ഭാഗം 1
മരുഭൂമികളുടെയും, വമ്പൻ കോട്ടകളുടെയും, പ്രതാപശാലികളായ രജപുത്ര രാജാക്കന്മാരുടെയും നാട്- രാജസ്ഥാൻ. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ കോട്ട പോലെ നില കൊള്ളുന്ന വമ്പൻ സംസ്ഥാനം. രാജസ്ഥാനിലേയ്ക്കുള്ള യാത്ര അപ്രതീക്ഷിതമായി എടുത്ത ഒരു തീരുമാനമായിരുന്നു. 2014 സെപ്റ്റംബർ മാസത്തിൽ ഒരു കല്യാണ ചടങ്ങിൽ വച്ചാണ് എന്റെ പ്രിയ മിത്രവും, കേരള ടൂറിസം അഡീഷനൽ ഡയറക്ടറുമായ Ms.അനുപമ ടി വി I A S, തന്റെ ഹൃസ്വമായ രാജസ്ഥാൻ യാത്രയെ കുറിച്ചു വിവരിക്കുന്നത്. മനോഹരമായ ആ നാട് കാണാനുള്ള മോഹം തുടങ്ങുന്നത് അവിടെ നിന്നാണ്.
എല്ലാ യാത്രകളിലും എന്നത് പോലെ, കൃത്യമായ പ്ലാനിങ്ങും പഠനവും യാത്രയ്ക്ക് വളരെ മുൻപേ തുടങ്ങി. 2015 ജനുവരിയിൽ 22 മുതൽ 26 വരെ ദിവസങ്ങളിൽ യാത്ര നടത്താം എന്ന് തീരുമാനമായി. ബാംഗ്ലൂർ നിന്ന് ജയ്‌പൂരിലേയ്ക്കും, തിരിച്ചും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു. യാത്രാകാര്യക്രമം(itinerary) തീരുമാനിക്കുകയായിരുന്നു അടുത്ത പടി. അഞ്ചു ദിവസങ്ങളാണ് യാത്രക്കായി മാറ്റി വച്ചിരുന്നത്. പക്ഷെ, രാജസ്ഥാനിൽ കണ്ടു തീർക്കാനുള്ള കാഴ്ചകളുടെ ഒരു ലിസ്റ്റ് എടുത്തപ്പോൾ കണ്ണു തള്ളിപ്പോയി. ജയ്‌പൂർ, ജോധ്പൂർ, ഉദയ്പൂർ, പുഷ്കർ, മൌണ്ട് അബു, ജൈസൽമിർ എന്നിങ്ങനെ പല നഗരങ്ങളിലായി എണ്ണമറ്റ കാഴ്ചകൾ. ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ തിരഞ്ഞെടുക്കാനുള്ള ധർമസങ്കടമായിരുന്നു പിന്നീട്. ജോലിയുടെയും മറ്റും തിരക്കുകളിൽ മുഴുകി ജീവിക്കുന്ന മദ്ധ്യവർഗ്ഗ ഇന്ത്യക്കാർക്ക്, സായിപ്പ് ചെയ്യുന്നതു പോലെ മാസങ്ങളോളം ബാക്ക് പാക്കുമായി ഊര് ചുറ്റാൻ ആവില്ലല്ലോ! ഒടുവിൽ ജയ്പൂർ, ജോധ്പൂർ, ജൈസൽമിർ എന്നീ നഗരങ്ങളിലായി യാത്ര നടത്താൻ തീരുമാനമായി. അങ്ങനെ നവംബർ അവസാനത്തോടെ യാത്രാകാര്യക്രമം(itinerary) തീരുമാനമായി. അത് താഴെ പറയുന്നത് പോലെ ആയിരുന്നു.
21st ജനുവരി 20:45 - ജയ്പൂരിൽ എത്തുന്നു
22nd ജനുവരി - ജയ്പൂർ നഗരം
22nd ജനുവരി 23:00 - ജൈപൂര് നിന്ന് ജൈസല്മീരില്യ്ക്ക് ട്രെയിൻ (ഡല്ഹി - ജൈസൽമിർ എക്സ്പ്രസ്സ്)
23rd ജനുവരി 11 :00 - ജൈസല്മിരിൽ എത്തുന്നു, ഒരു desert ക്യാമ്പിൽ രാത്രി.
24th ജനുവരി - ജൈസൽമിർ നഗരം
24th ജനുവരി 17:00 - ജൈസല്മിരിൽ നിന്ന് ജോധ്പുർ ട്രെയിൻ - രാത്രി 22:30 നു ജോധ്പൂര് എത്തുന്നു.
25th ജനുവരി - ജോധ്പൂർ സന്ദർശിക്കുന്നു.
