ഗുഹാക്ഷേത്രങ്ങൾ കഴിഞ്ഞാൽ ബദാമിയിൽ പ്രധാനമായും കാണാനുള്ളത് ബദാമി മ്യൂസിയവും, ലോവർ -അപ്പർ ശിവാലയും. മേലെഗെറ്റി ശിവാലയങ്ങളും ആണ്. അനായാസമായ ഒരു ട്രെക്കിങ്ങ് അനുഭവമാണ് ബദാമി നോർത്ത് ഫോർട്ട് സമ്മാനിച്ചത്. ചുവപ്പു നിറത്തിൽ ഭീമൻ പാറക്കെട്ടുകളുടെ ഇടയിലൂടെ പടികൾ കയറി വേണം ബദാമി നോർത്ത് ഫോർട്ടിന്റെ ഉച്ചിയിൽ എത്താൻ.
 |
നോര്‍ത്ത് ഫോര്‍ട്ടിലേയ്ക്കുള്ള പ്രവേശന കവാടം |
ബദാമിയിലെ പുരാവസ്തു മ്യൂസിയത്തിൽ സമീപ
പ്രദേശങ്ങളിൽ നിന്നും ലഭിച്ച അനേകം ശില്പങ്ങൾ ഉണ്ട്. മ്യൂസിയത്തിലേക്ക്
കയറിച്ചെല്ലുമ്പോൾ തന്നെ കാണുന്നത് ഗംഭീരമായ ഒരു മകര തോരണം ആണ്.
സാധാരണയായി ക്ഷേത്രങ്ങളുടെയും മറ്റും മുൻ ഭാഗത്ത് സ്ഥാപിക്കാറുള്ള
അലങ്കാരപ്പണികൾ ചെയ്ത ശിലാ ഫലകമാണ് മകര തോരണം. ബദാമിയിലെ മൂന്നാം
ഗുഹാക്ഷേത്രത്തിലെ പെയിന്റിങ്ങുകൾ പുനഃസൃഷ്ടി ചെയ്തിരിക്കുന്നതും
മ്യൂസിയത്തിലെ ഒരു പ്രധാന കാഴ്ചയാണ്.
 |
ബദാമിപുരാവസ്തു മ്യൂസിയം |
എന്നാൽ ബദാമി ആർക്കിയോളജി മ്യൂസിയത്തിൽ
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് "ലജ്‌ജാ ഗൗരി" യുടെ ശില്പമാണ്. ധന
സമൃദ്ധിയുടെയും സന്താന സമൃദ്ധിയുടെയും ദേവതയാണ് ലജ്‌ജാ ഗൗരി. വളരെ
വിചിത്രമായൊരു ശില്പമാണിത്, ഇരു കൈകളിലും താമരപ്പൂക്കൾ പിടിച്ച്, കാൽ
രണ്ടും ഉയർത്തി, ഒരു സ്ത്രീയുടെ പ്രസവസമയത്തെ അവസ്ഥയിലാണ് ഈ വിഗ്രഹം.
തലയ്ക്കു പകരം ഒരു താമരപ്പൂവാണ്. ചിലർക്കിത് അശ്ലീലമായി തോന്നാം.
സദാചാരപ്പോലീസുകാർ ഈ ശിൽപം കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്ന് ഞാൻ
ചിന്തിച്ചു പോയി. ഏതായാലും നഗ്ന ശരീരം ലൈംഗിക ചിന്ത മാത്രമുണർത്തുന്ന
നിലയിലേയ്ക്ക് തരം താണു പോയിട്ടില്ലായിരുന്നു പുരാതന ഭാരതം.
 |
ലജ്‌ജാ ഗൗരിയുടെ ശില്‍പം |
ആർക്കിയോളജിക്കല്‍ മ്യൂസിയത്തിന് പുറത്ത് AD 624 ൽ പല്ലവ രാജാവ് നരസിംഹവർമൻ ഒന്നാമൻ രണ്ടാം പുലികേശിയെ വധിച്ചു വാതാപി കീഴടിക്കിയതിന്റെ ചരിത്രം വിവരിക്കുന്ന ഒരു ശിലാ ലിഖിതമുണ്ട്. വെറും പതിനഞ്ചു വർഷങ്ങൾ മാത്രമാണ് പല്ലവർക്ക് വാതാപി കയ്യടക്കി വയ്ക്കാൻ സാധിച്ചുള്ളൂ. ചാലൂക്യ വംശത്തിലെ വിക്രമാദിത്യൻ ഒന്നാമൻ രാജാവ് പൂർവാധികം ശക്തിയോടെ യുദ്ധം ചെയ്തു തന്റെ രാജ്യം തിരിച്ചു പിടിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ പിൻ തലമുറക്കാരനായ വിക്രമാദിത്യൻ II, പല്ലവരുടെ തലസ്ഥാനമായ കാഞ്ചീപുരം AD 741 ൽ കീഴടക്കി അവിടുത്തെ കൈലാസനാഥ ക്ഷേത്രത്തിൽ തന്റെ വീരകൃത്യങ്ങൾ എഴുതി വച്ചു. പകരത്തിനു പകരം. അല്ല പിന്നെ!
മ്യൂസിയം കണ്ടുകഴിഞ്ഞപ്പോൾ ഞാൻ അമ്മയോട്
ക്ഷീണമുണ്ടോ എന്ന് ചോദിച്ചു. എനിക്കാണെങ്കിൽ കാലു വേദനിക്കാൻ
തുടങ്ങിയിരുന്നു. പക്ഷെ, ആൾ ഭയങ്കര ആവേശത്തിൽ ആയിരുന്നു. എൻ സി സി ഓഫീസർ
ആയിരുന്ന അമ്മ , ക്യാമ്പുകളുടെ ഭാഗമായി ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങൾ
കണ്ടിട്ടുണ്ടെങ്കിലും, അന്നൊക്കെ കുട്ടികളെ ശ്രദ്ധിക്കുകയും, കൂട്ടം
തെറ്റാതെ നോക്കുകയും ഒക്കെ ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്വങ്ങൾ ആയിരുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ യാതൊരു ടെൻഷനും ഇല്ലാതെ യാത്ര ചെയ്യുന്നത്
എന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് സന്തോഷവും അഭിമാനവും തോന്നി.
 |
ബദാമി നോര്‍ത്ത്ഫോര്‍ട്ടിലെ മലയിടുക്കുകള്‍ |
പുരാവസ്തു മ്യൂസിയത്തിന്റെ മുറ്റത്ത്
തന്നെയാണ് നോർത്ത് ഫോർട്ടിന്റെ പ്രവേശന കവാടം. തറ നിരപ്പിൽ നിന്നും 200
മീറ്റർ ഉയരത്തിൽ ആണ് നോർത്ത് ഫോർട്ട് നിലകൊള്ളുന്നത്. AD 543-ൽ പുലകേശി
ഒന്നാമൻ വാതാപിപുര തന്റെ തലസ്ഥാനം ആക്കിയപ്പോൾ സ്ഥാപിച്ചതാണ് നോർത്ത്
ഫോർട്ട് എന്നറിയപ്പെടുന്ന കോട്ട. "കോട്ട" എന്ന് വിളിക്കുമെങ്കിലും, മലയുടെ
ദുർബല ഭാഗങ്ങളിലെ ഏതാനം മതിലുകളും, മുകളിലെ വാച്ച് ടവറും, വിചിത്ര രൂപമുള്ള
മൂന്നു കളപ്പുരകളും മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളൂ. തടി കൊണ്ട്
നിർമിച്ച കോട്ടഭാഗങ്ങളും കൊട്ടാരങ്ങളും പല്ലവൻമാരുടെ ആക്രമണത്തിലും,
കാലപ്പഴക്കം കൊണ്ടും മറ്റും നിശ്ശേഷം നശിച്ചിരിക്കുന്നു.
