ കനത്ത ശൈത്യം കാരണം ട്രെയിനുകള്‍ ഒക്കെ വളരെ വൈകിയാണ് ഓടുന്നത്. ജൈസാല്മീര്‍ എത്താന്‍ താമസിച്ചാല്‍ അവിടുത്തെ പരിപാടികള്‍ ഒക്കെ അവതാളത്തിലാകും. ആ ടെന്‍ഷനിലായിരുന്നു ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ എത്തിയത്. സ്റ്റേഷനില്‍ കാലുകുത്തിയ ഉടനെ കണ്ട കാഴ്ച, നൂറു കണക്കിന് ആളുകള്‍ സ്റ്റേഷന്‍ ബെഞ്ചുകളിലും വെറും തറയിലും ഒക്കെ കിടന്നുറങ്ങുന്നതാണ്. ചിലര്‍ വൈകി വരുന്ന ട്രെയിന്‍ കാത്തിരിക്കുന്നവരായിരിക്കാം, അല്ലെങ്കില്‍ പുറത്തെ തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ അകത്തു കയറിയവരായിരിക്കാം. എന്തായാലും നട്ട പാതിരായ്ക്ക് ഉറങ്ങിക്കിടക്കുന്ന ഈ ജനക്കൂട്ടത്തിനിടയിലൂടെ സ്റ്റേഷനുള്ളില്‍ കയറിപറ്റുക എന്നത് ഒരു ഭഗീരഥ പ്രയ്തനം തന്നെ ആയിരുന്നു. കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനിലും കാണാന്‍ സാധിക്കാത്ത ഒരു കാഴ്ചയാണത്. പക്ഷെ ഈ നിലത്ത് കിടന്നുറങ്ങുന്ന കക്ഷികള്‍ ഒക്കെ,  വളരെ ശാന്തരും സംതൃപ്തരും ആയി കാണപ്പെട്ടു എന്നതാണ് രസം.

ഭാഗ്യത്തിന്‍ ട്രെയിന്‍ ഒരു മണിക്കൂര്‍ മാത്രമേ താമസിച്ചുള്ളൂ. ഇന്ത്യന്‍ കണക്കനുസരിച്ച് ഒരു മണിക്കൂര്‍ എന്നത് ഒന്നുമല്ലല്ലോ. രാത്രി 12:30നു ട്രെയിന്‍ എത്തി. കയറിയ ഉടനെ പകുതി ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീണു. ബോഗിക്കുള്ളില്‍ എന്തോ വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. തപ്പിത്തടഞ്ഞു മൊബൈല്‍ നോക്കിയപ്പോള്‍ സമയം രാവിലെ 4:00 മണി. ബോഗിക്കുള്ളില്‍ നിറയെ പട്ടാളക്കാരാണ്. അടുത്ത കാലത്ത് നടന്ന തീവ്രവാദി ആക്രമണങ്ങളും ബോംബു സ്ഫോടനങ്ങളും ഒക്കെ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു. മാത്രമല്ല, ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലേയ്ക്ക് ട്രെയിന്‍ അടുക്കുകയാണ് താനും. എന്നാല്‍ ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ കാര്യം മനസ്സിലായി. പേടിക്കാന്‍ ഒന്നുമില്ല! പൊഖ്റാനിലെ പട്ടാള ക്യാമ്പിലേയ്ക്ക് പോകുന്നവരാണ് ഈ പട്ടാളക്കാര്‍. 
“പൊഖ്റാന്‍” എന്ന് കേട്ടതേ ഞാന്‍ ഉഷാറായി. പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ എപ്പോഴും പത്രത്തില്‍ കാണുന്ന ഒരു പേരായിരുന്നു അത്. ഒരിക്കലെങ്കിലും പൊഖ്റാനില്‍ കാലു കുത്താന്‍ സാധിക്കുമെന്നു അന്നൊക്കെ സ്വപ്നം പോലും കണ്ടിട്ടില്ല. ജീവിതം നമ്മെ എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു എന്നത് തികച്ചും അത്ഭുതകരം തന്നെ! 
കേട്ടതു പോലെ രസമില്ല “പൊഖ്റാന്‍” എന്നെനിക്ക് മനസ്സിലായി. നോക്കെത്താ ദൂരത്തോളം ഊഷരമായ മറു പ്രദേശം. പേരിനു അവിടിവിടെ ചിലെ മുള്‍ച്ചെടികള്‍ ഒക്കെയുണ്ട്. "ഹരിതാഭയും പച്ചപ്പുമുള്ള" കേരളത്തില്‍ നിന്നും മറ്റും ഇവിടെ വന്നു ജോലി ചെയ്യുന്ന പട്ടാളക്കാരെ മനസ്സാ നമിച്ചു പോയി. നമ്മുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി കുടുംബവും നാടും വീടും വിട്ട് ഇതുപോലുള്ള മരുഭൂമികളില്‍ വന്നു കിടക്കുന്ന പട്ടാളക്കാരുടെ ത്യാഗത്തിനു പ്രതിഫലം കൊടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല എന്ന് മനസ്സിലായ നിമിഷങ്ങള്‍ ആയിരുന്നത്.

