രാജസ്ഥാൻ യാത്രയുടെ നാലാം ഭാഗമാണിത്.

ആദ്യ ഭാഗം ഇവിടെ വായിക്കാം
രണ്ടാം ഭാഗം ഇവിടെ വായിക്കാം 
മൂന്നാം  ഭാഗം ഇവിടെ വായിക്കാം 

സിറ്റി പാലസില്‍ നിന്നിറങ്ങി ഹവാ മഹലിലേയ്ക്ക് നടക്കുമ്പോള്‍ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.ജയ്പൂര്‍ നഗരത്തിന്റെ മുഖമുദ്രയെന്ന് അറിയപ്പെടുന്ന, പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞിട്ടുള്ള ഹവാ മഹല്‍ എന്ന അത്ഭുതം കാണാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍. ബടി ചോപ്പട്എന്ന വട്ടക്കവലയ്ക്ക് സമീപത്തായി, തിരക്കേറിയ റോഡിന് അഭിമുഖമായാണ് ഹവാ മഹല്‍ നിലകൊള്ളുന്നത്.
ഹവാ മഹലിന്റെ മുന്‍ഭാഗം
Photo By Jean-Pierre Dalbéra (Le Hawa Mahal (Jaipur)) [CC BY 2.0], via Flickr

1799 –ല്‍ അന്നത്തെ ജയ്പൂര്‍ രാജാവായിരുന്ന സവായ് പ്രതാപ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം, ഉസ്താദ് ലാല്‍ ചന്ദ് എന്ന ശില്പിയാണ് ഹവാ മഹല്‍ രൂപകല്‍പന ചെയ്തത്. ഇരുനൂറ്റിപ്പതിനഞ്ചു വര്‍ഷത്തെ പഴക്കം ഹവാ മഹലിന്റെ ശോഭയ്ക്ക് മങ്ങലേല്പ്പിച്ചിട്ടില്ല. ജയ്പൂര്‍ നഗരത്തിന്റെ സ്ഥാപകനായ സവായ് ജയ് സിംഗ് രണ്ടാമന്റെ കൊച്ചു മകനാണ് സവായ് പ്രതാപ് സിംഗ്. തന്റെ മുത്തച്ഛന്‍ പണി കഴിപ്പിച്ച നഗരത്തിന്റെ പ്രൗഢിക്ക് ചേരും വിധം തന്നെയാണ് അദ്ദേഹം ഹവാ മഹല്‍ പണി കഴിപ്പിച്ചിരിക്കുന്നത്. റോഡില്‍ നിന്നു നോക്കുമ്പോള്‍ അതിബൃഹത്തായ ഒരു കൊട്ടാരമാണ് ഹവാ മഹല്‍ എന്ന് തോന്നാം. പക്ഷെ,ഹവാ മഹല്‍ എന്നത് ഒരു കൊട്ടാരമല്ല മറിച്ച്, അന്‍പതടി ഉയരത്തില്‍ റോഡിനു അഭിമുഖമായി വന്മതില്‍ പോലെ നില്‍ക്കുന്ന ഒരു മുഖപ്പ് (façade) മാത്രമാണ്. ഒരു സിനിമയുടെ സെറ്റിട്ടത് പോലെയാണ് ഹവാ മഹല്‍.
By Manudavb (Own work) [CC BY-SA 3.0], via Wikimedia Commons
ഹവാ മഹലിന്റെ ഗംഭീരമായ മുന്‍ വശത്തിന് പുറകില്‍ തീര്‍ത്തും ലളിതമായ നടുമുറ്റങ്ങളും,ഇടനാഴികളും ഒളിഞ്ഞിരിക്കുന്നു. ആഡംബരപൂര്‍ണ്ണമായ,എന്നാല്‍ പ്രത്യക്ഷത്തില്‍ ഉപകാരശൂന്യം എന്ന് തോന്നിപ്പിക്കുന്ന ഇത്തരമൊരു നിര്‍മിതി നടത്താന്‍ മഹാരാജ പ്രതാപ് സിംഗിനെ പ്രേരിപ്പിച്ചതെന്താകാം എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍, ഹവാ മഹലിലേയ്ക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഈ സംശയത്തിനു ഒരു പരിധി വരെ ഉത്തരം ലഭിക്കും.
ജരോഖകളും ജാലിയും
By Maharajsaran (Own work) [CC BY-SA 3.0], via Wikimedia Commons
ജരോഖഎന്നറിയപ്പെടുന്ന കൊച്ചു കിളിവാതിലുകള്‍ ഹവാ മഹലില്‍ നിന്ന് പുറത്തേയ്ക്ക് തുറന്നിരിക്കുന്നു. ഒന്നും രണ്ടുമല്ല, ആയിരത്തോളം ജരോഖകളാണ് ഹവാ മഹലിനെ അലങ്കരിക്കുന്നത്. ഓരോ ജരോഖയിലും അതിസങ്കീര്‍ണ്ണമായ വല പോലുള്ള കൊത്തുപണികള്‍ കാണാം. ജാലിഎന്നാണ് ഇതറിയപ്പെടുന്നത്. ജരോഖകളുടെ പ്രത്യേകത,അകത്തു നിന്ന് നോക്കിയാൽ പുറം കാഴ്ച്ചകൾ കാണാം;പക്ഷേ പുറത്ത് നിന്ന് നോക്കിയാൽ ജാലകത്തിനു ഉള്ളിലൂടെ അകത്തേയ്ക്ക് കാണാനാവില്ല എന്നതാണ്. പര്‍ദ്ദ സമ്പ്രദായം അതി കര്‍ശനമായി പാലിക്കാന്‍ വിധിക്കപ്പെട്ട രാജസ്ത്രീകള്‍ക്ക്, നഗരത്തിന്റെ മുഖ്യ പാതയില്‍ നടക്കുന്ന ഘോഷയാത്രകളും ദൈനംദിന പ്രവര്‍ത്തനങ്ങളും കണ്ടു രസിക്കാനുള്ള ഒരു സൂത്രപ്പണിയായിരുന്നത്രേ ഹവാ മഹലും അതിന്റെ ജരോഖകളും.
