പണ്ട് പണ്ട് ഏകദേശം അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് മാൻഡോർ ഭരിച്ചിരുന്ന
റാവു ജോധ(Rao Jodha) എന്നൊരു രാജാവുണ്ടായിരുന്നു. ഇന്നത്തെ രാജസ്ഥാനിന്റെ ഒത്ത നടുക്കായി സ്ഥിതി
ചെയ്തിരുന്ന ഒരു വരണ്ട പ്രദേശമാണ് മാൻഡോർ. രജപുത്ര വംശത്തിലെ മൂത്ത
താവഴികളിൽ ഒന്നായ രഥോർ വംശത്തിൽപ്പെട്ട ഈ രാജാവിന്റെ പൂർവികർ കനൂജ് എന്ന
പ്രദേശം ഭരിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ അഫ്ഗാൻ ആക്രമണത്തിൽ
പരാജിതരായ അവർ കനൂജിനു ആയിരം കിലോമീറ്റർ വടക്കുള്ള മാൻഡോറിലെയ്ക്ക്
രക്ഷപെട്ടു പോരുകയായിരുന്നു. രഥോർ രാജവംശത്തിലെ പതിനാലാം ഭരണാധികാരിയായിരുന്നു റാവു ജോധ.
1459-ൽ മാന്ഡോറിന്റെ പ്രൗഢിക്കും , സുരക്ഷയ്ക്കുമായി ഒരു കോട്ട സ്ഥാപിച്ച്
അവിടെ നിന്നും ഭരണം നടത്തണമെന്ന് റാവു ജോധ തീരുമാനിച്ചു. കോട്ടയ്ക്കു
അനുയോജ്യമായ ഒരു സ്ഥലത്തിനുള്ള അന്വേഷണം ദ്രുതഗതിയിൽ ആരംഭിച്ചു.
മാൻഡോറിനു എട്ടു കിലോമീറ്റർ തെക്ക് മാറി, വിജനമായ ഒരു പ്രദേശത്ത്
ഉദയസൂര്യനെ ഉള്ളിലൊതുക്കിയതു പോലെ നിന്ന ഒരു ചുവപ്പ് മല രാജാവിനു നന്നേ
ബോധിച്ചു. എന്നാൽ വരാനിരുന്ന ഒരു വലിയ ആപത്ത് രാജാവ് അറിഞ്ഞിരുന്നില്ല.
കോട്ട
നിർമിക്കാനുള്ള രാജാവിന്റെ ഉത്തരവ് കേട്ടപാതി കേൾക്കാപാതി ഭടന്മാർ
ആയുധവും എടുത്തിറങ്ങി. മലയിലെ ഏക താമസക്കാരൻ ഒരു വൃദ്ധനായിരുന്നു. പക്ഷികളെ
ഊട്ടിയും അവയോടു സംസാരിച്ചും ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരാൾ. ഭടന്മാർ
യാതൊരു ദാക്ഷണ്യവും കൂടാതെ വൃദ്ധനെ മലയിൽ നിന്നും കുടിയിറക്കി . ക്ഷുഭിതനായ
വൃദ്ധൻ പോകുന്ന പോക്കിൽ നല്ലൊരു ശാപവും കൊടുത്തു. "നിങ്ങൾ നിർമ്മിക്കാൻ
പോകുന്ന ഈ കോട്ടയിലും പരിസരത്തും കഠിനമായ വരൾച്ച ബാധിക്കട്ടെ, അങ്ങനെ
ജനവാസം അസാധ്യമാകട്ടെ" എന്നുമായിരുന്നു ശാപം.
രാജാവിനു
പിന്നീടാണ് അബദ്ധം മനസ്സിലായത്. സമീപവാസികൾ "ചിടിയാവാല ബാബ"(പക്ഷി സിദ്ധൻ) എന്ന് വിളിച്ചിരുന്ന സന്യാസിയായിരുന്നു ആ വൃദ്ധൻ. ഇന്നത്തെ
പോലെ തന്നെ പണ്ടും ഭരണാധികാരികൾക്ക് സിദ്ധന്മാരോടൊക്കെ വലിയ ബഹുമാനവും
പേടിയും ആയിരുന്നു. രാജാവ് ശാപമോക്ഷത്തിനായി അപേക്ഷിച്ചു. എന്നാൽ കൊടുത്ത
ശാപം തിരിച്ചെടുക്കാൻ ആവില്ലെന്ന വിശ്വപ്രസിദ്ധമായ സത്യം സിദ്ധൻ രാജാവിനെ
അറിയിച്ചു. കോട്ടയ്ക്കായി ആരെങ്കിലും സ്വമേധയാ ജീവൻ ബലി കഴിക്കാൻ
തയ്യാറായാൽ ശാപത്തിന്റെ ഫലം ഇല്ലാതാകും എന്നൊരു പ്രതിവിധി സിദ്ധൻ
ഉപദേശിച്ചു. വിഷണ്ണനായ രാജാവിനു മുന്നിൽ രാജാറാം മെഹവാൾ എന്ന സൈനികൻ മുഖം
കാണിച്ചു. മരിക്കാൻ താൻ തയ്യാറാണ് എന്ന് അറിയിച്ചു. കോട്ടയുടെ
അസ്ഥിവാരത്തിനും താഴെ രാജാറാം മെഹവാൾ ജീവനോടെ കുഴിച്ചു മൂടപ്പെട്ടു. രാജസ്ഥാനിലെ ഏറ്റവും മികച്ച കോട്ടകളിൽ ഒന്നായ ജോധ്പൂരിലെ മെഹ്രാൻഗഡ്
കോട്ടയുടെ ഉത്ഭവ കഥയാണിത്.
2015 ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ ആണ് ഞാൻ മെഹ്രാൻഗഡ് കോട്ട കാണാൻ പുറപ്പെടുന്നത്. രാജസ്ഥാൻ യാത്രയുടെ അഞ്ചാം ദിവസമായിരുന്നു അത്. രാജാക്കന്മാരും, കൊട്ടാരങ്ങളും, നിറം പിടിപ്പിച്ച പഴങ്കഥകളും ഉറങ്ങുന്ന രാജസ്ഥാനോട് ഞാൻ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. മെഹ്രാൻഗഡ് കോട്ടയിൽ ചെലവഴിച്ച അഞ്ചു മണിക്കൂറുകൾ ആ പ്രണയം ആളിക്കത്തിച്ചു. വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആ ദിവസം ഞാൻ വ്യക്തമായി ഓർക്കുന്നു. രാവിലെ എട്ടുമണിയോടു കൂടി, ഒരു യൂബർ ടാക്സി ബുക്ക് ചെയ്ത് യാത്ര ആരംഭിച്ചു. കാർ ജോധ്പൂർ നഗരത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് , ദൂരെ ഒരു കൂറ്റൻ മലപോലെ നിലകൊള്ളുന്ന കോട്ടയിലേയ്ക്കുള്ള കയറ്റം ആരംഭിച്ചു.