25th ജനുവരി 22:25 - ജോധ്പൂരു നിന്ന് ജൈപൂര് ട്രെയിൻ
26th ജനുവരി 4:50 - ജൈപൂര് എത്തുന്നു , ഒരു പകൽ കൂടി ജൈപൂരിൽ
26th ജനുവരി 20:15 - ജൈപൂര് നിന്ന് ബാംഗ്ലൂരിലെയ്ക്ക് തിരിച്ചു വിമാനം.
ട്രെയിൻ ടിക്കറ്റുകളും ഹോട്ടലുകളും ഡിസംബർ അവസാനത്തോടെ ബുക്ക് ചെയ്തു. പതിവ് പോലെ ട്രെയിൻ ടിക്കറ്റുകൾ രണ്ടു മാസത്തിനു മുൻപേ തീരുകയാണ് പതിവ്. ബുക്ക് ചെയ്യാൻ കുറച്ചു വൈകിയതിനാൽ, സ്ലീപർ മുതൽ ഫസ്റ്റ് AC വരെയുള്ള പല ക്ലാസ്സുകളിലാണ് വിവിധ യാത്രകൾക്കുള്ള ടിക്കറ്റുകൾ ഒപ്പിച്ചത്. തണുപ്പ് കാലമായതിനാൽ കമ്പിളി വസ്ത്രങ്ങൾ വാങ്ങി. സന്തോഷവും ആകാംഷയും നിറഞ്ഞ കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു പിന്നങ്ങോട്ട്.
ഞാനും ഭർത്താവും മാത്രമാണ് യാത്രക്കാർ. വടക്കേ ഇന്ത്യയിലേയ്ക്ക് ഞങ്ങളുടെ ആദ്യത്തെ സഞ്ചാരവുമാണ്. എല്ലാ ദിവസത്തെയും കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തിരുന്നെങ്കിലും ഉത്കണ്ഠ ഉണ്ടായിരുന്നു. തികച്ചും അപരിചിതമായ നാട്, ആൾക്കാർ, ട്രെയിൻ യാത്രയിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും, അങ്ങനെ ഒരുപാട് കാര്യങ്ങൾ. ഒരു മുൻ കരുതൽ എന്ന നിലയിൽ ഒരു പെപ്പെർ സ്പ്രേയും കൂടെ കരുതിയിരുന്നു. ഒരിക്കലും ഉപയോഗിക്കേണ്ടി വരരുതേ എന്ന പ്രാർത്ഥനയോടെ. എന്നാൽ, ഞങ്ങളുടെ ഉത്കണ്ഠകളെ അസ്ഥാനത്താക്കിക്കൊണ്ട് എത്ര ഊഷ്മളമായ അനുഭവമാണ് രാജസ്ഥാനും അവിടെ കണ്ടു മുട്ടിയ നല്ല മനുഷ്യരും ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നതെന്ന് തുടർന്ന് വായിക്കാം.
2015 ജനുവരി 21 ഉച്ചയ്ക്ക് 2:30 നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമിൽ കുടുങ്ങി, 4:00 മണിയോടെയാണ് എയർപോർട്ടിൽ എത്തിയത്. വിമാനം പറന്നു പൊങ്ങി. ആകാശത്ത് അസ്തമയ സൂര്യന്റെ വർണ്ണ സങ്കലനം! പട്ടു മെത്ത പോലെയുള്ള മേഖരാജിക്ക് മുകളിൽ നീലയിൽ നിന്നും ഓറഞ്ചിലേയ്ക്കും അവിടെ നിന്ന് ചുവപ്പിലേയ്ക്കും ആകാശം സംക്രമിക്കുന്നതിന്റെ കാഴ്ച അതിമനോഹരമായിരുന്നു.