Desert land - Jaisalmer Rajasthan - Pick, Pack Go
വിശാലമായ മരുപ്രദേശങ്ങള്‍
പൊഖ്റാനും കടന്നു ട്രെയിന്‍ ജൈസാല്മീര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ബോഗിയില്‍ ഞങ്ങള്‍ കുറച്ചു പേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മിക്കവരും ടൂറിസ്റ്റുകള്‍ തന്നെ. തലേക്കെട്ടും കൊമ്പന്‍ മീശയുമുള്ള, ഒരു വൃദ്ധ ഗ്രാമീണനും ബോഗിയിലുണ്ട്. ഒരു യാത്രക്കാരന്റെ കയ്യിലെ ബ്ലൂടൂത്ത്‌ സ്പീക്കറും നോക്കി അന്തം വിട്ടിരിക്കുകയാണ് കക്ഷി. അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും കുലുക്കിയും ഒക്കെ നോക്കിയിട്ട്, “ഇത് റേഡിയോ തന്നെ” എന്നൊരു കമന്റും പാസാക്കി ആശാന്‍! ബ്ലൂടൂത്ത്‌ സ്പീക്കറിന്റെ ടെക്നോളജി അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ അതിന്റെ ഉടമസ്ഥന്‍ വളരെ കഷ്ടപ്പെട്ടു. അവസാനം എല്ലാം മനസ്സിലായെന്ന രീതിയില്‍ തലയും കുലുക്കി ഒരു ഫോട്ടോയ്ക്കും പോസ് ചെയതതിനു ശേഷമാണ് നമ്മുടെ രാജസ്ഥാന്‍ അപ്പൂപ്പന്‍ ട്രെയിനില്‍ നിന്നിറങ്ങിയത്. 
ജൈസാല്മീര്‍ അടുക്കുന്തോറും മരുഭൂമിയുടെ രൂപം കൂടുതല്‍ വ്യക്തമായി കാണാന്‍ തുടങ്ങി. ജീവിതത്തില്‍ ഇതുവരെ മരുഭൂമി കാണാത്ത എനിക്ക് അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ജൈസാല്മീരിലെ കൊച്ചു റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.