ജരോഖ, മഹലിന്റെ അകത്തു നിന്നുള്ള കാഴ്ച By Hans A. Rosbach (Own work) [CC BY-SA 3.0], via Wikimedia Commons
അതിസുന്ദരികളും കുലീനകളായ രാജസ്ത്രീകളുടെ മുഖം അന്യ പുരുഷന്മാര്‍ കാണുന്നത് വിലക്കപ്പെട്ടിരുന്നു.ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനസ്ഥരായിരുന്ന റാണിമാര്‍ക്ക് പുറം ലോകത്തെ കാണിച്ചു കൊടുത്ത ഹവാ മഹല്‍ ഒരു സമര്‍ഥമായ സൃഷ്ടിയാണെന്ന് എനിക്ക് തോന്നി.
ആയിരത്തോളം ജരോഖകളും, അവയിലെ സങ്കീര്‍ണ്ണമായ ജാലികളും, ഹവാ മഹലിന് ഒരു തേനീച്ചക്കൂടിന്റെ സാമ്യം നല്‍കുന്നു. ഗോവിന്ദ്-ജിയുടെ (കൃഷ്ണ ഭഗവാന്‍) ഭക്തനായ മഹാ രാജാ സവായ് പ്രതാപ് സിംഗ്, കൃഷ്ണന്റെ മകുടത്തിന്റെ ആകൃതിയിലാണ് ഹവാ മഹല്‍ പണി കഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നു കഥയുണ്ട്. റോഡിനു മറുഭാഗത്ത് നിന്ന് നോക്കിയപ്പോള്‍ ആ കഥ ശരിയാണെന്ന് ഞങ്ങള്‍ക്ക് തോന്നി.
അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ ഹവാ മഹലിനകത്ത് കടന്ന്, ആ ജരോഖകളിലൂടെ പുറത്തേയ്ക്ക് നോക്കാന്‍ ആഗ്രഹം തോന്നും.ഹവാ മഹലിന്റെ മുന്‍വശത്ത് പ്രവേശകവാടങ്ങളൊന്നും കാണാനില്ല. ഞങ്ങള്‍ ഗേറ്റും തേടി നടപ്പ് തുടങ്ങി.സഞ്ചാരികളുമായി എത്തുന്ന ചില ഗൈഡുകള്‍, ഹവാ മഹലിനകത്തേക്ക് പ്രവേശനം സാദ്ധ്യമല്ല എന്ന് പറഞ്ഞു പറ്റിച്ച അനുഭവം ചിലര്‍ക്കുണ്ടായിട്ടുണ്ട്.ഹവാ മഹലിന്റെ മുന്‍ഭാഗത്ത് നിന്ന് അതിന്റെ പ്രവേശന കവാടത്തില്‍ എത്തിപ്പെടാന്‍ അത്ര എളുപ്പമല്ല. മെനക്കെടാന്‍ വയ്യാത്ത ഏതെങ്കിലും ഗൈഡ് ആകണം മുന്‍പറഞ്ഞ അനുഭവത്തിലെ വില്ലന്‍. അലസഗമനം നടത്തുന്ന പശുക്കളെയും, മുഷിവോടെ തല താഴ്ത്തി നടക്കുന്ന കുതിരകളെയും, വഴിവക്കില്‍ ഉറങ്ങുന്നവരേയുമെല്ലാം പിന്നിട്ട് ഞങ്ങള്‍ ഗൂഗിള്‍ മാപ്പു കാണിച്ചു തന്ന വഴിയെ നടത്തം തുടങ്ങി. ഈ ഗൂഗിള്‍ മാപ്പ് ആളൊരു നേരെ വാ നേരെ പോ മട്ടുകാരനാണ്. അത് കൊണ്ട് കുറുക്കു വഴികള്‍ എല്ലാം അവഗണിച്ച്, അത് ഞങ്ങളെ വളച്ച് ചുറ്റി നടത്തി, ഒടുവില്‍ ഹവാ മഹലിന്റെ ഗേറ്റിനടുത്ത് കൃത്യമായി എത്തിച്ചു!
ഹവാ മഹലിന്റെ പ്രവേശന കവാടം
By ArishG (Own work) [CC BY-SA 3.0], via Wikimedia Commons
ഇരുപതു രൂപാ പ്രവേശന ടിക്കെറ്റെടുത്ത് ഹവാ മഹലിന് ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ഓഡിയോ ഗൈഡ് ലഭ്യമാണ്. സമയ പരിമിതി മൂലം, ഓഡിയോ ഗൈഡ് വേണ്ടെന്നു വച്ചു. ആദ്യം നമ്മള്‍ പ്രവേശിക്കുന്നത് ശരത് മന്ദിര്‍ എന്നറിയപ്പെടുന്ന ഒരു നടു മുറ്റത്തേക്കാണ്. ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത ഒരു നടുമുറ്റം. ഹവാ മഹലില്‍ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നടുമുറ്റത്തിന്റെ ഒരറ്റത്തായാണത്. മ്യൂസിയം സന്ദര്‍ശനം വേണ്ടെന്നു വച്ച് ഞങ്ങള്‍ നടുമുറ്റം ചുറ്റിക്കാണാന്‍ തീരുമാനിച്ചു. നടുമുറ്റത്തിനു ഒത്ത നടുക്കായി ഒരു ഫൗണ്ടന്‍ കാണാം.
കൊടും ചൂടനുഭവപ്പെടുന്ന രാജസ്ഥാന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ തണുപ്പ് നില നിര്‍ത്താന്‍ അനേകം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്നാകാം ഈ ജലധാരയും. ഫല്‍ഗുന മാസത്തിലെ പൗര്‍ണമി ദിനത്തില്‍ ഹോളി ആഘോഷിച്ചിരുന്നത് ഇവിടെ വച്ചാണത്രേ. മുറ്റത്തിന്റെ ഒരറ്റത്ത് പുരാതനമായ ഒരു കിണറു കാണാം. ആള്‍ മറയില്ലാത്ത ആ കിണറിന്റെ ഉള്ളിലേയ്ക്ക് നോക്കിയാല്‍ തല കറങ്ങിപ്പോകും. അടിത്തട്ട് കാണാന്‍ കഴിയാത്തത്ര ആഴത്തില്‍ ഒരു പാതാളം പോലെ അത് നീണ്ടു കിടക്കുന്നു. രാജസ്ഥാനിലെ ജല ദൗര്‍ലഭ്യം മനസ്സിലാക്കാന്‍ ആ ഒരൊറ്റ കാഴ്ച മതി.
