വെറും പതിനാറു വയസ്സ് മാത്രം പ്രായമുള്ള ഒരു രാജകുമാരന്‍. 1627-ല്‍ തന്റെ പിതാവിന്റെ മരണശേഷം അധികാരം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയ വെട്ടിപ്പിടിക്കലുകളോ, യുദ്ധങ്ങളോ ആയിരുന്നില്ല. മരണശേഷം തന്റെ പേര് എക്കാലത്തും ഓര്‍ക്കപ്പെടുന്ന രീതിയില്‍ ഒരു ശവകുടീരം നിര്‍മിക്കണം എന്നായിരുന്നു രാജാവിന്റെ ആഗ്രഹം. വെറും പതിനാറു വയസ്സില്‍ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് അവിശ്വസനീയമായി തോന്നാം, പക്ഷെ ബിജാപൂരിലെ ആദില്‍ ഷാഹി രാജവംശത്തിനു തങ്ങളുടെ ഖബര്‍ ജീവിതത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു. മുഹമ്മദ് ആദില്‍ ഷാ എന്നായിരുന്നു ആ രാജകുമാരന്റെ പേര്. അദ്ദേഹത്തിന്റെ ശവകുടീരമാണ് ഡെക്കാനിലെ ഏറ്റവും ഗംഭീര നിര്‍മിതിയായി പില്‍കാലത്ത് പേരുകേട്ട “ഗോല്‍ ഗുംബസ്”.
|
“ഗോല്‍ ഗുംബസ്” - ബിജാപൂര്‍ |
ജൂലൈ മാസത്തിലെ മഴക്കാറു നിറഞ്ഞ ഒരു പ്രഭാതത്തിലാണ് ഞാന്‍ വടക്കന്‍ കര്‍ണാടകത്തിലെ ബിജാപ്പൂരില്‍ ട്രെയിനിറങ്ങുന്നത്. മുഹമ്മദ് ആദില്‍ ഷാഹി രാജാവിന്റെ ശവകുടീരം- ഗോല്‍ ഗുംബസ്- കാണുകയായിരുന്നു പ്രധാന ലക്‌ഷ്യം. ബിജാപൂരിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നു. ഗോല്‍ ഗുംബസ് കാണാനിറങ്ങിയ എനിക്ക് മുന്നില്‍ ബിജാപ്പൂര്‍ തുറന്നു വച്ചത് ഇസ്ലാമിക വാസ്തുവിദ്യയുടെ ഒരു അത്ഭുതചെപ്പാണ്. മുഹമ്മദ് രാജാവിന്റെ പിതാവിന്റെയും, മകന്റെയും ശവകുടീരങ്ങളും ഇതില്‍ പെടുന്നു.
പൊടിയാണ് ബീജാപ്പൂരിന്റെ മുഖമുദ്ര. പൊടിപിടിച്ച നിരത്തുകളും, കെട്ടിടങ്ങളും, കഴുത്തില്‍ പുല്കൂടയും തൂക്കി വിരസമായ മുഖഭാവത്തോടെ നില്‍ക്കുന്ന ചടച്ച കുതിരകളെയും കടന്നു ഞാന്‍ ഗോല്‍ ഗുംബസിന്റെ ഗേറ്റില്‍ എത്തി. സമയം പതിനൊന്നാകുന്നു. ബിജാപ്പൂരിലെ എന്നല്ല, കര്‍ണാടകയിലെ തന്നെ ഏറ്റവും പ്രശസ്തമായ സഞ്ചാരകേന്ദ്രമാണ് ഗോല്‍ ഗുംബസ്.
തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്രയും തിരക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു കണക്കിന് ടിക്കറ്റെടുത്ത് ബാഗ് ക്ലോക്ക് റൂമില്‍ ഏല്പിച്ച് ഞാന്‍ ഗോല്‍ ഗുംബസിനു അടുത്തേയ്ക്ക് നടന്നു. ‘നക്വര്‍ ഖാന’ എന്നറിയപ്പെടുന്ന കൂറ്റന്‍ കെട്ടിടത്തിനു പുറകില്‍ മറഞ്ഞിരിക്കുകയാണ് ഗോല്‍ ഗുംബസ്. വഴിയില്‍ നിന്നും നോക്കിയാല്‍ ഗോല്‍ ഗുംബസിന്റെ താഴികക്കുടം മാത്രമേ കാണാനാവൂ. ‘നക്വര്‍ ഖാന’ എന്നാല്‍ വാദ്യപ്പുരയാണ്. ആദില്‍ ഷാഹി കാലത്ത് ആചാരപരമായ ചടങ്ങുകളില്‍ വാദ്യമേളക്കാന്‍ ഇരുന്നിരുന്നത് നക്വര്‍ ഖാനയില്‍ ആയിരുന്നത്രെ. ഇന്നത് ഒരു മ്യൂസിയമാണ്. ആദില്‍ ഷാഹി രാജവംശത്തിന്റെയും അതിനും മുന്‍പേ, AD 5ആം നൂറ്റാണ്ടു മുതല്‍ ഡെക്കാന്‍ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെയും ചരിത്രം വിവരിക്കുന്ന ഒന്നാന്തരം മ്യൂസിയമാണ് ഇന്ന് നക്വര്‍ ഖാന.
|
‘നക്വര്‍ ഖാന’ - ഇന്ന് നക്വര്‍ ഖാന ചരിത്രമ്യൂസിയമാണ് |
ബിജാപ്പൂര്‍ അടങ്ങുന്ന ഡെക്കാണിന്റെ ഹൃദയഭാഗത്തിന്റെ രാഷ്ട്രീയ തലവര മാറിമറിഞ്ഞത് 1327 –ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് ഡല്‍ഹിയില്‍ നിന്നും ഇവിടെയ്ക്ക് പടനയിചെത്തിയപ്പോഴാണ്. ദേവഗിരി എന്ന് അറിയപ്പെട്ടിരുന്ന നഗരത്തെ, ദൌലത്താബാദ്(ഇന്നത്തെ മഹാരാഷ്ട്രയില്‍) എന്ന് പേരുമാറ്റി, മലമുകളില്‍ ഒരു കോട്ടയും സ്ഥാപിച്ചു നമ്മുടെ തുഗ്ലക്. ഡല്‍ഹിയില്‍ നിന്നും ദൌലത്തബാദിലേയ്ക്ക് തലസ്ഥാനം മാറ്റാമെന്ന തലതിരിഞ്ഞ ഐഡിയ തുഗ്ലക്കിന് തോന്നിയത് അപ്പോഴാണ്. പ്രജകളോട് ഡല്‍ഹിയില്‍ നിന്നും ആയിരം കിലോമീറ്ററില്‍ അധികം ദൂരമുള്ള ദൌലത്തബാദിലേയ്ക്ക് കാല്‍നടയായി പോകാന്‍ അദ്ദേഹം ഉത്തരവിട്ടു. ആയിരക്കണക്കിനാളുകള്‍ യാത്രക്കിടയില്‍ രോഗം വന്നും ക്ഷീണം കൊണ്ടും മരിച്ചു വീണു. ‘തുഗ്ലക്കിന്റെ പരിഷ്കാരം’ എന്ന പ്രയോഗം തന്നെ വന്നത് സുല്‍ത്താന്റെ ഇത്തരം അപ്രായോഗികമായ ആശയങ്ങള്‍ കൊണ്ടാണ്. 1334 – ല്‍ ഡെക്കാന്‍ പ്രദേശം കുറച്ച് ഗവര്‍ണര്‍മാരെ ഏല്‍പ്പിച്ച് തുഗ്ലക് ടെല്‍ഹിയിലെയ്ക്ക് തന്നെ തിരിച്ചു പോയി. അവസരം പാര്‍ത്തിരുന്ന പല ഗവര്‍ണര്‍മാരും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വന്തം രാജവംശങ്ങള്‍ സ്ഥാപിച്ചു. 1345ല്‍ ബഹനാമി രാജവംശവും 1336-ല്‍ വിജയനഗര രാജവംശവും എല്ലാം ഇങ്ങനെ ഉണ്ടായതാണ്. തങ്ങള്‍ തുഗ്ലക്കിന്റെ കീഴിലാണെന്ന് അദ്ദേഹത്തെ തന്ത്രപരമായി വിശ്വസിപ്പിക്കാന്‍ പുതിയ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.
