രാജസ്ഥാൻ യാത്രയുടെ മൂന്നാം ഭാഗമാണിത്.
ആദ്യ ഭാഗം ഇവിടെ വായിക്കാം
രണ്ടാം ഭാഗം ഇവിടെ വായിക്കാം

ഞങ്ങളുടെ കാർ ജയ്പൂർ നഗരം ലക്ഷ്യമാക്കി യാത്ര തുടങ്ങി. അതി രാവിലെ തുടങ്ങിയ മഴ ഇപ്പോഴും ചിണുങ്ങി പെയ്തു കൊണ്ടിരിക്കുന്നു. കോട്ടകളിലെ കാഴ്ചകൾ കണ്ടു നഗരത്തിൽ എത്താറായപ്പോഴാണ് ആ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് - വിശപ്പ്‌ കലശലായിരിക്കുന്നു. ഭക്ഷണ പ്രിയരായ രാജസ്ഥാനികളുടെ നാട്ടിലെ, നെയ്യിൽ കുതിർന്ന ദാൽ-ബട്ടി-ചൂർമയും, ഗട്ടെ-കി-സബ്ജിയും, മിസ്സി റൊട്ടിയുമെല്ലാം ആവോളം അകത്താക്കുമ്പോൾ ഞാൻ ഓർത്തത് ചെറുപ്പകാലത്ത് ചപ്പാത്തിയോടു എനിക്കുണ്ടായിരുന്ന വിരക്തിയാണ്. കഞ്ഞിയും പയറും പോലെ തന്നെ ഹൃദ്യമാണ് മിസ്സി റൊട്ടിയും സബ്ജിയും എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ! ജയ്പൂരിലെ എല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിനു വലിയ വിലയാണ്. വിദേശീയർ അടക്കം ഒരുപാട് സഞ്ചാരികൾ വന്നു പോകുന്നതു കൊണ്ടാകാം അത്!
വയറു നിറഞ്ഞപ്പോൾ, മഴയിൽ കുതിർന്ന ഉത്സാഹം പൂർവശക്തിയോടെ തിരിച്ചു വന്നു. ഹോട്ടലിനു പുറത്തിറങ്ങി ഞങ്ങൾ ജയ്പൂർ നഗരത്തെ കണ്ണ് നിറയെ കണ്ടു. പിങ്ക് സിറ്റി എന്നാണ് വിളിപ്പേരെങ്കിലും, ജയ്പൂരിനു ഇഷ്ടിക പൊടിയുടെ നിറമാണെന്നാണ് എനിക്ക് തോന്നിയത്. കാലപ്പഴക്കം കൊണ്ട് പിങ്ക് നിറം മാറിയതും ആകാം. 1726-ൽ ആണ് ജയ്പൂർ നഗരം നിർമിക്കപ്പെട്ടത്. തങ്ങളുടെ തലസ്ഥാനം ജയ്പൂരിലെയ്ക്ക് മാറ്റാൻ തീരുമാനിച്ച കച്ചവാ രാജാവ്, സവായ് ജയ്‌ സിംഗ് രണ്ടാമൻ ആദ്യം ചെയ്തത് കൃത്യമായ പ്ലാനിങ്ങോടു കൂടി ഒരു നഗരം രൂപകല്പന ചെയ്യുകയായിരുന്നു. ജയ്പൂർ എന്ന് പിൽകാലത്ത് അറിയപ്പെട്ട ഈ നഗരം സൃഷ്ടിച്ചത് വിദ്യാധര ഭട്ടാചാര്യ എന്ന ശില്പിയാണ്. നഗരം ഒൻപതു ബ്ലോക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ planned സിറ്റിയാണ് ജയ്പൂർ. വരണ്ടു പോയ ഒരു നദിയുടെ തടത്തിലാണ് ജയ്പൂർ നഗരം പണിതുയർത്തിയത് എന്ന് കരുതപ്പെടുന്നു. 1874 മുതൽ ജലവിതരണത്തിനുള്ള മികച്ച സംവിധാനങ്ങൾ ജയ്പൂർ നഗരത്തിൽ ഉണ്ടായിരുന്നു. സമീപത്തെ നദിയിൽ നിന്ന് ജലം നഗരത്തിലെ കൂറ്റൻ ടാങ്കുകളിൽ സംഭരിച്ച് , ഇരുമ്പ് പൈപ്പുകൾ വഴി അത് നഗരത്തിൽ വിതരണം ചെയ്തിരുന്നു. വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങി വഴിമുട്ടിപ്പോകുന്ന പ്രശ്നം ഇല്ലാത്തതിനാലാവാം, ജയ്പൂർ നഗരത്തിന്റെ നിർമാണം വെറും നാല് വർഷം കൊണ്ട് പൂർത്തിയായി.
