ലീവ് ഇപ്പോഴും പറഞ്ഞിട്ടില്ല. അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്. പക്ഷെ കാര്യം പറഞ്ഞപ്പോള്‍ മഹാമനസ്കനായ, എന്റെ യാത്രകളെക്കുറിച്ച് അറിയാവുന്ന മാനേജര്‍ ചെറു ചിരിയോടെ പറഞ്ഞു.
"പൊയ്ക്കോ, അമ്മയുടെ കൂടെയൊരു യാത്ര ഞാനായിട്ട് മുടക്കുന്നില്ല."
അങ്ങേരുടെ മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കാന്‍ തോന്നിപ്പോയി.
അങ്ങനെ, കാത്തിരുന്ന ജൂലൈ അഞ്ചാം തീയതി വന്നു. വൈകുന്നേരം ഏഴു മണിക്കാണ് ട്രെയിന്‍. ബാംഗ്ലൂര്‍ ട്രാഫിക് അറിയാവുന്നത് കൊണ്ട് നാലേ മുക്കാല്‍ ആയപ്പോള്‍ തന്നെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വണ്ടി പിടിച്ചു. ഗതികേടിനു റിച്ച്മണ്ട് റോഡ് എത്താറായപ്പോള്‍, വലത്തേയ്ക്കുള്ള ഒരു തിരിവ് ഡ്രൈവര്‍ ചേട്ടന്‍ വിട്ടു പോയി. ഭീകരമായ ഒരു ട്രാഫിക്ക് ജാമിലാണ് ചെന്ന് കയറിയത്. സമയം ആറു കഴിഞ്ഞു... ഗൂഗിള്‍ മാപ്പ് മനുഷ്യനെ പേടിപ്പിക്കാന്‍ തുടങ്ങി. അത് പറയുന്നത് റെയില്‍വേ സ്റ്റേഷനില്‍ ആറെ അമ്പത് ആകുമ്പോഴേ എത്തൂ എന്നാണ്. ഭീകര ടെന്‍ഷന്‍, ബാംഗ്ലൂരിനെ വെറുത്ത് പൊയ നിമിഷങ്ങള്‍!
പക്ഷെ, ഗൂഗിള്‍ മാപ്പ് വാക്കിനു വിലയുള്ളവനാണെന്നു തെളിയിച്ചു! ആറെ അമ്പതിന് തന്നെ ഞങ്ങള്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ എത്തി. പത്താം പ്ലാറ്റ്ഫോമിലാണ് ഞങ്ങള്‍ക്ക് പോകേണ്ട "ഗോല്‍ ഗുംബസ്" എക്സ്പ്രസ്സ് വരുന്നത്. അവിടേയ്ക്ക് ഓടാന്‍ ഞങ്ങള്‍ മാത്രമായിരുന്നില്ല, ഏകദേശം ഒരു കൊച്ചി മാരത്തോണ്‍ പോലെ ആയിരുന്നു. എല്ലാവർക്കും ബാംഗ്ലൂര്‍ ട്രാഫിക് പണി കൊടുത്തു എന്ന് തോന്നുന്നു. പ്ലാറ്റ്ഫോമില്‍ ചെന്ന് നിന്നതും ഇരച്ച് കൊണ്ട് ദാ വരുന്നു നമ്മടെ ട്രെയിന്‍!
അപ്പൊ, ആ നിമിഷം എനിക്ക് ഉറപ്പായി. "ദൈവം ഉണ്ട്!".
|
അങ്ങനെ ഞങ്ങള്‍ ബദാമി എത്തി! |
ജൂലൈ ആറാം തീയതി രാവിലെ 7:30 നു ട്രെയിന്‍ ബദാമി സ്റ്റേഷനില്‍ എത്തി. ഞങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത് കര്‍ണാടക ടൂറിസം ഡിപ്പാർട്മെന്റിന്റെ ഹോട്ടല്‍ "മയൂര ചാലൂക്യ" ആണ്. ബദാമി റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് ഹോട്ടലിലേയ്ക്ക്. നൂറ്റി ഇരുപത് രൂപയ്ക്ക് ഒരു ഓട്ടോ പറഞ്ഞുറപ്പിച്ചു. ഷെയര്‍ ഓട്ടോകള്‍ ധാരാളം കിടക്കുന്നുണ്ട്, വളരെ കുറഞ്ഞ ചെലവിൽ ബദാമിയിൽ എത്താം, പക്ഷെ ആള് നിറഞ്ഞാലെ പോകൂ എന്ന് മാത്രം. നമുക്ക് പോകാന്‍ തിരക്കുണ്ട്, മാത്രമല്ല ലഗേജും. കുണ്ടും കുഴിയുമുള്ള റോഡിലൂടെ ഓട്ടോ കുതിര ഓടുന്നത് പോലെയാണ് പോകുന്നത്. അതിനിടയ്ക്ക് കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ അമ്മയ്ക്ക് ബദാമിയുടെ ചരിത്രം പറഞ്ഞു കൊടുത്തു.
AD 544 മുതല്‍ ഉത്തര കര്‍ണാടകയും സമീപ പ്രദേശങ്ങളും ഭരിച്ചിരുന്ന രാജവംശം ആയിരുന്നു ചാലൂക്യര്‍. ചാലൂക്യ രാജവംശത്തിന്റെ പേര് ഉത്ഭവിച്ചതിനു പിന്നിൽ രസകരമായ
പല ഐതിഹ്യങ്ങളും ഉണ്ട്. അതിൽ ഒന്ന് ബിലഹന എന്ന ചാലൂക്യ കവി
രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ബ്രഹ്‌മാവ് തന്റെ പ്രഭാത പ്രാർത്ഥനകളിൽ
ഏർപ്പെട്ടിരിക്കുമ്പോൾ ഇന്ദ്രദേവൻ അദ്ദേഹത്തിന്റെ അടുത്ത് എത്തി. ഭൂമിയിലെ
ആൾക്കാർ എല്ലാം വഴിതെറ്റി പോയെന്നും, പൂജയും പ്രാർത്ഥനയും ഒന്നും ആരും
നടത്തുന്നില്ല എന്നുള്ള കംപ്ലൈന്റുമായാണ് കക്ഷി വന്നത്. ഭൂവാസികളെ നല്ല
വഴിക്കു നടത്താൻ ഒരു നായകൻ വേണമെന്ന ഇന്ദ്രന്റെ ആവശ്യം ബ്രഹ്‌മാവ്
അംഗീകരിച്ചു. ബ്രഹ്‌മാവ് പൂജയ്ക്കു വെള്ളം വയ്ക്കുന്ന പാത്രത്തിൽ നിന്നും
ഒരു ധീര യോദ്ധാവ് ജന്മം കൊണ്ടു. പൂജാ പാത്രത്തിനു ചുൽക്ക, ചാലൂക എന്നൊക്കെ
പേരുണ്ട്. അങ്ങനെ ചാലൂകയിൽ നിന്നും ജന്മം കൊണ്ടതിനാൽ അദ്ദേഹം ചാലൂക്യനായി. ആ
ആദിപുരുഷനിൽ നിന്നാണ് തങ്ങളുടെ വംശം ഉത്ഭവിച്ചതെന്നാണ് ചാലൂക്യർ
വിശ്വസിച്ചിരുന്നത്. ഹിസ്റ്ററി ക്ലാസ്സിന്‍റെ ആദ്യ ഭാഗം കഴിഞ്ഞപ്പോഴേയ്ക്കും ഓട്ടോ ബദാമി പട്ടണത്തില്‍ എത്തിയിരുന്നു.
