ഭാഗം ഒന്ന് - ഇവിടെ വായിക്കാം

ആംബർ കോട്ടയ്ക്കു ഏകദേശം 400 മീറ്റർ മുകളിലായി, ആരവല്ലി പർവത നിരയിലെ "കഴുകൻ മല" യിലാണ് (Cheel Ka Teela / hill of Eagles) ജയ്‌ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ആംബറിലെ ഒരു പുരാതന നിർമിതിയാണ് ചെങ്കല്ലിൽ പണി കഴിപ്പിക്കപ്പെട്ട ഈ കോട്ട. കൃത്യമായ കാലഘട്ടം വ്യക്തമെല്ലെങ്കിലും 11-ആം നൂറ്റാണ്ടിൽ കാകിൽ ദേവ് രാജാവാണ് ജയ്‌ഗഡ് കോട്ടയുടെ നിർമാണം തുടങ്ങി വച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.1726-ൽ രാജാ ജയ് സിംഗ് II ആണ് ഈ കോട്ടയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി പുതുക്കിയെടുത്തത് . ജയ്‌ഗഡ് കോട്ടയുടെ മുഖ്യ ധർമം, ആംബർ കോട്ടയും ഗ്രാമത്തെയും പരിരക്ഷിക്കുക എന്നതായിരുന്നു. ആരവല്ലി പർവത നിരയുടെ മുഖ മുദ്രയായ പരുക്കൻ മട്ട് തന്നെയാണ് ജയ്‌ഗഡ് കോട്ടയ്ക്കും. കോട്ടയുടെ ഇരു വശങ്ങളിലേയ്ക്കും നീണ്ടു കിടക്കുന്ന കനത്ത ചുറ്റുമതിൽ അംബർ കോട്ടയും ഗ്രാമത്തെയും വലയം ചെയ്തു നില്ക്കുന്നു. പുരാത ഭാരതത്തിലെ കെട്ടിട നിർമാണ ശാസ്ത്രമായ "ശില്പ ശാസ്ത്ര(śilpa śāstra)" ത്തിൽ ആറു തരം കോട്ട നിർമാണ രീതികൾ പ്രതിപാദിക്കുന്നുണ്ട്. അതിൽ, "ഗിരി ദുർഗ്" (Hill Fort) എന്ന രീതി ഉപയോഗിച്ചു നിർമിച്ചവയാണ് ജയ്‌ഗഡ് കോട്ടയും ആംബർ കോട്ടയും.
ആംബർ കോട്ടയിലേയ്ക്കുള്ള വഴിയിൽ ഇടത്തോട്ടു തിരിഞ്ഞാൽ ജയ്‌ഗഡ് കോട്ടയിലേയ്ക്കുള്ള വഴിയായി. വളഞ്ഞു പുളഞ്ഞു പോകുന്ന കുത്തനെയുള്ള ഒരു മലമ്പാതയിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു. സംസാരപ്രിയനായ ഞങ്ങളുടെ ഡ്രൈവർ, ഘാട്ട് റോഡിന്റെ സവിശേഷതകളെ പറ്റിയും, മല കയറാനുള്ള പ്രയാസത്തെ പറ്റിയും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. കയറ്റവും ഇറക്കവും വളവും തിരിവുമുള്ള റോഡിലൂടെ യാത്ര ദുഷ്കരമായിരിക്കും എന്ന മുന്നറിയിപ്പും തന്നു. ഞാൻ അപ്പോൾ ആലോചിച്ചത് പണ്ട് പ്ലസ് ടു പഠനകാലത്ത്‌ മാസത്തിൽ രണ്ടു തവണയെങ്കിലും കയറുകയും ഇറങ്ങുകയും ചെയ്തിട്ടുള്ള താമരശ്ശേരി ചുരത്തെപ്പറ്റിയാണ്. തീയിൽ കുരുത്തത് വെയിലിൽ വാടില്ലല്ലോ! "ഞമ്മളെ താാാമശ്ശേരി ചൊര"ത്തെ കുറിച്ച് ഡ്രൈവർക്ക് വിവരിച്ചു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനും മാത്രം ഭീകര ഹിന്ദി ഞങ്ങൾക്ക് രണ്ടു പേർക്കും അറിയില്ലാത്തതു കൊണ്ട് പുറത്തേയ്ക്ക് നോക്കി മിണ്ടാതെ ഇരുന്നു.