നിർമിച്ച സമയത്ത് ജയ്പൂരിനു പിങ്ക് നിറമായിരുന്നില്ല. 1876-ൽ വെയിൽസിലെ രാജകുമാരൻ ജയ്പൂർ സന്ദർശിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി,അന്നത്തെ രാജാവായിരുന്ന സവായി രാം സിംഗ് നഗരം മുഴുവൻ പിങ്ക് നിറം പൂശാൻ ഉത്തരവിട്ടു. സ്വാഗതത്തിന്റെയും ആതിഥ്യ മര്യാദയുടെയും നിറമായിരുന്നു പിങ്ക്. പിൽകാലത്ത് നിർമിക്കപ്പെട്ട കെട്ടിടങ്ങൾ എല്ലാം പിങ്ക് വർണ്ണം തന്നെ നിലനിർത്തി. ഒരു നഗരത്തിന്റെ മനോഹാരിതയ്ക്ക് നിറത്തിലെ ഐക്യം നല്കുന്ന സംഭാവന ചെറുതല്ല. വീതിയേറിയ രാജ പാതകളും, അടുക്കും ചിട്ടയുമുള്ള കെട്ടിടങ്ങളും പഴയ ജയ്പൂർ നഗരത്തിന്റെ പ്രത്യേകതയാണ്. ജനസംഖ്യ വർദ്ധന മൂലം ജയ്പൂർ നഗരം വികസിച്ചു കൊണ്ടിരിക്കുകയാണ്. പഴയ രാജധാനിക്കു കണ്ണ് കിട്ടാതിരിക്കാൻ എന്നത് പോലെ, യാതൊരു ഭംഗിയുമില്ലാതെയാണ് പുതിയ നഗരം വളരുന്നത്.

ജയ്പൂർ കൊട്ടാരം ഒരു ആകാശക്കാഴ്ച, ചിത്രത്തിനു കടപ്പാട്: Maharaja Sawai Man Singh II Museum


ജയ്പൂർ നഗരത്തിനു ഒത്ത നടുക്കായാണ് "സിറ്റി പാലസ്" സ്ഥിതി ചെയ്യുന്നത്. 1729-ൽ സവായ് ജയ് സിംഗ് II ആണ് സിറ്റി പാലസ് നിർമിച്ചത്‌. പില്ക്കാലത്ത് അദ്ദേഹത്തിന്റെ പിൻഗാമികൾ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. ഇത് ഇരുപതാം നൂറ്റാണ്ട് വരെ തുടരുകയും ചെയ്തു. പുരാതന ഇന്ത്യയിലെ വാസ്തുകലാ ശാസ്ത്രമായ "ശില്പ ശാസ്ത്ര" ത്തിന്റെയും, രജപുത്ര, മുഗൾ, ബ്രിട്ടീഷ്‌ ശൈലികളുടെയും സമന്വയമാണ് സിറ്റി പാലസ്. ജയ്പൂർ നഗരത്തിന്റെ ശില്പിയായ വിദ്യാധര ഭട്ടാചാര്യ തന്നെയാണ് കൊട്ടാരവും രൂപകൽപന ചെയ്തത്. സിറ്റി പാലസിന് മൂന്നു ഗേറ്റുകളാണ് ഉള്ളത്. വിരേന്ദ്ര പോൾ, ഉദയ് പോൾ, ട്രിപ്പോളിയ ഗേറ്റ് എന്നിവയാണവ. ഇതിൽ ട്രിപ്പോളിയ ഗേറ്റ് രാജ കുടുംബത്തിന്റെ ഉപയോഗത്തിന് മാത്രമുള്ളതാണ്.
ഞങ്ങൾ ഉദയ് പോളിനുള്ളിലൂടെ ജയ്പൂർ സിറ്റി പാലസിൽ പ്രവേശിച്ചു. അതീവ ശ്രദ്ധയോടും കാര്യക്ഷമതയോടും കൂടി പരിപാലിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ് ജയ്പൂർ കൊട്ടാരം. ടിക്കറ്റ് വില്പന കേന്ദ്രത്തിലും, റിസപ്ഷനിലുമുള്ള ഉദ്യോഗസ്ഥർ പുഞ്ചിരിയോടു കൂടി സഞ്ചാരികളെ സ്വീകരിക്കുന്നു. ഇംഗ്ലീഷും ഫ്രെഞ്ചും അവർ അനായാസം കൈകാര്യം ചെയ്യുന്നു. റിസപ്ഷനിലെ ഒരു ജീവനക്കാരൻ വൃദ്ധരായ ഫ്രഞ്ച് ദമ്പതികളെ സഹായിക്കുന്ന തിരക്കിലാണ്. അവരുടെ അങ്കലാപ്പും വിഷമവും കണ്ടു ഞങ്ങൾ അവരെ ശ്രദ്ധിച്ചു. അവരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടുവത്രേ. ആഗ്രയിൽ എവിടെയോ നഷ്ടപ്പെട്ടെന്നാണ് അവർ കരുതുന്നത്. . റിസപ്ഷനിസ്റ്റ്‌ അവരെ ആശ്വസിപ്പിക്കുകയും, പാസ്പോർട്ട് കണ്ടു പിടിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഫ്രെഞ്ചിലാണ് സംസാരം. ഇതിനിടയിൽ ഞങ്ങൾ കൊട്ടാരത്തിന്റെ മാപ്പും, ഓഡിയോ ഗൈഡും വാങ്ങി. രാജസ്ഥാനിൽ പല ചരിത്ര സ്മാരകങ്ങളിലും ഓഡിയോ ഗൈഡ് ലഭ്യമാണ്. നല്ല നിലവാരമുള്ള ശബ്ദവും, രസകരമായ വിവരണങ്ങളുമടങ്ങിയ ഓഡിയോ ഗൈഡ് നല്ല സംവിധാനമാണ്. സാധാരണ ഒരു ടൂർ ഗൈഡിനെ ആശ്രയിക്കുമ്പോൾ, ഗൈഡിന്റെ വേഗത്തിനും, താളത്തിനും അനുസരിച്ച് കാഴ്ചകൾ കണ്ടു തീർക്കാൻ പലപ്പോഴും നമ്മൾ നിർബന്ധിതരാകും. സാവധാനത്തിൽ കണ്ടും, കേട്ടും, തൊട്ടും അറിഞ്ഞ്, ആസ്വദിച്ച് കാഴ്ചകളിലൂടെ കടന്നു പോകാൻ ഓഡിയോ ഗൈഡ് സഹായകമാകും.