|
ഗോല്‍ ഗുംബസിനു അടുത്തുള്ള മോസ്ക് |
ബഹനാമി രാജവംശം 1345 മുതല്‍ 1480 വരെ നിലനിന്നു. ഹബ്ഷി, അഫാക്വി എന്നീ രണ്ടു വംശങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം കാരണം ബഹനാമി രാജവംശം ഒട്ടൊക്കെ നശിച്ചു. ബഹ്നാമി സുല്‍ത്താന്മാരുടെ കീഴിലുള്ള പല നാട്ടുരാജ്യങ്ങളുടെ ഭരണാധികാരികളും സ്വയം ഭരണം പ്രഖ്യാപിച്ചു. ഇങ്ങനെ ഉടലെടുത്ത അഞ്ചു ഇസ്ലാമിക രാജവംശങ്ങളില്‍ ഒന്നാണ് 1490ല്‍ യൂസുഫ് ആദില്‍ ഖാന്‍ സ്ഥാപിച്ച ആദില്‍ ഷാഹി രാജവംശം. ബിജാപ്പൂര്‍ ആയിരുന്നു തലസ്ഥാനം. പിന്നീടുള്ള നൂറ്റമ്പത് വര്‍ഷം ആദില്‍ ഷാഹി രാജാക്കന്മാര്‍ ബിജാപൂര്‍ തലസ്ഥാനമാക്കി ഭരണം നടത്തി.
ഞാന്‍ ആള്‍ക്കൂട്ടത്തിന് നടുവിലൂടെ ഗോല്‍ ഗുംബസിന്റെ പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു. ആദ്യ കാഴ്ചയില്‍ ഗോല്‍ ഗുംബസിനെ കണ്ണിലൊതുക്കാന്‍ വലിയ പ്രയാസമാണ്. ഗോല്‍ ഗുംബസിന്റെ മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവരെയും, ഫോട്ടോ എടുക്കാന്‍ പോലും മറന്നു ഈ വസ്തു വിദ്യാ അത്ഭുതത്തിന് മുന്നില്‍ കിളി പോയ പോലെ നില്‍ക്കുന്നവരെയും ഒക്കെ പിന്നിട്ടു ഞാന്‍ ഗോല്‍ ഗുംബസീല്‍ കടന്നു.
ശാന്തമായ ഒരു ഖബറിടത്തിലേയ്ക്കാണ് കടക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. നിര്‍മാണത്തിലെ പ്രത്യേകത കൊണ്ട് ഗോല്‍ ഗുംബസിന്റെ താഴികക്കുടം ഒരു Whispering gallery യാണ്. താഴികക്കുടത്തിന്റെ ഉള്‍ഭിത്തിയില്‍ ചുണ്ട് ചേര്‍ത്ത് വളരെ താഴ്ന്ന ശബ്ദത്തില്‍ പറയുന്നത് നേരെ എതിരെ ഏകദേശം 20-30 മീടര്‍ ദൂരെയുള്ള ഭിത്തിയില്‍ ചെവിയോര്‍ത്താല്‍ വ്യക്തമായി കേള്‍ക്കാം. ഈ എഫക്റ്റ് പരീക്ഷിക്കുകയാണ് സന്ദര്‍ശകര്‍ എല്ലാവരും. Whispering gallery യുടെ ശാസ്ത്ര തത്വം മനസ്സിലാക്കാത്തവര്‍ ഉച്ചത്തില്‍ കൂവുകയും, ചൂളമടിക്കുകയും, അലറി വിളിക്കുകയും ചെയ്ത് അതിന്റെ പല പ്രതിധ്വനികള്‍ കേട്ട് സായൂജ്യമടയുന്നു.