ഹവാ മഹലിന്റെ അഞ്ചു നിലകള്‍- ശരത് മന്ദിറില്‍ നിന്നുള്ള കാഴ്ച
ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയ കേരളവും ഈ അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന അസുഖകരമായ ചിന്തയോടെ ഞങ്ങള്‍ ഹവാ മഹലിന്റെ മുകള്‍ നിലയിലേയ്ക്ക് നടന്നു. ഹവാ മഹലിനകത്ത് അഞ്ചു നിലകളാണ് ഉള്ളത്. ഈ നിരകള്‍ ഓരോന്നും, ഒരു മുറിയുടെ വീതി മാത്രമുള്ളതാണ്. ഹവാ മഹലിലും പൊതുവേ രാജസ്ഥാന്‍ കൊട്ടാരങ്ങളിലും കൗതുകകരമായ ഒരു കാര്യം, അവിടെയൊന്നും പടിക്കെട്ടുകള്‍ കാണാനാവില്ല എന്നതാണ്. മുകള്‍ നിലകളിലേയ്ക്ക് പോകാന്‍ ചെരിഞ്ഞ പാതകള്‍(Ramp) ആണുള്ളത്.
ഹവാ മഹല്‍ മ്യൂസിയത്തിന്റെ പ്രവേശന കവാടം
ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഗൈഡ് അനില്‍ പറഞ്ഞത് പെട്ടെന്ന്‍ ഓര്‍മ വന്നു. സമൃദ്ധിയുടെ നാളുകളില്‍, ജയ്പൂരിലെ റാണിമാരും രാജകുമാരിമാരും കനത്ത ആഭരണങ്ങളും മുത്തും കല്ലും പതിപ്പിച്ച,ആഡംബര പൂര്‍ണ്ണമായ വസ്ത്രങ്ങളും ധരിച്ചിരുന്നു.കിലോക്കണക്കിന് ഭാരം വരുന്ന ആടയാഭരങ്ങള്‍ അവര്‍ക്ക് ചലന സ്വാതന്ത്ര്യം നിഷേധിച്ചു.മരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൈവണ്ടിയില്‍ ഇരുത്തി, അവരെ കൊട്ടാരത്തിലൂടെ ഉന്തിക്കൊണ്ടു നടക്കുകയായിരുന്നു പതിവത്രേ! ആ കൈവണ്ടികള്‍ക്ക് സൗകര്യത്തിനാവണം ചരിഞ്ഞ പാതകള്‍ നിര്‍മിച്ചിരിക്കുന്നത്.ജീന്‍സും, ടീ-ഷര്‍ട്ടും നല്‍കുന്ന സ്വാതന്ത്ര്യത്തിനു മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒരു മുകള്‍ നിലയിലേയ്ക്ക് നടന്നു, ഹവാ മഹലിന്റെ രണ്ടാം നില, ‘രത്തന്‍ മന്ദിര്‍ എന്നാണ് അറിയപ്പെടുന്നത്. വെളുത്ത മാര്‍ബിള്‍ തൂണുകള്‍ ഉള്ള ഒരു തളമാണ്‌ രത്തന്‍ മന്ദിര്‍’.ഹവാ മഹലിലെ ഭക്ഷണ മുറിയായും ഈ തളം ഉപയോഗിച്ചിരുന്നു. രത്തന്‍ മന്ദിറിനെ മനോഹരമാക്കുന്നത് വര്‍ണ്ണചില്ലുകള്‍ പതിച്ച ജനാലകളാണ്. സൂര്യവെളിച്ചം ഈ വര്‍ണ്ണ ചില്ലുകളില്‍ പതിക്കുമ്പോള്‍, ‘രത്തന്‍ മന്ദിറില്‍ മഴവില്ലുകള്‍ വിടരുന്നു. പുറത്തേയ്ക്ക് കാണാന്‍ കഴിയുന്ന ജരോഖകളും രത്തന്‍ മന്ദിറില്‍ ഉണ്ട്. രത്തന്‍ മന്ദിര്‍ ചുറ്റിക്കണ്ടതിനു ശേഷം,ഞങ്ങള്‍ അടുത്ത നിലയായ വിചിത്ര മന്ദിറിലേയ്ക്ക് നടന്നു.
രത്തന്‍ മന്ദിറില്‍ വെയില്‍ വീഴുമ്പോള്‍
Image courtesy: paintedstork.com
രത്തന്‍ മന്ദിറിലെ ജരോഖകള്‍
ഹവാ മഹലിന്റെ സ്ഥാപകനായ മഹാരാജ സവായ് പ്രതാപ് സിംഗ് ഒരു കൃഷ്ണ ഭക്തനായിരുന്നു. 1778 –ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് പ്രതാപ് സിംഗ് ജയ്പൂരിന്റെ ഭരണാധികാരിയാകുന്നത്. വീരശൂര പരാക്രമികളായ രജപുത്ര രാജാക്കന്മാരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു പ്രതാപ് സിംഗ്. മൃദുല സ്വാഭാവിയായിരുന്ന അദ്ദേഹം‍ ഒരു കവിയും സഹൃദയനും ആയിരുന്നു. ബ്രിജ് നിധിഎന്ന തൂലികാനാമത്തില്‍ അദ്ദേഹം കൃഷ്ണ സ്തുതികള്‍ രചിച്ചിരുന്നു. പ്രതാപ് സിംഗ് തന്റെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നത് വിചിത്ര ന്ദിര്‍ ആയിരുന്നു. ഭരണ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകാതെ വരുമ്പോള്‍ പ്രതാപ് സിംഗ് ഹവാ മഹലില്‍ എത്തി കവിതാ രചനയും പ്രാര്‍ത്ഥനയുമായി ആശ്വാസം കണ്ടെത്തിയിരുന്നു.