Jaisalmer Railway station - Rajasthan - Pick, Pack, Go
ജൈസാല്മീര്‍ റെയില്‍വേ സ്റ്റേഷന്‍

“ദാമോദര ഡെസേര്‍ട്ട് ക്യാമ്പ്‌” എന്ന ടൂര്‍ കമ്പനി വഴിയാണ് ഇവിടുത്തെ പരിപാടികള്‍ എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ദാമോദര ഡെസേര്‍ട്ട് ക്യാമ്പിന്റെ ഒരു വണ്ടി ഞങ്ങള്‍ക്കായി കാത്തു കിടക്കുന്നുണ്ടായിരുന്നു. ജീപ്പില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജയ്സാല്മീര്‍ നഗരത്തെ കൌതുകത്തോടെ നോക്കി. ആദ്യം ശ്രദ്ധയില്‍ പെടുന്നത് കെട്ടിടങ്ങളുടെയെല്ലാം തവിട്ടു നിറമാണ്. തവിട്ടു കലര്‍ന്ന മഞ്ഞ നിറത്തിലുള്ള കല്ലു ചെത്തിയൊരുക്കി നിര്‍മിച്ചതാണ് എല്ലാ കെട്ടിടങ്ങളും. കെട്ടിടങ്ങളുടെ ചുവരുകള്‍ പെയിന്റ് ചെയ്യുക എന്നൊരു സമ്പ്രദായം ഇവിടെ ഇല്ലെന്നു തോന്നുന്നു. അത് കൊണ്ട്, ചെറുതും വലുതുമായ സകല കെട്ടിടങ്ങളും സമത്വസുന്ദരമായ തവിട്ടു നിറത്തില്‍ ഒരുമയോടെ നിലകൊള്ളുന്നു.

ജൈസാല്മീര്‍ നഗരം

ദാമോദര ഡെസേര്‍ട്ട് ക്യാമ്പിന്റെ ഓഫീസ്‌ ഒരു ഭീമാകാരനായ കോട്ടയ്ക്കു തൊട്ടടുത്താണ്. അതാണ്‌ പ്രശസ്തമായ “ജയ്സാല്മീര്‍ കോട്ട”. ഇന്ത്യയില്‍ ജനവാസമുള്ള ചുരുക്കം ചില കോട്ടകളില്‍ ഒന്നാണിത്. ഇത്തരത്തില്‍ ഉള്ള കോട്ടകളെ “ലിവിംഗ് ഫോര്‍ട്ട്‌” എന്നാണ് വിളിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ “ലിവിംഗ് ഫോര്‍ട്ട്‌” ചിത്തോര്‍ഘട്ട്(Chittorgarh Fort) ആണ്.

Jaisalmer Fort - Rajasthan - Pick Pack Go
ജൈസാല്മീര്‍ കോട്ടയുടെ ഒരു വിദൂര കാഴ്ച
ജയ്സാല്മീറില്‍ രണ്ടു ദിവസം ചെലവഴിക്കാനാണ് ഞങ്ങളുടെ പദ്ധതി. ജയ്സാല്മീര്‍ കോട്ട അടുത്ത ദിവസം സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചു. ആദ്യത്തെ യാത്ര “sam sand dunes” എന്ന മരുഭൂമി കാണാനാണ്.
ഗൈഡ് പെട്ടെന്ന് തന്നെ വന്നു. ഉച്ച കഴിഞ്ഞുള്ള പരിപാടികള്‍ ഞങ്ങള്‍ക്ക് വിവരിച്ച് തന്നു. ആദ്യം ഞങ്ങള്‍ പോകുന്നത് “ഖാബ” എന്ന ചെറിയ കോട്ടയും, അതിനു സമീപത്തുള്ള ഒരു ഗ്രാമവും കാണാനാണ്. അതിനു ശേഷം  “ജെസ്സി” എന്ന് പേരുള്ള മരുപ്പച്ചയും കണ്ടു മരുഭൂമിയിലേയ്ക്ക് യാത്ര തുടരും. മരുഭൂമിയില്‍ ഒട്ടക സവാരിയും സാന്ഡ് സര്‍ഫിംങ്ങും ചെയ്യാം, അസ്തമയം കാണുകയുമാകാം. മരുഭൂമിക്ക് അരികില്‍ തന്നെയാണ് രാത്രി ക്യാമ്പിംഗ് ഒരുക്കിയിരിക്കുന്നത്. തുറന്ന ജീപ്പിലെ പിന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍, ഒരു കുട്ടിയുടെ ആഹ്ലാദവും ആവേശവും ആണ് എനിക്ക് തോന്നിയത്. ജീവിതത്തിലെ തിരക്കും പ്രാരബ്ദങ്ങളും കവര്‍ന്നെടുത്ത, കുട്ടിത്തത്തിന്റെ രസങ്ങളും സന്തോഷങ്ങളും കുറച്ച് നേരത്തേക്കാണെങ്കിലും തിരിച്ചുകിട്ടിയ ഒരു പ്രതീതി.  