രാവിലെ തന്നെ എത്തിയത് മൂലം സഞ്ചാരികളുടെ തിരക്ക് കുറവായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും കോട്ടയുടെ ഒരു ഓഡിയോ ഗൈഡും വാങ്ങിയാണ് യാത്ര തുടങ്ങിയത്. കോട്ടയുടെ വടക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. കാർ പാർക്കിൽ നിന്നും ആദ്യം കാണുന്ന കാഴ്ച ചെങ്കല്ലിൽ നിർമിച്ച പരുക്കൻ കോട്ടമതിലും അതിനു മുകളിലായി ഉയർന്നു നിൽക്കുന്ന ചെറു കിളിവാതിലുകളോട് കൂടിയ കൊട്ടാരക്കെട്ടുകളുമാണ്.
|
കോട്ട മതിലും കൊട്ടാരക്കെട്ടുകളും |
കോട്ടമതിലിനു പുറത്തേക്ക് തള്ളി നിൽക്കുന്ന ഈ കൊട്ടാരഭാഗങ്ങൾ രാജസ്ഥാൻ കോട്ടകളുടെ നിർമാണ രീതി അറിയുന്നവരിൽ അത്ഭുതം ഉളവാക്കും. സാധാരണ കോട്ടയുടെ ഏറ്റവും മുകളിലായി, അനേകം മതിൽക്കെട്ടുകൾക്കുള്ളിലാണ് കൊട്ടാരങ്ങൾ ഉണ്ടാകുക. ശത്രുക്കൾ എളുപ്പത്തിൽ എത്തിപ്പെടാതിരിക്കാൻ വേണ്ടിയാണത്. പക്ഷെ, അതി കഠിനമായ ചൂടനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിൽ അല്പം കാറ്റ് കിട്ടുന്നതിനായാണ് കൊട്ടാരത്തിന്റെ ചില മട്ടുപ്പാവുകൾ ഇവിടെ സ്ഥാപിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്.
ഓഡിയോ ഗൈഡും ചെവിയിൽ ഫിറ്റു ചെയ്ത് ഞാൻ കോട്ടയുടെ ഒന്നാമത്തെ കവാടമായ ജയ് പോളിലൂടെ ഉള്ളിലേയ്ക്ക് കടന്നു. (രാജസ്ഥാനിൽ "പോൾ" എന്നാണ് കൊട്ടാരത്തിന്റെയും മറ്റും മുഖ്യ കവാടങ്ങളെ വിളിക്കുന്നത്). പുരാതന കാലത്ത് മെഹ്രാൻഗഡ് കോട്ടയുടെ പ്രധാന കവാടം ഇതായിരുന്നില്ല. പടിഞ്ഞാറ് ഭാഗത്തായിരുന്നു അത്. മെഹ്രാൻഗഡ് കോട്ടയ്ക്കു ഏഴു കവാടങ്ങളാണ് ഉള്ളത്. ജയ് പോൾ, ഫത്തേ പോൾ, ലോഹ പോൾ , അമ്രുതി പോൾ, ധോദ് കണ്ഗ്ര പോൾ, ഗോപാൽ പോൾ, ഭേരു പോൾ എന്നിങ്ങനെയാണ് പേരുകൾ .
|
ജയ് പോൾ |
ജയ് പോളിന് അധികം പഴക്കമില്ല. മഹാരാജാ മാൻസിംഗ് 1810 ൽ പണി കഴിപ്പിച്ചതാണ് ജയ് പോൾ. 1459 -ൽ പണി ആരംഭിച്ച മെഹ്രാൻഗഡിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പുതിയത് തന്നെ. ജയ് പോളിന്റെ ചരിത്രം ഓഡിയോ ഗൈഡ് പറഞ്ഞു തന്നു. 1809 ൽ ജയ്പൂർ രാജാവ് മെഹ്രാൻഗഡ് കോട്ട ആക്രമിച്ചു. അതിനു ശേഷം കോട്ടയ്ക്കു ശക്തി പകരാനാണ് മാൻസിംഗ് രാജാവ് പുതിയ കോട്ടമതിലും ജയ് പോളും സ്ഥാപിച്ചത്. സഹോദരരെ പോലെ കഴിയേണ്ടിയിരുന്ന ജയ്പൂരും ജോധ്പൂരും തമ്മിൽ കാര്യമായ സൗന്ദര്യപ്പിണക്കം നിലനിന്നിരുന്നു. അതിന്റെ കാരണം വളരെ രസകരമാണ്. പ്രൗഢ സമ്പന്നയും, സുന്ദരിയുമായ ഉദയ്പൂർ രാജകുമാരിയെ ആര് വിവാഹം കഴിക്കണം എന്ന തർക്കത്തിൽ നിന്നാണ് ഈ പിണക്കം ഉണ്ടായത്!
ജയ് പോളിന്റെ രണ്ടു വശങ്ങളിലുമുള്ള ചിത്രപ്പണികൾ ആസ്വദിച്ച് ഞാൻ അൽപ സമയം ചിലവഴിച്ചു.
അധിക നേരം ജയ് പോളിൽ ചുറ്റിപ്പറ്റി നില്ക്കാൻ വയ്യ. ഭീമാകാരനായ ഒരു കോട്ട കണ്ടു തീർക്കാൻ കിടക്കുന്നു. ഓഡിയോ ഗൈഡ് ആകട്ടെ എല്ലായിടത്തും നല്ല സമയം എടുത്ത് അസ്വദിച്ചാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. കേട്ടു നിൽക്കാനും, അതിൽ അലിഞ്ഞു പോകാനും തോന്നിപ്പിക്കുന്ന വിവരണം. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളിലെ ഓഡിയോ ഗൈഡുകളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ചത് മെഹ്രാൻഗഡിലെതാണെന്ന് നിസ്സംശയം പറയാം.
ജയ് പോൾ കടന്ന് ഒരു നടുമുറ്റത്തേക്കാണ് ഞാൻ പ്രവേശിച്ചത്. നടുമുറ്റത്തിനു ചുറ്റുമുള്ള കോട്ടമതിലിൽ 1809-ലെ ആക്രമണത്തിൽ പതിഞ്ഞ പീരങ്കി പാടുകൾ ഇപ്പോഴും തെളിഞ്ഞു കാണാം.
|
കോട്ട മതിലിൽ പീരങ്കിയുണ്ട പതിച്ച പാടുകൾ |
ഞാൻ പോകുന്ന സ്പീഡിൽ പോയാൽ ഒരാഴ്ച കൊണ്ടും കോട്ട കണ്ടുതീർക്കാൻ ആവില്ലെന്ന വെളിപാട് ഉണ്ടായപ്പോൾ തിരക്കിട്ട് ഞാൻ കോട്ടക്കകത്തേക്ക് നടന്നു . അങ്ങനെ നടക്കുമ്പോൾ വലത് വശത്തായി മുസ്ലിം രീതിയിലുള്ള ഒരു ചെറിയ സ്മാരകം കാണാം. രജപുത്രരുടെ കോട്ടയിൽ ഒരു ഇസ്ലാം സ്മാരകം അല്പം അതിശയകരമായിരുന്നു. ഞാൻ അവിടെ ബ്രേക്കിട്ട പോലെ നിന്നു.
|
ഷാഹിദ് ബരെ സാൻ സ്മാരകം |
മാൻ സിംഗ് രാജാവിന്റെ സഭയിലെ "ഷാഹിദ് ബരെ സാൻ" എന്ന കുലീനന്റെ സ്മാരകം ആണതെന്ന് ഗൈഡ് പറഞ്ഞു തന്നു. വേഗത്തിൽ കാഴ്ചകൾ കണ്ടു തീർക്കാൻ ഞാൻ ഒരിക്കലും പഠിക്കില്ല എന്ന് സ്വയം ശകാരിച്ചു കൊണ്ട് "ലഖൻ (ടേട് കണ്ഗുര) പോൾ" കടന്നു ഞാൻ മെഹ്രാൻഗഡ് കോട്ടയുടെ കുത്തനെയുള്ള കയറ്റം ആരംഭിച്ചു.