ഞങ്ങൾ ആദ്യമായി പ്രവേശിച്ചത് "മുബാറക് മഹൽ" എന്ന് പേരുള്ള ഇരുനില കൊട്ടാരത്തിലേയ്ക്കാണ്. കൊട്ടാരത്തിൽ എത്തുന്ന അതിഥികളെ സ്വീകരിക്കാനായി, 1900-ൽ പണി കഴിക്കപ്പെട്ട ഒരു ചെറു മാളികയാണ് "മുബാറക് മഹൽ". മഹാരാജ സവായ് മാധവ് സിംഗ് ആണ് ഈ മാളിക നിർമിക്കാൻ മുൻകൈ എടുത്തത്. ഇന്ത്യൻ ശില്പികളായ ലാലാ ഇന്ദ്ര സഹായ്, ലാലാ ചിമൻ ലാൽ എന്നിവരോടൊപ്പം ജയ്പൂർ P . W . D ഡിപ്പാർട്ട്മെന്റിലെ സ്വിന്റൻ S ജേക്കബും ചേർന്നാണ് "മുബാറക് മഹൽ" നിർമ്മിച്ചത്.
മുബാറക് മഹൽ
ഞങ്ങൾ മുബാറക് മഹലിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വസ്ത്ര പ്രദർശനം കാണാനായി നടന്നു. രാജാക്കന്മാരുടെയും റാണിമാരുടെയും ആഡംബരപൂർണ്ണമായ വസ്ത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മേൽത്തരം സിൽക്കിലും, പരുത്തിയിലും നിർമിച്ച, രാജസ്ഥാന്റെ തനതായ ബ്ലോക്ക്‌ പ്രിന്റ്‌ ചെയ്ത ഈ വസ്ത്രങ്ങള്‍ ഓരോന്നും ലക്ഷക്കണക്കിനു രൂപ വില മതിക്കുന്നതാണ്. അവ നൂറ്റാണ്ടുകൾക്കിപ്പുറവും യാതൊരു മങ്ങലും ഇല്ലാതെ നിലനില്ക്കുന്നു. മുബാറക് മഹലിൽ നിന്നിറങ്ങി കൊട്ടാരത്തിന്റെ അടുത്ത ഭാഗങ്ങളിലേയ്ക്കു ഞങ്ങൾ പ്രവേശിച്ചു. രാജേന്ദ്ര പോൾ എന്നറിയപ്പെടുന്ന ഒരു ഗംഭീര കവാടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയത്. രാജേന്ദ്ര പോളിനിരുവശവും തുമ്പിക്കൈയ്യിൽ താമരപ്പൂക്കളുമായി നിൽക്കുന്ന ഐരാവത പ്രതിമകൾ കാണാം. സമൃദ്ധിയുടെയും രാജകീയതയുടെയും അടയാളമത്.രാജേന്ദ്ര പോളിനു മുന്നിൽ പരമ്പരാഗതമായ വസ്ത്രം ധരിച്ച ഏതാനം കാവൽക്കാരെ കാണാം. അവർ പഴയ രാജവാഴ്ചയുടെ കാലം ഓർമിപ്പിക്കുന്നു.