തുറന്ന ജീപ്പില്‍ പൊടിയടിച്ചു കയറുന്ന വഴികളിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി. തവിട്ടു നിറമുള്ള കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച “ഖാബ” എന്ന ചെറിയ കോട്ടയില്‍ ആണ് ഞങ്ങള്‍ ആദ്യം എത്തിയത്. 

Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഖാബ കോട്ട

അധികം സഞ്ചാരികള്‍ ഒന്നും അവിടെയില്ല. ഈ ചെറിയ കോട്ടയ്ക്കും അതിനപ്പുറത്ത് പരന്നു കിടക്കുന്ന ഗ്രാമത്തിനും വളരെ ദുരൂഹമായ ഒരു ഭൂതകാലമാണുള്ളത്. ഈ കോട്ട ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു.  “പലിവാള്‍” എന്ന ബ്രാഹ്മണ സമൂഹമാണ് ഇവിടെ വസിച്ചിരുന്നത്. കൃഷിയിലും കന്നുകാലി വളര്‍ത്തലിലും കച്ചവടത്തിലും അഗ്രഗണ്യരായിരുന്നത്രേ പലിവാള്‍ സമൂഹം. പുരാതന സില്‍ക്ക് റൂട്ടിന്റെ ഒരു ഭാഗമായിരുന്നു ഖാബ പ്രദേശം.
Abandoned village view from Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഖാബ എന്ന പ്രേത ഗ്രാമം
എന്നാല്‍ ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ഗ്രാമത്തിലെ 81 കുടുംബങ്ങള്‍ ഒറ്റ രാത്രികൊണ്ട്‌ തങ്ങളുടെ വീടും വസ്തുവകകളും എല്ലാം ഉപേക്ഷിച്ച് ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു എന്നാണു പറയപ്പെടുന്നത്. ഇതിനു കാരണമായി നിറം പിടിപ്പിച്ച പല പഴംകഥകളും മിത്തുകളും പ്രചരിച്ചിട്ടുണ്ട്. ദേവി കോപമോ, പ്രേത ബാധയോ മൂലം  ഈ ഗ്രാമം മുഴുവന്‍ ഒറ്റ രാത്രികൊണ്ട്‌ ഇല്ലാതായി എന്നാണ് ഒരു കഥ. മറ്റൊരു കഥ കുറച്ചു കൂടി വിശ്വാസയോഗ്യമാണ്. സലിം സിംഗ് എന്നൊരു ദിവാന് “പലിവാള്‍” മുഖ്യന്റെ മകളോട് തോന്നിയ കമ്പമാണ് കഥയുടെ ആധാരം. അയാള്‍ അനേകം സ്ത്രീകളെ – ഭാര്യമാരായും അല്ലാതെയും- തന്റെ അന്തപുരത്തില്‍ തടങ്കലില്‍ വച്ചിരുന്നത്രെ. ഖാബ ഗ്രാമ മുഖ്യന്റെ മകളെയും തട്ടിക്കൊണ്ടു പോകാന്‍ സലിം സിംഗ് പദ്ധതിയിട്ടു. പ്രതിരോധിക്കാന്‍ ശക്തിയില്ലാതിരുന്ന ആ ഗ്രാമവാസികള്‍ കണ്ട ഏകമാര്‍ഗ്ഗം രായ്ക്കു രാമാനം നാടു വിടുക എന്നതായിരുന്നു. സമൂഹത്തിലെ ഒരു പെണ്‍കുട്ടിയുടെ മാനവും ജീവനും രക്ഷിക്കാന്‍ എല്ലാ സമ്പാദ്യങ്ങളും, വീടും നാടും ഉപേക്ഷിച്ച് പലായനം ഒരു കൂട്ടം മനുഷ്യരുടെ ഗ്രാമമാണ് ഖാബ. 

