"തുളുനാട സീമേട് 
കമറൊട്ട് ഗ്രാമോടു 
ഗുട്ടെദാ ഭൂതമുണ്ട്"

ഉത്തര  കർണാടകയിലെ സാഗരയിൽ നിന്ന് ഗെരുസോപ്പ എന്ന ഉൾനാടൻ ഗ്രാമത്തിലേയ്ക്കുള്ള  ബസ്സിൽ ഇരിക്കുമ്പോൾ മനസ്സിൽ രംഗിതരംഗ എന്ന കന്നഡ സിനിമയിലെ ഈ പാട്ടായിരുന്നു.  തുളുനാടൻ അതിർത്തിയിലെ കമറൊട്ട് എന്ന ഗ്രാമത്തിലെ കുന്നിൻ മുകളിലെ ഭൂതത്തെ  കുറിച്ചാണ് പാട്ട്. മഴയിൽ കുതിർന്ന വയലുകളും, കാടും മലയുമുള്ള ആ വഴി  കമറൊട്ട് എന്ന സാങ്കല്പിക ഗ്രാമത്തെ ഓർമിപ്പിച്ചു. ഗെരുസോപ്പ ബസ്  സ്റ്റോപ്പിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്ററേയുള്ളൂ പ്രശസ്തമായ  ജോഗ്  വെള്ളച്ചാട്ടത്തിലേക്ക്.
Jog-Falls-Karnataka-Malayalm-Travelgoue

പോകുന്ന വഴിയിൽ പലയിടത്തും  അലസയായി ഒഴുകുന്ന ശരവതി നദി കാണാം. എന്നാൽ ജോഗ് വെള്ളച്ചാട്ടത്തിനു  അടുത്തെത്തുമ്പോൾ ശരവതി,  ഗംഗ നാഗവല്ലിയായതു പോലെ അലറി വിളിച്ച് 829 അടി  ഉയരത്തിൽ നിന്നും താഴേയ്ക്ക് ചാടുകയാണ്. രാജാ, റാണി. റോറോ, റോക്കറ്റ് എന്നീ  നാല് കൈവഴികളിൽ ആയാണ് വെള്ളച്ചാട്ടം മുകളിൽ നിന്നും താഴേയ്ക്ക്  പതിക്കുന്നത്.

Jog-Falls-Karnataka-Malayalm-Travelgoue


രണ്ടു ദിവസം നഗരത്തിരക്കുകളിൽ നിന്നകന്ന്  ജോഗിനരികെ ചെലവഴിക്കാനായിരുന്നു  ഞങ്ങളുടെ പരിപാടി. ജോഗ്  വെള്ളച്ചാട്ടത്തിലേക്ക് തുറക്കുന്ന ജനാലകളുള്ള, മയൂര ഗെരുസോപ്പ ഹോട്ടലിൽ  ആണ് ഞങ്ങൾ മുറി ബുക്ക് ചെയ്തിരിക്കുന്നത്. നഗരത്തിരക്കിൽ നിന്നും അകന്നു  നിൽക്കണമെന്ന പ്ലാൻ വൻവിജയം ആകുമെന്ന് ഞങ്ങൾക്ക് പെട്ടെന്ന് തന്നെ  മനസ്സിലായി. രണ്ടു പേരുടെയും മൊബൈലിൽ ഒരു പൊടിക്ക് പോലും റേഞ്ചില്ല.  ഹോട്ടലിൽ ഞങ്ങളെ ഡ്രോപ്പ് ചെയ്ത ഡ്രൈവർ ചേട്ടൻ പറയുന്നത് അവിടെ BSNL നു  മാത്രമേ റേഞ്ച് കിട്ടൂ എന്നാണു. BSNL നോട് ആദ്യമായി കുറച്ച് ബഹുമാനം  തോന്നിപ്പോയി. ഏതായാലും അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് തന്നെ വീട്ടിൽ  വിളിച്ച് എത്തിയ കാര്യവും, പിന്നെ രണ്ടു ദിവസത്തേയ്ക്ക് വിളിക്കേണ്ട എന്നും  പറഞ്ഞു.

