ഇനി കാണാനുള്ളത് "മേലെഗിട്ടി" ശിവാലയ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ബദാമി ശിവാലയ ഗ്രൂപ്പിലെ മൂന്നാമത്തെ ക്ഷേത്രമായ "മേലെഗിട്ടി" ശിവാലയ കൂടി കാണാതെ ബദാമി യാത്ര പൂർണമാവില്ല. ആരോഗ്യം ഉള്ളവർക്ക് ബദാമി അർക്കിയോളജി മ്യൂസിയത്തിൽ നിന്നും നടക്കാവുന്നതാണ്. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു. ഒരു വയസ്സൻ അപ്പൂപ്പൻ ആണ് ഡ്രൈവർ. ഒരു വലിയ പാറയ്ക്ക് മുകളിൽ  ,  ഹെലിക്കോപ്റ്ററിൽ  കൊണ്ടുവന്നു ഇറക്കി വച്ചതുപോലെയാണ് "മേലെഗിട്ടി" ശിവാലയ നിൽക്കുന്നത്. പണ്ട് സജ്‌ന അലിയുടെ ബദാമി യാത്ര വായിച്ചപ്പോൾ ഇവിടുത്തെ കുരങ്ങു ശല്യത്തെപ്പറ്റി ഒരു ക്ലൂ കിട്ടിയിരുന്നു. അതുകൊണ്ടു റിസ്ക് എടുക്കാൻ നിന്നില്ല. വേണ്ടെന്നു അമ്മ പറഞ്ഞെങ്കിലും,  ഓട്ടോ അപ്പൂപ്പനോട് സഹായം ചോദിച്ചു. വഴിയിൽ കിടന്ന ഒരു വടിയും എടുത്ത് മുന്നിൽ അപ്പൂപ്പൻ, പുറകെ പേടി പുറത്ത് കാണിക്കാതെ ഞാൻ, ഏറ്റവും ഒടുവിൽ ലോകത്ത് കുരങ്ങിനെ എന്നല്ല, ഒരു ജീവിയേയും പേടിയില്ലാത്ത കണക്കു ടീച്ചർ - എന്റെ അമ്മ. അമ്പതു കുരങ്ങുകൾ എങ്കിലും ആ പരിസരത്ത് ഉണ്ടാകും. പക്ഷെ മുൻപിലും പുറകിലും ബോഡി ഗാർഡുകളും ആയാണല്ലോ നമ്മൾ പോകുന്നത്.


ശിവന്റെയും വിഷ്ണുവിന്റെയും ശില്പങ്ങൾ തുല്യ പ്രാധാന്യത്തോടെ ചുവരുകളിൽ കൊത്തി വച്ചിട്ടുണ്ട്. അത് കൊണ്ട് ഈ ക്ഷേത്രത്തിന്റെ യഥാർത്ഥ പ്രതിഷ്ഠ ആരെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഞങ്ങൾ കുത്തനെയുള്ള പടികൾ കയറി മുൻവശത്തെ ചെറിയ തളത്തിൽ എത്തി. ക്ഷേത്രവാതിൽ പൂട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും താഴെ, അങ്ങ് ദൂരെക്കാണുന്ന, ഒരു ഭീമാകാര ഗുഹ കാണാം. വെള്ള പെയിന്റ് ഒക്കെ അടിച്ച്, ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. കുരങ്ങന്മാൻ അടുത്തേക്ക് വന്നു തുടങ്ങി. എനിക്ക് ഭയങ്കര പേടിയുള്ള ഒരു ജീവിയാണ്. പണ്ട് ബത്തേരി KSRTC ഗാരേജിൽ വച്ച്, ബസ്സിനുള്ളിൽ ഒരു കുരങ്ങൻ എന്നെയും, അമ്മ തന്നു വിട്ട പലഹാരങ്ങൾ അടങ്ങിയ ബിഗ് ഷോപ്പറിനെയും കുറെ നേരം തുറിച്ച് നോക്കി നിന്നു. അതിനു ശേഷമാണ് എനിക്ക് കുരങ്ങ് ഒരു ഭീകരജീവിയായത്.
അവിടെ അധികം നിന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് , ഞങ്ങൾ അതേ ഓട്ടോയിൽ  ഭൂതനാഥ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു.



3 Comments

Post a Comment

Previous Post Next Post