നോർത്ത്
ഫോർട്ടിന് മുകളിൽ രണ്ടു ശിവക്ഷേത്രങ്ങൾ ഉണ്ട്. യഥാർത്ഥ പേര് അറിയാത്തത്
കൊണ്ട്, ഇവയെ "അപ്പർ ശിവാലയ", "ലോവർ ശിവാലയ" എന്നാണ് പുരാവസ്തു വകുപ്പ്
വിളിക്കുന്നത്. നോർത്ത് ഫോർട്ടിനേക്കാൾ പഴക്കം കുറവാണ് ഈ ക്ഷേത്രങ്ങൾക്ക്.
AD 634 ആണ് നിർമാണ വർഷമായി പരക്കെ കണക്കാക്കപ്പെടുന്നത്. അതായത്, ബദാമി
ഗുഹാ ക്ഷേത്രങ്ങളേക്കാൾ പുതിയതാണ് ഈ ക്ഷേത്രങ്ങൾ. തുടക്കത്തിൽ വൈഷ്ണവ
ക്ഷേത്രങ്ങൾ ആയിരുന്നത്രേ ഇവ രണ്ടും.
 |
ബദാമി നോര്‍ത്ത്ഫോര്‍ട്ടിലെ മലയിടുക്കുകള്‍ |
ചുവപ്പു നിറത്തിലുള്ള കൂറ്റൻ
പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ കല്ല് വെട്ടിയുണ്ടാക്കിയ പടവുകൾ. അമേരിക്കയിലെ
ഗ്രാൻഡ് കാന്യൻറെ ഒരു ചെറിയ പതിപ്പുപോലെ തോന്നും. പ്രകൃതിയുടെ ഈ അത്ഭുത
നിർമ്മിതിക്ക് മുന്നിൽ നമ്മൾ മനുഷ്യർ എത്ര നിസ്സാരർ ആണെന്ന് തോന്നിപ്പോകും.
ഞങ്ങൾ കയറാൻ തുടങ്ങിയ ഉടനെ മഴ പെയ്തു തുടങ്ങി. പാറക്കൂട്ടങ്ങളും ഗുഹകളും
ഉള്ള നോർത്ത് ഫോർട്ടിൽ മഴയെ പേടിക്കേണ്ട. ഞങ്ങളും ഒരു ഗുഹയിൽ കയറി നിന്നു. അവിടെ ആധുനിക ഗുഹാമനുഷ്യർ ഉപേക്ഷിച്ച് പോയ
ലെയ്സ്ന്റെയും മറ്റും പാക്കറ്റുകൾ കിടക്കുന്നുണ്ടായിരുന്നു.
 |
ലോവര്‍ ശിവാലയ |
മഴയൊന്ന് ഒതുങ്ങിയപ്പോൾ ഞങ്ങൾ മലകയറ്റം
വീണ്ടും ആരംഭിച്ചു. "ലോവർ ശിവാലയ" എന്നറിയപ്പെടുന്ന ഒരു ചെറിയ
ശിവക്ഷേത്രത്തിന് അടുത്താണ് ഞങ്ങൾ ആദ്യം എത്തിയത്. മനോഹരമായ ഒരു
സ്ഥാനത്താണ് ലോവർ ശിവാലയ നിൽക്കുന്നത്. നേരത്തെ പറഞ്ഞ "വാതാപി ഗണപതി" എന്ന
പ്രശസ്ത വിഗ്രഹം ഇരുന്നിരുന്നത് "ലോവർ ശിവാലയിൽ" ആണെന്നാണ്
കരുതപ്പെടുന്നത്. ഈ ഗണപതിയെ സ്തുതിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ(1775–1835)
"വാതാപി ഗണപതിം ഭജേ ഹം" എന്ന പ്രശസ്ത കീർത്തനം എഴുതിയത്.
രണ്ടു
കൂറ്റൻ മലനിരകൾ, അതിനിടയിലെ താഴ്വാരം, അവിടെ ഒരു വലിയ തടാകം. ഈ കാഴ്ച,
ഹോളിവുഡ് സിനിമകളിലെ സങ്കല്പ ലോകങ്ങളെക്കാൾ മനോഹരമാണ്. ലോവർ ശിവാലയുടെ
പുറകു വശത്ത് ഒരു പഴയ പീരങ്കിയുണ്ട്. പതിനാറാം നൂറ്റാണ്ടിലേതാണിത്.