Abandoned village view from Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഖാബ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു അമ്പലം
രാജസ്ഥാനില്‍ ഇത്തരം അനേകം കഥകള്‍ ഉണ്ട്. കുലധര എന്നൊരു ഗ്രാമത്തിനും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. ഒരു പ്രേതഗ്രാമം എന്ന നിലയിലാണ് ഇന്ന് കുലധര സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. അത് പോലെ തന്നെ “ഇന്ത്യയിലെ ഏറ്റവും ഭീതിജനകമായ പ്രേതബാധയുള്ള സ്ഥലം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ഭാന്ഘട്ട് കോട്ടയും രാജസ്ഥാനില്‍ തന്നെയാണ്. 
Abandoned village view from Khaba Fort - Jaisalmer, Rajasthan - Pick, Pack, Go


ഈ കഥകള്‍ ഒക്കെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ഖാബാ കോട്ടയ്ക്കുള്ളില്‍ ചുറ്റി നടന്നു. കോട്ടയ്ക്കുള്ളില്‍  ചെറിയ ഒരു ഫോസില്‍ മ്യൂസിയവും ഉണ്ട്. ഖാബ കോട്ടയിലെ മറ്റൊരു ആകര്‍ഷണം പുരാതനമായ ഒരു ക്ഷേത്രമാണ്. ദുര്‍ഗാ ദേവിയുടെ “ഹിന്‍ഗ്ലായ്” എന്ന വളരെ അപൂര്‍വമായ ഒരു പ്രതിഷ്ടയാണ് ഇവിടെയുള്ളത്. ഖാബാ കൊട്ടയെക്കാള്‍ എത്രയോ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. “പലിവാള്‍” സമൂഹം ഈ പ്രദേശം വിട്ടു പോയപ്പോള്‍ ഈ ദേവി വിഗ്രഹവും ഇളക്കി കൊണ്ട് പോകാന്‍ ശ്രമിച്ചത്രേ, എന്നാല്‍ പ്രതിഷ്ഠ ഇളക്കി എടുക്കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ക്ഷേത്രത്തെയും ദേവിയും അവിടെ വിട്ടു പോയി.


ഖാബാ കോട്ടയില്‍ നിന്ന് താഴെയുള്ള ഗ്രാമത്തിലേയ്ക്ക് പടവുകള്‍ ഉണ്ട്. അവയില്‍ നിന്ന് കൊണ്ട് ആ പ്രേത ഗ്രാമത്തെ നോക്കി കാണവേ, അകാരണമായ ഒരു വിഷാദം എന്നെ വന്നു മൂടുന്നതു പോലെ തോന്നി. പെട്ടെന്നാണ് മനസ്സിന് സന്തോഷവും ഉണര്‍വും നല്‍കുന്ന വര്‍ണ്ണ ശബളമായ ഒരു കാഴ്ച ഞാന്‍ കാണുന്നത്. താഴ്വരയിലെയ്ക്ക് ഇറങ്ങിവരുന്ന ഒരു മയില്‍ കൂട്ടം! അവര്‍ക്ക് കമ്പനി കൊടുക്കാന്‍ എന്നതുപോലെ കുറെ പ്രാവുകളും. സ്വപ്ന തുല്യമായ ഒരു ദൃശ്യമായിരുന്നു അത്.