രാജേന്ദ്ര പോൾ
തുമ്പിക്കൈയ്യിൽ താമരപ്പൂക്കളുമായി നിൽക്കുന്ന ഐരാവത പ്രതിമ
രാജേന്ദ്ര പോൾ കടന്ന് ഞങ്ങൾ മറ്റൊരു നടുമുറ്റത്ത് പ്രവേശിച്ചു. 'സർവതോ ഭദ്ര' എന്നറിയപ്പെടുന്ന ഒരു മണ്ഡപം ഈ നടുമുറ്റത്തുണ്ട്. കൂറ്റൻ തൂണുകളും, മേൽക്കൂരയിൽ വെള്ളി അലുക്കുകളുമുള്ള ഈ മണ്ഡപം രാജാവ് ഔദ്യോഗിക കൂടിക്കാഴ്ച്ചകൾക്ക് ഉപയോഗിച്ചിരുന്നു. ദിവാൻ-ഇ-ഘാസ്(hall of private audience) എന്നും ഇതറിയപ്പെടുന്നു. നടുമുറ്റത്തിനു നാല് വശവും ചന്ദ്ര മഹൽ എന്നറിയപ്പെടുന്ന കൊട്ടാരമാണ്. ചന്ദ്ര മഹലിനു മുകളിൽ ജയ്പൂർ രാജാവിന്റെ കൊടി പാറിപ്പറക്കുന്നു. കൃത്യമായി പറഞ്ഞാൽ ഒന്നേ കാൽ കൊടി. ഒരു വലിയ കൊടിയും, അതിനു മുകളിലായി വളരെ ചെറിയ ഒരു കൊടിയും! ഈ ഒന്നേ കാൽ കൊടിക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ജയ്പൂരിലെ യുവ രാജാവായിരുന്ന ജയ്സിങ്ങിന്റെ കല്യാണത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബും പങ്കെടുക്കുകയുണ്ടായി. ആ അവസരത്തിൽ രാജ ജയ്സിങ്ങ് ഒരു ഔറംഗസേബിനോട് തന്നെയും തന്റെ രാജ്യത്തെയും എക്കാലവും കാത്തു സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രസന്നനായ ഔറംഗസേബ് ആ അവശ്യം അംഗീകരിച്ചു എന്ന് മാത്രമല്ല, സവായ്(ഒന്നേ കാൽ) എന്ന സ്ഥാനപ്പേര് ഔറംഗസേബ് ജയ്പൂർ രാജാവിന് സമ്മാനിച്ചു. രാജാവ് ഒരൊന്നന്നര കക്ഷിയാണെന്നു സൂചിപ്പിക്കുന്ന പദമാണ് സവായ്. പിന്നീട് ജയ്‌സിംഗിന്റെ പിന്ഗാമികളെല്ലാം സവായി എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. കൊട്ടാരത്തിൽ രാജാവുള്ളപ്പോൾ അദ്ദേഹത്തിന്റെ പതാകയും, രാജാവ് പുറത്തായിരിക്കുമ്പോൾ മഹാറാണിയുടെ പതാകയുമാണ് ചന്ദ്ര മഹലിനു മുകളിൽ ഉയർത്തുക.
ചന്ദ്ര മഹലും ഒന്നേ കാൽ പതാകയും: ചിത്രത്തിനു കടപ്പാട്: Maharaja Sawai Man Singh II Museum
സർവതോ ഭദ്ര എന്ന നടുമുറ്റത്ത് കൂടി നടന്നാൽ "സിലേഹ് ഘാന" എന്ന മ്യൂസിയത്തിൽ എത്താം. "സിലേഹ്" എന്നാൽ പേർഷ്യൻ ഭാഷയിൽ ആയുധം എന്നാണ് അർത്ഥം. "സിലേഹ് ഘാന" എന്നാൽ ആയുധപ്പുര എന്നും. ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ ശേഖരമാണിത്. സുരക്ഷാ പ്രശ്നങ്ങൾ കൊണ്ടാണോ എന്നറിയില്ല, സിലേഹ് ഘാനയിൽ ക്യാമറ നിഷിദ്ധമാണ്. ആയുധപ്പുരയിൽ ആദ്യം കാണുന്ന കാഴ്ച തന്നെ ഉൾക്കിടിലം ഉണ്ടാക്കാൻ പോന്നതാണ്. തോക്കുകളും,വാളും മറ്റു ചെറിയ ആയുധങ്ങളും അടുക്കി വെച്ച് "WELCOME" എന്നെഴുതിയിരിക്കുന്നു, കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട എന്ന ധ്വനിയും ആ സ്വാഗതത്തിൽ ഇല്ലേ എന്നെനിക്കു തോന്നി. എന്റെ സംശയം അസ്ഥാനത്തായിരുന്നില്ല. ആയുധപ്പുരയിലെയ്ക്ക് കടന്നപ്പോൾ എനിക്ക് ശ്വാസം നിലയ്ക്കുന്നതു പോലെ തോന്നി. ആദ്യമായി ഞങ്ങൾ കണ്ടത് നൂറുകണക്കിന് തോക്കുകളുടെ ഒരു ശേഖരമാണ്. ജീവിതത്തിൽ ആദ്യമായാണ്‌ ഇത്രയധികം തോക്കുകൾ ഞാൻ ഒന്നിച്ച് കാണുന്നത്. ഞങ്ങൾ അടുത്തതായി പോയത് വാളുകളുടെ ശേഖരം കാണാനാണ്. തോക്കുകൾ ഒന്നുമല്ലായിരുന്നു എന്നപ്പോൾ മനസ്സിലായി. ആനക്കൊമ്പും, വെള്ളിയും, മരതകവും കൊണ്ട് നിർമ്മിച്ച പിടിയോടു കൂടിയ ആയിരക്കണക്കിന് വാളുകൾ! ഇവയിൽ ചിലവ VIP കളാണ്. മുഗൾ ചക്രവർത്തിമാരായ ജഹാൻഗീറും ഷാജഹാനും ജയ്പൂർ രാജാക്കന്മാർക്ക് നേരിട്ട് സമ്മാനിച്ച, പേര് കൊത്തിയ വാളുകൾ. ഷാജഹാന്റെയും ജഹാൻഗീറിന്റെയും കൈവിരലുകൾ പതിഞ്ഞ ആ വാളുകളിലെയ്ക്ക് ഞാൻ ആശ്ചര്യപൂർവ്വം നോക്കി നിന്നു. പല ആയുധങ്ങളും അമൂല്യ രത്നങ്ങളാൽ അലംകൃതമാണ്. ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ ഭീതിയുണർത്താൻ പോന്ന പല ആയുധങ്ങളും ഇവിടെയുണ്ട്. പലതും അതിക്രൂരമായി എതിരാളിയെ വക വരുത്താൻ നിർമിക്കപ്പെട്ടവയാണെന്നു തോന്നും. കൂട്ടത്തിൽ എനിക്കിഷ്ടപ്പെട്ട ഒന്നുണ്ട്. രാജാവിന്റെ ലോഹപ്പടച്ചട്ടയുടെ ഒപ്പം വച്ചിരിക്കുന്ന ഒരു കൗതുക വസ്തു. നീളമുള്ള ഒരു വടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ലോഹ നിർമിതമായ കൈപ്പത്തിയാണത്. പുറം ചൊറിയാൻ ഉപയോഗിക്കുന്ന ഒരു നൂതന ഉപകരണമാണത്. പടവെട്ടിക്കൊണ്ടിരിക്കുമ്പോൾ രാജാവിന് പുറം ചൊറിയാൻ തോന്നിയാലോ? രാജാവും മനുഷ്യനാണല്ലോ!
പല രൂപത്തിലുള്ള, മനോഹര കൊത്തു പണികൾ ചെയ്ത പരിചകളും, കാണ്ടാമൃഗത്തിന്റെ കൊമ്പ് തുരന്നുണ്ടാക്കിയ വെടിമരുന്നു പാത്രവുമെല്ലാം സിലെഹ് ഘാനയിലുണ്ട്. ഇവയെല്ലാം കൃത്യമായി നമ്പരിട്ടു തിരിച്ച്, സൂക്ഷിക്കുന്ന ജയ്പൂർ കൊട്ടാരം ട്രസ്റ്റിന്റെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല. പൊതുവെ സമാധാന പ്രിയയായ എനിക്ക് ആ ആയുധപ്പുരയുടെ നടുക്ക് അല്പ നേരം നിന്നപ്പോൾ തന്നെ മടുത്തു തുടങ്ങി. എത്ര പേരുടെ ചോരയും കണ്ണീരും പുരണ്ട ആയുധങ്ങളായിരിക്കും ഇവയൊക്കെ! മറ്റു കാഴ്ചകളിലേയ്ക്കു കണ്ണു തിരിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടത് മനോഹരമായ ചിത്രപ്പണികൾ ചെയ്ത, കണ്ണാടിത്തുണ്ടുകൾ പതിച്ച മേൽക്കൂരയാണ്. സുന്ദരികളായ സ്ത്രീകളുടെ മ്യൂറലുകളും, വർണ്ണശഭളമായ സസ്യ ലതാദികളും ആ മച്ചിനെ അലങ്കരിക്കുന്നു. മുകളിൽ ലാസ്യരായ സ്ത്രീകളും താഴെ രൗദ്രമായ ആയുധങ്ങളും ഒത്തു ചേരുന്നത് ഒരു വിരോധാഭാസമായി തോന്നി. "കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം" എന്ന് ചിന്തിച്ചാണോ സിലേഖ് ഘാനയുടെ ശില്പി ഈ കുസൃതി ഒപ്പിച്ചതെന്നറിയില്ല.
സിലെഖ് ഘാനയിൽ നിന്ന് പുറത്തു കടന്നു ഞങ്ങൾ വീണ്ടും നടുമുറ്റത്തെത്തി. ഏഴ് നിലയുള്ള ചന്ദ്ര മഹലാണ് ഈ നടുമുറ്റത്തെ പ്രധാന ആകർഷണം. ചന്ദ്രമഹലിന്റെ ഏറ്റവും താഴത്തെ നില പ്രീതം നിവാസ് എന്നറിയപ്പെടുന്നു. അതിനു മുകളിൽ സുഖ നിവാസ്, കണ്ണാടിച്ചില്ലുകൾ പതിച്ച രംഗ് മഹൽ, അതിനു മുകളിൽ നീലച്ചായം പൂശിയ ഛവി മഹൽ, ഏറ്റവും മുകളിൽ ചന്ദ്ര മഹലിന്റെ മകുടമായ മുകുന്ദ് മന്ദിർ.