|
ബദാമി ചാലൂക്യ ഹോട്ടല്‍ |
ഞാന്‍ പ്രതീക്ഷിച്ചതിലും എത്രയോ ചെറിയൊരു പട്ടണമാണ് ബദാമി. വലിയ വൃത്തിയും വെടിപ്പും ഒന്നുമില്ലാത്ത റോഡുകള്‍, എവിടെ നോക്കിയാലും അലഞ്ഞു നടക്കുന്ന പന്നികളാണ് കാഴ്ച. ആദ്യം തന്നെ ഒരു മടുപ്പ് തോന്നിപ്പോയി. കർണാടക ടൂറിസത്തിന്റെ മയൂര ചാലൂക്യ ഒരു ഇടത്തരം ഹോട്ടൽ ആണ്. റൂമുകൾ ഒക്കെ വളരെ പഴക്കം ചെന്നത്. ആകെ ഒരു മെച്ചം അവിടുത്തെ റെസ്റ്റോറന്റ് ആണ്. ബദാമിൽ നല്ല ഭക്ഷണശാലകൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ, അതിൽ ഒന്നാണ് മയൂര ചാലൂക്യയിലേത്. ഒന്ന് ഫ്രഷ് ആയി പുറത്തിറങ്ങി.
ബദാമി ഗുഹാ ക്ഷേത്രങ്ങൾ ആണ് ആദ്യ ലക്ഷ്യം. ഹോട്ടലിൽ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളെങ്കിലും ഒരു ഓട്ടോ പിടിച്ചു. അതു വളരെ നല്ലൊരു തീരുമാനമായിരുന്നു. വൃത്തിഹീനമായ ബദാമി ചേരി പ്രദേശം കടന്നു വേണം ഗുഹാ ക്ഷേത്രങ്ങളിൽ എത്താൻ. മലിന ജലം വഴിയിലൂടെ തന്നെയാണ് ഒഴുകുന്നത്. എന്നാൽ ഗുഹാ ക്ഷേത്രങ്ങളുടെ കോമ്പൗണ്ടിലേയ്ക്ക് കടക്കുമ്പോൾ കഥ മാറുന്നു. മനോഹരമായ പുൽത്തകിടികൾ. ഒരു പേപ്പർ കഷ്ണം പോലും എവിടെയും കാണാനില്ല. ഇന്ത്യൻ പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന് ശേഷമാണ് ഈ മാറ്റങ്ങൾ. അതിനു മുൻപ് ഈ ഗുഹാ ക്ഷേത്രങ്ങൾ ഒക്കെ നാട്ടുകാർ കയ്യേറി താമസിക്കുകയായിരുന്നു. അല്പസ്വല്പം ഗുണ്ടായിസം ഒക്കെ കാണിച്ചാണ് ഇന്ത്യൻ പുരാവസ്തു വകുപ്പ് കയ്യേറ്റക്കാരെ ഒഴിപ്പിച്ചതത്രേ ! ചുവപ്പു നിറമുള്ള, ഭീമാകാരനായ ഒരു മലയുടെ പല തട്ടുകളിൽ ആയാണ് ഈ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. മലയുടെ ഏറ്റവും മുകളിലായി ഒരു കോട്ടയുടെ തകർന്ന മതിലുകൾ കാണാം.
നാല് ഗുഹാക്ഷേത്രങ്ങൾ ആണ് ഈ കോംപ്ലക്സിൽ ഉള്ളത്. ആദ്യത്തേത് ശിവ ക്ഷേത്രവും , രണ്ടും മൂന്നും വിഷ്ണു ക്ഷേത്രങ്ങളും നാലാമത്തേത് ജൈന ക്ഷേത്രവും ആണ്.
|
ബദാമി ഗുഹാ ക്ഷേത്രങ്ങള്‍ ദൂരെ നിന്നുള്ള കാഴ്ച ഇതില്‍ ചുവന്നു വലയത്തില്‍ അടയാളപ്പെടുത്തിയവയാണ് ഗുഹാ ക്ഷേത്രങ്ങള്‍ |
ടിക്കറ്റ് എടുത്തതിനു ശേഷം ആദ്യം അന്വേഷിച്ചത് ഇംഗ്ലീഷ് അറിയാവുന്ന ഒരു ഗൈഡിനെ ആണ്. ഗൈഡ് ഉണ്ടെങ്കിൽ ശില്പങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാം. മാത്രമല്ല, ബദാമിലെ കുപ്രസിദ്ധരായ കുരങ്ങന്മാരെ പേടിക്കുകയും വേണ്ട. ഒരു വെടിക്ക് രണ്ടു പക്ഷി! അഞ്ചു മിനിറ്റു കാത്തിരുന്നപ്പോൾ "പാഞ്ചു" എന്നു പേരുള്ള ഗൈഡ് വന്നു.
ഗൈഡ് ആദ്യം ഞങ്ങൾക്ക് ബദാമിയുടെ ചരിത്രം പറഞ്ഞു തന്നു. ബദാമി ചരിത്ര രേഖകളില്‍ അറിയപ്പെടുന്നത് "വാതാപി" എന്നാണ്. "വാതാപി ഗണപതിം ബജേ ഹം" എന്ന കീര്‍ത്തനത്തിലെ വാതാപിയില്ലേ? അത് താന്‍ ഇത്! ബദാമി എന്ന പുതിയ പേര് വരാൻ രണ്ടു കാരണങ്ങൾ ആണ് ചരിത്രകാരന്മാർ പറയുന്നത്. ഒന്ന്, വാതാപി എന്ന പേര് രൂപം മാറിയതാകാം. അല്ലെങ്കിൽ ബദാം നിറമുള്ള പാറക്കെട്ടുകൾ ഉള്ളത് കൊണ്ടാകാം.
കദംബ രാജ വംശത്തിന്‍റെ ഗവര്‍ണര്‍മാരായിരുന്ന ജയസിംഹ, രണരംഗ എന്നിവരാണ് ചാലൂക്യ വംശത്തിലെ ആദ്യത്തെ ഭരണകർത്താക്കൾ. പുലകേശി ഒന്നാമന്‍ ആണ് ചാലൂക്യ രാജവംശത്തിന്റെ സ്ഥാപകന്‍ എന്ന് അറിയപ്പെടുന്നത്. പുലകേശി ഒന്നാമന്‍ വാതാപി തന്‍റെ തലസ്ഥാനമായി സ്വീകരിച്ച് മലമുകളില്‍ ഒരു കോട്ട സ്ഥാപിച്ചു. മൂന്നു വശങ്ങളിലും വന്‍ മലകളാല്‍ ചുറ്റപ്പെട്ട, അതി സുരക്ഷിതമായ ഭൂപ്രകൃതി തന്നെയാണ് വാതാപിക്ക് നറുക്ക് വീഴാന്‍ കാരണം. ചാലൂക്യ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ് പുലകേശി ഒന്നാമന്റെ പൗത്രനായ പുലകേശി രണ്ടാമൻ ആണ്. തന്റെ അമ്മാവനായ മംഗളേശനെ യുദ്ധത്തിൽ തോൽപ്പിച്ച്, കൊലപ്പെടുത്തി അധികാരത്തിൽ ഏറിയ പുലകേശി രണ്ടാമൻ ചാലൂക്യ വംശത്തിന്‍റെ അധികാരം തെക്ക് മഹാരാഷ്ട്ര വരെയും കിഴക്ക് തമിഴ്നാട് വരെയും വ്യാപിപ്പിച്ചു. ഏകദേശം രണ്ടു നൂറ്റാണ്ടോളം ചാലൂക്യന്മാര്‍ ഡെക്കാന്‍ പീഠഭൂമിയുടെ സിംഹഭാഗങ്ങളും അടക്കി വാണു. കീര്‍ത്തിവര്‍മ്മന്‍ രണ്ടാമന്‍ ആണ് ചാലൂക്യ വംശത്തിലെ അവസാന രാജാവ്. AD 757 -ല്‍ രാഷ്ട്രകൂട രാജവംശം ചാലൂക്യരെ കീഴ്പ്പെടുത്തി. രണ്ടു നൂറ്റാണ്ട് കൊണ്ട്, മഹത്തായ ഗുഹാ ക്ഷേത്രങ്ങളും, ശില്പങ്ങളും ചാലൂക്യര്‍ ഉണ്ടാക്കി. ദക്ഷിണ ഭാരതത്തിലെ ശില്പകലയ്ക്ക് അടിസ്ഥാനം ഇട്ടത് ചാലൂക്യര്‍ ആണെന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല.