അങ്ങനെ മല കയറി ഞങ്ങൾ ജയ്‌ഗഡ് കോട്ടയുടെ കവാടത്തിനരികെ എത്തി.
ജയ്‌ഗഡ് കോട്ട - ഒരു വിഹഗ വീക്ഷണം


ടിക്കറ്റ്‌ കൗണ്ടറിൽ നല്ല തിരക്ക്. അമ്പതു രൂപയുടെ ടിക്കറ്റ് എടുത്താൽ കാർ കോട്ടവാതിൽ വരെ കൊണ്ട് പോകാം. കോട്ടയിലേയ്ക്കു കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് പടുകൂറ്റൻ ഒരു സിമന്റ്‌ പ്ലാറ്റ്ഫോം ആണ്. അതൊരു ഭൂഗർഭ വാട്ടർ ടാങ്ക് ആണെന്ന് ഡ്രൈവർ പറഞ്ഞു തന്നു. ജയഗഡ് കോട്ടയിൽ ഇത്തരത്തിലുള്ള മൂന്നു വാട്ടർ ടാങ്കുകൾ ഉണ്ട്. ഇതിൽ ഒരു വാട്ടർ ടാങ്കുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഈ ടാങ്കുകളിൽ ഒന്നിൽ കച്ചവാ രാജവംശത്തിന്റെ സ്വന്തമായ ടണ്‍ കണക്കിന് സ്വർണ്ണവും രത്നങ്ങളും മറ്റു അമൂല്യ വസ്തുക്കളും അടങ്ങിയ ഒരു നിധി ഒളിഞ്ഞിരുപ്പുണ്ട് എന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. 1976-ൽ അടിയന്തരാവസ്ഥ അതിന്റെ മൂർധന്യത്തിൽ ആയിരുന്ന കാലത്ത്, ഇന്ദിരാ ഗാന്ധി ഈ വാട്ടർ ടാങ്ക് തുറന്നു പരിശോധിക്കാൻ ഉത്തരവിട്ടു. രാജ്യം കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു ഇതെന്നു ഓർക്കണം. നിധി വേട്ടക്കായി പട്ടാളം ഇറങ്ങി. ഇക്കാര്യം അറിഞ്ഞ അന്നത്തെ പാകിസ്താൻ പ്രധാന മന്ത്രി സുൾഫിക്കർ അലി ഭൂട്ടോ ഇന്ദിരാഗാന്ധിക്ക് ഒരു കത്തെഴുതിയത്രേ1. "ജയ്‌ഗഡിലെ നിധി ഇന്ത്യയുടെയും പാകിസ്താന്റെയും പൊതു സ്വത്താണ്. അത് ന്യായമായ രീതിയിൽ വിഭജിക്കേണ്ടതാകുന്നു."എന്തു കിട്ടിയാലും ഞങ്ങൾക്കും പകുതി വേണം എന്നായിരുന്നു സുൾഫിക്കർ അലി ഭൂട്ടോയുടെ കത്തിന്റെ രത്നചുരുക്കം!
ജയ്‌ഗഡ് കോട്ടയിലെ നിധി വേട്ട പരാജയമായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത്. പക്ഷെ അറുപതു ട്രക്ക് നിറയെ സ്വർണ്ണം ഇവിടെ നിന്ന് കിട്ടി എന്നും, അടിയന്തരാവസ്ഥ കാലത്തെ നിരോധനാജ്ഞയുടെ മറവിൽ അംബർ ഗ്രാമ വാസികളെ മുഴുവൻ വീടുകളിൽ അടക്കിയിരുത്തി, ഈ സ്വർണ്ണം ഡൽഹിക്ക് കൊണ്ട് പോയി എന്നും വിശ്വസിക്കുന്ന പലരും ഇന്നും ആംബറിൽ ഉണ്ട്; ഞങ്ങളുടെ ഡ്രൈവർ അടക്കം! തെളിവുകൾ ഇല്ലാത്തതിനാൽ ഇത് വെറും ഒരു കെട്ടുകഥ ആണെന്ന് വിശ്വസിക്കാനേ തരമുള്ളൂ. രസകരമായ ഒരു കാര്യം, നമ്മുടെ ഇന്ദിരാ ഗാന്ധി, സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് അയച്ച മറുപടി കത്താണ്. ഭൂട്ടോയുടെ കത്തിനെ ആദ്യം അവഗണിച്ച ഇന്ദിരാ ഗാന്ധി, നാല് മാസത്തിനു ശേഷം ഭൂട്ടോയ്ക്ക് മറുപടി എഴുതി.