ഹവാ മഹലിന്റെ രണ്ടാം നടുമുറ്റം
ഹവാ മഹലിന്റെ നാലാമത്തെ നിലയായ പ്രകാശ് മന്ദിറിലേയ്ക്ക് ഞങ്ങള്‍ നടന്നു. രണ്ടു വശവും തുറന്ന ഒരു നടുമുറ്റമാണിത്.സൂര്യപ്രകാശം അകത്തു കടക്കത്തക്ക രീതിയിലാണ് പ്രകാശ് മന്ദിറിന്റെ നിര്‍മാണം.
പ്രകാശ് മന്ദിര്‍ മുകളില്‍ നിന്നുള്ള കാഴ്ച
പ്രകാശ് മന്ദിറിനു മുകളിലായി വളരെ വലിപ്പം കുറഞ്ഞ അഞ്ചാമതൊരു നില കൂടിയുണ്ട്. ഹവാ മന്ദിര്‍ എന്നാണ് ഈ നിലയുടെ പേര്. കഷ്ടിച്ച് പത്ത് പേര്‍ക്ക് നില്‍ക്കാവുന്ന വലിപ്പമേ ഹവാ മന്ദിര്‍ എന്ന ഈ ഭാഗത്തിനുള്ളൂ. ഇടുങ്ങിയ ഒരു കോണിപ്പടിയിലൂടെ വേണം ഹവാ മഹലിന്റെ ഉച്ചിയിലെത്താന്‍. കോണിപ്പടിയില്‍ തിക്കും തിരക്കും! ഒരു വിധത്തില്‍ ഞങ്ങള്‍ മേല്‍ നിലയില്‍ എത്തിപ്പെട്ടു.
ഹവാ മന്ദിര്‍
By Hans A. Rosbach (Own work) [CC BY-SA 3.0], via Wikimedia Commons
മനോഹരമായ ഒരു ദൃശ്യമാണ് ഹവാ മഹലിന്റെ മേല്‍ നിലയില്‍ നിന്ന് നോക്കുമ്പോള്‍ കിട്ടുന്നത്. ഒരു ഭാഗത്ത്, ജയ്പൂര്‍ രാജ കൊട്ടാരത്തിന്റെയും, ജന്തര്‍ മന്തറിന്റെയും മനോഹര ദൃശ്യങ്ങള്‍. മറുവശത്താകട്ടെ തിരക്കേറിയ ജയ്പൂര്‍ നഗരത്തിന്റെ കാഴ്ചകള്‍.
ജന്തര്‍ മന്തര്‍-
ഹവാ മഹലിന്റെ മുകളില്‍ നിന്നുള്ള കാഴ്ച
ജയ്പൂരിന്റെ തിരക്കേറിയ റോഡുകള്‍ - ഹവാ മഹലിന്റെ മുകളില്‍ നിന്നുള്ള കാഴ്ച
കോണിച്ചുവട്ടില്‍ ആള്‍ തിരക്ക് കൂടി വരുന്നു. അധിക നേരം ഞങ്ങള്‍ക്കവിടെ നില്‍ക്കാനായില്ല. പുതിയ കാഴ്ച്ചക്കാര്‍ക്ക് വഴിമാറി കൊടുക്കുന്നതാണല്ലോ മര്യാദ. ഞങ്ങള്‍ പതിയെ താഴോട്ടിറങ്ങി തുടങ്ങി. ഹവാ മഹലിന്റെ ജരോഖകളിലൂടെ നോക്കിയും, ചിത്രത്തൂണുകളുടെ ഭംഗിയാസ്വദിച്ചും ഞങ്ങള്‍ അല്‍പ നേരം കൂടി ഹവാ മഹലിന്റെ താഴത്തെ നിലകളില്‍ ചിലവഴിച്ചു. പിന്നീട് വായിച്ചും കേട്ടുമറിഞ്ഞ ഒരു ചരിത്ര സ്മാരകം കൂടി കാണാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യത്തോടെ അടുത്ത ലക്ഷ്യമായ ജന്തര്‍ മന്തറിലേയ്ക്ക് നടന്നു തുടങ്ങി.

ജയ്പൂര്‍ കൊട്ടാരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന വാനനിരീക്ഷണ കേന്ദ്രമാണ് ജന്തര്‍ മന്തര്‍”. ജയ്പൂര്‍ യാത്രയില്‍ വിട്ടു പോകരുതാത്ത ഒരു ശാസ്ത്ര-ചരിത്ര സ്മാരകമാണിത്. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറിനെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും.എന്നാല്‍ മദ്ധ്യപശ്ചിമ ഇന്ത്യയില്‍ അഞ്ചു ജന്തര്‍ മന്തറുകള്‍ ഉണ്ടെന്നത്, എനിക്ക് പുതിയൊരു അറിവായിരുന്നു. ഡല്‍ഹി, ജയ്പൂര്‍, മധുര, വാരാണസി, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ ആണത്.എല്ലാത്തിന്റെയും സ്ഥാപകന്‍ ഒരാള്‍ തന്നെയായിരുന്നു. ജയ്പൂര്‍ രാജാവായിരുന്ന മഹാരാജാ സവായ് ജയ് സിംഗ്II. ജയ്പൂരിന്റെ സ്ഥാപകനായിരുന്ന മഹാരാജാവ് ഭരണതന്ത്രജ്ഞന്‍ എന്നതിലുപരിയായി മികച്ച ഒരു വാനനിരീക്ഷകന്‍ കൂടിയായിരുന്നു. ഇതില്‍ ഏറ്റവും വിപുലമായ ഉപകരണങ്ങളുള്ളത് ജയ്പൂരിലാണ്. ജയ്പൂര്‍ ജന്തര്‍ മന്തറിന്റെ പൈതൃക പ്രാധാന്യം കണക്കിലെടുത്ത്,UNESCO ഇതിനെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്രത്തില്‍ അതീവ തല്പരനായ എന്റെ ഭര്‍ത്താവ് വളരെ ആവേശത്തോടെയാണ് ജന്തര്‍ മന്തറിലേക്ക് നടന്നത്. നമ്മുടെ ഇഷ്ട വിഷയം ചരിത്രമായത് കൊണ്ട്, മഹാരാജാ ജയ്സിംഗിന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞ ഒരു ചരിത്ര സ്മാരകത്തിലെയ്ക്ക് പ്രവേശിക്കുന്നതില്‍ എനിക്കും ആവേശം തോന്നി.