ചന്ദ്ര മഹൽ അകക്കാഴ്ച
ഈ ഏഴ് നില മാളികയ്ക്കുള്ളിൽ സന്ദർശകർക്ക് പ്രവേശനമില്ല. ജയ്പൂരിലെ ഇപ്പോഴത്തെ രാജകുടുംബം ഇവിടെയാണ്‌ വസിക്കുന്നത്. ചന്ദ്ര മഹലിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടം തോന്നി. പക്ഷെ, നൂറു കണക്കിന് സന്ദർശകർ കയറിയിറങ്ങുന്ന ഒരു ചരിത്ര സ്മാരകത്തിനുള്ളിൽ, ഒരു കെട്ടിടത്തിൽ മാത്രം ഒതുങ്ങി ജീവിക്കേണ്ടി വരുന്ന രാജ കുടംബത്തിന്റെ ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോൾ എന്റെ നഷ്ടം എത്ര ചെറുതാണെന്ന് തോന്നി. മനോഹരമായ ചന്ദ്ര മഹലിനു ദുരന്തങ്ങളുടെ കഥയും പറയാനുണ്ട്. ജയ്‌ സിംഗിന്റെ പുത്രനായിരുന്ന ഈശ്വരി സിംഗ്, മറാത്താ സൈന്യത്തിന്റെ മുന്നേറ്റം ഭയന്ന്, സ്വയം പാമ്പ് കടിയേറ്റു ആത്മഹത്യ ചെയ്തത് ഇതേ കൊട്ടാരത്തിനുള്ളിൽ വച്ചാണ്. എന്നാൽ അതിനേക്കാൾ വലിയ ദുരന്തം നേരിടേണ്ടി വന്നത് ഈശ്വരി സിംഗിന്റെ 21 ഭാര്യമാർക്കാണ്. പട നയിച്ച് ജയിക്കാൻ ധൈര്യമില്ലാതിരുന്ന ഒരു ഭർത്താവിനു വേണ്ടി അവർ 21 പേരും സതി അനുഷ്ടിച്ചു - അതായത്, ഭർത്താവിന്റെ ചിതയിൽ ചാടി ആത്മാഹൂതി ചെയ്തു. ഉൾക്കിടിലത്തോടെ മാത്രമേ ഇത്തരം കഥകൾ കേട്ട് നിൽക്കാനാവൂ. രാജസ്ഥാൻ യാത്രയിൽ ഉടനീളം 'സതി' യുടെ പല കഥകളും ഞാൻ കേട്ടു. സതി നിർത്തലാക്കാൻ പരിശ്രമിച്ച രാജാ റാം മോഹൻ റോയി പോലെയുള്ള മനുഷ്യ സ്നേഹികൾക്ക് നിശംബ്ദമായി നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അടുത്ത നടുമുറ്റത്തേയ്ക്ക് പ്രവേശിച്ചു.
ചന്ദ്രമഹലിനു സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നടുമുറ്റമാണ് "പ്രീതം നിവാസ് ചൌക്ക്". ഈ നടുമുറ്റത്തെയ്ക്ക് തുറക്കുന്ന നാലു പടിപ്പുര വാതിലുകളുണ്ട്. ഋദ്ധി സിദ്ധിപോള്‍ എന്നാണവ അറിയപ്പെടുന്നത്. ജയ്പൂര്‍ കൊട്ടാരത്തില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ച ഒരു ഭാഗമാണിത്. ഈ വാതിലുകളില്‍ ഓരോന്നും, നാലു ഋതുക്കളില്‍ ഓരോന്നിനെ ആധാരമാക്കിയുള്ളതാണ്.
നീല മയിലുകള്‍ പീലി വിടര്‍ത്തിയാടുന്ന വടക്ക് കിഴക്കേ പടിപ്പുര ശരത് കാലത്തിന്റെ പ്രതീകമാണ്. മഹാ വിഷ്ണുവിന് സമര്‍പ്പിക്കപ്പെട്ടതാണിത്.
തെക്ക് പടിഞ്ഞാറേ വാതില്‍ തീക്ഷ്ണ വര്‍ണമുള്ള താമരപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ്.കത്തുന്ന ചൂട് പരക്കുന്ന ഗ്രീഷ്മ കാലത്തെ ഓര്‍മിപ്പിക്കുന്ന ഈ കവാടം ശിവ പാര്‍വതിമാര്‍ക്ക് സമര്‍പ്പിക്കപെട്ടിരിക്കുന്നു.
ലെഹരിയ” (തിരകള്‍) എന്നറിയപ്പെടുന്ന അടുത്ത കവാടം കുളിര്‍മയുള്ള പച്ചനിറത്താല്‍ അലംകൃതമാണ്. ഗണപതിക്ക്‌ സമര്‍പ്പിക്കപ്പെട്ട ഈ കവാടം, വസന്ത കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നു.