"ഞാൻ ഡ്രോപ്പ് ചെയ്യുന്ന എല്ലാവരും എന്റെ ഫോണിൽ  നിന്ന് തന്നെയാ വീട്ടുകാരെ വിളിക്കാറ്" എന്ന് നല്ല പച്ച മലയാളത്തിൽ  പറഞ്ഞപ്പോൾ എന്നിലെ സഞ്ചാരി പകച്ചു പോയി. ജോഗിൽ ഏറ്റവും കൂടുതൽ മലയാളി  ഡ്രൈവർമാർ ആണത്രേ! ജോഗ് വെള്ളച്ചാട്ടത്തിനടുത്തുള്ള മഹാത്മാഗാന്ധി ഹൈഡ്രോ  പവർ പ്ലാന്റിൽ കോൺട്രാക്ടർമാരായി ജോലി ചെയ്തിരുന്നവരാണ് മിക്കവരും.  എന്തൊക്കെയോ തൊഴിൽ പ്രശ്നങ്ങൾ കൊണ്ട് ഒരുപാട് പേർക്ക് അവിടെ ജോലി  നഷ്ടമായത്രേ അപ്പോൾ ഡ്രൈവർ കം പാർട്ട് ടൈം ടൂറിസ്റ്റ് ഗൈഡ്  പണിക്കിറങ്ങിയവരാണ് ഇവർ. അല്ലെങ്കിലും മലയാളികളെ ആരും ജീവിക്കാൻ  പഠിപ്പിക്കണ്ടല്ലോ!
Jog-Falls-Karnataka-Malayalm-Travelgoue

സമയം രാവിലെ ഒൻപതു മണിയാകുന്നു. റൂമിൽ  ചെന്ന് ഒന്ന് റസ്റ്റ് എടുക്കണം എന്ന് വിചാരിച്ച് ഹോട്ടലിൽ ചെന്നപ്പോൾ  അടുത്ത സർപ്രൈസ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. "പന്ത്രണ്ടു മണിയാണ്  ചെക്കിൻ ടൈം. അതുവരെ റൂം തരാൻ ഒരു നിവർത്തിയുമില്ല" റിസപ്‌ഷനിസ്റ് തീർത്തു  പറഞ്ഞു. രാത്രി മുഴുവൻ ട്രെയിൻ യാത്ര കഴിഞ്ഞു ഒന്ന് കുളിച്ച് വൃത്തിയാകാൻ  പോലും വകുപ്പില്ല. സാരമില്ല, ഒരു ദിവസം കുളിച്ചില്ലെങ്കിലും മരിച്ചു  പോകുമൊന്നുമില്ല എന്ന് ആശ്വസിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. ജോഗ്  വെള്ളച്ചാട്ടത്തിനെ ആദ്യം കൺകുളിർക്കെ ഒന്ന് കാണണം.

രാവിലെ  ഒൻപത് മണിയായെങ്കിലും ഏകദേശം ഒരു അഞ്ചര-ആറുമണിയായ സെറ്റപ്പ് ആണ്. മൊത്തം  മൂടൽ മഞ്ഞ്. അവിടെ അങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന് ഒരു മനുഷ്യനും  പറയില്ല! എന്തായാലും കുറെ നേരം കിളി പോയ അവസ്ഥയിൽ തണുത്ത് വിറച്ച്  നിന്നപ്പോൾ മൂടൽ മഞ്ഞിന്റെ പുതപ്പിനിടയിലൂടെ നേർത്ത നീർച്ചാല് പോലെ ജോഗ്  വെള്ളച്ചാട്ടം പ്രത്യക്ഷമായി. "ഇത്രേയുള്ളോ ജോഗ് വെള്ളച്ചാട്ടം!" എന്ന  നിരാശയാണ് സത്യത്തിൽ ആദ്യം തോന്നിയത്.

ജോഗ് വെള്ളച്ചാട്ടം  കാണാൻ പലരും രാവിലെ തന്നെ എത്തിയിട്ടുണ്ട്. അവരൊക്കെ ഞങ്ങളെ അല്പം പോലും  വക വയ്ക്കാതെ നേരെ നടന്നു പോകുകയാണ്. ഇവരൊക്കെ ഇതെങ്ങോട്ടു പോകുന്നു എന്ന്  കുറച്ച് നേരം സംശയിച്ചു നിന്നിട്ട് ഞങ്ങളും അവർക്കു പുറകെ വെച്ച് പിടിച്ചു.  ഒരു വ്യൂ പോയിന്റിൽ നിന്ന് എല്ലാവരും മഞ്ഞിലേയ്ക്ക് തുറിച്ചു നോക്കി  നിൽക്കുകയാണ്. "അപ്പൊ നുമ്മ നേരത്തെ കണ്ടത് ജോഗ് വെള്ളച്ചാട്ടം അല്ല!"  എന്നൊരു വെളിപാട് ഉണ്ടായി. 