|
ബദാമിയിലെ ഒന്നാം ഗുഹാക്ഷേത്രം- പതിനെട്ടു കൈയുള്ള ശിവനെയും കാണാം |
ഒന്നാം ഗുഹാക്ഷേത്രത്തിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നത് വലതു വശത്തെ ശിവതാണ്ഡവ ശില്പം ആണ്. പതിനെട്ടു കയ്യുള്ള ശിവൻ, ഓരോ കയ്യും ഭാരതനാട്യത്തിലെ ഓരോ മുദ്രകൾ ആണെന്ന് ഗൈഡ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ശില്പങ്ങളുടെ പട്ടികയിൽ വരുന്ന ഒരു കലാസൃഷ്ടിയാണിത്.
|
ബദാമി ഒന്നാം ഗുഹാക്ഷേത്രത്തിലെ ശിവതാണ്ഡവ ദൃശ്യം |
അടുത്ത് തന്നെയായി മഹിഷാസുര മർദ്ദിനിയുടെ ശില്പം കാണാം. കാളയുടെ രൂപത്തിലുള്ള മഹിഷാസുരന്റെ തല പിളർന്നു ശൂലം തറയിൽ തട്ടി നിൽക്കുന്ന നിലയിലാണ് ശില്പം. വാതാപി ഗണപതി എന്ന പേരിൽ പ്രശസ്തമായ ഒരു ഗണപതി വിഗ്രഹം പുരാതന വാതപിയിൽ ഉണ്ടായിരുന്നു. പല്ലവന്മാർ വാതാപി കീഴടക്കിയപ്പോൾ അവർ ഈ വിഗ്രഹം തമിഴ് നാട്ടിലേയ്ക്ക് കടത്തി കൊണ്ട് പോയി. ഈ പുരാതന വിഗ്രഹം ഇപ്പോൾ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തിൽ ഉണ്ട്. വാതാപി ഗണപതിയുടെ മാതൃകയിലുള്ള, ഒട്ടും കുടവയറില്ലാത്ത ഒരു ഗണപതി ദുർഗാ ശില്പത്തിന് സമീപത്തുണ്ട്.
|
ഇടത് : മഹിഷാസുര മര്‍ദ്ധിനി വലത്- വാതാപി ഗണപതി |
ഒന്നാം ഗുഹാക്ഷേത്രത്തിൽ എടുത്തു പറയയേണ്ട മറ്റു രണ്ടു ശില്പങ്ങൾ അർത്ഥനാരീശ്വര ശില്പവും ഹരിഹര ശില്പവുമാണ്. ഗുഹാ ക്ഷേത്രത്തിനു മുന്നിലെ ഇടനാഴിയിലെ രണ്ടു വശങ്ങളിലായാണ് ഈ ശില്പങ്ങൾ നിലകൊള്ളുന്നത്. ഒരു പകുതി സ്ത്രീ ശരീരവും മറുപകുതി പുരുഷ ശരീരവുമാണ് അർത്ഥനാരീശ്വര ശില്പത്തിന്. ഇതിൽ പുരുഷൻ ശിവനെയും സ്ത്രീ പാർവതിയെയും സൂചിപ്പിക്കുന്നു. മറ്റു പല സ്ഥലങ്ങളിലും ഞാൻ അർത്ഥനാരീശ്വര ശില്പങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഈ ശില്പത്തിൽ എന്നെ ആകർഷിച്ചത് ഇടത്ത് വശത്ത് കൈകൂപ്പി നിൽക്കുന്ന എല്ലും തോലുമായ ഒരു രൂപമാണ്. അതാരാണെന്ന് ഞാൻ നമ്മുടെ ഗൈഡ് പാഞ്ചുവിനോടു ചോദിച്ചു. "ഭൃഗി" എന്ന ഋഷിയാണത്രെ അതു. ഭൃഗി എല്ലും കോലുമായതിനു പിന്നിൽ ഒരു നീണ്ട കഥയുണ്ട്.
|
അർത്ഥനാരീശ്വര ശില്പം - ഇടതു വശത്ത് മെലിഞ്ഞുണങ്ങിയ ഭൃംഗിയെയും കാണാം |
വലിയ ശിവ ഭക്തൻ ആയിരുന്നു ഭൃംഗി ഋഷി. പക്ഷെ ഒരു സ്ത്രീയായ പാർവതി ആരാധിക്കാൻ ആൾ തയ്യാറായില്ല. ഒരിക്കൽ ശിവനെ കാണാൻ അദ്ദേഹം കൈലാസത്തിൽ എത്തി. പാർവതിയെ ഒഴിവാക്കി ശിവനെ മാത്രം പ്രദിക്ഷണം ചെയ്യാൻ ഭൃംഗി തുനിഞ്ഞപ്പോൾ ശിവൻ അർത്ഥനാരീശ്വര രൂപം പ്രാപിച്ചു. എന്നിട്ടും പാർവതിയെ വലം വയ്ക്കാൻ ഭൃംഗി വിസമ്മതിച്ചു. ഇതിൽ കോപിതയായ പാർവതി ഭൃംഗിയുടെ ശരീരത്തിൽ നിന്നും രക്തവും മാസവും വലിച്ചെടുത്തു. ഹൈന്ദവസങ്കല്പത്തിൽ ഒരു മനുഷ്യന്റെ അസ്ഥിയും നാഡികളും അടങ്ങുന്ന ദൃഢ ഭാഗങ്ങൾ പിതാവിൽ നിന്നും, രക്തവും മാസവും അടങ്ങിയ മൃദു ഭാഗങ്ങൾ മാതാവിൽ നിന്നും ലഭിക്കുന്നതാണ്. അങ്ങനെയാണ് ഭൃംഗി ഋഷി എല്ലും തോലും ആയത്.