Peacock at Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഖാബാ താഴ്വരയിലെ മയില്‍ക്കൂട്ടം


മയിലുകള്‍ക്ക് മനുഷ്യര്‍ അടുത്തുണ്ടെന്നത് ഒരു പ്രശ്നമാണെന്ന് തോന്നിയില്ല. പീലി വിടര്‍ത്തിയും, പതുക്കെ ക്യാറ്റ് വാക്ക് നടത്തിയും, ഫോട്ടോയ്ക്ക് പോസ് ചെയ്തും എല്ലാം അവര്‍ സഞ്ചാരികളെ രസിപ്പിക്കുന്നു. ആ കാഴ്ചയും കണ്ടു കൊണ്ട് ഖാബാ കോട്ടയ്ക്കു സമീപം അല്‍പ നേരം കൂടി ഞങ്ങള്‍ ചെലവഴിച്ചു. 


Peacock at Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ഒരു സുന്ദരന്‍

Peacock at Khaba Fort - Jaisalmer, Rajasthan - Pick, Pack, Go
ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ഒരു സുന്ദരന്‍
അടുത്തതായി “ജെസ്സി” എന്ന് പേരുള്ള ഒരു ചെറു തടാകത്തിലേയ്ക്കാണ് ഞങ്ങള്‍ പോയത്. “മരുപ്പച്ച” എന്നാണു ഗൈഡ് ഈ തടാകത്തെ വിശേഷിപ്പിച്ചത്.
Jassie Oasis - Jaisalmer, Rajasthan - Pick, Pack, Go
ജെസ്സി മരുപ്പച്ച



ഊഷരമായ ഭൂമിക്ക് നടുവില്‍ ജീവന്റെ ഒരു തുടിപ്പ് പോലെ തടാകം. അതിനടുത്ത്, പ്രതിഷ്ഠ ഏതെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത അതി പുരാതനമായ ഒരു ക്ഷേത്രം, കുന്നിന്‍ മുകളില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഇറങ്ങി വരുന്ന ആട്ടിന്‍ കൂട്ടം. ഒരു നിമിഷം, ഏതോ ഒരു സിനിമയുടെ സെറ്റിലാണ് ഞാനെന്നു തോന്നിപ്പോയി. ജീവിതത്തില്‍ ഒരുക്കലും മറക്കാനാവാത്ത ഒരു ദിവസമാകും ഇതെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു കഴിഞ്ഞിരുന്നു. 

Jassie Oasis - Jaisalmer, Rajasthan - Pick, Pack, Go
വെള്ളം കുടിക്കാന്‍ ഇറങ്ങി വരുന്ന ആട്ടിന്‍പറ്റം
Jassie Oasis - Jaisalmer, Rajasthan - Pick, Pack, Go
പുരാതന അമ്പലം

Tree of Life - Jassie Oasis - Jaisalmer, Rajasthan - Pick, Pack, Go
ജീവന്റെ തണല്‍ മരം
 