കോട്ട മുഴുവൻ നടന്നു കണ്ടു തീർക്കാൻ ചെറുതല്ലാത്ത ശാരീരിക അധ്വാനം ആവശ്യമാണ്. വൃദ്ധർക്കും ശാരീരിക അസ്വസ്ഥതൾ ഉള്ളവർക്കും ആവശ്യമെങ്കിൽ കോട്ടയുടെ മുകൾ നിലവരെ അത്യാധുനിക ലിഫ്റ്റ് സംവിധാനം ഉണ്ട്. കോട്ടയുടെ ഇപ്പോഴത്തെ അവകാശിയായ മഹാരാജ ഗജരാജ് സിംഗ് രണ്ടാമൻ ഏറെ താത്പര്യത്തോടും ശ്രദ്ധയോടും കൂടെയാണ് മെഹ്രാൻഗഡ് കോട്ട സംരക്ഷിക്കുന്നതും സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതും. ഇത്രയും വൃത്തിയും വെടിപ്പും സൗകര്യങ്ങളുമുള്ള ഒരു കോട്ട ഇന്ത്യയിൽ എവിടെയും ഞാൻ കണ്ടിട്ടില്ല.
കുത്തനെയുള്ള റാമ്പ് കയറി മുകളിലേയ്ക്ക് പോകുമ്പോൾ, വഴിയിൽ ഇടതു വശത്ത് വളരെ പ്രധാനപ്പെട്ട ഒരു ചരിത്ര രേഖയുണ്ട്. മെഹ്രാൻഗഡ് കോട്ട നിർമാണം ആരംഭിച്ചപ്പോൾ ശാപ മോക്ഷത്തിനായ് ജീവത്യാഗം ചെയ്ത രാജാറാം മെഹവാളിനെ കുറിച്ച് പറഞ്ഞത് ഓർമയില്ലേ? അദ്ദേഹത്തിനുള്ള സ്മാരകമാണിത്.
|
രാജാറാം മെഹവാൾ സ്മാരകം |
കുത്തനെയുള്ള കയറ്റത്തിന് ഒരു വശത്ത്, റാവു ജോധ തന്റെ കോട്ടയ്ക്കു ആദ്യം നിശ്ചയിച്ച അതിർത്തി കാണാം. ഇന്ന് ഇത് ഒരു വലിയ പ്ലാട്ഫോം പോലെ വലുതാക്കിയിട്ടുണ്ട്. "റാവു ജോധ കാ ഫല്സ" എന്നാണതിന്റെ പേര്.
|
മെഹ്രാൻഗഡ് കോട്ടയുടെ അതിർത്തി - റാവു ജോധ കാ ഫല്സ |
കയറ്റം കയറി എത്തുന്നത് "അമൃതി പോൾ " എന്ന കവാടത്തിനരികിലേയ്ക്ക് ആണ്. 1459 - ൽ റാവു ജോധ മഹാരാജാവാണ് കോട്ടയുടെ നിർമാണം ആരംഭിച്ചതെങ്കിലും പിന്നീട് പല തലമുറകളിലായി, പല രാജാക്കന്മാരും കോട്ടയുടെ ശക്തിയും ഭംഗിയും കൂട്ടാൻ പല നിർമിതികളും നടത്തിയിട്ടുണ്ട്. 1952 വരെ ഇത് തുടരുകയും ചെയ്തു. റാവു ജോധ മഹാരാജാവിനു രണ്ടു തലമുറകൾക്ക് ശേഷം വന്ന "റാവു മാൽഡിയോ" രാജാവിന്റെ കാലത്ത്, 1549 ൽ ഷെർഷാ സൂറിന്റെ നേതൃത്വത്തിൽ എത്തിയ ഡല്ഹി സൈന്യം കോട്ട കീഴ്പ്പെടുത്തുകയും ഒരു വർഷത്തോളം കയ്യടക്കി വയ്ക്കുകയും ചെയ്തു.അപ്രതീക്ഷിത ആക്രമണത്തിൽ പതറിയെങ്കിലും മാൽഡിയോ രാജാവ് കോട്ട തിരിച്ചു പിടിച്ചു. അതിനു ശേഷം ആദ്യം ചെയ്തത് അമൃതി പോളും അതിനു ചുറ്റുമുള്ള മതിലും നിർമിച്ച് കോട്ട ശക്തിപ്പെടുത്തുക എന്നതായിരുന്നു.
|
അമൃതി പോൾ |
അമൃതി പോളിന്റെ ചരിത്രവും കേട്ടു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. കുത്തനെ ഒരു കയറ്റവും, വളരെ ഷാർപ്പ് ആയ ഒരു വളവും കയറി എത്തിയ എന്റെ മുന്നിൽ ഭീമാകാരനായ ഒരു കോട്ടവാതിൽ ആണ് പ്രത്യക്ഷപ്പെട്ടത്. പണ്ട് ചന്ദ്രകാന്ത സീരിയലിൽ കണ്ടിരുന്ന തരം, കൂർത്ത ഇരുമ്പ് മുനകൾ പതിപ്പിച്ച ഉരുക്ക് വാതിൽ. "ലോഹ പോൾ" എന്നാണ് ഇതിന്റെ പേരെന്ന് ഓഡിയോ ഗൈഡ് പറഞ്ഞപ്പോൾ, വേറെ ഒരു പേരും ഈ കോട്ടവാതിലിനു ചേരില്ലെന്ന് ഞാൻ മനസ്സിലോർത്തു.
|
കൂർത്ത കുന്തമുനകൾ പതിപ്പിച്ച ലോഹ പോൾ എന്ന കവാടം |
ശത്രു സൈന്യത്തിലെ ആനകൾക്ക് എളുപ്പം ഓടിക്കയറാൻ കഴിയാത്ത വിധമാണ് ലോഹ പോളിന് മുന്നിലെ 90 ഡിഗ്രീ ചരിഞ്ഞ കുത്തനെയുള്ള വഴി. പണ്ട് കാലത്ത് കോട്ട വാതിലുകൾ തകർക്കാൻ ആനയുടെ മസ്തകം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെ ഇടിക്കുമ്പോൾ മസ്തകത്തിലെയ്ക്ക് തുളഞ്ഞു കയറാൻ പാകത്തിലാണ് ഇരുമ്പ് മുനകൾ ഘടിപ്പിച്ചിരിക്കുന്നത്. പൊതുവെ സമാധാനപ്രിയയായ ഞാൻ ഇതൊക്കെ ഒരു ഉൾക്കിടിലത്തോടെയാണ് നോക്കി നിന്നത്.
ലോഹ പോൾ കടന്നു ഉള്ളിലേയ്ക്ക് നടന്നപ്പോൾ, ഇടതു വശത്തേക്ക് നോക്കാൻ ഓഡിയോ ഗൈഡ് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഏറെ ഉലച്ചു കളഞ്ഞ ഒരു കാഴ്ചയായിരുന്നു അത്. രജപുത്ര വംശത്തിൽ വിധവകളാകുന്ന സ്ത്രീകൾ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുന്ന നിഷ്ടൂരമായ "സതി" എന്ന ആചാരത്തിന്റെ ഇരകളുടെ സ്മാരകം. ഭർത്താവിന്റെ മൃതദേഹത്തെ വിലാപയാത്രയായി കോട്ടയ്ക്കു പുറത്തേക്ക് കൊണ്ട് പോകുമ്പോൾ, സർവാഭരണ വിഭൂഷിതകളായി, അടിച്ചേൽപ്പിക്കപെടുന്ന മരണം ഏറ്റുവാങ്ങാൻ ഒരു മൃതദേഹത്തിന്റെ നിസംഗതയോടെ ഈ കോട്ടയിൽ നിന്നും ഇറങ്ങിപ്പോയ രജപുത്ര സ്ത്രീകൾ തങ്ങളുടെ അവസാന അടയാളം എന്ന നിലയിൽ കുങ്കുമത്തിൽ കൈ മുക്കി കോട്ട വാതിലിൽ പതിപ്പിക്കുന്നു. വളരെ കുഞ്ഞു കൈകൾ പോലും ആ കൂട്ടത്തിൽ ഉണ്ടെന്നത് ഒരു ഞെട്ടലോടെ ഞാൻ മനസ്സിലാക്കി. നൂറ്റാണ്ടുകൾക്കു മുൻപ് നടന്നതെങ്കിലും മരണത്തിന്റെ മണം പടർന്ന ആ കൈമുദ്രകൾക്ക് മുന്നിൽ നിറകണ്ണുകളോടെയല്ലാതെ ഒരു മനുഷ്യസ്നേഹിക്കും നിൽക്കാനാവില്ല.