"ഞാൻ നിയമ വിദഗ്ധരുമായി സംസാരിച്ചതിൽ നിന്ന് അറിഞ്ഞത് പാകിസ്ഥാന് നിധിയിൽ യാതൊരു അവകാശവും ഇല്ല എന്നാണ്. പിന്നെ താങ്കളുടെ അറിവിലേയ്ക്കായി, ജയ്‌ഗഡിൽ യാതൊരു നിധിയും ഇല്ല."
ചരിത്ര പ്രധാനമായ ആ ടാങ്കിനരികിലൂടെ ഞങ്ങൾ കോട്ടയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു. ആംബർ കോട്ടയ്ക്കു സമാനമായ ഘടനയാണ് ജയ്‌ഗഡ് കോട്ടയ്ക്കും. എന്നാൽ ആംബറിലേത് പോലെ അലങ്കാരങ്ങലോ ആർഭാടങ്ങളോ ജയ്‌ഗഡ് കോട്ടയ്ക്കില്ല. പ്രധാനമായും പട്ടാള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കോട്ടയായതിനാൽ ആവണം ഇത്. ഞങ്ങൾ ആദ്യമായി എത്തിച്ചേർന്നത് "ശുഭാത് നിവാസ്" എന്നറിയപ്പെടുന്ന ഒരു നടുമുറ്റത്താണ്. പടയാളികൾ ഒത്തു കൂടുകയും സൈനിക പരേഡുകൾ നടക്കുകയും ചെയ്തിരുന്ന വിശാലമായ ഒരു നടുമുറ്റമാണ് "ശുഭാത് നിവാസ്" . ശുഭാത് നിവാസിലെ പുരാതനത്വം തുടിക്കുന്ന ഒരു മണ്ഡപത്തിൽ കണ്ണുടക്കി. ഇവിടെ നിന്നായിരിക്കാം രാജാവ് തന്റെ പടയുടെ പ്രൗഡി വിലയിരുത്തിയിരുന്നത്.
"ശുഭാത് നിവാസ്" എന്ന നടുമുറ്റം
കോട്ടയുടെ മുകൾ നിലകളിലേയ്ക്കു പോകാൻ പടവുകൾക്കു പകരം ചരിഞ്ഞ പാതകൾ(ramp) ആണ്. Ramp-ലൂടെ നടന്നു ഞങ്ങൾ മറ്റൊരു നടുമുറ്റത്തെത്തി. ലക്ഷ്മി വിലാസ് എന്നറിയപ്പെടുന്ന ഒരു ചെറിയ തളം ഇവിടെയുണ്ട്. രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത് ഈ തളത്തിൽ വച്ചാണ്. പന്ത്രണ്ടു മാർബിൾ തൂണുകൾ ആണ് ഈ തളത്തെ താങ്ങി നിർത്തുന്നത്. ലക്ഷ്മി വിലാസിൽ നിന്ന് അകത്തേക്കു പ്രവേശിക്കാൻ കൊത്തുപണികൾ ചെയ്ത ഏഴ് വാതിലുകൾ ഉണ്ട്. അകത്തെ കിടപ്പുമുറികളിലേയ്ക്ക് നയിക്കുന്ന വാതിലുകൾ ആണിവ. ജയ്പൂരിന്റെ ശില്പിയായ വിദ്യാധര ഭട്ടാചാര്യ ആണ് ലക്ഷ്മി വിലാസ് നിർമിച്ചത്. സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിനു "Siropao(robe of honor )" നല്കി ആദരിച്ചു എന്നാണ് ചരിത്രം.
