മൂന്നു എൻജിനീയർമാരും, ഒരു കണക്കു ടീച്ചറും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതം പരമ ബോറായി മുന്നോട്ട് പോകുമ്പോഴാണ് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഏറ്റവും ഇളയ സന്തതി ഒരു പ്രഖ്യാപനം നടത്തുന്നത്. 

"എനിക്ക് പെയിന്റർ ആയാൽ മതി!" 

പറഞ്ഞു വരുന്നത് എന്റെ അനിയത്തിയെ കുറിച്ചാണ്. കെട്ടും കിടക്കയുമായി ആള്‍ തൃശൂർ ഫൈൻ ആർട്സ് കോളേജിലേക്ക് ചേക്കേറിയതോടെ അതുവരെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഓടിയിരുന്ന ഞങ്ങളുടെ ലൈഫ് കൂടുതൽ കളർഫുൾ ആകാൻ തുടങ്ങി. കലാകാരന്മാരും, ഫ്രീക്കന്മാരും ഫ്രീകത്തികളും പരിചയക്കാരായി.
ബാംഗ്ലൂരിലെ മനോഹരമായ ചില ആർട്ട് ഗാലറികളും നാടകശാലകളും ഞാൻ കാണുന്നതും ഈ താത്പര്യത്തിന്റെ പുറത്തായിരുന്നു. 

national gallery of modern art - Bangalore Pick Pack Go
കലയോട് താത്പര്യമുള്ളവർക്ക് ബാംഗ്ലൂരിലെ തിരക്കുകൾക്കിടയിൽ ശാന്തമായി ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ സ്ഥലങ്ങളാണിത്. ഒരു ദിവസത്തെ പിക്നിക് പോലെ പോയി വരാൻ പറ്റുന്ന സ്ഥലങ്ങൾ.


നാഷണൽ ഗാലറി ഓഫ് മോഡേൺ ആര്‍ട്ട്‌(NGMA)ബാംഗ്ലൂർ പാലസ് റോഡിൽ, ബ്രിട്ടീഷ് കാലഘട്ടത്തിൽ പണി കഴിപ്പിച്ച  'മാണിക്യവേലു മാൻഷൻ' എന്ന ബംഗ്ലാവിൽ ആണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സ്(NGMA) സ്ഥിതി ചെയ്യുന്നത്. ചിത്രകലയോടു താത്പര്യം ഇല്ലാത്തവരെ പോലും ആകർഷിക്കുന്ന പച്ചപ്പും ഹരിതാഭയും ആണ് NGMA ക്യാമ്പസിന്റെ പ്രത്യേകത. 

national gallery of modern art - Bangalore Pick Pack Go

പത്ത് രൂപയാണ് പ്രവേശന ഫീസ്. രവീന്ദ്രനാഥ് ടോഗോർ, രാജാ രവി വർമ്മ തുടങ്ങി, ആധുനിക ഇന്ത്യൻ പെയിന്റിങ്ങിലെ പ്രതിഭകളായ ജെമിനി റോയി, നന്ദലാൽ ബോസ്, അഞ്ജലി ഇള മേനോൻ, അമൃത ഷേർ ഗില് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുടെ ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 


നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സിലെ മറ്റൊരു ആകർഷണം അവിടെ ഇടയ്ക്കിടയ്ക്ക് വരുന്ന ഫോട്ടോ പ്രദർശനങ്ങൾ ആണ്. ഞങ്ങൾ പോയപ്പോൾ, സ്വാതന്ത്യ്രത്തിനു മുൻപുള്ള ഇന്ത്യയിലെ ഫോട്ടോകളുടെ പ്രദർശനം ആയിരുന്നു. ഒരിക്കലും കാണാൻ കിട്ടാത്ത ചില അപൂർവമായ ഫോട്ടോകൾ അവിടെ കാണാൻ കിട്ടി. പ്രദർശനങ്ങൾ മാറി മാറി വരും. മരങ്ങളുടെ ഇടയിൽ, പ്രകൃതിയോട് ഇണങ്ങിയുള്ള നല്ലൊരു കഫെറ്റീരിയയും, സുവനീർ കടയും, ലൈബ്രറിയും  NGMA യിൽ  ഉണ്ട്.


കർണാടക ചിത്രകലാ പരിഷത്ത്


ബാംഗ്ലൂർ എം ജി റോഡിനടുത്ത്, 'കുമാരകൃപ' റോഡിലൂടെ പോകുമ്പോൾ വളരെ വ്യത്യസ്തമായ ഒരു മതിൽ കാണാം. വാഹനങ്ങളുടെ പാർട്സുകൾ കൊണ്ട് നിർമിച്ച രസകരമായ ഒരുപാട് ശില്പങ്ങളാണ് ആ മതിലിന്റെ പ്രത്യേകത. ആ മതിൽക്കെട്ടിനുള്ളിൽ കർണാടക ചിത്രകലാ പരിഷത്ത് ആണ്.