ബോറടിപ്പിക്കുന്ന ടൈറ്റിൽ  തീർന്ന സിനിമ തുടങ്ങാൻ കാത്തിരിക്കുന്ന പോലെ, എല്ലാവരും മഞ്ഞിലേയ്ക്കും  നോക്കി നിൽപ്പാണ്. പതുക്കെ പതുക്കെ, കനത്ത മഞ്ഞു മേഘപാളികൾ പോലെ അടർന്നു  തുടങ്ങി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായ (ഉയരത്തിൽ) ജോഗ്  ഫാൾസ് പതുക്കെ കാണാൻ തുടങ്ങി. മൺസൂൺ കാലമായിരുന്നു കൊണ്ട്  അത്യാവശ്യം  വെള്ളം ഉണ്ട്.  ശരവതി  നദിയിൽ ഡാം വന്നതിനു ശേഷം ജോഗ് വെള്ളച്ചാട്ടത്തിന്റെ  പ്രൗഢി ഒട്ടൊക്കെ കുറഞ്ഞിട്ടുണ്ട്. അതിനു മുൻപ് നയാഗ്ര വെള്ളച്ചാട്ടത്തെ  അനുസ്മരിപ്പിക്കുന്ന ഭംഗിയായിരുന്നു ജോഗ്.

Jog-Falls-Karnataka-Malayalm-Travelgoue

Jog-Falls-Karnataka-Malayalm-Travelgoue

സമയ ഒൻപതര ആകുന്നതേ ഉള്ളൂ.  ഹോട്ടൽ മുറി കിട്ടാൻ ഇനിയും രണ്ടു മണിക്കൂർ എങ്കിലും കഴിയും. ഇത്രയും  നല്ലൊരു സ്ഥലത്ത് വന്നിട്ട്, രണ്ടു മണിയ്ക്കൂർ ഹോട്ടൽ റിസ്‌പെഷനിൽ ഇരുന്നു  സമയം കളയാൻ വേറെ ആളെ നോക്കണം! അടുത്ത് എവിടെയെങ്കിലും ഫോൺ ബൂത്ത് ഉണ്ടോ  എന്നും നോക്കി ഞങ്ങൾ ഹോട്ടൽ കോംപ്ലെക്സിന് പുറത്തേക്ക് നടന്നു. അവിടെ  ഗേറ്റിന് അടുത്ത്. ഞങ്ങളെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്ത ഡ്രൈവർ ചേട്ടൻ വെളുക്കെ  ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്. രണ്ടു മണിക്കൂർ കൊണ്ട് ജോഗിന്റെ വിവിധ  വ്യൂ പോയിന്റുകൾ കാണിച്ച് തരാം എന്ന വാഗ്ദാനത്തിൽ ഞങ്ങൾ വീണു. 

ജോഗിനെ  പറ്റി നന്നായി അറിയാവുന്നവർക്ക് കുറഞ്ഞത് നാല് വ്യൂ പോയിന്റുകൾ എങ്കിലും  കാണിച്ച് തരാൻ കഴിയും. അതിൽ പ്രധാനമായത് മയൂര ഹോട്ടൽ കോംപ്ലക്സിൽ  നിന്നാണ്.  മിക്ക ടൂറിസ്റ്റുകളും കാണുന്നതും ഇത് തന്നെ. മറ്റു മൂന്നെണ്ണം   രണ്ടു കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ്. ഏതായാലും ഡ്രൈവർ ചേട്ടൻ വാക്കു  പാലിച്ചു. മനോഹരമായ വിവിധ  ആംഗിളുകളിൽ നിന്നും ജോഗിനെ കാണാൻ പറ്റി.  മാത്രമല്ല ഒരു മലയാളിയുടെ കൂടി പോയത് കൊണ്ട് ജോഗിന്റെ ചരിത്രവും ഭൂമി  ശാസ്ത്രവും, ലോക്കൽ ഗോസിപ്പുകളും, കമിതാക്കൾ ഇവിടെ വന്നു ആത്മഹത്യ ചെയ്ത  കഥകളും, ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷനിലെ കെടുകാര്യസ്ഥതയും, രാഷ്ട്രീയവും  എന്ന് വേണ്ട, ജോഗിനെപ്പറ്റി അറിയാൻ ഇനിയൊന്നും ബാക്കിയില്ല.