അസ്തമയത്തിന്റെ ആകാശക്കാഴ്ച |
ആ കാഴ്ച കണ്ടും, മുൻസീറ്റിൽ എഴുന്നേറ്റു നിന്ന് കുറുമ്പ് കാട്ടിക്കൊണ്ടിരുന്ന ഗൌരി എന്ന കുസൃതി കുട്ടിയോട് വർത്തമാനം പറഞ്ഞും, സമയം പോയത് അറിഞ്ഞതേയില്ല.വിമാനം ജയ്പൂരിന്റെ മണ്ണിൽ ഇറങ്ങി. ജയ്പൂരിന്റെ കൊച്ചു വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടന്നപ്പോഴേയ്ക്കും വടക്കേ ഇന്ത്യയുടെ മുഖമുദ്രയായ തണുപ്പും കാറ്റും അനുഭവപ്പെട്ടു തുടങ്ങി. ഉടനെ തന്നെ സ്വെറ്ററും, കോട്ടും, മഫ്ലറും എല്ലാം എടുത്തണിഞ്ഞു. അടുത്ത ദിവസം മുതൽക്കാണ് സഞ്ചാരം പ്ലാൻ ചെയ്തിരിക്കുന്നത്. അജ്മീർ റോഡിലെ ഗോപാൽബാരി എന്ന പ്രദേശത്തെ Nahargarh ഹവേലി എന്ന ഹോട്ടലിൽ ആണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്. Nahargarh എന്നാൽ സിംഹങ്ങളുടെ വാസസ്ഥാനം എന്നാണ് അർഥം. എയർപോർട്ട് ടാക്സിയിൽ കയറി, ഗോപാൽബാരി എന്ന് മലയാളം ചുവയ്ക്കുന്ന ഹിന്ദിയിൽ പറഞ്ഞപ്പോൾ, ടാക്സിക്കാരന് ഒന്നും മനസ്സിലായില്ല. ഒരു തരത്തിൽ ആളെ കാര്യം പറഞ്ഞു മനസ്സിലാക്കി. അയാള് ഗോപാൽബാടി എന്നാണ് ഉച്ചരിക്കുന്നത്. രാജസ്ഥാനിൽ വാക്കുകളുടെ ഇടയിൽ വരുന്ന "ര", "ട" എന്നാണ് ഉച്ചരിക്കുന്നത്.
ഗോപാൽബാടി എന്ന് പറഞ്ഞു കൊണ്ട് ഡ്രൈവർ കാർ എടുത്തു. "ഇപ്പൊ ടെക്നിക് പിടികിട്ടി!" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കാറിനു വെളിയിലെ ജയ്പൂർ നഗരത്തെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
ഗോപാൽബാടി എന്ന് പറഞ്ഞു കൊണ്ട് ഡ്രൈവർ കാർ എടുത്തു. "ഇപ്പൊ ടെക്നിക് പിടികിട്ടി!" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കാറിനു വെളിയിലെ ജയ്പൂർ നഗരത്തെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
ആനകളും, കുതിരകളും, വർണ്ണ ദീപങ്ങളും നിരന്ന ഒരു ഘോഷയാത്രയാണ് റോഡിൽ ഇറങ്ങിയപ്പോൾ ആദ്യം കണ്ടത്. ഘോഷയാത്രയുടെ ഏറ്റവും പുറകിലായി, കുതിരപ്പുറത്ത് വാളും പിടിച്ച് രാജാവിനെ പോലെ ഒരാൾ. കല്യാണത്തിനായി ചെറുക്കന്റെ കൂട്ടർ പെണ്‍വീട്ടിലേയ്ക്ക് ആഘോഷമായി പോകുന്ന ബാരാത്ത് എന്ന ചടങ്ങായിരുന്നു അത്. രാജസ്ഥാനിൽ കല്യാണ സീസണ്‍ ആയിരിക്കണം. ഹോട്ടൽ എത്തുന്നത് വരെ ഇങ്ങനെയുള്ള മൂന്നോ നാലോ ബാരാത്തുകൾ ഞങ്ങൾ കണ്ടു. ഹോട്ടലിൽ എത്തി ഭക്ഷണം കഴിഞ്ഞ്, പിറ്റേ ദിവസത്തെ കാഴ്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ഉറക്കത്തിലേയ്ക്കു വഴുതി വീണു.