ലക്ഷ്മി വിലാസ്
ജയ്‌ഗഡ് കോട്ടയിൽ നിന്ന് ആംബർ കോട്ടയുടെയും, താഴ്വാരത്തെ ഗ്രാമങ്ങളുടെയും, അതിനുമപ്പുറം ആരവല്ലി പർവത നിരയുടെയും ദൃശ്യം ഒരു പെയിന്റിംഗ് പോലെ മനോഹരമാണ്. ആ കാഴ്ച കാണാൻ വേണ്ടിയാണ് ഞങ്ങൾ ജയ്‌ഗഡ് കോട്ടയിൽ വന്നത്. സമയം പതിനൊന്നു കഴിഞ്ഞെങ്കിലും മൂടൽ മഞ്ഞു മാറിയിരുന്നില്ല. ഒട്ടൊരു നിരാശയോടെയാണ് ഞങ്ങൾ ജയ്‌ഗഡ് കോട്ടയുടെ മുകൾ നിലയിലേയ്ക്കു നടന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വന്നിട്ട്, ഒരു മനോഹര ദൃശ്യം നഷ്ടമാകുന്നതിലെ നിരാശ!
ആകാശം തെളിയാൻ പ്രാർഥിച്ചു കൊണ്ട് ഞങ്ങൾ കോട്ടയിലെ മറ്റു കാഴ്ചകളിലേയ്ക്കു കണ്ണോടിച്ചു. മനോഹരമായ ഒരു ഉദ്യാനം ജയ്‌ഗഡ് കോട്ടയിൽ ഉണ്ട്. ആരാം മന്ദിർ എന്നറിയപ്പെടുന്ന ഭാഗമാണിത്. ഉദ്യാനത്തെക്കാൾ ആകർഷകമായി തോന്നിയത്, സ്വർഗത്തിലേയ്ക്കുള്ള വാതിൽ എന്ന പോലെ താഴ്വരയിലേയ്ക്ക് തുറന്നിരിക്കുന്ന ഒരു കമാന വാതിലാണ്.
സ്വർഗത്തിലേയ്ക്കുള്ള വാതിൽ - "അവാനി ദർവാസ"
"അവാനി ദർവാസ (The Awaani Darwaza)" എന്നറിയപ്പെടുന്ന മൂന്ന് കമാനങ്ങൾ അടങ്ങിയ ഈ വാതിലിലൂടെ നോക്കുമ്പോൾ കോട്ടയ്ക്കു താഴെ ഒരു തടാകം കാണാം. സാഗർ എന്നറിയപ്പെടുന്ന ഒരു കൃത്രിമ തടാകമാണിത്. 1558 - ൽ രാജാ ബർമാലിന്റെ കാലത്ത് നിർമിക്കപ്പെട്ടതാണ് ഈ ജലസംഭരണി.
സാഗർ തടാകവും, കൊട്ടയിലേയ്ക്കുള്ള പടവുകളും
ജല സംഭരണത്തിനും വിതരണത്തിനുമായി അതിവിപുലമായ സംവിധാനങ്ങൾ ജയ്‌ഗഡ് കോട്ടയിൽ ഉണ്ടായിരുന്നു. സാഗർ തടാകവും അതിന്റെ ഒരു ഭാഗമായിരുന്നു. കോട്ടയ്ക്കു ചുറ്റുമുള്ള മലകളിൽ വീഴുന്ന മല വെള്ളം പാഴായി പോകാതെ, പ്രത്യേക നീർച്ചാലുകളിലൂടെ(Aqua duct) താഴ്വരയിലെ ഇത്തരം ജല സംഭരണികളിലേയ്ക്ക് ഒഴുക്കിയിരുന്നു. ഈ ജലം സാഗർ താടാകത്തിൽ നിന്ന് പ്രത്യേക കുഴലുകളിലൂടെ ഒരു ചെറിയ സംഭരണിയിലേയ്ക്കു മാറ്റുന്നു. സാഗർ തടാകത്തിൽ നിന്ന് മുകളിലേയ്ക്ക്, ജയ്‌ഗഡ് കോട്ട വരെ നീളുന്ന പടവുകൾ കാണാം. ജല സംഭരണിയിൽ നിന്ന് ഒരാൾ വെള്ളം എടുക്കുകയും, അത് മുകളിലെ ഓരോ പടവുകളിലായി നില്ക്കുന്ന ആൾക്കാർ കൈമാറി കോട്ടയുടെ മുകൾ വരെ എത്തിക്കുകയും ചെയ്തിരുന്നു.