ക്ഷേത്രവും പീരങ്കിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല.
 |
ലോവര്‍ ശിവാലയില്‍ നിന്നുള്ള ബദാമി കാഴ്ച |
കുറെ കൂടി പടവുകൾ കയറിയാൽ ഒരു വാച്ച് ടവർ
കാണാം. വാച്ച് ടവർ കടന്നു ചെല്ലുമ്പോൾ വിചിത്ര രൂപമുള്ള മൂന്ന്
കളപ്പുരകളുണ്ട്. ഒരു ഗൈഡിന്റെ സഹായം ഇല്ലാതെ, ഇത് എന്താണെന്നു
മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. പക്ഷെ സൂക്ഷിച്ച നോക്കിയാൽ മുകളിലേയ്ക്കു
കയറിപ്പോകാൻ വച്ചിരിക്കുന്ന ചവിട്ടു കല്ലുകൾ കാണാം. ഇവിടെ ഒരു കോട്ട
സജീവമായിരുന്ന കാലത്ത് ധാന്യം സംഭരിക്കാൻ ഉപയോഗിച്ചിരുന്നതാണ്.
 |
വിചിത്ര രൂപമുള്ള കളപ്പുരകള്‍ |
പാറയിടുക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന
കൽപ്പടവുകളിലൂടെ ഞങ്ങൾ നോർത്ത് ഫോർട്ടിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആയ
"അപ്പർ ശിവാലയ"യിൽ എത്തി. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കം
ചെന്ന, ലക്ഷണമൊത്ത ക്ഷേത്രമാണ് ഇത്.
 |
അപ്പര്‍ ശിവാലയ |
പേര് ശിവാലയ എന്നാണെങ്കിലും വൈഷ്ണവ
ആരാധനാലയമായിരുന്നു ഇത്. ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു
പുരാവസ്തുവിനു മുന്നിലാണ് ഞങ്ങൾ നിൽക്കുന്നത്. അതിനു ശേഷം എത്രയെത്രെ
തലമുറകൾ ഈ ക്ഷേത്രത്തിനു മുന്നിൽ വന്നു നിന്നിട്ടുണ്ടാകും! രാജക്കന്മാരും,
പ്രഭുക്കളും, പട്ടാള മേധാവികളും, സാധാരണക്കാരും അങ്ങനെയങ്ങനെ.
 |
അപ്പര്‍ ശിവാലയ |
രണ്ടു പാറയിടുക്കുകൾ പിളർന്നു അതിനിടയിലൂടെ കാണുന്ന അഗാധമായ ഒരു ഗർത്തം ആർക്കും ഉൾക്കിടിലം ഉണ്ടാകാൻ പോന്നതാണ്.
ഇവിടെ നിന്നും ബദാമി മുഴുവനും കാണാം.
 |
ലോവര്‍ ശിവാലയയും ആധുനിക ബദാമിയും |
അപ്പർ ശിവാലയയ്ക്കു തൊട്ടടുത്തായി ഒരു വൻ ആൽമരവും അതിനു
ചുവടെ ഒരു മുസ്ലിം ദർഗയും കാണാം. "സയ്യിദ് ഹസ്രത്ത് ബാദ്ഷ പിർ" എന്ന
മുസ്ലിം സന്യാസിയുടെ ഖബർ ആണത്. ഞങ്ങൾ അങ്ങോട്ട് നടന്നു. പക്ഷെ
നിമിഷങ്ങൾക്കുള്ളിൽ മനസ്സിൽ അലാറം മുഴങ്ങി. ഒരു ആയിരം കുരങ്ങൻമാരെങ്കിലും ആ
പരിസരത്ത് കാണും. അത് അവരുടെ ഏരിയ ആണെന്ന് തോന്നുന്നു. ഇപ്പൊ അങ്ങോട്ട്
പോയാൽ ശരിയാവില്ല എന്ന് മനസ്സിലാക്കി ഞങ്ങൾ അവിടെ നിന്നും തിരിച്ചു നടന്നു
മലയിറങ്ങാൻ തുടങ്ങി.