ഈ ശില്പത്തിൽ വലതു ഭാഗത്ത് പാർവതിയുടെ ഒരു പരിചാരികയാണ് നിൽക്കുന്നത്. അവൾക്ക് ശില്പത്തിൽ ഒരു ബാലൻസിങ് റോൾ മാത്രമാണ് ഉള്ളതെന്നാണ് പാഞ്ചുവിന്റെ അഭിപ്രായം. ശിവന്റെ ഇടത് വശത്ത് ഭൃംഗി വരുമ്പോൾ വലത്ത് ഭാഗം ഒഴിഞ്ഞു കിടന്നാൽ ശില്പത്തിന്റെ സിമിട്രി നഷ്ടമാകുമത്രേ! ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.
|
ഒന്നാം ഗുഹാക്ഷേത്രത്തിലെ ഹരിഹ ശില്‍പം |
ഹരിഃഹര ശില്പത്തിനടുത്തേയ്ക്ക് നടക്കുമ്പോൾ ആണ് ഞാൻ ഈ ക്ഷേത്രത്തിലെ തൂണുകൾ ശ്രദ്ധിക്കുന്നത്. മനോഹരമായ തോരണങ്ങൾ പോലെയുള്ള കൊത്തുപണികൾ ചെയ്ത ചിത്രത്തൂണുകൾ. ക്ഷേത്രത്തിന്റെ മച്ചിൻ മേൽ അപ്സരസുകളും, ഗന്ധർവന്മാരും പറന്നു നടക്കുന്ന ശില്പങ്ങൾ.
|
മച്ചിന്‍ മുകളിലെ ഗന്ധര്‍വനും അപ്സരസും. |
മേൽക്കൂരയിലെ ശില്പങ്ങൾ ഇത്ര കൃത്യതയോടെ കൊത്തിയുണ്ടാക്കിയ ശില്പികളോട് ആരാധന തോന്നിപ്പോയി. എന്തെങ്കിലും സ്റ്റാൻഡിന്റെ മുകളിൽ മലർന്നു കിടന്നാവണം അവർ ഇത് കൊത്തിയത്, കൽച്ചീളുകൾ കണ്ണിൽ വീണിട്ടുണ്ടാകാം, മലർന്നു കിടന്നു കൊത്തുമ്പോൾ കൈകൾക്കും നടുവിനും വളരെയധികം ആയാസം ഉണ്ടായിരിക്കാം . ഒരു ശിൽപിയുടെ രക്തവും വിയർപ്പും കണ്ണീരുമാണ് ഓരോ ശില്പവും.
|
മച്ചിന്‍ മുകളിലെ നാഗരാജ ശില്‍പം |
ഞാൻ വിശദമായി ഓരോന്നിനെയും കുറിച്ച് ചോദിക്കുമ്പോൾ പാഞ്ചുവിന് വളരെ സന്തോഷം. ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് പോകുമ്പോൾ ഒരു നിര തൂണുകൾ കൂടി കാണാം. എന്നാൽ ശില്പവേലയും ചിത്രത്തൂണുകളും എല്ലാം പുറത്ത് മാത്രമേ ഉള്ളൂ. ക്ഷേത്രത്തിന്റെ ഉൾവശം അനാഡംബരമാണ്. ഇതിനും ഒരു കാരണം പാഞ്ചു പറഞ്ഞു. ഗുഹാ ക്ഷേത്രങ്ങൾ ആയതു കൊണ്ട്, പുറത്തെ ഒരു നിരയിൽ മാത്രമേ ശരിയായ സൂര്യവെളിച്ചം കിട്ടൂ. അതുകൊണ്ടു എത്ര മനോഹരമായ ചിത്രപ്പണിയും അകത്ത് ചെയ്തിട്ട് കാര്യമില്ല എന്നു ശിൽപികൾക്ക് തോന്നിയിരിക്കണം.
ചാലൂക്യരുടെയും ശതവാഹനരുടെയും കദംബ രാജ വംശത്തിന്റെയും ഒക്കെ ചരിത്രം ചർച്ച ചെയ്തു കൊണ്ട് ഞങ്ങൾ രണ്ടാം ഗുഹാ ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിത്തുടങ്ങി. ഈ ചവിട്ടു പടികൾ പോലും ചാലൂക്യന്മാരുടെ കാലത്ത് ഉണ്ടാക്കിയതാണ്. സാധാരണ ഇങ്ങനെയുള്ള ഗുഹാക്ഷേത്രങ്ങൾ കാടുമൂടി എത്തിപ്പെടാൻ പറ്റാത്തതു പോലെ ദുർഘടം പിടിച്ച സ്ഥലങ്ങളിൽ ആയിരിക്കും. പിന്നീട് പുരാവസ്തു വകുപ്പാണ് വഴിയൊക്കെ വെട്ടിത്തെളിച്ചു സഞ്ചാരയോഗ്യം ആക്കുന്നത്. ഇവിടെയാകട്ടെ, ചാലൂക്യ രാജാക്കന്മാർ അതൊക്കെ മുൻകൂട്ടി മനസ്സിൽ കണ്ടിരുന്നു. എന്നു മാത്രമല്ല, ഗുഹാ ക്ഷേത്രങ്ങൾ നിർമിച്ച ശേഷം ബാക്കി വന്ന കല്ലുകൾ അടുത്തുള്ള അഗസ്ത്യ കുളത്തിന്റെ പടവുകൾ കെട്ടാൻ അവർ ഉപയോഗിച്ചു. ഈ ദീർഘ ദൃഷ്ടി തന്നെയാകണം ഇരുനൂറു വർഷം തെക്കേ ഇന്ത്യയുടെ സിംഹഭാഗങ്ങളും അടക്കി വാഴാൻ ചാലൂക്യ രാജാക്കന്മാർക്ക് തുണയായത്.
|
കൂറ്റന്‍ പാറക്കെട്ടിനു താഴെയുള്ള രണ്ടാം ഗുഹാ ക്ഷേത്രം |
രണ്ടാം ഗുഹാക്ഷേത്രം താരതമ്യേന ചെറുതാണ്. വിഷ്ണു ക്ഷേത്രമാണത്. നേരത്തെ പറഞ്ഞത് പോലെ, ഗുഹാക്ഷേത്രത്തിന്റെ മുന്നിലെ ഇടനാഴിയുടെ രണ്ടു വശവും രണ്ടു മനോഹര ശില്പങ്ങൾ ഉണ്ട്. ഹിരണ്യാക്ഷൻ എന്ന രാക്ഷസൻ തട്ടിക്കൊണ്ടു പോയി പാതാളത്തിൽ ഒളിപ്പിച്ച ഭൂമിദേവിയെ പാതാളത്തിൽ നിന്നും രക്ഷിച്ചു കൊണ്ടു വരുന്ന വരാഹ മൂർത്തിയുടെ ശില്പമാണ് ഒന്ന്.
|
ഭൂമി ദേവിയെ പാതാളത്തില്‍ നിന്നും ഉയര്‍ത്തുന്ന വരാഹമൂര്‍ത്തി |
അടുത്തത് ത്രിവിക്രമഃ മൂർത്തിയാണ്. നമ്മുടെ മഹാബലിയുടെ കഥയാണ് ത്രിവിക്രമഃ മൂർത്തി ശിൽപത്തിൽ വിവരിക്കുന്നത്. ബ്രാഹ്മണ ബാലനായി വരുന്ന വാമനൻ മൂന്നടി ചോദിക്കുന്നതും, മഹാബലി ദാനം ചെയ്യുന്നതും, വാമനൻ ആകാശം മുട്ടെ വളർന്നു ത്രിവിക്രമഃ മൂർത്തിയായി മാറുന്നതും, രണ്ടടി കൊണ്ടു ഭൂമിയും സ്വർഗ്ഗവും അളന്നു, ഇനി മൂന്നാമത്തെ അടി ഇവിടെ വയ്ക്കും എന്നു കൈചൂണ്ടി ചോദിക്കുന്നതുമായ സന്ദർഭമാണ് ഈ ശില്പത്തിൽ വിവരിച്ചിരിക്കുന്നത്. ഈ ശിൽപം കണ്ടപ്പോൾ എനിക്കും അമ്മയ്ക്കും ഉണ്ടായ സന്തോഷത്തിനു അതിരില്ല. നമ്മുടെ സ്വന്തം മഹാബലിയല്ലേ? ഗൈഡ് പാഞ്ചുവിന് അത്ഭുതം തോന്നിയില്ല. ഈ ശില്പത്തിന്റെ കഥ കേൾക്കുമ്പോൾ ഏറ്റവും ആവേശം കൊള്ളുന്നത് മലയാളികൾ ആണത്രേ! ഒന്നാം ക്ലാസ്സു മുതല്‍ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ കഥ പഠിക്കുന്നവരല്ലേ നമ്മള്‍ മലയാളികള്‍!