|
സതി സ്മരണ |
കനത്ത ഹൃദയത്തോടെയാണ് മുന്നോട്ടു നടന്നത്. "സൂരജ് പോൾ" എന്ന അടുത്ത കവാടവും കടന്ന്, ചെന്നെത്തിയത് മെഹ്രാൻഗഡ് കോട്ടയിലെ വളരെ പ്രധാനപ്പെട്ട ഒരു നടുമുറ്റത്താണ്. "ശ്രിംഗാർ ചൗക്ക്" എന്നാണിതിനു പേര്. ശ്രിംഗാർ ചൗക്കിലേയ്ക്ക് കടന്നപ്പോൾ കുറെ ആളുകൾ നടുമുറ്റത്തിന്റെ ഒരു വശത്തായുള്ള ചെറിയ ഒരു പ്ലാറ്റ്ഫോമിന്റെ അടുത്ത് വട്ടം കൂടി നില്ക്കുന്നത് കണ്ടു. അടുത്ത് ചെന്നപ്പോൾ ആണ് മനസ്സിലായത്, അതൊരു ചെറിയ സിംഹാസനമാണ്.
|
മാർബിൾ സിംഹാസനം - ശ്രിംഗാർ ചൗക്ക് |
രാഥൊർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങായ "രാജ് തിലക്" നടന്നിരുന്നത് ഇവിടെ വച്ചാണ്. ഓഡിയോ ഗൈഡ് രസകരമായ ഒരു സംഭവം വിവരിച്ചു. ഈ നടുമുറ്റത്ത് അവസാനമായി രാജ് തിലക് ചടങ്ങ് നടന്നത് 1953-ൽ ആണ്. ഇപ്പോഴത്തെ രാജാവായ മഹാരാജ ഗജരാജ് സിംഗ് ആയിരുന്നു അന്ന് രാജാവായി അധികാരമേറ്റത്. അന്ന് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രാജകുമാരൻ, വളരെ പക്വതയോടെ, കുലീനതയോടെ ചടങ്ങിൽ സംബന്ധിച്ചു . തനിക്ക് കിട്ടിയ സമ്മാനങ്ങൾ എല്ലാം ചടങ്ങിനു വന്ന ആൾക്കാർക്ക് സ്വന്തം കൈകൊണ്ടു തന്നെ വീതിച്ച് കൊടുക്കുകയും ചെയ്തത്രേ കുട്ടി രാജാവ്!
|
"രാജ് തിലക്" നടന്നിരുന്നത് ഇവിടെ വച്ചാണ് |
ഓഡിയോ ഗൈഡിന്റെ വിവരണവും കേട്ട്, അങ്ങനെ നിൽക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് ചുറ്റും നോക്കി. കണ്ണ് തള്ളിപ്പോകുന്ന കാഴ്ചയായിരുന്നു മുകളിൽ . ചൗക്കിന്റെ മൂന്നു വശങ്ങളിലും ചുവന്ന കല്ലിൽ അതി സങ്കീർണ്ണമായ കൊത്തു പണികളോട് കൂടിയ "ജാലി" എന്ന് വിളിക്കപ്പെടുന്ന ജനവാതിലുകൾ കാണാം. മുകൾ നിലയിലുള്ള കൊട്ടാരങ്ങളുടെ ജനവാതിലുകൾ ആണവ. ജനൽ ഇങ്ങനെയാണെങ്കിൽ കൊട്ടാരം എങ്ങനെയായിരിക്കും? ഒരു ദൃശ്യവിരുന്നു തന്നെയാണ് മെഹ്രാൻഗഡ് കോട്ട എനിക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പായി. യാതൊരു യന്ത്ര സഹായവുമില്ലാതെ കൈകൊണ്ട് കലാകാരന്മാർ കൊത്തിയുണ്ടാക്കിയതാണ് ഇതൊക്കെയത്രേ!
ഇത് പറഞ്ഞപ്പോൾ രണ്ടു ദിവസം മുൻപ് ജൈസല്മീരിൽ ഉണ്ടായ ഒരു അനുഭവം ഓർമ വരുന്നു. അവിടെ ഗൈഡ്, രണ്ടു ഹവേലികൾ കാണിച്ചിട്ട് ഇതിൽ ഒന്ന് മെഷീൻ കൊണ്ടും മറ്റൊന്ന് കൈ കൊണ്ടും കൊത്തി ഉണ്ടാക്കിയതാണ്. തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചു. മെഷീനിൽ നിർമിച്ചതു തിരിച്ചറിയാൻ ഒട്ടും സമയം വേണ്ടി വന്നില്ല. കാരണം അതിനു ആത്മാവുണ്ടായിരുന്നില്ല. ഒരു കലാകാരൻ വിയർപ്പും രക്തവും കൊടുത്താണ് ഓരോ കൊത്തുപണിയും നിർമിക്കുന്നത് . അയാള് അതിനോട് വിശേഷങ്ങളും സങ്കടങ്ങളും പറയുന്നു, തന്റെ സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നു. അങ്ങനെ ഒരു സൃഷ്ടി ഉണ്ടായി വരുമ്പോൾ കലാകാരൻ തന്റെ ആത്മാവ് അതിനു പകുത്ത് കൊടുക്കുന്നു. ആ തുടിക്കുന്ന ആത്മാവ്, കൈ കൊണ്ട് ചെയ്ത കൊത്തുപണികളിൽ വ്യക്തമായി കാണാം. എന്റെ ഈ ലോജിക് കേട്ട്, പാവം ജൈസല്മീർ ഗൈഡിന്റെ ബാല്യവും കൌമാരവും യൗവനവും ഒക്കെ പകച്ച് പോയിരിക്കണം!
ശ്രിംഗാർ ചൗക്കിൽ നിന്നും പ്രവേശിക്കാവുന്ന തരത്തിൽ രണ്ടു എക്ഷിബിഷൻ ഹാളുകൾ ഉണ്ട്. "ഹൗഡ ഖാന" എന്നറിയപ്പെടുന്ന അമ്പാരികളുടെ പ്രദർശന ശാലയാണത്. രാജാക്കന്മാർക്ക് അവരുടെ ശക്തി പ്രകടനത്തിൽ ആനപ്പുറത്തുള്ള ഘോഷയാത്രകൾ അതി പ്രധാനമായിരുന്നു. പല വലിപ്പത്തിൽ, വെള്ളിയും സില്ക്കും കൊണ്ട് നിർമിച്ച പുരാതനമായ പല അമ്പാരികൾ ഇവിടെയുണ്ട്. ഒരിക്കൽ എന്റെ പുറത്തേറിയാണ് രാജാവ് സഞ്ചരിച്ചിരുന്നത് എന്ന യാതൊരു അഹങ്കാരവും ഇല്ലാതെ നഷ്ട പ്രതാപം ഓർത്ത് നെടുവീർപ്പിട്ടു കൊണ്ടായിരിക്കാം അമ്പാരികൾ ഇരിക്കുന്നത്.