22 ജനുവരി 2015
ഉണർന്നപ്പോൾ ഏഴ് മണി. പുറത്ത് ചെറിയ മൂടൽ മഞ്ഞും ചാറ്റൽ മഴയും. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കു തലേന്ന് ബുക്ക് ചെയ്ത സവാരി.കോം എന്ന കമ്പനിയുടെ കാർ എത്തി. ഓണ്‍ലൈൻ ടാക്സി ബുക്കിംഗ് ഞങ്ങളുടെ യാത്രയെ എത്ര സുഖമമാക്കി എന്ന് പറയാതെ വയ്യ! പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ ഓൾഡ് സിറ്റി ചുറ്റി, പതിനൊന്നു കിലോമീറ്റർ അകലെയുള്ള അമീർ കോട്ടയിലെയ്ക്കാണ്(Amer Fort/ Amber Fort ) ആദ്യം പോകുന്നത്. കച്ച്-വാ രാജാവായിരുന്ന മാൻ സിംഗ് ഒന്നാമൻ (Man Singh 1) 1592-ൽ പണി കഴിപ്പിച്ചതാണ് ഇന്നു കാണുന്ന അമീർ കോട്ട. അതിനും വളരെ മുൻപേ, "മീന" എന്നറിയപ്പെടുന്ന കൂട്ടരുടെ ഒരു ചെറിയ കോട്ടയും, അംബാ ദേവിയുടെ ഒരു ക്ഷേത്രവും ഇവിടെ ഉണ്ടായിരുന്നു. അംബാ ദേവിയിൽ നിന്നാണ് ആംബർ എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. പിന്നെ അത് അമീർ എന്നായി മാറുകയായിരുന്നു. രണ്ടു ഉച്ചാരണങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മീനാ വിഭാഗത്തിൽ നിന്ന്, കച്ച്-വാ വിഭാഗം ഈ കോട്ടയും ഗ്രാമവും പിടിച്ചടക്കി ഭരണം തുടങ്ങി. 16-ആം നൂറ്റാണ്ടിൽ ആയിരുന്നു ഇത്. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ (1727) കച്ചവാ വംശം ഈ കോട്ട തലസ്ഥാനമാക്കി ഭരണം നടത്തി. 1727ൽ തലസ്ഥാനം ജയ്പൂരിലെയ്ക്ക് മാറ്റുന്നത് വരെ ഈ കോട്ട സജീവമായിരുന്നു.വഴിയിൽ നിന്ന് കാണാവുന്ന കോട്ടയുടെ ഭീമാകാര രൂപം ഇതാണ്.
കാർ അമീർ കോട്ടയിൽ എത്തിയപ്പോഴും, മഴ മാറിയിരുന്നില്ല. കാർ ഡ്രൈവർ ഒരു ടൂർ ഗൈഡിനെ ഏർപ്പാടാക്കി തന്നു. അനിൽ എന്നാണ് പേര്. ഇംഗ്ലീഷ് അത്ര പോരെങ്കിലും, ഹിന്ദിയിൽ വാ തോരാതെ സംസാരിക്കുന്ന ഒരു സരസൻ. അമീർ കോട്ടയിലേയ്ക്കു കടക്കുന്നതിനു രസകരമായ ഒരു മാർഗമുണ്ട്. ആനപ്പുറത്തേരി, രാജകീയ പ്രൗഡിയിൽ കോട്ടയുടെ സൂര്യ കവാടത്തിലൂടെ (Suraj Pole/ Sun Gate ) അകത്തു പ്രവേശിക്കാം. രാജസ്ഥാൻ ടൂറിസം department വകയാണ് ആനകൾ. അനയെ കിട്ടാൻ നല്ല മഴയത്ത് ഞങ്ങൾ ക്യൂവിൽ ഇടം പിടിച്ചു. ടൂറിസ്റ്റുകളിൽ മുഖ്യ പങ്കും വിദേശീയരാണ്. പ്രത്യേകിച്ചും ഫ്രഞ്ചുകാർ. നമ്മുടെ സ്വന്തം രാജ്യത്തെ മഹാത്ഭുതങ്ങളും ചരിത്ര നിർമിതികളും ഒട്ടുമിക്ക ഇന്ത്യകാരും കാണുന്നില്ല എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. വിദേശീയരാകട്ടെ അത് കാണാൻ കടുത്ത മഴ പോലും വക വയ്ക്കാതെ ക്യൂ നിൽക്കുന്നു. മഴയത്ത് കുട വില്പനയും സജീവം. ഒന്നോ രണ്ടോ ഫ്രഞ്ച് വാക്കുകൾ പറഞ്ഞാണ് വിദേശീയരെ കച്ചവടക്കാർ വലയിലാക്കുന്നത്. ജീവിക്കാൻ ഇന്ത്യക്കാർ എന്തും പഠിക്കും എന്ന് മനസ്സിലോർത്ത് ആനക്കായി കാത്തിരിപ്പ് തുടർന്നു. പതിനഞ്ചു മിനിറ്റ് കാത്തു നിൽക്കേണ്ടി വന്നു നമ്മുടെ ആന എത്താൻ. ആദ്യത്തെ അഞ്ചു മിനിറ്റ് ആന സവാരി അല്പം ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ചും കയ്യിൽ ബാഗും കുടയും ഒക്കെ പിടിച്ചുള്ള സവാരി. എന്നാൽ ഞങ്ങളുടെ ആനക്കാരൻ ഒരു രസികനായിരുന്നു.പുറകോട്ടു തിരിഞ്ഞിരുന്നു വിശേഷങ്ങൾ ചോദിച്ചും, രാജസ്ഥാനി നാടൻ പാട്ടുകൾ ഉറക്കെ പാടിയും അയാൾ ഞങ്ങളെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അൽപ സമയം കൊണ്ട് തന്നെ ആനയുടെ കുലുക്കവും ഇളകിയുള്ള നടത്തവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു.