|
ത്രിവിക്രമ മൂര്‍ത്തി- കാല്‍ക്കല്‍ വാമന ശില്പവും മഹാബലിയും |
മൂന്നാം ഗുഹാ ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിചെല്ലുന്നത് വിശാലമായ ഒരു മുറ്റത്തേക്കാണ്. അവിടെ നിന്നും താഴോട്ടു നോക്കിയാൽ, ഒരു സ്വപ്ന ദൃശ്യം എന്നപോലെ അഗസ്ത്യ തടാകവും അതിനു കരയിലെ ഭൂതനാഥ ക്ഷേത്രവും അതിനും അപ്പുറം ചുവന്ന മലനിരകളും കാണാം. പനോരമ ക്ലിക്ക് ചെയ്യാൻ ഇതിലും പറ്റിയൊരു സ്ഥലം വേറെയില്ലെന്നു തോന്നും.
|
രണ്ടാം ഗുഹാ ക്ഷേത്രത്തില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന കാഴ്ച - അഗസ്ത്യ കുളം |
ബദാമി ഗുഹാ ക്ഷേത്രങ്ങളിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ആണ് മൂന്നാം ക്ഷേത്രം. നിർമാണ കാലത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടുള്ളതും ഈ ക്ഷേത്രത്തിനാണ്. ശില്പങ്ങള്‍ കൂടാതെ മനോഹരമായ മ്യൂറല്‍ പെയിന്റിങ്ങുകളും ഈ ഗുഹയില്‍ ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടും, അശാസ്ത്രീയമായി, രാസവസ്തുക്കള്‍ കൊണ്ട് കഴുകിയതും മൂലം ഒക്കെ നശിച്ചു പോയി. അജന്ത ഗുഹകളിലെ പെയിന്റിങ്ങുകള്‍ക്ക് തുല്യമായിരുന്നത്രേ ഇവിടുത്തെ ചുവര്‍ ചിത്രങ്ങള്‍. ആ പെയിന്റിങ്ങുകളിലെ അവശേഷിക്കുന്ന ചില പൊട്ടും പൊടിയും നോക്കി നഷ്ട ബോധത്തോടെ ഞാന്‍ നിന്നു.
|
ബദാമിയിലെ മൂന്നാം ഗുഹാ ക്ഷേത്രം - മംഗളെശന്‍ രാജാവ് പണി കഴിപ്പിച്ചത് |
മൂന്നാം ഗുഹാക്ഷേത്രത്തിലെ ഏറ്റവും ആകർഷണീയമായ ശില്പം വൈകുണ്ഠത്തിൽ അനന്തനാഗത്തിനു മുകളിൽ ഇരിക്കുന്ന വിഷ്ണുവാണ്. ബദാമിയുടെ മുഖമുദ്ര എന്നു പറയാവുന്ന ശില്പമാണിത്. മനോഹരമായ കൊത്തുപണി ചെയ്ത തൂണുകളുള്ള ഇടനാഴിയുടെ ഒരറ്റത്ത്, ശേഷ നാഗത്തിന്റെ ചുരുളുകൾക്കു മുകളിൽ ഒരു രാജസഭയിൽ ചക്രവര്‍ത്തിയെപ്പോലെ ഇരിക്കുന്ന വിഷ്ണു.
|
ബദാമിയിലെ ഏറ്റവും പ്രശസ്തമായ വിഷ്ണു ശില്പം - ഒരു രാജ സഭ പോലെ തോന്നുന്നില്ലേ? |
ഇതിനടുത്തായിത്തന്നെ ബദാമി ഗുഹാ ക്ഷേത്രങ്ങളെക്കുറിച്ചുള്ള അതി പ്രധാനമായ ഒരു ചരിത്ര രേഖയുമുണ്ട്. AD 578 നവംബർ ഒന്നാം തീയതി, പൗർണമി ദിനത്തിൽ ഈ ക്ഷേത്ര നിർമാണം പൂർത്തിയായി എന്നാണ് ഈ ശിലാലിഖിതം പറയുന്നത്. ചാലൂക്യ രാജവംശത്തിലെ മംഗളേശൻ എന്ന രാജാവാണ് ഈ ക്ഷേത്ര നിർണമാണം പൂർത്തിയാക്കിയത്. ബദാമി ഗുഹാ ക്ഷേത്രങ്ങളിലെ ഏറ്റവും സങ്കീർണ്ണവും മനോഹരങ്ങളുമായ ശില്പങ്ങളുള്ളത് ഇവിടെയാണ്.
|
മൂന്നാം ഗുഹാക്ഷേത്രത്തിലെ വിഷ്ണു |
ഊത നിറത്തിലുള്ള, സ്വാഭാവികമായ ഡിസൈനുകളുള്ള കല്ലുകളാണ് ഈ ഗുഹാക്ഷേത്രത്തിന്റെ വലിയൊരു സവിശേഷത. ഇന്നത്തെ കാലത്തെ ഏതൊരു ഗ്രാനൈറ്റിനെയും വെല്ലുന്ന ഡിസൈൻ! മൂന്നാം ഗുഹാക്ഷേത്രത്തിലെ ശില്പങ്ങളെക്കുറിച്ച് പറഞ്ഞാല്‍, ഒരിക്കലും അവസാനിക്കില്ല. വാതപിയിലെ സാധാരണക്കാരായ സ്ത്രീ പുരുഷന്മാര്‍, കുലീനര്‍, നിത്യജീവിതത്തിലെ ദൃശ്യങ്ങള്‍, ദേവാസുരന്മാര്‍ പാലാഴി കടയുന്നത്, നരസിംഹ ശില്പം, കുബേരന്‍, ബ്രഹ്മാവ്, വിഷ്ണു അങ്ങനെ തൂണുകളിലും, മച്ചിലും ഒക്കെയായി എണ്ണിയാലൊടുങ്ങാത്ത ശില്പങ്ങള്‍.
അതില്‍ എനിക്ക് ഏറ്റവും രസകരമായി തോന്നിയത് കള്ളുകുടിച്ച് ബോധം നശിച്ച ഒരു സ്ത്രീയെ ഭര്‍ത്താവ് താങ്ങി കൊണ്ട് പോകുന്ന രംഗമാണ്. ഒരു പൊടിക്ക് ഫെമിനിസ്റ്റ് ആയ എനിക്ക് ആ സമത്വസുന്ദരമായ രംഗം നന്നായി ബോധിച്ചു :) അന്നത്തെ ദിവസം മുഴുവന്‍ ആ ഗുഹാക്ഷേത്രത്തില്‍ ചിലവഴിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും, കാഴ്ചകള്‍ ഒരുപാട് മുന്നില്‍ കിടക്കുന്നത് കാരണം ഞങ്ങള്‍ അടുത്ത ഗുഹാക്ഷേത്രത്തിലേയ്ക്ക് നടന്നു.