സമയം ഏകദേശം മൂന്നു മണി കഴിഞ്ഞിരുന്നു. മരുഭൂമി കാണാന്‍ പോകുകയാണ് അടുത്ത പരിപാടി. വിശാലമായ ഒരു മരുഭൂമി എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും സാമാന്യം വലുപ്പമുള്ള ഒരു മണല്‍ക്കാട്ടിലെക്കാണ് യാത്ര എന്ന് ഗൈഡ് പറഞ്ഞു. ജയ്സാല്മീര്‍ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അനേകം ചെറിയ മണല്‍ക്കാടുകള്‍ ഉണ്ട്. എന്നാല്‍ അവയൊക്കെ ടൂറിസ്റ്റുകളെയും അവരെ വഹിച്ചു കൊണ്ട് പോകുന്ന ഒട്ടകങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് ഞാന്‍ കേട്ടിരുന്നത്. ഈ സംശയം ഗൈഡിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ദാമോദര എന്ന ഗ്രാമത്തിനു സമീപത്തായി ഈ ക്യാമ്പിന്റെ സ്വകാര്യ സ്ഥലത്ത് ഒരു വലിയ മരുപ്രദേശം ഉണ്ടെന്നാണ്. ഞങ്ങള്‍ അവിടെക്കാണ് പോകുന്നത്. ക്യാമ്പിന്റെ വല്ല തട്ടിക്കൂട്ട് മരുഭൂമിയും ആയിരിക്കുമോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. അതുകൊണ്ട് തന്നെ, ജീപ്പ് മണ്ണിട്ട റോഡിലൂടെ ആടിയുലഞ്ഞു മരിഭൂമിയെ സമീപിക്കുമ്പോള്‍ സത്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. 
എന്നാല്‍ കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ ഭൂപ്രകൃതി മാറിത്തുടങ്ങി. ചെറിയ മണല്‍ കൂനകള്‍ പ്രത്യക്ഷമായി തുടങ്ങി. അവിടം മരുഭൂമിയുടെ തുടക്കമാണെന്ന് ഗൈഡ് പറഞ്ഞു. ഇനി ജീപ്പ് പോകില്ല, ഒട്ടകപ്പുറത്ത് വേണം മുന്നോട്ടു പോകാന്‍. അങ്ങനെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. 

Sam Sand Dunes  - Jaisalmer, Rajasthan - Pick, Pack, Go
മരുഭൂമിയിലേയ്ക്ക്

എന്റെ സംശയങ്ങള്‍ നീങ്ങിത്തുടങ്ങിയിരുന്നു. മരുഭൂമി അതിനെ സകല പ്രതാപങ്ങളോടും കൂടെ മറനീക്കി പുറത്ത് വരുകയായിരുന്നു. 


Sam Sand Dunes  - Jaisalmer, Rajasthan - Pick, Pack, Go
മുന്‍പേ പോകുന്നവര്‍

പിന്നീട് ഞാന്‍ കണ്ട ദൃശ്യങ്ങളുടെ മാസ്മരികത വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. കണ്ണെത്താ ദൂരത്തോളം മണല്‍കുന്നുകളും, താഴ്വാരങ്ങളുമായി പരന്നു കിടക്കുന്ന വിശാലമായ സുവര്‍ണ്ണ നിറമുള്ള ഭൂമി. മണലില്‍ കാറ്റ് വരച്ച പല ഡിസൈനുകള്‍, അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യന്‍. ഒരു സ്വപ്നത്തിലാണോ ജീവിക്കുന്നതെന്ന് പോലും തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്. 

Sam Sand Dunes  - Jaisalmer, Rajasthan - Pick, Pack, Go
മരുഭൂമിയിലേയ്ക്ക്

ജീവിതത്തിലെ രണ്ടു വലിയ ആഗ്രഹങ്ങളില്‍ ഒന്ന് മരുഭൂമി കാണണം എന്നായിരുന്നു. അതിപ്പോള്‍ സാധിച്ചു. അടുത്തത് മഞ്ഞു മല കാണണമെന്നതാണ് അതും സമീപ ഭാവിയില്‍ നടക്കുമെന്നാണ് പ്രതീക്ഷ.
സാന്ഡ് സര്‍ഫിംഗിന് ഉപയോഗിക്കുന്ന ബോര്‍ഡുകളുമായി ഗൈഡ് എത്തി. വമ്പന്‍ മണല്‍ക്കൂനകളില്‍ നിന്ന്‍ താഴ്വാരത്തെക്കു തെന്നി നീങ്ങുന്ന പരിപാടിയാണ് സാന്ഡ് സര്‍ഫിംഗ്. വലിയ അപകടമൊന്നും ഇല്ലെങ്കിലും, പോകുന്ന വഴിക്ക് മൂക്കും കുത്തി വീണാല്‍, വായിലും മൂക്കിലും ചെവിയിലുമെല്ലാം മണല്‍ കയറി പണി പാളും. അനുഭവം ഗുരു! 