 
പതിമൂന്നു ഗ്യാലറികളിലായി പെയിന്റിംങ്ങുകളുടെ ഒരു വൻ ശേഖരമാണ് ചിത്രകലാ പരിഷത്തിൽ ഉള്ളത്. റഷ്യൻ ചിത്രകാരനായ  നിക്കോളാസ് റോറിച്ചിന്റെ ചിത്രങ്ങളുടെ അപൂർവ ശേഖരം ഇവിടെയുണ്ട്. ഗ്യാലറികൾക്കുള്ളിൽ ഫോട്ടോഗ്രാഫിക്ക് കർശന വിലക്കുള്ളത് കൊണ്ട്, ആ ചിത്രങ്ങളുടെ മനോഹാരിത പോയി കണ്ടു തന്നെ അറിയണം. ചിത്രകലാ പരിഷത്തിൽ ഒരു പെയിന്റിംഗ് ഷോപ്പും ഉണ്ട്. വീട് അലങ്കരിക്കാൻ ചെറിയ പെയിന്റിങ്ങുകൾ ആവശ്യമുള്ളവർക്ക് വാങ്ങുകയും ആകാം. പക്ഷെ എല്ലാത്തിനും ഭയങ്കര വിലയാണ്. കമ്മത്ത് കലാരുചി എന്നൊരു മോശമല്ലാത്ത ഭക്ഷണശാലയും ഈ ക്യാമ്പസിൽ തന്നെയുണ്ട്. ഒരു ആർട്ടിസ്റ്റിനു വേണ്ട എല്ലാത്തരം കളറുകളും, പേപ്പറും ബ്രഷും എന്ന് വേണ്ട, നമ്മൾ ഒന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത പണിയായുധങ്ങളും ലഭിക്കുന്ന "ഭാസ്കർ ആർട്ട് സെന്റർ' എന്ന കടയും ഇതിനകത്തുണ്ട്. 


 ചിത്രകലാ വിദ്യാത്ഥികളുടെ മെക്കയാണ് ആ കട. അനിയത്തിയുടെ ഓരോ വരവിലും എന്റെ എത്ര എത്ര ആയിരം രൂപകൾ  അവിടെ പൊടിഞ്ഞിരിക്കുന്നു! 'കന്നിനെ കയം കാണിക്കരുത്' എന്നു പഴമക്കാർ പറയുന്നത് വെറുതെയല്ല!


രംഗശങ്കര തീയറ്റര്‍ - ജയനഗര്‍

ജയനഗറിലെ രംഗശങ്കര എന്ന നാടകശാല, ബാംഗ്ലൂര്‍ നഗരത്തിലെ ബുദ്ധി ജീവികളുടെ ഒരു പ്രിയപ്പെട്ട താവളമാണ്. സ്കൂളിലെ യുവജനോത്സവത്തിനും, പള്ളി പെരുന്നാളിനും കളിക്കുന്ന ചീള്  നാടകങ്ങള്‍ മാത്രം കണ്ടു ശീലമുള്ള എനിക്ക് ഇവിടുത്തെ പ്രൊഫഷണല്‍ നാടകങ്ങള്‍ അത്ഭുതമായിരുന്നു. ലൈവ് തീയറ്റര്‍ എന്താണെന്ന് അറിയണമെങ്കില്‍ ഒരിക്കല്‍ എങ്കിലും രംഗശങ്കരയിലെ നാടകം കാണണം. അവരുടെ സൈറ്റില്‍ അതാതു മാസം കളിക്കുന്ന നാടകങ്ങളുടെ ലിസ്റ്റും കഥാതന്തുവും ഒക്കെയുണ്ട്. മുന്‍കൂട്ടി ബുക്ക്‌ ചെയ്യാന്‍ സൗകര്യവും ഉണ്ട്. കുട്ടികളുടെ തീയറ്റര്‍ ആയ “ആഹാ!” യും രംഗശങ്കരയുടെ ഒരു ഭാഗമാണ്. മാമ്പഴക്കാലത്ത് ഇവിടെ വളരെ പ്രശസ്തമായ ഒരു മാങ്ങാ മേളയും നടക്കാറുണ്ട്.


"കിങ്ങിണി" ആർട്ട് ഗാലറി

ബാംഗ്ലൂർ ഇൻഫൻട്രി റോഡിലുള്ള "കിങ്ങിണി" ആർട്ട് ഗാലറിയാണ് എടുത്തിട്ടു പറയേണ്ട മറ്റൊന്ന്. (Kynkyny എന്നാണ് ഇംഗ്ലീഷ്. നിങ്ങൾക്ക് എങ്ങനേം വായിക്കാം). നമ്മൾ പഴയ ഹിന്ദി സിനിമകളിലും മറ്റും കണ്ടിട്ടുള്ള ബംഗ്ലാവിനെ ഓർമിപ്പിക്കുന്ന "എംബസി സ്‌ക്വയർ മാൻഷൻ" എന്ന കെട്ടിടത്തിലാണ് Kynkyny ആർട്ട് ഗാലറി ഉള്ളത്. 


ആധുനിക ഇന്ത്യൻ ചിത്രകാരന്മാരുടെ/ചിത്രകാരികളുടെ മനോഹരമായ പെയിന്റിങ് എക്സിബിഷൻ ഇവിടെ നടക്കാറുണ്ട്. 


ഞാൻ പോയപ്പോൾ Shankar Kendale എന്ന ചിത്രകാരന്റെ നോയർ എന്ന പ്രദർശനം ആയിരുന്നു. മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആയിരുന്നു അന്നവിടെ കണ്ടത്. പ്രദർ ശങ്ങൾ  മാറി മാറി വരും. ഒന്നോ രണ്ടോ മണിക്കൂർ സമയം കാണാനുള്ളതെല്ലാം ഇവിടെയുണ്ട്. 


ബാംഗ്ലൂരിലെ മാളുകളും, പബ്ബുകളും സിനിമാ തീയറ്ററുകളും കറങ്ങി ജീവിതം ബോറടിച്ച് തുടങ്ങുമ്പോൾ ഇവിടെയൊക്ക ഒന്ന് പോയി നോക്കാം. ഒരു ഫ്രഷ്‌നെസ്സ് തോന്നും എന്നതിന് ഞാൻ ഗ്യാരന്റി. Post a Comment

Previous Post Next Post