വളരെ ഉയരമുള്ള ഒരു മതിൽക്കെട്ടിന് ഉള്ളിലാണ് നാലാം ഗുഹാക്ഷേത്രം. ചാലൂക്യ രാജാക്കന്മാർ ഹിന്ദു മത വിശ്വാസികൾ ആയിരുന്നെങ്കിലും മതപരമായി വളരെ സഹിഷ്ണുത പുലർത്തിയിരുന്നു.
|
നാലാം ഗുഹാ ക്ഷേത്രമായ ജൈന ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് |
പ്രജകളിൽ നല്ലൊരു വിഭാഗം ജൈനരായതു കൊണ്ട്, ബദാമിയിലെ ഹൈന്ദവ ഗുഹാ ക്ഷേത്രങ്ങൾക്ക് ഒപ്പം തന്നെ നാലാമത്തെ ജൈന ക്ഷേത്രം പണി കഴിപ്പിക്കാൻ ചാലൂക്യ രാജാക്കന്മാർ തയ്യാറായി. നാലാം ഗുഹാ ക്ഷേത്രത്തിനു മാത്രം എന്തിനാണ് ഈ മതിൽക്കെട്ട് എന്നെനിക്ക് കൗതുകം തോന്നി. പുരാതന കാലത്ത്, ദിഗംബരന്മാരായ ജൈന സന്യാസികൾക്കു ഇവിടെ വന്നു പ്രാർത്ഥിക്കാനും ധ്യാനിക്കാനും വേണ്ടിയാണത് എന്ന് ഗൈഡ് എന്നോട് പറഞ്ഞു. നഗ്ന ജൈന സന്യാസിമാരാണ് ദിഗംബരന്മാർ. മറ്റു മൂന്നു ഗുഹാ ക്ഷേത്രങ്ങളിലും വരുന്ന ഹൈന്ദവ വിശ്വാസികൾക്കും ഈ നഗ്ന സന്യാസിനിമാരുടെ സാനിധ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നു കൂടി ചാലൂക്യ രാജാക്കന്മാർ കരുതിക്കാണണം.
നാലാം ഗുഹാക്ഷേത്രത്തിനുള്ളിൽ ജൈന മതത്തിലെ തീർത്ഥങ്കരൻമാരായ പാർശ്വനാഥ്, മഹാവീരൻ എന്നിവരുടെ ശില്പങ്ങൾ ആണുള്ളത്.
|
ഇടതു വശത്ത് പാര്‍ശ്വനാഥന്‍ - വലതു വശത്ത് മഹാവീരന്‍ |
|
ബാഹുബലിയുടെ ശില്പം |
ജൈനമതത്തിലെ ഒരു വിശുദ്ധനായ ബാഹുബലിയുടെ ശില്പവും ഈ ഗുഹാ ക്ഷേത്രത്തിലുണ്ട്. ജൈന മതത്തിലെ, വളരെ വിചിത്രമായ ഒരു ആചാരത്തെകുറിച്ചു മനസ്സിലാക്കാൻ എനിക്കിവിടെ വച്ച് സാധിച്ചു. "സന്താര" അല്ലെങ്കിൽ "സല്ലേഖന" എന്നറിയപ്പെടുന്ന ഒരു ഉപവാസം ആണത്. ജൈന മതത്തിൽ വളരെ വിശിഷ്ടമായി കരുതിപ്പോരുന്ന ഈ ആചാരം, മരണം വരെയുള്ള ഉപവാസമാണ്. ഈ വൃതം എടുക്കുന്ന ആൾ, ഭക്ഷണവും വെള്ളവും ഇല്ലാതെ ധ്യാനത്തിൽ പ്രവേശിക്കുന്നു, സ്വയം അറിവോടെയുള്ള ഈ മരണം ആത്മഹത്യക്ക് തുല്യമാണെന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ജൈന വിശ്വാസ പ്രകാരം, അതു മോക്ഷം പ്രാപിക്കലാണ്.
ഈ അടുത്ത കാലത്ത് വലിയ കോളിളക്കം ഉണ്ടാക്കിയ ഒരു വിഷയമാണിത്. രാജസ്ഥാൻ ഹൈകോടതി സന്താര ആത്മഹത്യക്കു തുല്യമാണെന്ന് കണ്ടു നിരോധിച്ചിരുന്നു. എന്നാൽ 2015 ഏപ്രിലിൽ സുപ്രീം കോടതി ഈ സ്റ്റേ എടുത്ത് മാറ്റി. സന്താര അനുഷ്ടിച്ച് മരണം വരിച്ച ഒരു സ്ത്രീയുടെ രൂപം നാലാമത്തെ ഗുഹാ ക്ഷേത്രത്തിൽ കൊത്തി വച്ചിട്ടുണ്ട്. അതു വിവരിച്ച് തരുമ്പോഴാണ് ഗൈഡ് ഈ വിചിത്രമായ ആചാരത്തെ കുറിച്ചു പറഞ്ഞത്. നമ്മൾക്കറിയാത്ത എന്തൊക്കെ ഈ ലോകത്തുണ്ടെന്ന് വിചാരിച്ച്, ഞാൻ കുറെ നേരം ആ ശില്പത്തിലേയ്ക്കും നോക്കി നിന്നു.
സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. രണ്ടര മണിക്കൂറായി ഗുഹാക്ഷേത്രങ്ങളിൽ ചുറ്റിത്തിരിഞ്ഞു നടപ്പാണ്. ഗൈഡിന് അദ്ദേഹം ആവശ്യപ്പെട്ട് തുകയും കൊടുത്ത് യാത്രയാക്കി. നല്ല വിവരവും ചരിത്രബോധവുമുള്ള ഒന്നാതരം ഗൈഡ് ആയിരുന്നു പാഞ്ചു. പക്ഷെ കക്ഷിയുടെ റേറ്റ് ഇത്തിരി കട്ടിയാണ്. മൂന്നു മണിക്കൂർ നേരത്തേക്ക് 500 രൂപ! പക്ഷെ ഒരായിരം രൂപയുടെ കാര്യങ്ങൾ പറഞ്ഞു തന്നു. ബ്ലോഗ് എഴുതുമ്പോൾ സംശയം വന്നാൽ വിളിച്ചോളാൻ പറഞ്ഞു കാർഡും തന്നു! കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ ബദാമിൽ വന്നു ഗൈഡ് ആയി ജീവിച്ചാൽ കൊള്ളാമല്ലോ എന്ന തല തിരിഞ്ഞ ചിന്തയും എന്റെ മനസ്സിൽ വന്നു.
രാവിലെ കഴിച്ച ബ്രെഡ് ഓംലറ്റ് ഒക്കെ ദഹിച്ചിരിക്കുന്നു. വിശന്നു തുടങ്ങി. ഞങ്ങൾ ഒരു ഹോട്ടൽ അന്വേഷിച്ച് കുറെ നടന്നു. ഒടുവിൽ ഒരു ഓട്ടോക്കാരൻ "പരിമള" എന്ന് പേരുള്ള ഒരു റെസ്റ്റോറന്റിൽ കൊണ്ടു ചെന്നിറക്കി. പേരിൽ മാത്രമേ പരിമളം ഉള്ളൂ. വലിയ വൃത്തിയൊന്നും ഇല്ല. ഞങ്ങൾ ഓരോ ദോശ കഴിച്ചെന്നു വരുത്തി പെട്ടെന്ന് ഹോട്ടലിൽ നിന്നും ഇറങ്ങി. വൈകുന്നേരം അത്താഴം നന്നായി കഴിക്കാം എന്ന് തീരുമാനിച്ചു.