|
ഗോല്‍ ഗുംബസിന്റെ കൂറ്റന്‍ താഴികക്കുടം |
ഈ ഒച്ചയ്ക്കും ബഹളത്തിനും ഇടയില്‍ Whispering gallery എന്ന അത്ഭുതം ഒന്ന് പരീക്ഷിച്ചു നോക്കാന്‍ പോലും ആവില്ല എന്നതില്‍ എനിക്ക് നിരാശ തോന്നി. ഗോല്‍ ഗുംബസില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുല്‍ത്താനോടുള്ള അനാദരവ് കൂടിയാണ് അതെന്ന്‍ എനിക്ക് തോന്നി.
പിറ്റേ ദിവസം അതി രാവിലെ ഗോല്‍ ഗുംബസില്‍ വരുകയും, ആള്‍ത്തിരക്കില്ലാത്ത ഗോല്‍ ഗുംബസില്‍, സുല്‍ത്താനെ അല്പം പോലും ബുദ്ധിമുട്ടിക്കാതെ Whispering gallery പരീക്ഷിച്ചു നോക്കുകയും ചെയ്തു. മനോഹരമായ ഒരു അനുഭവമായിരുന്നു അത്.
|
മുഹമ്മദ് ആദില്‍ ഷാ സുല്‍ത്താന്റെ ഖബര്‍ - ഗോല്‍ ഗുംബസിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം |
ഗോല്‍ ഗുംബസിന്റെ താഴിക കുടത്തിനു ചുറ്റും നാല് മിനാരങ്ങള്‍ ഉണ്ട്. താമരയിതളിന്റെ രൂപത്തിലും കമാനങ്ങളും അടങ്ങിയ പ്ലാസ്ടര്‍ കൊണ്ടുള്ള അലങ്കാരപ്പണികളും. 1659 മുതല്‍ 1934 വരെ ഏഷ്യയിലെ ഏറ്റവും വലിയ താഴികക്കുടം എന്ന റെക്കോര്‍ഡ് ഗോല്‍ ഗുംബസിനായിരുന്നു.
|
ഗോല്‍ ഗുംബസിന്റെ മിനാരങ്ങളില്‍ ഒന്ന് |
മുഹമ്മദ് ആദില്‍ ഷാ രാജാവിന്റെ മുന്‍ഗാമിയും പിതാവുമായ ഇബ്രാഹിം II ആദില്‍ ഷായുടെ ഖബറിടമായ “ഇബ്രാഹിം റോസ” എന്ന സ്മാരകമാണ് എന്റെ അടുത്ത ലക്‌ഷ്യം. “ബസാള്‍ട്ട് കല്ലില്‍ നിര്‍മിച്ച കാവ്യം” എന്ന് ഇബ്രാഹിം റോസയെ വിളിക്കുന്നതില്‍ തെറ്റില്ല. പ്രഗത്ഭനായ ഭരണ കര്‍ത്താവും, കവിയും, സഹൃദയനും സൗന്ദര്യാരാധകനുമായ ഇബ്രാഹിം രാജാവിന്റെ ഖബറിനെ ” കറുത്ത താജ്മഹല്‍” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇബ്രാഹിം രാജാവിന്റെ പത്നിയായ താജ് സുല്‍ത്താനയാണ് 1633-ല്‍ ഇബ്രാഹിം റോസ നിര്‍മിക്കാന്‍ മുന്‍കൈ എടുത്തത്.
|
ഇബ്രാഹിം റോസ(ഇടത്) അടുത്തുള്ള മോസ്കും |
ഉയര്‍ന്ന പ്ലാട്ഫോമില്‍ നിര്‍മിച്ച ഇരട്ട കെട്ടിടങ്ങളാണ് ശവകുടീരവും മോസ്ക്കും.