സൂരജ് പോളിലൂടെ "ജാലെബ് ചൗക്ക്" എന്ന നടുമുറ്റത്തേയ്ക്ക് ഞങ്ങൾ പ്രവേശിച്ചു. കയറുമ്പോൾ ഉണ്ടായിരുന്ന പരിച്ചയക്കുറവ് ഒന്നുമില്ലാതെ തികഞ്ഞ അഭ്യാസികളെ പോലെ ഞങ്ങൾ ആനപ്പുറത്ത് നിന്നു ചാടിയിറങ്ങി. ജാലെബ് ചൗക്കിന്റെ ഫോട്ടോയാണ് ചുവടെ.
അമീർ കോട്ടയിലെ ഒരു പൊതു ഇടമാണ് ജാലെബ് ചൗക്ക്. പട്ടാള പരേഡ്, യുദ്ധ വിജയാഘോഷങ്ങൾ തുടങ്ങിയവ ജാലെബ് ചൗക്കിൽ വച്ചാണ് നടന്നിരുന്നത്. വലിപ്പമേറിയ ഈ നടുമുറ്റത്തിന്റെ വശങ്ങളിൽ ലായങ്ങളും, മുകളിൽ ഭടന്മാരുടെ മുറികളുമാണ് സ്ഥിതി ചെയ്യുന്നത്. ജലെബ് ചൗക്കിന്റെ ഒരു വശത്തായി കോട്ടയുടെ മുകൾ നിലകളിലെയ്ക്കുള്ള പടവുകൾ. ആ പടവുകളുടെ ഒരു വശത്തായി ഒരു കൊച്ചു ക്ഷേത്രം കാണാം. ശിലാദേവി ക്ഷേത്രമാണത്. ഞങ്ങൾ ചെല്ലുമ്പോൾ കൃത്യം അർച്ചനയുടെ സമയമാണ്. കാളീ ദേവിയാണ് പ്രതിഷ്ഠ. മാൻ സിംഗ് ഒന്നാമൻ രാജാവ് ജെസ്സോറിലെ(ജെസ്സോർ ഇന്ന് ബംഗ്ലാദേശിലാണ്) രാജാവിനെ പരാജയപ്പെടുത്തി നേടിയ വിഗ്രഹമാണ് ശിലാദേവിയുടെത്. ശിലാദേവിയുടെ വിഗ്രഹത്തെ കുറിച്ച് ഗൈഡ് അനിൽ രസകരമായ ഒരു കഥ പറഞ്ഞു. വിജയ ശ്രീലാളിതനായ കച്ചവാ രാജാവ് മാൻ സിങ്ങിനോട് ദേവി കഠിനമായ ഒരു വ്യവസ്ഥ വച്ചു; നിത്യവും തനിക്കായി ഒരു മനുഷ്യനെ കുരുതി നൽകണം. പക്ഷെ കാലം കടന്നു പോയപ്പോൾ രാജാവ് മനുഷ്യക്കുരുതി നിറുത്തി കാളയെയും മറ്റും ബലി കൊടുക്കാൻ ആരംഭിച്ചു. ഇതിൽ അതൃപ്തയായ കാളിയുടെ വിഗ്രഹം തല അല്പം ചരിച്ച് താഴേയ്ക്ക് നോക്കിയിരിക്കുന്ന അവസ്ഥയിലായി. ഈ കഥകൾ ഓർത്തു കൊണ്ട് ഞങ്ങൾ ക്ഷേത്രത്തിനുള്ളിൽ കടന്നു. ക്ഷേത്രം മുഴുവൻ വെണ്‍ മാർബിൾ കൊണ്ടാണ് പണിതിരിക്കുന്നത്. ഇത്രയും പരിശുദ്ധമായ മാർബിൾ ക്ഷേത്രങ്ങിൽ മാത്രമേ അക്കാലങ്ങളിൽ ഉപയോഗിച്ചിരുന്നുള്ളൂ. ക്ഷേത്രത്തിൽ ക്യാമറ നിഷിദ്ധമാണ്. തിരക്കുകളില്ലാത്ത ഒരു ക്ഷേത്ര ദർശനത്തിന്റെ സുഖവുമായി പുറത്തിറങ്ങി. അമീർ കോട്ടയുടെ കാഴ്ചകൾ തുടങ്ങുന്നതേയുള്ളൂ.