ഇനി കാണാനുള്ളത് "മേലെഗിട്ടി" ശിവാലയ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്.
ബദാമി ശിവാലയ ഗ്രൂപ്പിലെ മൂന്നാമത്തെ ക്ഷേത്രമായ "മേലെഗിട്ടി" ശിവാലയ കൂടി
കാണാതെ ബദാമി യാത്ര പൂർണമാവില്ല. നോർത്ത് ഫോർട്ടിൽ നിന്നും ഇറങ്ങി, ബദാമി മ്യൂസിയത്തിനടുത്ത് വന്നിട്ടു വേണം മേലെഗിട്ടി ശിവാലയയിൽ പോകാൻ. ആരോഗ്യം ഉള്ളവർക്ക് ബദാമി അർക്കിയോളജി
മ്യൂസിയത്തിൽ നിന്നും നടക്കാവുന്നതാണ്. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. ഒരു
വയസ്സൻ അപ്പൂപ്പൻ ആണ് ഡ്രൈവർ. ഒരു വലിയ പാറയ്ക്ക് മുകളിൽ ,
ഹെലിക്കോപ്റ്ററിൽ കൊണ്ടുവന്നു ഇറക്കി വച്ചതുപോലെയാണ് "മേലെഗിട്ടി" ശിവാലയ
നിൽക്കുന്നത്. പണ്ട് സജ്‌ന അലിയുടെ ബദാമി യാത്ര വായിച്ചപ്പോൾ ഇവിടുത്തെ
കുരങ്ങു ശല്യത്തെപ്പറ്റി ഒരു ക്ലൂ കിട്ടിയിരുന്നു. അതുകൊണ്ടു റിസ്ക്
എടുക്കാൻ നിന്നില്ല. വേണ്ടെന്നു അമ്മ പറഞ്ഞെങ്കിലും, ഓട്ടോ അപ്പൂപ്പനോട്
സഹായം ചോദിച്ചു. വഴിയിൽ കിടന്ന ഒരു വടിയും എടുത്ത് മുന്നിൽ അപ്പൂപ്പൻ,
പുറകെ പേടി പുറത്ത് കാണിക്കാതെ ഞാൻ, ഏറ്റവും ഒടുവിൽ ലോകത്ത് കുരങ്ങിനെ
എന്നല്ല, ഒരു ജീവിയേയും പേടിയില്ലാത്ത കണക്കു ടീച്ചർ - എന്റെ അമ്മ. അമ്പതു
കുരങ്ങുകൾ എങ്കിലും ആ പരിസരത്ത് ഉണ്ടാകും. പക്ഷെ മുൻപിലും പുറകിലും ബോഡി
ഗാർഡുകളും ആയാണല്ലോ നമ്മൾ പോകുന്നത്.
ശിവന്റെയും
വിഷ്ണുവിന്റെയും ശില്പങ്ങൾ തുല്യ പ്രാധാന്യത്തോടെ ചുവരുകളിൽ കൊത്തി
വച്ചിട്ടുണ്ട്. അത് കൊണ്ട് ഈ ക്ഷേത്രത്തിന്റെ യഥാർത്ഥ പ്രതിഷ്ഠ ആരെന്നു
മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഞങ്ങൾ കുത്തനെയുള്ള പടികൾ കയറി മുൻവശത്തെ
ചെറിയ തളത്തിൽ എത്തി. ക്ഷേത്രവാതിൽ പൂട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും
താഴെ, അങ്ങ് ദൂരെക്കാണുന്ന, ഒരു ഭീമാകാര ഗുഹ കാണാം. വെള്ള പെയിന്റ് ഒക്കെ
അടിച്ച്, ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. കുരങ്ങന്മാൻ അടുത്തേക്ക് വന്നു
തുടങ്ങി. എനിക്ക് ഭയങ്കര പേടിയുള്ള ഒരു ജീവിയാണ്. പണ്ട് ബത്തേരി KSRTC
ഗാരേജിൽ വച്ച്, ബസ്സിനുള്ളിൽ ഒരു കുരങ്ങൻ എന്നെയും, അമ്മ തന്നു വിട്ട
പലഹാരങ്ങൾ അടങ്ങിയ ബിഗ് ഷോപ്പറിനെയും കുറെ നേരം തുറിച്ച് നോക്കി നിന്നു.