മനോഹരമായ ഉദ്യാനത്തിന് നടുവില്ലുള്ള ചരല്‍പ്പാതയിലൂടെ ഇബ്രാഹിം റോസയ്ക്ക് അടുത്തേയ്ക്ക് നടക്കുമ്പോള്‍ അതിന്റെ സൗന്ദര്യത്തില്‍ നിന്നും കണ്ണെടുക്കാന്‍ സാധിച്ചില്ല.
|
ഇബ്രാഹിം റോസ |
ഡെക്കാണില്‍ ഞാന്‍ കണ്ട ഇസ്ലാമിക് ശൈലിയിലുള്ള ഏറ്റവും മനോഹര നിര്‍മിതിയാണ് ഇബ്രാഹിം റോസ. പുറമേ നിന്ന് അല്പം പരുക്കാന്‍ മട്ടു തോന്നുമെങ്കിലും ഇബ്രാഹിം റോസയുടെ ഉള്‍ചുവരുകള്‍ അതി സങ്കീര്‍ണ്ണ കാലിഗ്രാഫികള്‍ കൊണ്ടും, പൂക്കളുടെയും ഇലകളുടെയും ഡിസൈന്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. കാലിഗ്രാഫി ചെയ്യാത്ത ഒരിഞ്ചു സ്ഥലം പോലുമില്ല. കാലപ്പഴക്കം കൊണ്ട് പലതും അടര്‍ന്നു തുടങ്ങിയിരിക്കുന്നു.
|
ചുവരുകളിലെ കാലിഗ്രാഫി |
ഇബ്രാഹിം റോസയ്ക്കുള്ളില്‍ രാജാവിന്റെയും പത്നിമാരുടെയും ശവകുടീരങ്ങള്‍ ഉണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള മിനാരങ്ങളും താഴികക്കുടങ്ങളും ഉള്ള, സമീപത്തെ മോസ്ക്കും ഒരു സുന്ദര സൃഷ്ടി തന്നെ.
അച്ഛന്റെയും മകന്റെയും ഖബറിടങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഏതാണ് മനോഹരം എന്ന് തീരുമാനിക്കാന്‍ എനിക്ക് സാധിച്ചില്ല. വാസ്തു വിദ്യയുടെ അത്ഭുതമാണ് ഗോല്‍ ഗുംബസ് എങ്കില്‍, ഇസ്ലാമിക വാസ്തുവിദ്യയുടെ സൗന്ദര്യം മുഴുവന്‍ ഒത്തിണങ്ങിയ നിര്‍മിതയാണ് ഇബ്രാഹിം റോസ.
|
ഇബ്രാഹിം റോസയ്ക്ക് സമീപത്തുള്ള മോസ്ക് |
വൈകുന്നെരമാകുന്നു. ഇന്നത്തെ ദിവസം ഒരു ഖബര്‍ കൂടി കാണാനുണ്ട്. മുഹമ്മദ് രാജാവിന്റെ മകനും, ഇബ്രാഹിം രാജാവിന്റെ പൌത്രനുമായ അലി II ആദില്‍ ഷാഹി രാജാവിന്റെ ശവകുടീരമായ അലി റോസ ആണത്. നാട്ടുകാര്‍ “ബാരാ കമാന്‍” എന്നാണിതിനു പറയുന്നത്. ബസാള്‍ട്ടില്‍ നിര്‍മിച്ച അനേകം കമാനങ്ങളോട് കൂടിയ ഈ കുടീരത്തിന്റെ നിര്‍മാണം 1656-ല്‍ ആണ് ആരംഭിച്ചത്. മുഹമ്മദ് ആദില്‍ ഷായുടെ മരണശേഷം അലി രാജാവ് അധികാരം ഏറ്റെടുത്ത ഉടനെയായിരുന്നു ഇത്. അന്ന് രാജാവിനു പ്രായം വെറും പതിനെട്ടു വയസ്സ്. ആദില്‍ ഷാഹി രാജാക്കന്മാരുടെ രീതിയായിരുന്നു അത്. മരണം പരമമായ ഒരു സത്യമാണ് എന്ന തിരിച്ചരിവായിരിക്കണം ചെറു പ്രായത്തില്‍ തന്നെ ശവകുടീരങ്ങളുടെ പണി ആരംഭിക്കാന്‍ രാജാക്കന്മാരെ പ്രേരിപ്പിച്ചത്. തന്റെ മുത്തച്ഛന്റെയും അച്ഛന്റെയും ഖബറില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലിയില്‍ ആണ് ഇതിന്റെ അലി രാജാവ് തന്റെ കുടീരം രൂപകല്‍പന ചെയ്തത്.