ശിലാ ദേവി ക്ഷേത്രത്തിന്റെ പടവുകൾ കയറി ചെല്ലുന്നത് മറ്റൊരു നടുമുറ്റത്താണ് ദിവാൻ-ഇ-ആം (diwan-E -am or The hall of public audience) എന്നറിയപ്പെടുന്ന, നാല്പതു തൂണുകൾ അലങ്കരിക്കുന്ന ഒരു മണ്ഡപം ആണ് ഈ നടുമുറ്റത്തെ പ്രധാന കാഴ്ച. രാജാവ് പൌര മുഖ്യരുമായി സംവദിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്തിരുന്നത് ഇവിടെ വച്ചാണ്.
ഈ നടുമുറ്റത്തിന്റെ ഒരു വശത്തായി മനോഹരമായ ഒരു കവാടം സ്ഥിതി ചെയ്യുന്നു. ഗണേഷ് പോൾ എന്ന് പേരുള്ള ഈ കവാടം, കോട്ടയുടെ കൂടുതൽ സുന്ദരമായ ഭാഗങ്ങളിലെയ്ക്കുള്ള ഒരു കവാടം കൂടിയാണ്. രജപുത്ര-മുഗൾ വാസ്തുകലയുടെയും ചിത്രവേലയുടെയും അനുപമമായ ഒരു സങ്കലനം ആണ് ഗണേഷ് പോൾ എന്നറിയപ്പെടുന്ന ഈ കവാടത്തെ മനോഹരമാക്കുന്നത്. സസ്യ നിർമിത ചായക്കൂട്ടുകളും, തനി സ്വർണ്ണവും ചാലിച്ചു ചേർത്താണ് ഗണേഷ് പോൾ മോടി പിടിപ്പിച്ചിരിക്കുന്നത്. ഗണേഷ് പോളിന്റെ നിലത്തു പാകിയ തറയോടുകൾക്ക് പോലും പ്രത്യേക ഭംഗിയാണ്. അതിനൊരു 3D എഫെക്റ്റ് ഉണ്ടെന്നാണ് ഗൈഡ് അനിലിന്റെ പക്ഷം. 1611 നും 1667 ഇടയിൽ പണി തീർക്കപ്പെട്ട ഈ കവാടം ഇന്നും യാതൊരു മങ്ങലും ഇല്ലാതെ നിലനില്ക്കുന്നത്, അന്നത്തെ കാലത്തെ ചിത്രകലാസങ്കേതത്തിന്റെ മികവു കാരണമാണ്.
ഗണേഷ് പോളിന്റെ മുകൾ ഭാഗത്തും വശങ്ങളിലും ജാലി(lattice) എന്ന് ഹിന്ദിയിൽ അറിയപ്പെടുന്ന ജനാലകൾ ഉണ്ട്. അതി സങ്കീർണമായ കൊത്തുപണികൾ ചെയ്ത ഇത്തരം ജനാലകൾ കൊട്ടാരത്തിലെ സ്ത്രീ ജനങ്ങൾക്ക് നടുമുറ്റത്തെ കാഴ്ചകൾ നോക്കിക്കാണാനുള്ളതായിരുന്നു. ഇത്തരം ജനാലകളുടെ പ്രത്യേകത, അകത്തു നിന്ന് നോക്കിയാൽ പുറം കാഴ്ച്ചകൾ കാണാം; പക്ഷേ പുറത്ത് നിന്ന് നോക്കിയാൽ ജാലകത്തിനു ഉള്ളിലൂടെ അകത്തേയ്ക്ക് കാണാനാവില്ല എന്നതാണ്. പർദ്ദ സമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് സ്ത്രീകൾ അന്യർക്ക് മുന്നിൽ തങ്ങളുടെ മുഖം കാണിച്ചിരുന്നില്ല. ജാലകത്തിനു അകത്തു നിന്ന് പുറത്തേയ്ക്കുള്ള കാഴ്ച ഇങ്ങനെയാണ്.
ഗണേഷ് പോളിലെ ജാലികൾ |
ഗണേഷ് പോളിൽ നിന്ന് തുരങ്ക സമാനമായ ഒരു വഴിയിലൂടെയാണ് മൂന്നാം നടുമുറ്റത്തേയ്ക്കു പ്രവേശിക്കേണ്ടത്. അമീർ കോട്ടയിലെ ഏറ്റവും മനോഹരമായ ഒരു ഭാഗത്താണ് ഞങ്ങൾ എത്തിയത്. അമീർ കോട്ടയുടെ സ്വകാര്യ ഇടം തുടങ്ങുന്നത് ഇവിടെയാണ്.സുന്ദരിമാരായ റാണിമാരും അവരുടെ തോഴിമാരും വസിച്ചിരുന്ന ഇടം. രണ്ടു പ്രധാന മന്ദിരങ്ങളാണ് ഇവിടെയുള്ളത്. സുഖ് നിവാസ് എന്നറിയപ്പെടുന്ന വേനൽക്കാല മന്ദിരവും, ജയ് മഹൽ അല്ലെങ്കിൽ ശീഷ് മഹൽ എന്നറിയപ്പെടുന്ന കണ്ണാടി കൊട്ടാരവും.