അതിനു ശേഷമാണ് എനിക്ക് കുരങ്ങ് ഒരു ഭീകരജീവിയായത്.
അവിടെ അധികം നിന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് , ഞങ്ങൾ അതേ ഓട്ടോയിൽ ഭൂതനാഥ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു.
അഗസ്ത്യ തടാകത്തിന്റെ കരയിൽ, ഒരു സിനിമാ സെറ്റാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഭൂതനാഥ ക്ഷേത്രത്തിന്റെ നിൽപ്. തനി ചാലൂക്യൻ ശൈലിയിൽ നിർമിച്ച ചരിഞ്ഞ മേൽക്കൂരയുള്ള അനേകം ക്ഷേത്രങ്ങൾ ഈ കോംപ്ലക്സിൽ ഉണ്ട്. ഫോട്ടോഗ്രാഫർമാരുടെ സ്വർഗ്ഗമാണിതെന്നു തോന്നുന്നു. ചാഞ്ഞും ചരിഞ്ഞും, പുട്ടു കുറ്റിയിലെ ചില്ലുകൾ മാറ്റിയിട്ടും പലരും അവിടെ അനാഥ പ്രേതങ്ങളെ പോലെ കറങ്ങി തിരിഞ്ഞു നടപ്പുണ്ട്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞ പോലെ ഞാനും ചില ഫോട്ടങ്ങൾ പിടിച്ചു.
ഭൂതനാഥ ക്ഷേത്രത്തിനു പുറകു വശത്ത് പാറയിൽ ചില ശില്പങ്ങൾ കൊത്തിയിട്ടുണ്ട്. ഇത്രയും നേരം ബദാമിയിലെ ഗംഭീര ശില്പങ്ങൾ കണ്ടു നടന്നത് കൊണ്ട്, ആ ശില്പങ്ങൾ വലിയ കാര്യമായി തോന്നിയില്ല. പക്ഷെ, ബദാമിയിലെ ചാലൂക്യ ശിൽപികൾ ശിൽപമുണ്ടാക്കി പഠിച്ചതാണ്. ബദാമിൽ ഇന്ന് കാണുന്ന ഗംഭീരശില്പങ്ങളുടെ ആദിരൂപം എന്ന് വേണമെങ്കിൽ പറയാം. മഹത്തായ കാര്യങ്ങളുടെ തുടക്കം എത്ര എളിയതായിരിക്കും എന്നറിയണമെങ്കിൽ ഇത് മാത്രം നോക്കിയാൽ മതി.
സമയം നാല് മണിയോട് അടുത്തിരുന്നു.
തലേ ദിവസത്തെ ട്രെയിൻ യാത്രയാണോ, അതോ ഉച്ചക്കത്തെ ദോശയുടെ വാലിഡിറ്റി
കഴിഞ്ഞതാണോ എന്തോ വല്ലാത്ത ക്ഷീണം തോന്നിത്തുടങ്ങി. ബദാമിയോട് തൽക്കാലം
യാത്ര പറഞ്ഞു, ഗുഹാക്ഷേത്രങ്ങളെയും നോർത്ത് ഫോർട്ടിനെയും ഒരിക്കൽ കൂടി
കണ്ണ് നിറയെ നോക്കിക്കണ്ടു ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി.
CA9F6DB5D5
ReplyDeletekiralık hacker
hacker arıyorum
kiralık hacker
hacker arıyorum
belek
D3783E4396
ReplyDeleteTakipçi Satın Al
Footer Link Satın Al
Erasmus
Zula Hediye Kodu
War Robots Hediye Kodu
88F4EC8A73
ReplyDeleteinstagram düşmeyen takipçi
velvet swivel accent chair
Post a Comment