സാഗർ തടാകത്തിന്റെ കാഴ്ച കണ്ടു നില്ക്കവേ, സൂര്യ ഭഗവാനു ഞങ്ങളോട് ദയ തോന്നി. മേഘങ്ങളിക്കിടയിൽ വന്നു നിന്ന് കൊണ്ട് ആൾ ഒന്ന് പുഞ്ചിരിച്ചു. മൂടൽ മഞ്ഞിന്റെ നനുത്ത പുതപ്പിലൂടെ താഴെയുള്ള അംബർ കോട്ടയും, ഗ്രാമവും, അതിനെ ചുറ്റിയുള്ള കനത്ത കോട്ട മതിലും,ദൂരെയുള്ള പർവത നിരകളും ഒരു സ്വപ്ന ദൃശ്യം പോലെ തെളിഞ്ഞു വന്നു. ഒരു നിമിഷത്തെയ്ക്ക് ആ കാഴ്ചയുടെ മാസ്മരിക ശക്തിയിൽ സ്വയം മറന്ന്, ജയ്ഗഡ് കോട്ടയുടെ വാച്ച് ടവറിനു മുകളിൽ ഞങ്ങൾ നിശബ്ദരായി നിന്നു. ജീവിതത്തിൽ ഇത്തരം നിമിഷങ്ങൾ എത്ര അസുലഭമാണെന്ന തിരിച്ചറിവോടെ.
ജയ്‌ഗഡ് കോട്ടയുടെ കനത്ത ചുറ്റു മതിലുകൾ
അംബർ കോട്ടയുടെ ദൃശ്യം
സൂര്യൻ വീണ്ടും മേഘങ്ങൾക്കിടയിലേയ്ക്കു വിട വാങ്ങി. ഞങ്ങൾക്ക് അടുത്ത കാഴ്ചകളിലെയ്ക്ക് തിരിയാനുള്ള സമയമായി. ജയ്‌ഗഡ് കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണം, ഒരു പടുകൂറ്റൻ പീരങ്കിയാണ്. രാജാ സവായ് ജയ് II-ന്റെ കാലത്ത് നിർമിക്കപ്പെട്ട ഈ പീരങ്കിയുടെ പേര് "ജയ് വാണ" എന്നാണ്. ഇരുമ്പ് പീരങ്കിയുണ്ട ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പീരങ്കികളിൽ ഒന്നാണ് "ജയ് വാണ".
"ജയ് വാണ".
ഇരുമ്പയിര് ധാരാളമായി ലഭിച്ചിരുന്ന മേഖലയായിരുന്നു ജയ്‌ഗഡ് കോട്ടയുടെ ചുറ്റുമുള്ള പർവത നിരകൾ. അത് കൊണ്ട് തന്നെ ഒരു പീരങ്കികൾ വാർത്തെടുക്കുന്ന ഒരു ലോഹശാല ജയ്‌ഗഡ് കോട്ടയിൽ പ്രവത്തിച്ചിരുന്നു. 20 അടി നീളവും, 50 ടണ്‍ ഭാരവുമുള്ള ജയ് വാണയും ഇവിടെ നിർമിക്കപ്പെട്ടതു തന്നെ. ഒരു മാരക ആയുധം ആണെങ്കിൽ കൂടിയും അത് മനോഹരമായ കൊത്തുപണികൾ കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. തീ തുപ്പുന്ന പീരങ്കിക്കു ഴലിൽ പോലും, പൂക്കളും, ആനയും, പക്ഷികളും കൊത്തി വയ്ക്കാനുള്ള സഹൃദയത്വം അന്നത്തെ ശില്പികൾക്ക് ഉണ്ടായിരുന്നു. അതിന്റെ നൂറിലൊന്നു കലാബോധം ഇന്നത്തെ ഇന്ത്യക്ക് ഉണ്ടോ എന്ന് സംശയമാണ്. രസകരമായ ഒരു കാര്യം, ഈ പീരങ്കി ഒരിക്കൽ മാത്രമേ പ്രയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നാണ്. അതും പരീക്ഷണത്തിനായി മാത്രം. ശക്തരും, നയതന്ത്ര വിദഗ്ദരുമായ രജപുത്ര രാജാക്കന്മാരെ അവരുടെ കോട്ടയിൽ കയറി ആക്രമിക്കാൻ മാത്രം ശക്തരായ എതിരാളികൾ ഇല്ലായിരുന്നു.