|
അമ്പാരികളിൽ ചിലത് |
ഹൗഡ ഖാനയിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങി. സമയം പതിനൊന്നു മണിയാകുന്നു. അടുത്ത പ്രദർശനശാലയിലേക്ക് കയറി. പല്ലക്കുകളുടെ ഒരു ശേഖരമാണ് അവിടെയുള്ളത്. "പൽക്കി ഘാന" എന്നാണു ഈ മ്യൂസിയത്തിന്റെ പേര്. അക്കൂട്ടത്തിൽ ഏറ്റവും ആകർഷകമായി തോന്നിയത് താഴെയുള്ള പല്ലക്കാണ് . വളരെ കർശനമായ പർദ്ദ സമ്പ്രദായം അനുഷ്ടിച്ചിരുന്ന രജപുത്ര സ്ത്രീകൾ കൊട്ടാരത്തിനു പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ഇങ്ങനെ നാല് വശവും മറച്ച പല്ലക്കിലാണ് പോയിരുന്നത്. ഒരു കാഞ്ചന കൂട് തന്നെ!
ഏകദേശം രണ്ടു മണിക്കൂറായി കോട്ടയ്ക്കുള്ളിൽ കറങ്ങാൻ തുടങ്ങിയിട്ട്, എന്നിട്ടും മഞ്ഞുമലയുടെ തുമ്പ് പോലെ ഒരു ചെറിയ ഭാഗമാണ് ഇതുവരെ കണ്ടു തീർന്നത്. കോട്ടയുടെ അടുത്ത നിലയിലുള്ള നടുമുറ്റമായ "ദൗലത്ത് ഘാന ചൗക്കിൽ" എത്തി. "ദൗലത്ത് ഘാന" എന്നെഴുതിയ ഒരു കൊട്ടാരക്കെട്ട് ഇവിടെയുണ്ട്.
ദൗലത്ത് ഘാന എന്ന വാക്കിനർത്ഥം "ട്രഷറി" എന്നാണ്. മെഹ്രാൻഗഡ് കോട്ടയിലെ ഏറ്റവും അമൂല്യമായ വാസ്തുകലയും അലങ്കാരപ്പണികളും നിറഞ്ഞ, മുറികളാണ് ദൗലത്ത് ഘാനയിൽ ഉള്ളത്. ഒരുപക്ഷെ പുരാതന കാലത്ത് രാജ്യത്തെ സമ്പത്ത് സൂക്ഷിച്ചിരുന്നതും ഇവിടെയാകാം. 18-ആം നൂറ്റാണ്ടിൽ അജിത്ത് സിംഗ് രാജാവ് പണി കഴിപ്പിച്ചതാണ് ദൗലത്ത് ഘാന. മൂന്നു നിലകളാണ് ദൗലത്ത് ഘാനയ്ക്കുള്ളത്. ഒന്നാം നില അജിത്ത് സിംഗ് രാജാവിന്റെ സ്വീകരണ മുറിയായിരുന്നു. "പബ്ലിക് ഓഡിയൻസ് ഹാൾ" എന്നാണ് ഗൈഡ് പറഞ്ഞു തന്നത്. രണ്ടാം നില അജിത്ത് സിംഗിന്റെ കൊട്ടാരങ്ങളും, മൂന്നാം നില മട്ടുപ്പാവുകളും തുറസ്സായ ഇടങ്ങളുമാണ്. ഒന്നാം നിലയിലെ തുറന്ന ഹാൾ ഇപ്പോൾ ഒരു പ്രദർശന ശാലയാണ്. രാഥൊർ രാജവംശത്തിന്റെ അമൂല്യമായ പല വസ്തു വകകളും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് താഴെ കാണുന്ന പല്ലക്കാണ്. സത്യത്തിൽ ഇത് ജോധ്പൂർ രാജാവിന്റെ സ്വന്തമല്ല.
|
ഗുജറാത്തി പല്ലക്ക് |
ഇത് ഗുജറാത്തിൽ നിന്നുമുള്ള പല്ലക്കാണ്. മുഗൾ വംശത്തിന്റെ ആശ്രിതരായി രജപുത്ര രാജാക്കന്മാർ കഴിഞ്ഞ 1730-കളിൽ ജോധ്പൂർ രാജാവ് മഹാരാജ അഭയ് സിംഗിനെ ഗുജറാത്തിന്റെ ഗവർണറായി മുഗൾ ഭരണകൂടം അധികാരം ഏല്പിച്ചു. അന്ന് ഗുജറാത്തിൽ നിന്നും കടത്തി കൊണ്ട് വന്നതാണത്രേ ഈ പല്ലക്ക്.
രാജകുടുംബം ഉപയോഗിച്ചിരുന്ന പല അമൂല്യ വസ്തുക്കളും ഇവിടെയുണ്ട്. ആനക്കൊമ്പിൽ തീർത്ത ഈ ആഭരണപ്പെട്ടി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആഭരണപ്പെട്ടി ഇത്ര സുന്ദരമെങ്കിൽ, അതിനുള്ളിൽ വയ്ക്കുന്ന ആഭരണങ്ങളുടെ അവസ്ഥ എന്തായിരിക്കും? കുന്ദൻ, മീനകാരി, തേവ തുടങ്ങിയ അതിസുന്ദരമായ അനേകം ആഭരണ നിർമാണ ശൈലികൾ ഉള്ള നാടാണല്ലോ രാജസ്ഥാൻ. "ജോധ അക്ബർ" എന്ന സിനിമ കണ്ടവർക്കാർക്കും അത് മറക്കാൻ ആവില്ല.
|
ആനക്കൊമ്പിൽ തീർത്ത ആഭരണപ്പെട്ടി |
പ്രദർശനശാലയിലെ മറ്റൊരു പ്രധാന ആകർഷണം ഗംഗൂർ ദേവിയുടെ വിഗ്രഹമാണ്. പാർവതി ദേവിയുടെ ഒരു രൂപമാണ് ഗംഗൂർ. നല്ല ഭർത്താക്കന്മാരെ ലഭിക്കാൻ പെൺകുട്ടികൾ നടത്തുന്ന ഗംഗൂർ ഉത്സവം രാജസ്ഥാനിൽ വളരെ പ്രധാനമായ ഒരു ആഘോഷമാണ്. നല്ല ഭാര്യമാരെ ലഭിക്കാൻ പുരുഷന്മാർ എവിടെയും പ്രാർത്ഥനയോ പൂജയോ നടത്തിയതായി കേട്ടിട്ടില്ല. അതിനു കാരണം എന്തായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പ്രദർശനശാലയിൽ നിന്നും പുറത്തിറങ്ങി.