അടുത്തതായി ഞങ്ങൾ പോയത് ബദാമിയിലെ "നോർത്ത് ഫോർട്ട്" എന്നറിയപ്പെടുന്ന ഭാഗത്തേക്കാണ്. ബദാമി മ്യൂസിയവും, ലോവർ ശിവാലയും, അപ്പർ ശിവാലയും കാണുകയാണ് പ്രധാന ലക്ഷ്യം. കുരങ്ങന്മാരുടെ ശല്യം മ്യൂസിയം പരിസരത്ത് കലശമാണ്. നമ്മൾ ബാഗിൽ കൈയ്യിട്ടാൽ അവർ ഓടി അടുത്തേക്ക് വരും. വലിയ പ്രശ്‌നക്കാരും ആണ്. അതുകൊണ്ടു ഭക്ഷണം പുറത്തെടുക്കുന്നത് വളരെ സൂക്ഷിച്ച് വേണം.
|
നോര്‍ത്ത് ഫോര്‍ട്ടിലേയ്ക്കുള്ള പ്രവേശന കവാടം |
ബദാമിയിലെ പുരാവസ്തു മ്യൂസിയത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നും ലഭിച്ച അനേകം ശില്പങ്ങൾ ഉണ്ട്. മ്യൂസിയത്തിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ കാണുന്നത് ഗംഭീരമായ ഒരു മകര തോരണം ആണ്. സാധാരണയായി ക്ഷേത്രങ്ങളുടെയും മറ്റും മുൻ ഭാഗത്ത് സ്ഥാപിക്കാറുള്ള അലങ്കാരപ്പണികൾ ചെയ്ത ശിലാ ഫലകമാണ് മകര തോരണം. ബദാമിയിലെ മൂന്നാം ഗുഹാക്ഷേത്രത്തിലെ പെയിന്റിങ്ങുകൾ പുനഃസൃഷ്ടി ചെയ്തിരിക്കുന്നതും മ്യൂസിയത്തിലെ ഒരു പ്രധാന കാഴ്ചയാണ്.
|
ബദാമിപുരാവസ്തു മ്യൂസിയം |
എന്നാൽ ബദാമി ആർക്കിയോളജി മ്യൂസിയത്തിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് "ലജ്‌ജാ ഗൗരി" യുടെ ശില്പമാണ്. ധന സമൃദ്ധിയുടെയും സന്താന സമൃദ്ധിയുടെയും ദേവതയാണ് ലജ്‌ജാ ഗൗരി. വളരെ വിചിത്രമായൊരു ശില്പമാണിത്, ഇരു കൈകളിലും താമരപ്പൂക്കൾ പിടിച്ച്, കാൽ രണ്ടും ഉയർത്തി, ഒരു സ്ത്രീയുടെ പ്രസവസമയത്തെ അവസ്ഥയിലാണ് ഈ വിഗ്രഹം. തലയ്ക്കു പകരം ഒരു താമരപ്പൂവാണ്. ചിലർക്കിത് അശ്ലീലമായി തോന്നാം. സദാചാരപ്പോലീസുകാർ ഈ ശിൽപം കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ചിന്തിച്ചു പോയി. ഏതായാലും നഗ്ന ശരീരം ലൈംഗിക ചിന്ത മാത്രമുണർത്തുന്ന നിലയിലേയ്ക്ക് തരം താണു പോയിട്ടില്ലായിരുന്നു പുരാതന ഭാരതം.
|
ലജ്‌ജാ ഗൗരിയുടെ ശില്‍പം |
ആർക്കിയോളജിക്കല്‍ മ്യൂസിയത്തിന് പുറത്ത് AD 624 ൽ പല്ലവ രാജാവ് നരസിംഹവർമൻ ഒന്നാമൻ രണ്ടാം പുലികേശിയെ വധിച്ചു വാതാപി കീഴടിക്കിയതിന്റെ ചരിത്രം വിവരിക്കുന്ന ഒരു സുപ്രധാന രേഖയുണ്ട്. വെറും പന്ത്രണ്ടു വർഷങ്ങൾ മാത്രമാണ് പല്ലവർക്ക് വാതാപി കയ്യടക്കി വയ്ക്കാൻ സാധിച്ചുള്ളൂ, ചാലൂക്യ വംശത്തിലെ വിക്രമാദിത്യൻ ഒന്നാമൻ രാജാവ് പൂർവാധികം ശക്തിയോടെ യുദ്ധം ചെയ്തു തന്റെ രാജ്യം തിരിച്ചു പിടിച്ചു.
മ്യൂസിയം കണ്ടുകഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് ക്ഷീണമുണ്ടോ എന്ന് ചോദിച്ചു. എനിക്കാണെങ്കിൽ കാലു വേദനിക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, ആൾ ഭയങ്കര ആവേശത്തിൽ ആയിരുന്നു. എൻ സി സി ഓഫീസർ ആയിരുന്ന അമ്മ , ക്യാമ്പുകളുടെ ഭാഗമായി ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, അന്നൊക്കെ കുട്ടികളെ ശ്രദ്ധിക്കുകയും, കൂട്ടം തെറ്റാതെ നോക്കുകയും ഒക്കെ ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്വങ്ങൾ ആയിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ യാതൊരു ടെൻഷനും ഇല്ലാതെ യാത്ര ചെയ്യുന്നത് എന്ന് അമ്മ എന്നോട് പറഞ്ഞു.
|
ബദാമി നോര്‍ത്ത്ഫോര്‍ട്ടിലെ മലയിടുക്കുകള്‍ |
പുരാവസ്തു മ്യൂസിയത്തിന്റെ മുറ്റത്ത് തന്നെയാണ് നോർത്ത് ഫോർട്ടിന്റെ പ്രവേശന കവാടം. തറ നിരപ്പിൽ നിന്നും 200 മീറ്റർ ഉയരത്തിൽ ആണ് നോർത്ത് ഫോർട്ട് നിലകൊള്ളുന്നത്. AD 543-ൽ പുലകേശി ഒന്നാമൻ വാതാപിപുര തന്റെ തലസ്ഥാനം ആക്കിയപ്പോൾ സ്ഥാപിച്ചതാണ് നോർത്ത് ഫോർട്ട് എന്നറിയപ്പെടുന്ന കോട്ട. "കോട്ട" എന്ന് വിളിക്കുമെങ്കിലും, മലയുടെ ദുർബല ഭാഗങ്ങളിലെ ഏതാനം മതിലുകളും, മുകളിലെ വാച്ച് ടവറും, വിചിത്ര രൂപമുള്ള മൂന്നു കളപ്പുരകളും മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളൂ. തടി കൊണ്ട് നിർമിച്ച കോട്ടഭാഗങ്ങളും കൊട്ടാരങ്ങളും പല്ലവൻമാരുടെ ആക്രമണത്തിലും, കാലപ്പഴക്കം കൊണ്ടും മറ്റും നിശ്ശേഷം നശിച്ചിരിക്കുന്നു.
നോർത്ത് ഫോർട്ടിന് മുകളിൽ രണ്ടു ശിവക്ഷേത്രങ്ങൾ ഉണ്ട്. യഥാർത്ഥ പേര് അറിയാത്തത് കൊണ്ട്, ഇവയെ "അപ്പർ ശിവാലയ", "ലോവർ ശിവാലയ" എന്നാണ് പുരാവസ്തു വകുപ്പ് വിളിക്കുന്നത്. നോർത്ത് ഫോർട്ടിനേക്കാൾ പഴക്കം കുറവാണ് ഈ ക്ഷേത്രങ്ങൾക്ക്. AD 634 ആണ് നിർമാണ വർഷമായി പരക്കെ കണക്കാക്കപ്പെടുന്നത്. അതായത്, ബദാമി ഗുഹാ ക്ഷേത്രങ്ങളേക്കാൾ പുതിയതാണ് ഈ ക്ഷേത്രങ്ങൾ. തുടക്കത്തിൽ വൈഷ്ണവ ക്ഷേത്രങ്ങൾ ആയിരുന്നത്രേ ഇവ രണ്ടും.