|
ബാരാ കമാന്റെ ഒരു ഭാഗം |
കൂറ്റന്‍ ബസാള്‍ട്ട് തൂണുകളില്‍ താങ്ങി നിറുത്തിയിരിക്കുന്ന അനേകം കമാനങ്ങള്‍ ആണ് ഇതിന്റെ പ്രത്യേകത. അന്ന് മുഗള്‍ രാജകുമാരനായിരുന്ന ഔറംഗസേബിന്റെ നിരന്തര ആക്രമണങ്ങളില്‍ അസ്വസ്ഥമായിരുന്നു അലി രാജാവിന്റെ ഭരണകാലം. അത് കൊണ്ട് തന്നെ തന്റെ ശവകുടീരനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല, വെറും 33ആം വയസ്സില്‍ അലി രാജാവ് മരിച്ചു. തത്വത്തില്‍ ആദില്‍ ഷാ രാജവംശത്തിലെ അവസാന രാജാവായിരുന്നു അലി II ആദില്‍ ഷാ. അദ്ദേഹത്തിന്റെ മരണശേഷം 4 വയസ്സുകാരന്‍ മകന്‍ രാജാവായി അവരോധിക്കപ്പെട്ടെങ്കിലും, ‘പാളയത്തില്‍ പട’ എന്ന പോലെ ആദില്‍ ഷാഹി ഗവര്‍ണര്‍മാരും മന്ത്രിമാരും തമ്മിലുള്ള അധികാരതര്‍ക്കവും, എരിതീയില്‍ എണ്ണ പോലെ ഔറംഗസേബിന്റെന്റെ ഗൂഡാലോചനയും കൂടിയായപ്പോള്‍ ആദില്‍ ഷാഹി രാജവംശം പൂര്‍ണ്ണമായും തകര്‍ന്നു.
|
ബാരാ കമാനുള്ളില്‍ അലി II ആദില്‍ ഷായുടെ ഖബര്‍ |
തന്റെ അപൂര്‍ണ്ണമായ ശവകുടീരത്തില്‍ കമാനങ്ങള്‍ക്ക് താഴെ അവസാന ആദില്‍ ഷാ അന്ത്യവിശ്രമം കൊള്ളുന്നു. താഴ്ന്നു പോകുന്ന അസ്തമയ സൂര്യനെ നോക്കി ബാരാ കമാന് താഴെ അലി രാജാവിന്റെ ഖബറിനരികെ നില്‍ക്കുമ്പോള്‍, അപൂര്‍ണമെങ്കിലും ആള്‍ത്തിരക്കില്ലാത്ത, ശാന്തസുന്ദരമായ ആ സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന അലി രാജാവാണ് തന്റെ മുന്‍ഗാമികളെക്കാള്‍ ഭാഗ്യവാന്‍ എന്നെനിക്ക് തോന്നിപ്പോയി.
നല്ല വിവരണം
ReplyDeleteഈ ചരിത്രം എങ്ങനെ പഠിച്ചെടുക്കുന്നു
ReplyDeleteNice writings
ReplyDeletePost a Comment