ദൗലത്ത് ഖാന ചൗക്കിനു എതിർ വശത്തായി മറ്റൊരു കൊട്ടാരം കൂടി 1752 വരെ ഉണ്ടായിരുന്നു. 1640 ൽ നിർമിക്കപ്പെട്ട "അഘർനിറോ മഹൽ" എന്ന കൊട്ടാരമായിരുന്നു അത്. ഭീകരമായ ഒരു കൊലപാതകം നടന്ന സ്ഥലമാണ് അഘർനിറോ മഹൽ. 1707 മുതൽ അധികാരത്തിൽ ഇരുന്ന അജിത്ത് സിംഗിനെ, രാജ്യധികാരത്തിനായി സ്വന്തം മക്കൾ ഗൂഡാലോചന ചെയ്ത് കൊലപ്പെടുത്തിയത് അഘർനിറോ മഹലിനുള്ളിൽ വച്ചാണ്. 1724 ൽ ആയിരുന്നത്. അതെ തുടർന്ന് അതിലും ക്രൂരമായ ഒരു സംഭവം നടന്നു. അജിത്ത് സിംഗിന്റെ ആറു ഭാര്യമാരും, 25 അന്തപ്പുര സ്ത്രീകളും, അടിമകളായ 32 സ്ത്രീകളും സതി അനുഷ്ടിച്ചു. പിതൃഹത്യക്ക് അനേകം വർഷങ്ങൾക്കു ശേഷം, ആ കൃത്യം ചെയ്ത ഭക്ത് സിംഗ്, അഘർനിറോ മഹൽ ഇടിച്ചു നിരത്താൻ ഉത്തരവിടുകയായിരുന്നത്രേ! ആ കൊട്ടാരത്തിലേയ്ക്ക് നോക്കുമ്പോൾ എല്ലാം, മാതാ-പിതൃഹത്യയെന്ന പാപത്തിന്റെ ഭാരം ഭക്ത് സിംഗിനെ വേട്ടയാടിയിരുന്നത്രേ!
ദൗലത്ത് ഖാനയുടെ മുകൾ നിലയിലെ കൊട്ടാരങ്ങൾ കാണാൻ അല്പം ആവേശത്തോടെയാണ് ഞാൻ നടന്നത്. എന്റെ പ്രതീക്ഷ വെറുതെയായില്ല എന്ന് ആദ്യത്തെ മുറി കണ്ടപ്പോൾ തന്നെ മനസ്സിലായി. "ശീഷ് മഹൽ" എന്നറിയപ്പെടുന്ന ഈ മുറി ചെറുതും വലുതുമായ ആയിരക്കണക്കിന് കണ്ണാടിത്തുണ്ടുകൾ പതിച്ചതാണ്. നേരത്തെ പറഞ്ഞ അജിത്ത് സിംഗ് രാജാവ് നിർമിച്ചതാണ് അത്യാഡംബരപൂർണ്ണമായ ഈ മുറി.
ശീഷ് മഹലിന്റെ യഥാർത്ഥ അത്ഭുതം കാണണമെങ്കിൽ ഭിത്തികളിൽ വെളിച്ചം പതിക്കണം. ഒരു ചെറു തുണ്ട് വെളിച്ചം പോലും പതിന്മടങ്ങായി പ്രതിഫലിച്ച്, ശീഷ്മഹൽ മുഴുവൻ ജ്വലിക്കുന്ന ഒരു പ്രതീതിയാണ് അപ്പോൾ ഉണ്ടാകുന്നത്. ശീഷ് മഹലിൽ എടുത്തു പറയേണ്ട മറ്റൊന്ന് ഭിത്തികളിലെ മ്യൂറൽ പെയിന്റിംഗ് ആണ്. ദൈവങ്ങളുടെയും, മറ്റു നാടോടിക്കഥകളുടെയും ദൃശ്യങ്ങൾ വർണ്ണശഭളമായ മ്യൂറലുകളായി ഭിത്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
ശീഷ് മഹൽ കണ്ടിറങ്ങി, ഒരു ചെറിയ പിരിയൻ ഗോവിണി കയറിയാൽ ദൗലത്ത് ഖാനയുടെ അടുത്ത നിലയിൽ എത്താം. ഫൂൽ മഹൽ എന്ന കൊട്ടാര മുറിയാണ് ഈ നിലയിലെ പ്രധാന കാഴ്ച. സ്വർണ്ണം പതിച്ച, അതി സങ്കീർണ്ണമായ ചിത്രപ്പണികളോട് കൂടിയ മേൽക്കൂരയും, സ്വർണ്ണത്തകിടിൽ ചിത്രപ്പണികളും ചെയ്ത ഒരു വിശാലമായ ഹാളാണ് "ഫൂൽ മഹൽ". അജിത്ത് സിംഗ് മഹാരാജാവിന്റെ പുത്രനായിരുന്ന അഭയ് സിംഗ് രാജാവാണ് ഈ ഹാൾ നിർമിച്ചതെന്നു കരുതപ്പെടുന്നു.
രജപുത്ര-മുഗൾ വാസ്തു കലയുടെ ഒരു സമന്വയം ആണ് ഫൂൽ മഹൽ. സ്വർണ്ണ വർണ്ണത്തിലുള്ള, കൊത്തുപണികൾ ചെയ്ത മെലിഞ്ഞ തൂണുകൾ മുഗൾ ശൈലിയിൽ ഉള്ളതാണ്. എന്നാൽ അതിനു പുറകിലായി വർണ്ണച്ചില്ലുകൾ പതിപ്പിച്ച ജനാലകൾ തനി രാജസ്ഥാൻ രീതിയിൽ ഉള്ളതും. അഭയ് സിംഗ് വളരെ പ്രധാനപ്പെട്ട അതിഥികളെ സ്വീകരിച്ചിരുന്നത് ഫൂൽ മഹലിൽ വച്ചാണത്രേ! രാജസഭയിലെ തന്നെ ഏറ്റവും പ്രമുഖർക്ക് മാത്രമായിരിക്കും ഈ മുറി അന്ന് കാണുവാൻ സാധിച്ചിരിക്കുക!
ഇപ്പോൾ സന്ദർശകർക്ക് ഫൂൽ മഹലിൽ പ്രവേശനമില്ല. പുറത്തെ വേലിക്കെട്ടിനു വെളിയിൽ നിന്ന് നോക്കി കാണാനേ കഴിയു. അങ്ങനെ വേലിക്കെട്ടിൽ നിന്നും ഏന്തി വലിഞ്ഞു ഞാൻ ഫൂൽ മഹലിന്റെ മേൽകൂര കണ്ടു. കണ്ണുകൾക്കൊരു വിരുന്നു തന്നെയായിരുന്നു അത്. മേൽകൂര മുഴുവൻ സ്വർണ്ണത്തകിടിൽ പൊതിഞ്ഞിരിക്കുന്നു. ഇടയിൽ നീല നിറത്തിൽ മനോഹരമായ ഡിസൈനുകളും. അഭയ് സിങ്ങിനു ശേഷം, ഫൂൽ മഹൽ ഒന്ന് കൂടി മോടി പിടിപ്പിച്ചത് താക്കത്ത് സിംഗ് ആണ്. തന്റെയും മക്കളുടെയും ചിത്രങ്ങൾ മേൽകൂരയിൽ ആലേഖനം ചെയ്തു വയ്ക്കാനും താക്കത്ത് സിംഗ് മറന്നില്ല.