കാഴ്ചകൾ കണ്ടു സമയം പോയതറിഞ്ഞില്ല. ജയ്‌ഗഡ് കോട്ടയിൽ നിന്നും മടങ്ങാനുള്ള സമയം ആയിരിക്കുന്നു. കാർ മലയിറങ്ങി തുടങ്ങി. സുന്ദരിയും കുലീനയുമായ ആംബർ കോട്ടയെയും, അവൾക്ക് ചുറ്റും തന്റെ ചെങ്കൽ മതിലുകൾ പടർത്തി സംരക്ഷിക്കുന്ന ജയ്‌ഗഡ് കോട്ടയെയും പിന്നിലാക്കി ഞങ്ങളുടെ കാർ ജയ്‌പൂർ നഗരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
ജയ്‌ഗഡ് കോട്ടയിൽ നിന്ന് ജയ്‌പൂർ നഗരത്തിലേയ്ക്കുള്ള വീതിയേറിയ രാജപാതയുടെ വശത്ത്, തടാകത്തിൽ നിന്ന് ഉയർന്നു വന്നതെന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കൊട്ടാരം കാണാം. 'ജൽ മഹൽ' എന്നറിയപ്പെടുന്ന ഈ രമ്യസൗധം "മൻ സാഗർ" എന്ന കൃത്രിമ തടാകത്തിന്റെ ഒത്ത നടുക്കായി നില കൊള്ളുന്നു.
1596-ൽ ഒരു കടുത്ത വരൾച്ചയ്ക്ക് ശേഷം ആംബറിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന രാജ മാൻ സിംഗ്- I, ദർഭാവതി നദിയ്ക്ക് ഒരു അണക്കെട്ട് പണി കഴിപ്പിച്ചു. ഇതിന്റെ ഫലമായി രൂപം കൊണ്ട തടാകമാണ് മൻസാഗർ. തടാകത്തിനു നടുവിൽ ജൽ മഹൽ നിർമിച്ചത് സവായ് ജയ് സിംഗ് രണ്ടാമൻ ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ ആയിരുന്നു ഇത്. അഞ്ചു നിലകളുള്ള ഒരു കൊട്ടാരമാണ് ജൽ മഹൽ. മൻസാഗർ തടാകത്തിൽ വെള്ളം നിറയുമ്പോൾ ഇതിൽ നാല് നിലകളും വെള്ളത്തിനടിയിലാകും. ഒരു കാലത്ത് ജൈവ വൈവിധ്യത്തിന്റെ കലവറയായിരുന്നു മൻസാഗർ തടാകം. അനേകം അപൂർവ പക്ഷി വർഗങ്ങൾ ഈ തടാകത്തിൽ സന്ദർശനം നടത്തിയിരുന്നു.
കാർ റോഡിനരികിൽ പാർക്ക് ചെയ്ത്, ഞങ്ങൾ മൻസാഗർ തടാകക്കരയിലെയ്ക്ക് നടന്നു.ജൽ മഹലിലേയ്ക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ല. കലുഷിതമായ ഒരു ഭൂതകാലം ജൽ മഹലിനുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ ശാപങ്ങളായ അഴിമതിയും, പരിസ്ഥിതി മലിനീകരണവും പേറി, നിശബ്ദമായി നിൽക്കുന്ന ജൽ മഹലിനു ഞങ്ങളോട് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ജയ്‌പൂരിന്റെ ചരിത്ര സ്മാരക പട്ടികയിൽ നിന്ന് ജൽ മഹൽ പുറം തള്ളപ്പെട്ടു. ജന നിബിഡമായ ജയ്പൂർ നഗരത്തിലെ മാലിന്യങ്ങൾ മൻസാഗർ തടാകത്തിലെയ്ക്കാണ് ഒഴുക്കി വിട്ടിരുന്നത്. ഇങ്ങനെ, അവഗണയും, മാലിന്യ നിക്ഷേപവും കൊണ്ട് മൻസാഗർ തടാകം ദുർഗന്ധം വമിക്കുന്ന ചതുപ്പ് നിലമായി മാറി. അതിനു നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ജൽമഹൽ എന്ന ചരിത്ര നിർമിതിയും!