Jog-Falls-Karnataka-Malayalm-travelogue

മലയാളി-മലയാളി  സ്നേഹം കൊണ്ട് ഡ്രൈവർ ചേട്ടൻ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ അടച്ചിട്ട  ഗേറ്റ് തുറന്നു ജോഗിന്റെ ഒരു മനോഹരമായ വ്യൂ പോയിന്റ് പോലും കാണിച്ച്‌  തന്നു. അങ്ങനെ ബോറടിച്ച് ഹോട്ടലിനെ പഴിച്ച് തീരേണ്ടിയിരുന്ന മൂന്നു  മണിക്കൂർ ആനന്ദകരമായി തീർന്നു. തിരിച്ച് ചെന്ന് കുറച്ച് സമയം  കാത്തിരുന്നപ്പോൾ റൂം കിട്ടി. മയൂര ഗെരുസോപ്പ ഹോട്ടൽ കർണാടക ടൂറിസം  ഡിപ്പാർട്മെൻറിന്റെ കീഴിലാണ്.

'ശരവതി', 'തുംഗഭദ്ര'  എന്നിങ്ങനെ രണ്ടു ബ്ലോക്കുകകളാണ് ഈ ഹോട്ടലിൽ ഉള്ളത്. ശരവതി ബ്ലോക്കിലെ  എല്ലാ മുറികളിൽ നിന്നും ജോഗ് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാം.  മുറികളും വലുതാണ്. പക്ഷെ തുംഗ ബ്ലോക്കിലെ മുറികൾ വെറുതെ കിട്ടിയാൽ പോലും  ബുക്ക് ചെയ്യരുത്. അത്രയ്ക്കും ദയനീയമാണ് മുറികൾ.

Jog-Falls-Karnataka-Malayalm-travelogue

മൊത്തത്തിൽ ഒരു സർക്കാർ  സ്ഥാപനത്തിന്റെ എല്ലാ പ്രശ്നങ്ങളും മയൂര ഹോട്ടലിനു ഉണ്ട്.  അടുത്ത് വേറെയും  നല്ല ഹോം സ്റ്റേകൾ ഉണ്ട്. ജോഗ് വെള്ളച്ചാട്ടത്തിന്റെ സാമീപ്യം മാത്രമാണ്  മയൂര ഹോട്ടലിന്റെ ഒരു മെച്ചം. മറ്റൊന്ന് വൈകുന്നേരമുള്ള ലേസർ ഷോ ആണ്.  രാത്രി ഏഴിന് തുടങ്ങുന്ന ഈ ഷോ കാണണമെങ്കിൽ മയൂര ഹോട്ടലിൽ താമസിക്കേണ്ടി  വരും. ജോഗ് യാത്രയിലെ മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു ഈ ലൈറ്റ് ആൻഡ്  സൗണ്ട് ഷോ.

Jog-Falls-Karnataka-Malayalm-travelogue

രണ്ടാം ദിവസം പുലർച്ചെ തന്നെ റൂമിന്റെ ജനൽ  തുറന്ന് നോക്കിയത് ജോഗിനെ കൺ കുളിർക്കെ ഒന്ന് കാണാനാണ്. പക്ഷെ കണ്ടത് ഒരു  വെള്ള കർട്ടൻ വിരിച്ചതു പോലെയുള്ള മൂടൽ മഞ്ഞാണ്. രാവിലെ പത്തുമണി എങ്കിലും  ആകും മഞ്ഞു മാറിക്കിട്ടാൻ. ജോഗ് ഫാൾസ് കാണാൻ പോകുമ്പോൾ ഒരിക്കലും പത്ത്  മണിക്ക് മുൻപ് പോകരുതെന്നാണ് എന്റെ അഭിപ്രായം. നിങ്ങൾ അവിടെ ചെലവഴിക്കുന്ന  ഒന്നോ രണ്ടോ മണിക്കൂറിൽ മഞ്ഞിന്റെ പാളി മാറിപ്പോകണം എന്നില്ല. 