ദൗലത്ത് ഖാനയുടെ അടുത്ത നിലയിലെ പ്രധാന കാഴ്ചയായ താക്കത്ത് വിലാസിലെയ്ക്ക് ഞാൻ ഗോവിണി കയറിയെത്തി. 1843 മുതൽ 1872 വരെ ജോധ്പൂർ ഭരിച്ച താക്കത്ത് സിംഗ് , രാഥോർ രാജ പരമ്പരയിലെ സ്വപ്നജീവിയായാണ് അറിയപ്പെടുന്നത്. സൗന്ദര്യം - അതൊരു പെയിന്റിംഗ് ആയാലും, കവിത ആയാലും, ഒരു സ്ത്രീയായാലും - താക്കത്ത് സിംഗിനെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. തന്റെ പള്ളിയറ, കോട്ടയിലെ ഏറ്റവും സുന്ദരമായ മുറിയായിരിക്കണം എന്ന് താക്കത്ത് സിംഗ് ശഠിച്ചതിൽ അത്ഭുതമൊന്നും ഇല്ല. ആദ്യമായി താക്കത്ത് വിലാസിലെയ്ക്ക് നോക്കുമ്പോൾ ഒരു ചെറിയ തലകറക്കം അനുഭവപ്പെടും. ഭീമാകാരമായ ഒരു മുറി. ചുവരികളിലും, മേല്കൂരയിലും എന്തിനു തറയിൽ പോലും പെയിന്റിംഗ് ചെയ്തു മനോഹരമാക്കാത്ത ഒരു ഇഞ്ച് സ്ഥലം പോലുമില്ല.
|
താക്കത്ത് വിലാസ് |
താക്കത്ത് സിംഗിന്റെ നിർമിതികളുടെ ഒരു പ്രത്യേകത, തൂണുകളുടെ അഭാവമാണ്. "താക്കത്ത് വിലാസിൽ" തൂണുകൾ ഒന്നുമില്ല, മറിച്ച് തടി കൊണ്ടുള്ള ബീമുകളാണ് മേൽകൂരയിൽ ഉള്ളത്. മേൽകൂരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചില്ല് ഗോളങ്ങൾ ബ്രിട്ടീഷുകാരുടെ ക്രിസ്മസ് സമ്മാനം ആയിരുന്നത്രെ!
|
താക്കത്ത് വിലാസി ന്റെ മേൽകൂര |
താക്കത്ത് വിലാസിനു പുറത്ത് വിശാലമായൊരു മട്ടുപ്പാവാണ്. ഇത്ര നേരവും നടന്നതിന്റെ ക്ഷീണം തീർക്കാനും, കാറ്റ് കൊള്ളാനും പറ്റിയ സ്ഥലമാണ് ഇത്. ഇവിടെ നിന്നും താഴേയ്ക്ക് നോക്കിയാൽ പരന്നു കിടക്കുന്ന കോട്ടയുടെയും, അതിനും അപ്പുറം വരണ്ട ഭൂപ്രദേശങ്ങളുടെയും ജോധ്പൂർ നഗരത്തിന്റെയും മനോഹര ദൃശ്യങ്ങൾ കാണാം.
മെഹ്രാൻഗഡ് കോട്ടയുടെ എന്നല്ല, ജോധ്പൂരിന്റെ തന്റെ ടൂറിസം അടയാളമായ മറ്റൊരു കാഴ്ച ഈ മട്ടുപ്പാവിൽ നിന്നാണ് കാണാൻ സാധിക്കുക്ക. നീല നിറത്തിലുള്ള കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ, ബ്രഹ്‍മപുരി എന്ന നഗര ഭാഗത്തിന്റെ കാഴ്ചയാണത്. ജോധ്പൂരിന് നീലനഗരം (ബ്ലൂ സിറ്റി) എന്ന് പേര് വരാനുള്ള കാരണവും ഈ കാഴ്ച തന്നെയാണ്. പ്രധാനമായും ബ്രാഹ്മണർ വസിച്ചിരുന്ന നഗര ഭാഗമായിരുന്നു ഇത്. രാജഭരണ കാലത്ത് വീടിനു പുറം ചുമരുകൾ നിറം പൂശാൻ ബ്രാഹ്മണ സമൂഹത്തിനു മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളൂ. കൊടും ചൂടിൽ നിന്നും രക്ഷ നേടാൻ അവർ ചുമരുകളിലും മട്ടുപ്പാവിലും എല്ലാം നീല ചായം പൂശി. ഇന്നു പല കെട്ടിടങ്ങളും നിറം മാറ്റിയെങ്കിലും, ഭൂരിഭാഗവും പഴയ നീല നിറം തന്നെ പിന്തുടരുന്നു. മെഹ്രാൻഗഡ് കോട്ടയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലവും ഈ വ്യൂ പോയിന്റ് ആണ്. ഫോട്ടോയും സെൽഫിയും എത്ര എടുത്തിട്ടും മതിയാവുന്നില്ല ചിലർക്ക്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏതൊരു ഫോട്ടോഗ്രാഫറെയും കൊതിപ്പിക്കുന്ന കാഴ്ച്ചവിരുന്നു തന്നെയാണത്.
|
മെഹ്രാൻഗഡ് കോട്ടയുടെ വ്യൂ പോയിന്റിൽ നിന്നും |
മെഹ്രാൻഗഡ് കോട്ടയുടെ ഒരു പ്രധാന ഭാഗമായ "സേനാന" യിലേയ്ക്കാണ് അടുത്തതായി ഞാൻ നടന്നത്. രാജകുടുംബത്തിലെ സ്ത്രീകൾ വസിച്ചിരുന്ന കൊട്ടാര ഭാഗങ്ങൾ ആണ് സേനാന എന്നറിയപ്പെട്ടിരുന്നത്. രജപുത്ര സ്ത്രീകൾ വളരെ കർശനമായ പർദ്ദ സമ്പ്രദായം അനുഷ്ടിച്ചിരുന്നു. ഭർത്താവും മക്കളും മറ്റു ഉറ്റ ബന്ധുക്കളുമല്ലാതെ മറ്റാരെയും അവർ മുഖം കാണിച്ചിരുന്നില്ല. സേനാന വേറൊരു ലോകം തന്നെയായിരുന്നു. പുരുഷന്മാർക്ക് പ്രവേശനമുള്ള കോട്ടഭാഗങ്ങൾ "മർദാന" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സേനാനയും മർദാനയും തമ്മിൽ വളരെ വ്യക്തമായ അതിർത്തികൾ ഉണ്ടായിരുന്നെന്ന് മാത്രമല്ല, രാജാവിന്റെ അനുവാദമില്ലാതെ ഈ അതിർത്തി ലംഘിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റവും ആയിരുന്നത്രെ!
"ഝാൻകി മഹൽ " എന്ന ലളിതമായ ഒരു ഹാൾ ആണ് "സേനാനയുടെ" ആദ്യ ഭാഗം. ഝാൻകി എന്ന വാക്കിനർഥം അൽപദർശനം(glimpse) എന്നാണ്. ഝാൻകി മഹലിലെ കൊത്തുപണികൾ ചെയ്ത ജനാലകളിലെ ചെറിയ വിടവുകളിലൂടെ സ്ത്രീ ജനങ്ങൾ താഴെ ദൗലത്ത് ഖാന ചൗക്കിൽ നടക്കുന്ന പൊതുപരിപാടികൾ നോക്കി കാണുക പതിവായിരുന്നത്രേ. സമൂഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ അനുവാദമില്ലാതിരുന്ന അവർക്ക് ഈ കാഴ്ചകൾ തന്നെയായിരുന്നു പുറം ലോകത്തേയ്ക്കുള്ള വാതിൽ. ഝാൻകി മഹൽ ഇപ്പോൾ തൊട്ടിലുകളുടെ ഒരു പ്രദർശന ശാലയാണ്. പല വലിപ്പത്തിലും ഡിസൈനിലുമുള്ള അനേകം തൊട്ടിലുകൾ ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്.
|
ഝാൻകി മഹൽ |
ഝാൻകി മഹലിൽ എന്നെ ഏറ്റവും ആകർഷിച്ച ഭാഗം മനോഹരമായി ചിത്രപ്പണികൾ ചെയ്ത നീല മേൽക്കൂരയാണ്.