ജന്തര്‍ മന്തര്‍ - ഒരു ദൂരക്കാഴ്ച
ടിക്കറ്റെടുത്ത് അകത്ത് കടന്നപ്പോള്‍ ഗൈഡുകളുടെ ഒരു കൂട്ടം തന്നെ സേവന സന്നദ്ധരായി അവിടെ കാത്തു നില്ക്കുന്നതു കണ്ടു. ഇരുനൂറു രൂപയാണ് ഗൈഡിന്റെ ചാര്‍ജ്ജ്. ഒരു ഗൈഡിന്റെ സഹായമില്ലാതെ ജന്തര്‍ മന്തറിലെ ജ്യോതിശാസ്ത്ര ഉപകരണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. കൂട്ടത്തില്‍ രസികനെന്നു തോന്നിയ ഒരു അപ്പൂപ്പനെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കിട്ടിയത്. ആദ്യം തന്നെ ഏതു ഭാഷയിലാണ് വിവരണം വേണ്ടതെന്നു അദ്ദേഹം ചോദിച്ചു. ഇംഗ്ലീഷ് എന്ന് പറഞ്ഞപ്പോള്‍, തട്ടും തടവുമില്ലാത്ത ഇംഗ്ലീഷില്‍ ആശാന്‍ പ്രഭാഷണം തുടങ്ങി. ജന്തര്‍ മന്തറിന്റെ ചരിത്രവും, അവിടുത്തെ ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതിയുമെല്ലാം കലക്കിക്കുടിച്ച ഒരു വമ്പന്‍ തന്നെയായിരുന്നു അപ്പൂപ്പന്‍. അദ്ദേഹം ഞങ്ങളെ ആദ്യമായി കൊണ്ടു പോയത്, കൂറ്റന്‍ മതിലെന്നു തോന്നിപ്പിക്കുന്ന ഒരു ഉപകരണത്തിനടുത്തേക്കാണ്. ടെലസ്കോപ്പിലൂടെ ആദ്യമായി നക്ഷത്രത്തെ നോക്കുന്ന കുട്ടിയുടെ ഉത്സാഹത്തോടെ ഞങ്ങള്‍ ഗൈഡിനെ പിന്തുടര്‍ന്നു.
സമ്രാട്ട് യന്ത്ര
സമ്രാട്ട് യന്ത്രഎന്നറിയപ്പെടുന്ന ഒരു സൂര്യഘടികാരമാണ് ആ വന്മതില്‍ പോലെ കാണപ്പെട്ടിരുന്നത്. ഈ ഘടികാരം ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതാണ്. സമ്രാട്ട് യന്ത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്കേലില്‍ വീഴുന്ന സൂര്യന്റെ നിഴല്‍ നോക്കി ജയ്പൂരിലെ പ്രാദേശിക സമയം കണക്കാക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു.
ഈ കൂറ്റന്‍ സൂര്യഘടികാരത്തിനു മുകളിലേയ്ക്ക് പോകാന്‍ പടവുകള്‍ ഉണ്ട്. 73 അടി പൊക്കത്തിലായി ഒരു നിരീക്ഷണമാടം കാണാം. തെളിഞ്ഞ വേനല്‍ക്കാല രാത്രികളില്‍ മഹാരാജാ ജയ് സിംഗ് ഇവിടെയിരുന്നു വാനനിരീക്ഷണം നടത്തിയിരുന്നത്രേ.ഇപ്പോള്‍ മുകള്‍ നിലയിലേയ് പ്രവേശിക്കാൻ അനുവാദമില്ല. മഴ മാറി സൂര്യന്‍ അല്പം തെളിഞ്ഞതു കൊണ്ട് സമയം കണക്കു കൂട്ടുന്നതിന്റെ ഡെമോ ഞങ്ങളെ കാണിക്കാമെന്നു ഗൈഡ് പറഞ്ഞു.
കൂറ്റന്‍ സമ്രാട്ട് യന്ത്രത്തില്‍ പ്രവേശനം ഇല്ലാതിരുന്നത് കൊണ്ട്, അതിന്റെ തന്നെ ഒരു ചെറിയ പതിപ്പായ ലഘു സമ്രാട്ട് യന്ത്ര" എന്ന ഉപകരണത്തിലായിരുന്നു ഡെമോ. സൂര്യന്റെ നിഴലു വച്ച് സമയം കണക്കാക്കുന്ന വിദ്യ അദ്ദേഹം പറഞ്ഞു തന്നു. മൊബൈല്‍ ഫോണില്‍ സമയം നോക്കി ശീലിച്ച ന്യൂ ജെനറേഷനായ ഞങ്ങക്ക് മിനിറ്റ് അടക്കം കൃത്യമായ സമയം ഗൈഡ് കണക്കു കൂട്ടി പറഞ്ഞപ്പോള്‍ അതിശയം തോന്നി.
ലഘു സമ്രാട്ട് യന്ത്ര
പണ്ട്, ജയ് സിംഗ് രാജാവിന്റെ കാലത്ത് ജ്യോതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ പ്രായോഗിക പഠനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കുമായി വന്നിരുന്നത്രേ! പുരാതന ഇന്ത്യയിലെ ശാസ്ത്രീയമായ ഇത്തരം പഠന രീതികളെ അടിച്ചമര്‍ത്തി, ഇന്ത്യക്കാര്‍ ക്ലാര്‍ക്ക് മാത്രമായാല്‍ മതി എന്ന ഉദ്ദേശത്തോടെ മനപാഠരീതി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ ബ്രിട്ടീഷുകാര്‍ എത്ര വലിയ ദ്രോഹമാണ് ഇന്ത്യയോടു ചെയ്തത്!
കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചും, വിശദീകരണം ആവശ്യപ്പെട്ടും ഞങ്ങള്‍ ഗൈഡിനെ വലച്ചു. എന്നാല്‍, ഞങ്ങളുടെ ഗൈഡപ്പൂപ്പന് ആലോസരം ഒന്നും തോന്നിയില്ല എന്ന് മാത്രമല്ല കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മാത്രം കണ്ടിട്ടുള്ള പുതു തലമുറയ്ക്ക് നമ്മുടെ പൂര്‍വികരുടെ ചരിത്രവും മഹത്വവും അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞു തന്നു.
അടുത്തതായി ഞങ്ങള്‍ പോയത്, “ജയ്‌ പ്രകാശ് യന്ത്രഎന്ന ഒരു ഉപകരണത്തിനടുത്തേക്കാണ്. അര്‍ദ്ധഗോളാകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ അടങ്ങിയ ഒരു സൂര്യ ഘടികാരമാണ് ജയ്‌ പ്രകാശ് യന്ത്ര. BC 300-ല്‍ ബാബിലോണിയന്‍- ഗ്രീസ് ജ്യോതിശാസ്ത്രജ്ഞനായ ബെറോസോസ് ആണ് ഇത്തരം ഒരു ഉപകരണം ആദ്യമായി കണ്ടു പിടിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ പുരാതന ഭാരതത്തിലെ ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്നും ഇതിനെക്കുറിച്ച് പ്രദിപാദിക്കുന്നില്ല. അത് കൊണ്ട് തന്നെ ജയ് സിംഗ് രാജാവ് സ്വതന്ത്രമായി കണ്ടു പിടിച്ചതാവാം ഈ യന്ത്രം. നിരീക്ഷന് യന്ത്രത്തിനുള്ളില്‍ ഇറങ്ങി നടന്നു അളക്കാന്‍ സൗകര്യത്തിന് പടവുകള്‍ ജയ പ്രകാശ്‌ യന്ത്രത്തില്‍ ഉണ്ട്.
ജയ്‌ പ്രകാശ് യന്ത്ര
ജയ് സിംഗിനെപ്പറ്റി രസകരമായ ഒരു കാര്യം ഗൈഡ് പറഞ്ഞു തന്നു. താന്‍ നിര്‍മിക്കാന്‍ പോകുന്ന ഉപകരങ്ങളുടെ ചെറിയ, ഒരു പരീക്ഷണ പകര്‍പ്പ് അദ്ദേഹം ആദ്യം നിര്‍മിക്കുമത്രേ! പരീക്ഷിച്ച്, കുറവുകള്‍ നികത്തി പൂര്‍ണ്ണത വന്നു എന്ന് തോന്നിയാല്‍, ഉപകരണത്തിന്റെ അസ്സല്‍ പകര്‍പ്പുണ്ടാക്കും.മുകളില്‍ പറഞ്ഞ ജയ് പ്രകാശ്‌യന്ത്രത്തിന്റെ പൂര്‍വികനായ കപാലി യന്ത്രയാണ് താഴെക്കാണുന്നത്.
രാജ്യ ഭരണവും,നാനാ ഭാഗത്ത് നിന്നുമുള്ള ശത്രുക്കളുടെ ശല്യവുമെല്ലാം കൈകാര്യം ചെയ്യുന്നതിനിടെ, ജ്യോതി ശാസ്ത്രത്തില്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്താനും, ഇത്ര വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനും അദ്ദേഹത്തിനു സമയം കിട്ടിയെന്നുള്ളത് അതിശയകരമാണ്.
അടുത്തതായി ഞങ്ങള്‍ പോയത്, വിശാലമായ ഒരു മുറ്റത്ത് നിരന്നു നില്‍ക്കുന്ന ഉപകരണങ്ങളുടെ അടുത്തേക്കാണ്. രാശിവലയ യന്ത്രഎന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. 12 ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. ഓരോ ഭാഗവും പന്ത്രണ്ടു രാശികളില്‍ ഒന്നിനെ സൂചിപ്പിക്കുന്നു. സൂര്യന്‍ ഏതു രാശിയിലാണെന്ന് കണ്ടെത്താനാണ്‌ ഈ ഉപകരണം ഉപയോഗിക്കുന്നത്. സൂര്യന്റെ സ്ഥാനം മാറുന്നതിന് അനുസരിച്ച് 12 എണ്ണത്തില്‍ ഒരു ഉപകരണം ആണ് ഉപയോഗിക്കേണ്ടത്.
രാശിവലയ യന്ത്ര
ജ്യോതിശാസ്ത്രത്തിലും ഭൂമി ശാസ്ത്രത്തിലും അടിസ്ഥാന വിജ്ഞാനം കുറഞ്ഞ എനിക്ക് ഗൈഡ് പറയുന്ന പല കാര്യങ്ങളും പെട്ടെന്ന്‍ മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെട്ടു. പണ്ട് ജോഗ്രഫി ക്ലാസ്സില്‍ ഇരുന്നു ഉറങ്ങിയതിനുള്ള ശിക്ഷ വൈകിയിട്ടാണെങ്കിലും കിട്ടി. ചെറുതും വലുതുമായ പതിനെട്ടോളം ഉപകരണങ്ങള്‍ ജന്തര്‍ മന്തറിലുണ്ട്. അവയുടെയെല്ലാം പ്രവര്‍ത്ത രീതികള്‍ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നേക്കും.
ക്രാന്തിവൃത്തഎന്നറിയപ്പെടുന്ന ഒരു ചെറിയ ഉപകരണത്തിനടുത്തേക്കാണ് ഞങ്ങള്‍ അടുത്തതായി പോയത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്.ഭൂമധ്യരേഖയ്ക്ക് സമാന്തരമായി നില്‍ക്കുന്ന, കല്ലു കൊണ്ടുണ്ടാക്കിയ ഒരു വൃത്തം നടുക്കും (ഇതിന്റെ പേര് നടിവൃത്ത എന്നാണത്രേ!), അതിനു മുകളിലായി പിച്ചള കൊണ്ടുണ്ടാക്കിയ, ചലിപ്പിക്കാവുന്ന വൃത്തങ്ങളുമാണ് ക്രാന്തിവൃത്തയുടെ ഭാഗങ്ങള്‍.