|
ബദാമി നോര്‍ത്ത്ഫോര്‍ട്ടിലെ മലയിടുക്കുകള്‍ |
ചുവപ്പു നിറത്തിലുള്ള കൂറ്റൻ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ കല്ല് വെട്ടിയുണ്ടാക്കിയ പടവുകൾ. അമേരിക്കയിലെ ഗ്രാൻഡ് കാന്യൻറെ ഒരു ചെറിയ പതിപ്പുപോലെ തോന്നും. പ്രകൃതിയുടെ ഈ അത്ഭുത നിർമ്മിതിക്ക് മുന്നിൽ നമ്മൾ മനുഷ്യർ എത്ര നിസ്സാരർ ആണെന്ന് തോന്നിപ്പോകും. ഞങ്ങൾ കയറാൻ തുടങ്ങിയ ഉടനെ മഴ പെയ്തു തുടങ്ങി. പാറക്കൂട്ടങ്ങളും ഗുഹകളും ഉള്ള നോർത്ത് ഫോർട്ടിൽ മഴയെ പേടിക്കേണ്ട. ഞങ്ങളും ഒരു ഗുഹയിൽ കയറി മഴയിൽ നിന്നും രക്ഷ നേടി. അവിടെ ആധുനിക ഗുഹാമനുഷ്യർ ഉപേക്ഷിച്ച് പോയ ലെയ്സ്ന്റെയും മറ്റും പാക്കറ്റുകൾ കിടക്കുന്നുണ്ടായിരുന്നു.
|
ലോവര്‍ ശിവാലയ |
മഴയൊന്ന് ഒതുങ്ങിയപ്പോൾ ഞങ്ങൾ മലകയറ്റം വീണ്ടും ആരംഭിച്ചു. "ലോവർ ശിവാലയ" എന്നറിയപ്പെടുന്ന ഒരു ചെറിയ ശിവക്ഷേത്രത്തിന് അടുത്താണ് ഞങ്ങൾ ആദ്യം എത്തിയത്. മനോഹരമായ ഒരു സ്ഥാനത്താണ് ലോവർ ശിവാലയ നിൽക്കുന്നത്. നേരത്തെ പറഞ്ഞ "വാതാപി ഗണപതി" എന്ന പ്രശസ്ത വിഗ്രഹം ഇരുന്നിരുന്നത് "ലോവർ ശിവാലയിൽ" ആണെന്നാണ് കരുതപ്പെടുന്നത്. ഈ ഗണപതിയെ സ്തുതിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ(1775–1835) "വാതാപി ഗണപതിം ഭജേ ഹം" എന്ന പ്രശസ്ത കീർത്തനം എഴുതിയത്.
രണ്ടു കൂറ്റൻ മലനിരകൾ, അതിനിടയിലെ താഴ്വാരം, അവിടെ ഒരു വലിയ തടാകം. ഈ കാഴ്ച, ഹോളിവുഡ് സിനിമകളിലെ സങ്കല്പ ലോകങ്ങളെക്കാൾ മനോഹരമാണ്. ലോവർ ശിവാലയുടെ പുറകു വശത്ത് ഒരു പഴയ പീരങ്കിയുണ്ട്. പതിനാറാം നൂറ്റാണ്ടിലേതാണിത്. ക്ഷേത്രവും പീരങ്കിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല.
|
ലോവര്‍ ശിവാലയില്‍ നിന്നുള്ള ബദാമി കാഴ്ച |
കുറെ കൂടി പടവുകൾ കയറിയാൽ ഒരു വാച്ച് ടവർ കാണാം. വാച്ച് ടവർ കടന്നു ചെല്ലുമ്പോൾ വിചിത്ര രൂപമുള്ള മൂന്ന് കളപ്പുരകളുണ്ട്. ഒരു ഗൈഡിന്റെ സഹായം ഇല്ലാതെ, ഇത് എന്താണെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. പക്ഷെ സൂക്ഷിച്ച നോക്കിയാൽ മുകളിലേയ്ക്കു കയറിപ്പോകാൻ വച്ചിരിക്കുന്ന ചവിട്ടു കല്ലുകൾ കാണാം. ഇവിടെ ഒരു കോട്ട സജീവമായിരുന്ന കാലത്ത് ധാന്യം സംഭരിക്കാൻ ഉപയോഗിച്ചിരുന്നതാണ്.
|
വിചിത്ര രൂപമുള്ള കളപ്പുരകള്‍ |
പാറയിടുക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കൽപ്പടവുകളിലൂടെ ഞങ്ങൾ നോർത്ത് ഫോർട്ടിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആയ "അപ്പർ ശിവാലയ"യിൽ എത്തി. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന, ലക്ഷണമൊത്ത ക്ഷേത്രമാണ് ഇത്.
|
അപ്പര്‍ ശിവാലയ |
പേര് ശിവാലയ എന്നാണെങ്കിലും വൈഷ്ണവ ആരാധനാലയമായിരുന്നു ഇത്. ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു പുരാവസ്തുവിനു മുന്നിലാണ് ഞങ്ങൾ നിൽക്കുന്നത്. അതിനു ശേഷം എത്രയെത്രെ തലമുറകൾ ഈ ക്ഷേത്രത്തിനു മുന്നിൽ വന്നു നിന്നിട്ടുണ്ടാകും! രാജക്കന്മാരും, പ്രഭുക്കളും, പട്ടാള മേധാവികളും, സാധാരണക്കാരും അങ്ങനെയങ്ങനെ.
|
അപ്പര്‍ ശിവാലയ |
രണ്ടു പാറയിടുക്കുകൾ പിളർന്നു അതിനിടയിലൂടെ കാണുന്ന അഗാധമായ ഒരു ഗർത്തം ആർക്കും ഉൾക്കിടിലം ഉണ്ടാകാൻ പോന്നതാണ്.
ഇവിടെ നിന്നും ബദാമി മുഴുവനും കാണാം.
|
ലോവര്‍ ശിവാലയയും ആധുനിക ബദാമിയും |
അപ്പർ ശിവാലയയ്ക്കു തൊട്ടടുത്തായി ഒരു വൻ ആൽമരവും അതിനു ചുവടെ ഒരു മുസ്ലിം ദർഗയും കാണാം. "സയ്യിദ് ഹസ്രത്ത് ബാദ്ഷ പിർ" എന്ന മുസ്ലിം സന്യാസിയുടെ ഖബർ ആണത്. ഞങ്ങൾ അങ്ങോട്ട് നടന്നു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ മനസ്സിൽ അലാറം മുഴങ്ങി. ഒരു ആയിരം കുരങ്ങൻമാരെങ്കിലും ആ പരിസരത്ത് കാണും. അത് അവരുടെ ഏരിയ ആണെന്ന് തോന്നുന്നു. ഇപ്പൊ അങ്ങോട്ട് പോയാൽ ശരിയാവില്ല എന്ന് മനസ്സിലാക്കി ഞങ്ങൾ അവിടെ നിന്നും തിരിച്ചു നടന്നു മലയിറങ്ങാൻ തുടങ്ങി.
സമയം നാല് മണിയോട് അടുത്തിരുന്നു. തലേ ദിവസത്തെ ട്രെയിൻ യാത്രയാണോ, അതോ ഉച്ചക്കത്തെ ദോശയുടെ വാലിഡിറ്റി കഴിഞ്ഞതാണോ എന്തോ വല്ലാത്ത ക്ഷീണം തോന്നിത്തുടങ്ങി. ബദാമിയോട് തൽക്കാലം യാത്ര പറഞ്ഞു, ഗുഹാക്ഷേത്രങ്ങളെയും നോർത്ത് ഫോർട്ടിനെയും ഒരിക്കൽ കൂടി കണ്ണ് നിറയെ നോക്കിക്കണ്ടു ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി.
This comment has been removed by the author.
ReplyDeletePost a Comment