മോത്തി മഹൽ എന്നറിയപ്പെടുന്ന, മനോഹരമായൊരു മുറിയിലേയ്ക്കാണ് ഞാൻ അടുത്തതായി കടന്നത്. സമയം ഉച്ച കഴിഞ്ഞിരുന്നു. പുറത്തെ വെയിൽ , മോത്തി മഹലിന്റെ വർണ്ണച്ചില്ലുകളിലൂടെ അരിച്ചു വരുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. വർണ്ണച്ചില്ലുകളും, വെള്ളച്ചുമരുകളും ഉള്ള മോത്തി മഹൽ നിർമിച്ചത് അജിത്ത് സിംഗ് മഹാരാജാവാണ്. പിന്നീട് താക്കത്ത് സിംഗ് ഇതിൽ പല മിനുക്ക് പണികളും നടത്തി. സേനാനയോട് വളരെ അടുത്തായിരുന്നെങ്കിലും താക്കത്ത് സിംഗിന്റെ സിംഹാസനം സ്ഥിതി ചെയ്തിരുന്നത് മോത്തി മഹലിൽ ആയിരുന്നു. സേനാനയും മർദാനയും തമ്മിലുള്ള അതിർത്തി അത്ര വ്യക്തമല്ലാത്ത ഒരു ഭാഗം ആണ് മോത്തി മഹൽ.
മോത്തി മഹലിനടുത്ത് "സേനാന ഡിയോധി" എന്ന് പേരെഴുതിയ ഒരു ഗേറ്റ് ഉണ്ട്. അന്തപുര സ്ത്രീകളുടെ മാത്രം സ്വന്തമായിരുന്ന കൊട്ടാരഭാഗങ്ങളുടെ അതിർത്തി ഇതാണ്. ഗേറ്റ് കടന്നു ചെന്നെത്തുന്നത് സേനാന ഡിയോധി ചൗക്ക് എന്ന നടുമുറ്റത്തേക്കാണ്. രാജാവിനു തന്റെ പ്രിയപ്പെട്ട റാണിമാർക്ക് നിർമിച്ചു കൊടുത്ത അനേകം ഹവേലികളും, സുന്ദര ഉദ്യാനങ്ങളും സേനാനയുടെ ഭാഗമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതെല്ലാം തകർന്നു പോയിരിക്കുന്നു. അധികം കേടുപാടില്ലാതെ നിലനിൽക്കുന്നത് ഈ നടുമുറ്റം മാത്രമാണ്. നടുമുറ്റത്തിനു ചുറ്റുമുള്ള കൊട്ടാരഭാഗങ്ങൾ അതി മനോഹരമായി കൊത്തുപണി ചെയ്ത ചുവന്ന കല്ലിൽ നിർമിച്ചവയാണ്.
|
സേനാന ഡിയോധി |
സുന്ദരിമാരായ രാജ്ഞിമാരും രാജകുമാരികളും വസിച്ചിരുന്ന ഈ ഇടം സുന്ദരമാകാതെ
തരമില്ലല്ലോ. ഓഡിയോ ഗൈഡ് ഇവിടെ തീരുകയാണ്. ഗൈഡ് തിരിച്ചേൽപ്പിച്ച് ഐഡി
കാർഡും വാങ്ങി പുറത്തേക്ക് നടന്നു. കോട്ടയുടെ ചുറ്റും ചില കാഴ്ചകൾ
കൂടിയുണ്ട്.
കോട്ടയിൽ നിന്നും ഇറങ്ങിയാൽ മുകളിലേയ്ക്ക് പോകുന്ന ഒരു ചരിഞ്ഞ പാതയുണ്ട്. ഗൺ ടെറസ്സ് എന്നറിയപ്പെടുന്ന കോട്ടയുടെ മുകൾ ഭാഗത്തെ വാച്ച് ടവർ ആണത്. ഒന്നാം ലോക മഹായുദ്ധ കാലത്തെയും, ബ്രിട്ടീഷ് കാലത്തെയും ഒക്കെ പീരങ്കികൾ ഇവിടെ കാണാം.ഗൺ ടെറസ്സിൽ നിന്നും നോക്കിയാൽ താഴെ ജോധ്പൂർ നഗരത്തിലെ ക്ലോക്ക് ടവറും, സർദാർ മാർക്കറ്റും ഒക്കെ കാണാം.
|
ഗൺ ടെറസ്സ് |
ഗൺ ടെറസ്സിൽ നിന്നും നോക്കിയാൽ കോട്ടയുടെ ഒരു വശത്തായി ചാമുണ്ഡമാതാജി ക്ഷേത്രം കാണാം. റാവു ജോധയുടെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഡമാതാ. 1460-ല മാൻഡോറിലെ ഒരു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്നതാണ് ഇവിടുത്തെ പ്രതിഷ്ഠ. 2008 ൽ വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ചു ഈ ക്ഷേത്രം. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് പ്രാർത്ഥനയ്ക്കായി ആയിരക്കണക്കിന് പേർ ഇവിടെയെത്തി. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 249 പേരാണ് മരിച്ചത്. നാനൂറു പേർക്കോളം ഗുരുതരമായ പരിക്കും പറ്റി . കനത്ത ഹൃദയത്തോടെ മാത്രമേ ഈ ക്ഷേത്ര പരിസരത്ത് നിൽക്കാനാവൂ.
|
ചാമുണ്ഡമാതാജി ക്ഷേത്രം |
ക്ഷേത്ര പരിസരത്ത് നിന്നും ഞാൻ തിരിച്ച് നടന്നു. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. കാഴ്ചകൾ കണ്ടു നടന്നു സമയം പോയതറിഞ്ഞില്ല. കോട്ടയുടെ അടിവാരത്തുള്ള "പൽക്കി" എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ഒരു കാഴ്ച കൂടി കാണാൻ ബാക്കിയുണ്ട്. "ചോക്കലിയോ മഹൽ" എന്നറിയപ്പെടുന്ന ഒരു ചെറിയ കൊട്ടാരം.
|
ചോക്കലിയോ മഹൽ |
താക്കത്ത് സിംഗ് തന്റെ ഭാര്യമാര്ക്കായി പണിത ഈ കൊട്ടാരം ഒരു
വീടിന്റെ മാതൃകയിൽ ആണ്. കോട്ടയിൽ നിന്നും വിട്ടുമാറി അത്ര
സുരക്ഷിതമല്ലാത്ത സ്ഥലത്ത് സ്ത്രീകൾക്കായി ഒരു കൊട്ടാരം പണിയുക രജപുത്ര
രീതിയിൽ സാധാരണമല്ല. രാജസ്ത്രീകൾ കോട്ടയുടെ ഹൃദയ ഭാഗത്ത് അനേകം
മതിൽക്കെട്ടുകൾക്കുള്ളിൽ സുരക്ഷിതരായാണ് വസിച്ചിരുന്നത്. എന്നാൽ ഈ കൊട്ടാരം
താക്കത്ത് സിംഗ് തന്റെ രജപുത്ര വംശത്തിൽ പെടാത്ത ഭാര്യമാർക്ക് വേണ്ടി പണി
കഴിപ്പിച്ചതാണത്രെ. ഇവരെ സേനാനയിൽ വസിക്കാൻ താക്കത്ത് സിംഗ് നിയമാനുസൃതം
വിവാഹം ചെയ്ത രജപുത്ര റാണിമാർ അനുവദിക്കാത്തതാണ് കോട്ടയ്ക്ക്
പുറത്ത് ചോക്കലിയോ മഹൽ പണിയാൻ താക്കത്ത് സിംഗിനെ പ്രേരിപ്പിച്ചത്.
അങ്ങനെ
ചോക്കലിയോ മഹലും കണ്ട്, അഞ്ഞൂറു വർഷത്തെ ചരിത്രത്തിലൂടെ അഞ്ചു മണിക്കൂറു
കൊണ്ട് ഒരു ഓട്ടപ്രദിക്ഷണം നടത്തി മെഹ്രാൻഗഡ് കോട്ടയിൽ നിന്നും ഞാൻ
തിരികെ നടന്നു.
Post a Comment