ക്രാന്തിവൃത്ത
ക്രാന്തിവൃത്തം കണ്ടു കഴിഞ്ഞു ഞങ്ങള്‍ അല്പനേരം കൂടി ജന്തര്‍ മന്തറില്‍ ചുറ്റി നടന്നു. ആ നടത്തത്തിനിടക്കാണ് താഴെ കാണുന്ന കൊച്ചു ക്ഷേത്രം ഞങ്ങള്‍ കണ്ടത്. ശാസ്ത്രവും,മത വിശ്വാസങ്ങളും ഭാരതത്തില്‍ രമ്യമായ ഒരു സഹവര്‍ത്തിത്വത്തിലായിരുന്നു. അതിന്റെ തെളിവെന്നത് പോലെ, ശാന്ത സുന്ദരമായ ആ ദേവാലയം ജന്തര്‍ മന്തറില്‍ നില കൊള്ളുന്നു.
മനോഹരമായി വെട്ടി നിറുത്തിയ ചെടികളും, ചെങ്കല്‍ പാതകളുമുള്ള ഒരു ഉദ്യാനം കൂടിയാണ് ജന്തര്‍ മന്തര്‍.ദൈനംദിന ജീവിതത്തില്‍ സൗന്ദര്യം ആവേശിപ്പിക്കാനുള്ള പുരാതന ഭാരത ശില്പികളുടെ കഴിവിന് ഒരുദാഹരണമാണ് ജന്തര്‍ മന്തര്‍.
ഞങ്ങള്‍ക്ക്‌ മടങ്ങാന്‍ സമയമായിരുന്നു.ഗൈഡപ്പൂപ്പന് നന്ദി പറഞ്ഞ്, ജയ്സിംഗ് രാജാവിന്റെ മാനസ പുത്രിയായ ജന്തര്‍ മന്തറിനോട് യാത്ര പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടങ്ങി.
കോട്ടയും കൊട്ടാരങ്ങളും കണ്ട ശേഷം, തികച്ചും പുതിയൊരു കാഴ്ചയായ പന്‍-മീനാ-കി ബവോലി എന്ന കിണറു കാണാനാണ് ഞങ്ങള്‍ പോകുന്നത്. കേരളത്തില്‍ അത്ര പ്രചാരത്തിലില്ലാത്ത ഒരു പ്രത്യേക നിര്‍മിതിയായ പടിക്കെട്ടുകളോടു കൂടിയ ഒരു കിണറാണ്(Step Well) പന്‍-മീനാ-കി ബവോലി.
പന്‍-മീനാ-കി ബവോലി
ജയ്പൂരുകാരനായ ഞങ്ങളുടെ ഡ്രൈവര്‍, അംബര്‍ കോട്ടയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ആ കിണറിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. വീണ്ടും ഗൂഗിള്‍ മാപ്പിനെ ശരണം പ്രാപിച്ചു. പുരാതന ആംബറിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ വളഞ്ഞും ഒടിഞ്ഞും വണ്ടി ഓടിക്കൊണ്ടിരുന്നു. വടക്കന്‍ കര്‍ണാടകത്തിലും, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ മദ്ധ്യ-പശ്ചിമ സംസ്ഥാനങ്ങളിലും പ്രചാരത്തിൽ ഉണ്ടായിരുന്നപുരാതനമായ ഒരു കിണര്‍ നിര്‍മാണ രീതിയാണ് പടിക്കെട്ടുകളോട് കൂടിയ കിണര്‍.രാജസ്ഥാനിലും മധ്യപ്രദേശിലും ബവോലി അല്ലെങ്കില്‍ ബാവ്ടി എന്നും, കര്‍ണാടകത്തില്‍ പുഷ്കരണി എന്നും, ഗുജറാത്തില്‍ വാവ് എന്നും ഈ കിണറുകള്‍ അറിയപ്പെടുന്നു. 11-ആം നൂറ്റാണ്ടു മുതല്‍ 16-ആം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ് ഈ കിണറുകള്‍ പണി കഴിപ്പിക്കപ്പെട്ടത്. ഹിന്ദു മുഗള്‍ രാജാക്കാന്മാര്‍ ഇത്തരം കിണറുകള്‍ പ്രോത്സാഹിച്ചപ്പോള്‍, വൃത്തി പോര എന്ന കാരണത്താല്‍ ബ്രിട്ടീഷുകാര്‍ അവയെ നിരോധിച്ചു. അതിനാലാവാം 17-ആം നൂറ്റാണ്ടു മുതല്‍ക്ക് ഇത്തരം കിണറുകള്‍ നിര്‍മിക്കപ്പെടാതിരുന്നത്.
ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ വളരെ ആഴത്തില്‍ മുകളില്‍ നിന്ന് താഴോട്ട് വിസ്തീര്‍ണ്ണം കുറഞ്ഞു വരുന്ന രീതിയിലാണ് ബവോലി നിര്‍മിക്കുന്നത്. ജല നിരപ്പ് വളരെ താഴുമ്പോള്‍, വെള്ളം കൊരിയെടുക്കാനുള്ള സൗകര്യത്തിനാവാം വെള്ളത്തിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള പടിക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.സിമട്രിക്കലായ ഇത്തരം പടവുകളാണ് ബവോലികളുടെ പ്രത്യേകത. നമ്മുടെ അമ്പലക്കുളങ്ങളുമായി ബാവോലികള്‍ക്ക് സാമ്യം തോന്നാമെങ്കിലും, പടിക്കെട്ടുകളുടെയും അനുബന്ധ നിര്‍മിതികളുടെയും കാര്യത്തില്‍ വലിയ വ്യത്യാസം കാണാം.