http://www.moef.nic.in/sites/default/files/nlcp/Lakes/Mansagar%20Lake.pdf
ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ രാജസ്ഥാൻ ഗവണ്‍മെന്റ് 2000-ൽ പദ്ധതികൾ തുടങ്ങി.മൻസാഗർ തടാകം ശുചിയാക്കി ആഴം കൂട്ടാനും, ജൽ മഹൽ നവീകരിക്കാനുമായി ഒരു സ്വകാര്യ സ്ഥാപനത്തിനു കരാർ നല്കി. എന്നാൽ ഈ കരാറിൽ വൻ അഴിമതിയുണ്ടെന്ന് പരക്കെ ആക്ഷേപം ഉയർന്നു. ആയിരം കോടിക്കടുത്ത് വിലമതിക്കുന്ന ജൽമഹലും മൻസാഗർ തടാകവും ചുറ്റുപാടും അടങ്ങുന്ന നൂറേക്കർ സ്ഥലം വെറും 2.5 കോടി രൂപ വാർഷിക വാടകയ്ക്ക് പാട്ടത്തിനു കൊടുക്കുകയായിരുന്നു. അതും 99 വർഷത്തേയ്ക്ക്! 2005-ൽ അവർ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മൻസാഗർ തടാകം ഒരു പരിധി വരെ രക്ഷിച്ചെടുക്കാനും, താഴെക്കാണുന്ന രീതിയിൽ നവീകരിക്കാനും അവർക്കായി എന്നത് ശ്ലാഘനീയമാണ്.
Source:Wikipedia Photo Credit:http://www.panoramio.com/user/vsvinaykumar   
എന്നാൽ മൻസാഗറിന്റെ വശങ്ങളിൽ ഈ സ്ഥാപനം അനധികൃത കൈയേറ്റങ്ങളും കെട്ടിട നിർമ്മാണവും തുടങ്ങി. ഇതിനെതിരെ ഒരു കേസ് രാജസ്ഥാൻ ഹൈക്കോടതിയിൽ വരുകയും, കോടതി കരാർ റദ്ദാക്കുകയും ചെയ്തു. കേസ് സുപ്രീം കോടതിയിലെത്തി. സ്ഥാപനം അതുവരെ മൻസാഗറിൽ നടത്തിയ പ്രവർത്തങ്ങളും മുതൽ മുടക്കും കണക്കിലെടുത്ത് സുപ്രീം കോടതി 2014 മേയിൽ 30 വർഷത്തെ കരാർ അനുവദിച്ചു. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് കിടക്കുന്ന ജൽ മഹൽ ഇപ്പോഴും സന്ദർശകർക്ക് മുന്നിൽ അടഞ്ഞു കിടക്കുന്നു.
ഞങ്ങൾ കരയിൽ നിന്ന്, നീരാവിയുടെ പുതപ്പണിഞ്ഞു നിൽക്കുന്ന ജൽ മഹലിനെ ഒരിക്കൽ കൂടി നോക്കി. അജ്ഞതയും,അവഗണയും, സ്വാർത്ഥ താത്പര്യങ്ങളും ഒരുപാട് മുറിവേൽപ്പിച്ച ആ ഭൂമിയോട് മൗനമായി മാപ്പപേക്ഷിച്ചു കൊണ്ട്. വീണ്ടും ഒരിക്കൽ കൂടി ഇവിടെ എത്തുകയാണെങ്കിൽ, ജൽ മഹലിനെ അതിന്റെ പൂർണ്ണ മഹത്വത്തിൽ കാണാനാകും എന്ന പ്രതീക്ഷയോടു കൂടി ഞങ്ങൾ ജയ്‌പൂർ നഗരത്തിലേയ്ക്കുള്ള മടക്ക യാത്ര ആരംഭിച്ചു.

Post a Comment

Previous Post Next Post