റോസ് ഗേറ്റ് എന്നറിയപ്പെടുന്ന നാലാമത്തെ കവാടം, ശിശിര കാലത്തിന്റെ പ്രതീകമാണ്. ഇത് ശക്തി സ്വരൂപിണിയായ ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്നു.
ഈ നാലു പടിപ്പുരകള്‍ മാത്രമല്ല, പ്രീതം നിവാസ് ചൌക്കിന്റെ ചുവരുകളും അതി മനോഹരമാണ്. ഊഷ്മളമായ മഞ്ഞ നിറമുള്ള ചുവരുകളില്‍ കടും ചുവപ്പ് പൂക്കള്‍ രാജസ്ഥാന്റെ തനതായ ബ്ലോക്ക്‌ പ്രിന്റിംഗ് രീതിയില്‍ വരച്ചിരിക്കുന്നു.പ്രീതം നിവാസ് ചൌക്കില്‍ നില്‍ക്കുമ്പോള്‍ ഭൂമിയില്‍ തന്നെയാണ് നമ്മള്‍ എന്ന സത്യം ഒരു വേള മറന്നു പോകാനിടയുണ്ട്. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നടുമുറ്റം, ബോളിവുഡ് സംവിധായകരുടെ പ്രിയ ലൊക്കേഷന്‍ ആണ്. ഒട്ടനവധി ഗാന രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടത്രേ!രംഗം മോടി പിടിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒന്നും ആവശ്യമില്ലാത്തതിനാല്‍ ആകാമത്.
ഒരു ദിവസം മുഴുവന്‍ നോക്കി നിന്നാലും മടുപ്പു വരാത്തത്ര കാഴ്ചകള്‍ പ്രീതം നിവാസ് ചൗക്കിലുണ്ട്. സമയ പരിമിതി മൂലം മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ അവിടെ നിന്നും പുറത്ത് കടന്നു.
സിറ്റി പാലസിലെ അടുത്ത പ്രധാന കാഴ്ച, “സഭാ നിവാസ്”(Hall of Public Audience) എന്നറിയപ്പെടുന്ന ദര്‍ബാര്‍ ഹാളാണ്. ജയ്പൂര്‍ രാജാക്കന്മാരുടെ പ്രൗഡിക്ക് ചേര്‍ന്ന രീതിയിലുള്ള അതിഗംഭീരമായ ഒരു സഭാ മന്ദിരം ആണത്. മഹാ രാജാ സവായ് പ്രതാപ് സിംഗ് പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണിത്. ഹാളിനു നടുവിലായി ഗംഭീരമായ സിംഹാസനവും സുവര്‍ണ്ണ ചാമരങ്ങളും കാണാം. ദര്‍ബാര്‍ ഹാളിനു ചുറ്റും ആഢംഭര പൂര്‍ണ്ണമായ ഇരിപ്പിടങ്ങള്‍. നിലത്ത് അതി വിശേഷമായ ചുവന്ന പരവതാനി. സഭാ നിവാസിന്റെ മേൽക്കൂരയിലെയ്ക്ക് നോക്കിയാല്‍ പ്രകാശത്തിന്റെയും വര്‍ണ്ണങ്ങളുടെയും അപൂര്‍വമായ ഒരു വിരുന്നാണവിടെ! ഇന്ത്യയിലെ ഏറ്റവും വലിയ ചില്ല് വിളക്കാണ് സഭാ നിവാസിന്റെ മേൽക്കൂരയെ അലങ്കരിക്കുന്നത്. സ്വര്‍ണത്തില്‍ ചാലിച്ച മനോഹരമായ ചിത്രപ്പണികള്‍ മച്ചിനെ അലങ്കരിക്കുന്നു.
സഭാ നിവാസ് ചിത്രത്തിനു കടപ്പാട്: Maharaja Sawai Man Singh II Museum
ആ സൗന്ദര്യത്തില്‍ മയങ്ങി, എത്ര നേരം ഞാന്‍ മേല്‍പ്പോട്ടു നോക്കി നിന്നു എന്നറിയില്ല. കഴുത്ത് വേദനിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സ്ഥല കാല ബോധമുണ്ടായത്. പുരാതന രാജ ഭരണത്തെ ആധുനിക ജനാധിപത്യവുമായി ബന്ധിപ്പിക്കാനുള്ള നിയോഗവും സഭാ നിവാസിനുണ്ടായിട്ടുണ്ട്.1949ല്‍ രാജസ്ഥാന്‍ സംസ്ഥാനം രൂപീകരിച്ച വേളയില്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന രാജാ സവായ് മാന്‍ സിംഗ് II ആണ് രാജസ്ഥാന്റെ ഭരണാധികാരിയായി ചുമതലയേറ്റത്.അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഈ ദര്‍ബാര്‍ ഹാളില്‍ വച്ച് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സാന്നിധ്യത്തിലാണ് നടന്നത്.