Sam Sand Dunes  - Jaisalmer, Rajasthan - Pick, Pack, Go
മരുഭൂമിയിലെ സൂര്യാസ്തമയം
മരുഭൂമിയില്‍ സൂര്യന്‍ അസ്തമിച്ച് തുടങ്ങിയിരുന്നു. കടുപ്പമുള്ള ചായയും കുടിച്ച് ഒരു മണല്ക്കൂനയുടെ അരികും പറ്റിയിരുന്നു ഞങ്ങള്‍ സൂര്യന് യാത്രാ മംഗളം നേര്‍ന്നു. ഞങ്ങള്‍ക്ക്  തിരിച്ചു പോകാനുള്ള സമയം ആയിരുന്നു. മരുഭൂമിയില്‍ നിന്ന് ഞങ്ങള്‍ ക്യാമ്പിലേയ്ക്ക് യാത്ര തുടങ്ങി.
മരുഭൂമിയിലെ സൂര്യന്‍ - ദൂരെ വാച് ടവര്‍ കാണാം
രാത്രിയോടെ ഞങ്ങള്‍ “ദാമോദര” ക്യാമ്പില്‍ എത്തി. എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ 12 സ്ഥിരം ടെന്റുകള്‍ ആണ് ദാമോദരയില്‍ ഉള്ളത്. ടെന്റ് എന്നത് പേരിനു മാത്രമേ ഉള്ളൂ, അകം ഒരു ഹോട്ടല്‍ റൂമിനെക്കാള്‍ സൗകര്യമുള്ളതാണ്. അത് കണ്ടപ്പോള്‍ അറബിക്കഥകളിലെ കൂടാരമാണ് എനിക്ക് ഓര്‍മ്മ വന്നത്!  കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് വളരെ യോജിച്ച, വൃത്തിയും, സുരക്ഷയുമുള്ള ടെന്റുകള്‍. 

Damodar Desert camp   - Jaisalmer, Rajasthan - Pick, Pack, Go
ടെന്റ് -അറബിക്കഥകളിലെ കൂടാരം എന്നും പറയാം
ദാമോദരയുടെ ഉടമസ്ഥന്‍ പ്രഥ്വി നമ്മെപ്പോലെ ഒരു സഞ്ചാരിയാണ്. അതുകൊണ്ട് ഒരു ബിസിനസ് തുടങ്ങണമെന്ന് ചിന്തിച്ചപ്പോള്‍, ടൂറിസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. “ദാമോദര” എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും പുറത്ത് പോയി ഉന്നത വിദ്യാഭ്യാസം നേടിയ, മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന, ജോലിക്കാരാണ് അവിടെയുള്ളത്. തങ്ങള്‍ക്ക് നല്ല വേതനവും, സൗകര്യങ്ങളും ഈ ജോലിയിലൂടെ ലഭിക്കുന്നു എന്ന് അവരില്‍ ചിലര്‍ പറഞ്ഞു. സ്വന്തം ഗ്രാമത്തിലുള്ള കുറച്ച് പേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ കഴിഞ്ഞ പ്രഥ്വിയോട് എനിക്ക് ബഹുമാനം തോന്നി.
Damodar Desert camp   - Jaisalmer, Rajasthan - Pick, Pack, Go
നൃത്തവും സംഗീതവുമായി ഒരു അവിസ്മരണീയ സായാഹ്നം
രാജസ്ഥാനി സംഗീതവും, നൃത്തവും ആസ്വദിച്ച്, സ്വാദിഷ്ടമായ രാജസ്ഥാനി ഭക്ഷണം കഴിച്ച്, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം അങ്ങനെ  അവസാനിച്ചു.   



Post a Comment

Previous Post Next Post