ആദ്യം ഞങ്ങൾ കടന്നു ചെന്നത് കണ്ണഞ്ചിപ്പിക്കുന്ന ശീഷ് മഹലിലേയ്ക്കു തന്നെയാണ്. കോണ്‍വെക്സ് ആകൃതിയിലുള്ള ആയിരക്കണക്കിന് ബെൽജിയൻ കണ്ണാടിത്തുണ്ടുകൾ പതിപ്പിച്ച ചുവരുകളും മച്ചുമാണ് ശീഷ് മഹലിനുള്ളത്. സർവത്ര കണ്ണാടി മയം! ഈ കണ്ണാടികളിൽ സൂര്യ വെളിച്ചം തട്ടുമ്പോൾ ശീഷ് മഹൽ ഒരു സുവർണ്ണ വിഗ്രഹം പോലെ തിളങ്ങുമത്രേ. തന്റെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണ്‍ ചെയ്തു ശീഷ് മഹലിന്റെ മേല്ക്കൂരയിലെയ്ക്ക് തിരിച്ചു പിടിച്ച് അനിൽ ഒരു ഡെമോണ്‍സ്ട്രെഷൻ നടത്തി. കണ്ണാടികളിൽ വെളിച്ചത്തിന്റെ മഹാ പ്രളയം!
സൗന്ദര്യവത്കരണം എന്നതിലുപരി, തണുപ്പിനെ ചെറുക്കാനുള്ള ഒരു മാർഗ്ഗവും കൂടിയായാണ് ശീഷ് മഹൽ നിർമിച്ചിരിക്കുന്നത്. വിളക്കുകാലുകളിൽ കുത്തി നിർത്തിയ ദീപങ്ങളിൽ നിന്ന് ചൂട് അകത്തെ കണ്ണാടികളിൽ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു പരക്കുന്നു. മഹലിന്റെ മേൽക്കൂരയിൽ ശ്രദ്ധിച്ചു നോക്കിയാൽ ഇരുമ്പ് വലയങ്ങൾ കാണാം. ഇത് കനത്ത പർദ്ദകൾ തൂക്കിയിടാൻ ഉപയോഗിച്ചിരുന്നു. കണ്ണാടികൾ പ്രതിഫലിപ്പിക്കുന്ന ചൂട് വെളിയിലേയ്ക്കു പോകാതെ ഈ പർദ്ദകൾ തടഞ്ഞു നിറുത്തിയിരുന്നു. ഇവിടെയുള്ള മറ്റൊരു പ്രധാന കാഴ്ച ഒരു മാർബിൾ ചിത്രമാണ്. ഒറ്റ നോട്ടത്തിൽ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പൂപാത്രം എന്ന് തോന്നിപ്പിക്കുന്ന ഈ ചിത്രത്തിൽ അനേകം മൃഗ രൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഒട്ടൊരു അഭിമാനത്തോടെ ഗൈഡ് അതെല്ലാം വിവരിച്ചു തന്നു. ഇതേ ചിത്രത്തിന്റെ പ്രതിബിംബം പോലെ മറ്റൊന്ന് അടുത്ത തൂണിലും ഉണ്ട്.ഇന്ത്യൻ കലാകാരന്മാരുടെ വൈഭവത്തെ ആരും നമിച്ചു പോകുന്ന ഒരു സന്ദർഭം ആണിത്.
മുഗൾ രീതിയില്ലുള്ള പൂന്തോട്ടത്തിനു അപ്പുറം, സുഖ് നിവാസ് എന്ന വേനല്ക്കാല ഗൃഹമാണ്. മനോഹരമായ ചിത്ര വേലകൾ കൊണ്ട് അലങ്കരിച്ചവയാണ് സുഖ് നിവാസിന്റെ ചുവരുകൾ. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ, മുറിക്കുള്ളിൽ ഒരു കൃത്രിമ വെള്ളച്ചാട്ടം തന്നെ സുഖനിവാസിൽ ഉണ്ടായിരുന്നു. ഈ വെള്ളം പാഴാക്കി കളയാതെ, മുറികൾക്കിടയിലൂടെ നിർമിച്ച സ്ഫടിക ചാലുകൾക്കുള്ളിലൂടെ പൂന്തോട്ടത്തിലെയ്ക്ക് ഒഴുക്കിയിരുന്നു. ഈ മന്ദിരത്തിനും മേൽക്കൂരയിൽ ഇരുമ്പ് വളയങ്ങൾ ഉണ്ട്. നനച്ച രാമച്ച പർദ്ദകൾ തൂകിയിടാനായിരുന്നു അതെന്നു മാത്രം! തുടർച്ചയായി ഒഴുകുന്ന ജലവും, ജാലകങ്ങളുടെ പ്രത്യേക ആകൃതിയും കൊണ്ട് ചൂടിനെ പ്രതിരോധിക്കാൻ സുഖ മഹലിനു സാധിച്ചിരുന്നു.