സഭാ നിവാസില്‍ നിന്നിറങ്ങി ഞങ്ങള്‍ വീണ്ടും സര്‍വതോ ഭദ്ര എന്ന മണ്ഡപത്തിനടുത്തെത്തി. സര്‍വതോ ഭദ്രയിലെ പ്രധാന ആകര്‍ഷണം, രണ്ടു കൂറ്റന്‍ വെള്ളിപ്പാത്രങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ വെള്ളി നിര്‍മിതികളായി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ഇവയോരോന്നും 340 കിലോഗ്രാം ഭാരം വരുന്നതും, ഏതാണ്ട് 4000 ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്നതുമാണ്. ഗംഗാ ജലിഎന്ന് പേരുള്ള ഈ കൂറ്റന്‍ വെള്ളിപ്പാത്രങ്ങള്‍ക്ക് അപൂര്‍വമായ ഒരു ചരിത്രമുണ്ട്. 1901ല്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന മഹാരാജ സവായ് മാധവ് സിംഗ് II, തന്റെ ഇംഗ്ലണ്ട് യാത്രയില്‍ ഗംഗാ ജലം നിറച്ച ഈ ഭരണികളും കൂടെ കൊണ്ടു പോയത്രേ!ഇംഗ്ലണ്ടിലെ രാജാവ് എഡ്വേര്‍ഡ് ഏഴാമന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. ഹിന്ദു മത ചിട്ടകള്‍ കര്‍ശനമായി പാലിച്ചിരുന്ന അദ്ദേഹം, ഒരു വിദേശരാജ്യത്തെ ജലം കുടിക്കുക എന്ന പാപം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല.
മൂന്നു പാത്രങ്ങളാണ് യാത്രക്കായി ഒരുക്കിയിരുന്നത്. ബോബെയില്‍ നിന്ന് രാജാവ് കപ്പലില്‍ പുറപ്പെട്ടു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ചെങ്കടലില്‍ വച്ചു കടുത്ത കടല്‍ക്ഷോഭം ഉണ്ടായി. വരുണ ദേവന്‍ കോപിഷ്ടനായതാനെന്നും, ദേവ പ്രീതിക്കായി ഒരു വെള്ളിപ്പാത്രം കടലില്‍ ഉപേക്ഷിക്കണമെന്നും രാജാവിനെ അനുയാത്ര ചെയ്തിരുന്ന പുരോഹിതന്മാര്‍ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ച രാജാവ്, വെള്ളി
പ്പാത്രങ്ങളില്‍ ഒന്നിനെ കടലില്‍ ഉപേക്ഷിക്കാന്‍ ഉത്തരവിട്ടു. സമ്പല്‍ സമൃദ്ധിയുടെ അക്കാലത്ത്, ഒരു ടണ്ണോളം വെള്ളിയുരുക്കി പാത്രങ്ങള്‍ ഉണ്ടാക്കുക എന്നത് നിസ്സാര കാര്യമായിരുന്നിരിക്കണം. ഏതായാലും രാജാവിനു തന്റെ ഇംഗ്ലണ്ട് യാത്രയില്‍ ഉടനീളം ജലവും (ഒപ്പം മനസമാധാനവും) പകര്‍ന്നു നല്‍കിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ ആ വെള്ളിപ്പാത്രങ്ങള്‍ ഇന്നും സഞ്ചാരികള്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുന്നു.
സിറ്റി പാലസില്‍ കറക്കം തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. മഴ മാറി, സൂര്യന്‍ പ്രകാശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ കൊട്ടാരത്തിന്റെ ഗേറ്റിനടുത്തേയ്ക്ക് നടന്നു.കൊട്ടാരത്തിനു തൊട്ടടുത്ത്‌ തന്നെ ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. പാലസ് സ്കൂള്‍എന്നാണിത് അറിയപ്പെടുന്നത്. ഞാന്‍ ഒരിക്കല്‍ കൂടി ജയ്പൂര്‍ പാലസിനെ തിരിഞ്ഞു നോക്കി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും പ്രൗഢമായ ജയ്പൂര്‍ കൊട്ടാരത്തോടും പഴമയുടെ നിറങ്ങള്‍ ചാലിച്ച അതിന്റെ ചരിത്രത്തോടും യാത്ര പറഞ്ഞ് ഞങ്ങള്‍ സിറ്റി പാലസില്‍ നിന്നിറങ്ങി.
അടുത്ത യാത്ര, ജയ്പൂരിനെ ലോക പ്രശസ്തമാക്കിയ ഒരു കാഴ്ചയിലേ
ക്കാണ്. ഹവാ മഹല്‍. ജയ്പൂര്‍ കൊട്ടാരത്തിന്റെ അതെ കോമ്പ്ലെക്സില്‍ തന്നെയാണ് ഹവാ മഹലും സ്ഥിതി ചെയ്യുന്നത്, മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ കാറ്റിന്റെ കൊട്ടാരത്തിലെയ്ക്ക് തിരക്കിട്ട് നടന്നു.

Post a Comment

أحدث أقدم