വളഞ്ഞും തിരിഞ്ഞും, പല തവണ വഴി തെറ്റിയും ഞങ്ങള്‍ ഒടുവില്‍ പന്‍-മീനാ-കി ബവോലിയില്‍ എത്തി. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. എട്ടു നിലകളിലായാണ് ഈ ബവോലിയിലെ പടിക്കെട്ടുകള്‍. ജലസ്രോതസ് എന്നതിനുപരിയായി, ഗ്രാമീണര്‍ക്ക് ഒത്തു ചേരാനുള്ള ഒരു സ്ഥലമായിരുന്നു ഇത്തരം ബവോലികള്‍. രാജസ്ഥാനിലെ ചുട്ടു പൊള്ളുന്ന മദ്ധ്യാഹ്നങ്ങളില്‍, ബവോലികളിലെ പടിക്കെട്ടുകളില്‍ താരതമ്യേന ചൂട് കുറവായിരിക്കും. വര്‍ണ്ണ ശബളമായ തലേക്കെട്ട് കെട്ടി, ഹുക്കയും വലിച്ച്, വെടി പറഞ്ഞിരിക്കുന്ന ഗ്രാമീണരെയും, വെള്ളി വളകള്‍ കിലുക്കി ഓട്നി കൊണ്ട് മുഖം മറച്ച് കുടങ്ങളുമായി പോകുന്ന സ്ത്രീകളെയും ഞാന്‍ ഭാവനയില്‍ കണ്ടു. പടിക്കെട്ടുകള്‍ മാത്രമല്ല, ഇടനാഴികളും, വെള്ളത്തിലേയ്ക്ക് തള്ളി നില്‍ക്കുന്ന മട്ടുപ്പാവുകളും ദേവ പ്രതിഷ്ഠയുമെല്ലാം ബവോലികളില്‍ കാണാം. ജലവുമായി മനുഷ്യനുണ്ടായിരുന്ന അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്ന അടയാളങ്ങള്‍!
ബവോലിക്ക് ചുറ്റും നടന്ന്‍ ഞങ്ങള്‍ കുറേ ഫോട്ടോകളെടുത്തു. ശരിയായ അറ്റകുറ്റ പണികളും ശുചീകരണവും നടക്കാത്തതിനാലാവാം, വെള്ളം വലിയ വൃത്തിയുള്ളതായി തോന്നിയില്ല. ബവോലിയില്‍ നിന്ന്‍ ഇപ്പോള്‍ ആരും വെള്ളമെടുക്കാറില്ല എന്ന് തോന്നുന്നു. ബവോലിയെ ചുറ്റിപ്പറ്റി രസകരമായ ഒരു വിശ്വാസം ഉണ്ട്. വെള്ളമെടുക്കാന്‍ ഇറങ്ങുന്ന പടിക്കെട്ടുകളിലൂടെ തിരിച്ചു കയറാന്‍ പാടില്ലത്രേ, വേറെ ഏതെങ്കിലും ദിശയിലുള്ള പടിക്കെട്ടുകളിലൂടെ വേണം തിരിച്ചു കയറാന്‍. തിരക്ക് നിയന്ത്രിക്കാന്‍ ഏതെങ്കിലും സമര്‍ത്ഥനായ ആള്‍ ഉണ്ടാക്കിയ നിയമമാകണം ഇന്ന് വിശ്വാസമായി മാറിയത്!
രാജസ്ഥാനിലെ ബവോലികളെപ്പറ്റി പറയുമ്പോള്‍, എടുത്തു പറയേണ്ട ഒന്നാണ്, ജയ്പൂരിനു തൊണ്ണൂറു കിലോ മീറ്റര്‍ കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, അഭിനേരി എന്നാ ഗ്രാമത്തിലെ "ചാന്ദ് ബവോലി". ഇന്ത്യയിലെ ഏറ്റവും വലിയ ബവോലിയാണത്രേ അഭിനേരിയിലേത്. അതു പോയി കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും,ദൂരവും സമയ പരിധിയും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ആ നിരാശ അല്പമെങ്കിലും കുറയ്ക്കാനാണ് ഞങ്ങള്‍ പന്‍-മീനാ-കി ബവോലി കാണാന്‍ വന്നത്.
ചാന്ദ് ബവോലി - അഭിനേരി
By Chetan (Own work) [CC BY-SA 3.0], via Wikimedia Commonsഞങ്ങള്‍ കൌതുകത്തോടെ കിണറിനു ചുറ്റും നടക്കുമ്പോള്‍ ഇതൊക്കെയെന്ത് കാണാനിരിക്കുന്നു?” എന്ന മട്ടില്‍ ഞങ്ങളുടെ ഡ്രൈവര്‍ കാറില്‍ പോയിരുന്നു.അല്ലെങ്കിലും, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണല്ലോ!
പന്‍-മീനാ-കി ബവോലിക്ക് തൊട്ടടുത്തായി രാജസ്ഥാന്‍ വസ്ത്രാലങ്കാര വിദ്യയായ ബ്ലോക്ക്‌ പ്രിന്റിങ്ങിന്റെ ഒരു മ്യൂസിയം ഉണ്ട്. അനോഖിഎന്നാണു മ്യൂസിയത്തിന്റെ പേര്. റിപ്പബ്ലിക് ദിനമായതിനാല്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു.
ബവോലിയോടു വിടവാങ്ങാന്‍ സമയമായിരിക്കുന്നു. രാത്രിയിലെ ഡല്‍ഹി-ജൈസാല്മീര്‍ ട്രെയിനില്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ പടിഞ്ഞാറേ മുനമ്പായ ജൈസാല്മീറിലേയ്ക്ക് പോകണം. രണ്ടു ദിവസം കൊണ്ട് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ജയ്പൂര്‍ നഗരത്തോട് തല്‍കാലം വിട.ഹോട്ടലില്‍ എത്തി അല്പം വിശ്രമിക്കണം. പിന്നെ ട്രെയിന്‍ യാത്രയ്ക്കുള്ള പാക്കിംഗ് തുടങ്ങണം.
ജയ്പൂര്‍, നിനക്ക് വിട!

Post a Comment

أحدث أقدم