മനോഹരങ്ങളായ ഈ മന്ദിരങ്ങൾ കണ്ടതിനു ശേഷം, ഞങ്ങൾ ആമീർ കോട്ടയുടെ ഏറ്റവും മുകൾ നിലയിലേയ്ക്ക് നടന്നു. സേനാന മഹൽ എന്നറിയപ്പെടുന്ന ഈ ഭാഗം താരതമ്യേന ഭംഗി കുറഞ്ഞതാണ്. കോട്ടയുടെ ഏറ്റവും പുരാതനമായ ഭാഗവും ഇതാണെന്ന് പറയപ്പെടുന്നു. പ്രശസ്ത ഹിന്ദി സിനിമയായ ജോധ അക്ബറിൽ ഈ നടുമുറ്റം പ്രത്യകഷപ്പെടുന്നുണ്ട്.1599-ൽ രാജാ മാൻ സിംഗ് പണി കഴിപ്പിച്ചതാണ് ഈ ഭാഗം. കോട്ടയിൽ ആദ്യം ഉണ്ടായിരുന്ന കൊട്ടാരവും ഇത് മാത്രമാണ്. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമികൾ പണി കഴിപ്പിച്ചവയാണ് കോട്ടയിലെ മറ്റു ഭാഗങ്ങൾ. ഈ നടുമുറ്റത്തിനു ചുറ്റുമായുള്ള കൊട്ടാര ഭാഗങ്ങളിലാണ് റാണിമാരും മറ്റു സ്ത്രീ ജനങ്ങളും വസിച്ചിരുന്നത്. Zenani Deorhi അഥവാ Ladies Apartments എന്ന് ഈ ഭാഗം അറിയപ്പെട്ടിരുന്നു.
അമീർ ഫോർട്ടിനോട് വിട ചൊല്ലാൻ സമയം ആയിരിക്കുന്നു. യാത്രയുടെ ആദ്യ ദിവസം തന്നെ ഒരു വലിയ ദൃശ്യ വിസ്മയം കാണാൻ സാധിച്ചതിലുള്ള സംതൃപ്തിയോടെ, കോട്ടയുടെ മൂണ്‍ ഗേറ്റിലൂടെ ഞങ്ങൾ പുറത്തു കടന്നു. അവിടെയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ സ്റ്റേറ്റിന്റെ കുടിൽ വ്യവസായ വിൽപന കേന്ദ്രവും ഞങ്ങൾ സന്ദർശിച്ചു. അവിടെ ആകർഷകം എന്ന് തോന്നിയത് തനി മാർബിളിൽ നിർമിച്ച താജ് മഹാലിന്റെ ഒരു മോഡലാണ്. ഏതാണ്ട് അര ദിവസം ഞങ്ങളോടൊത്ത് ചിലവഴിച്ച ഗൈഡ് അനിലിനോടു യാത്ര പറഞ്ഞു. ടൂറിസ്റ്റ് ഗൈഡ് എന്നത് ഒരു തൊഴിൽ എന്നതിനുപരിയായി, തന്റെ നാടിന്റെ ചരിത്രവും മഹത്വവും മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ കിട്ടിയ ഒരു അവസരമായി കാണുന്ന ആർജവമുള്ള ഇത്തരം ആൾക്കാരാണ് ഇന്ത്യൻ ടൂറിസത്തിന് ഇന്ന് ആവശ്യം! കാറിൽ ഇരുന്നു നോക്കുമ്പോൾ അകന്നകന്നു പോകുന്ന അമീർ കോട്ടയുടെ അവസാന ദൃശ്യങ്ങൾ കണ്ണിലും മനസ്സിലും നിറച്ച് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.
ചുവടെയുള്ള അമീർ കോട്ടയുടെ ആകാശദൃശ്യം,അമീറിന് കുറച്ചു മുകളിലായി, ആരവല്ലി പർവത നിരകളിൽ നിലകൊള്ളുന്ന ജയഗഡ് കോട്ടയിൽ നിന്ന് പകർത്തിയതാണ്. ജയഗഡ് കോട്ടയും, ജയ്പൂർ സിറ്റി പാലസും ഹവാ മഹലും അടുത്ത ഭാഗത്തിൽ.
Post a Comment