രണ്ടാം  ദിവസം പ്രത്യേകിച്ച് പരിപാടി ഒന്നുമില്ലാതെ ഇരിക്കുമ്പോൾ  ജോഗിന്റെ  അടിത്തട്ടിലേക്ക് ഇറങ്ങി പോകുന്ന പടികൾ കണ്ടത് ഓർമ്മ വന്നു. ജോഗ്  വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്നും താഴേയ്ക്ക് നോക്കിയാൽ  എങ്ങനെയിരിക്കും? ഏകദേശം ആയിരത്തി അഞ്ഞൂറു പടികൾ ഇറങ്ങി വേണം ജോഗിന്റെ  ഏറ്റവും താഴെ എത്താൻ. വൃദ്ധർ, കുട്ടികൾ, ഹൃദയ സംബന്ധിയായ തകരാറുള്ളവർ  ഇവരൊന്നും ഇറങ്ങി പോകരുതെന്ന മുന്നറിയിപ്പൊക്കെ എഴുതി വച്ചിട്ടുണ്ട്.  'തടിയന്മാരും മടിയന്മാരും' ഇറങ്ങരുതെന്ന മുന്നറിയിപ്പ് ഇല്ലാത്തതു കൊണ്ട്  ധൈര്യമായി ഞങ്ങൾ പടിയിറങ്ങി തുടങ്ങി.

Jog-Falls-Karnataka-Malayalm-travelogue

ഇറങ്ങാൻ  തുടങ്ങുമ്പോൾ തന്നെ ഗേറ്റിനടുത്ത് രണ്ടു സെക്യൂരിറ്റിക്കാൻ നമ്മുടെ പേരും,  നമ്മുടെ അടുത്തുള്ള കുപ്പി, കവർ തുടങ്ങിയുള്ള പ്ലാസ്റ്റിക്കുകളുടെ എണ്ണവും  എല്ലാം എഴുതിയെടുക്കുന്നുണ്ട്. തിരിച്ചു കയറി വരുമ്പോൾ, തിരിച്ചെത്തി എന്ന്  എഴുതി ഒപ്പിട്ടു കൊടുക്കണം. കൊണ്ട് പോയ കുപ്പിയും പ്ലാസ്റ്റിക്കും ഒക്കെ  എണ്ണം തെറ്റാതെ തിരിച്ചു കൊണ്ടുവരുകയും ചെക്ക് ചെയ്ത ബോധ്യപ്പെടുകയും വേണം  എന്നൊക്കയാണ് നിയമം. കേരളത്തിലെ ടൂറിസ്റ്റു സ്ഥലങ്ങളിലും പരീക്ഷിക്കാവുന്ന  ഒരു നിയമം ആണിത്. കുപ്പിയും പ്ലാസ്റ്റിക്കും ഒക്കെ മലമുകളിൽ  വലിച്ചെറിയുന്നവരെ തിരികെ കയറ്റി അതെല്ലാം പെറുക്കിപ്പിക്കണം. ഒന്ന് രണ്ടു  തവണ തിരിച്ചു കയറി പരിപ്പിളകിയാൽ പിന്നെ ഒരിക്കലും വേസ്റ്റ്  വലിച്ചെറിയില്ല. വളരെ മനോഹരമായ ആചാരമായിരിക്കും അതെന്നു എനിക്കുറപ്പുണ്ട്!

Jog-Falls-Karnataka-Malayalm-travelogue

ആഘോഷപൂർവം  ഞങ്ങൾ ഇറക്കം തുടങ്ങി. ആദ്യത്തെ നൂറു സ്റ്റെപ്പുകൾ നടക്കുമ്പോൾ "ഇതൊക്കെ  എന്ത്!" എന്നുള്ള ഭാവം ആയിരുന്നു. കാറ്റിനു നടുവിലൂടെ കിളികളുടെ പാട്ടൊക്കെ  കേട്ട്, പച്ചപ്പും ഹരിതാഭയും ഒക്കെ ആസ്വദിച്ചു ഞങ്ങൾ താഴോട്ടിറങ്ങി.  എന്നാൽ അഞ്ഞൂറ് സ്റ്റെപ്പ് ഒക്കെ കഴിഞ്ഞതോടെ മുകളിലോട്ട് നോക്കുമ്പോൾ തല  കറങ്ങുന്നു. "വേണ്ടിയിരുന്നോ?" എന്നൊരു സിഗ്നൽ തലച്ചോറിൽ എവിടെയോ പടർന്നു  തുടങ്ങി. തലച്ചോർ ആ സിഗ്നൽ കൃത്യമായി ഹൃദയത്തിലേയ്ക്കും കൈകാലുകളിലെ  മസിലുകളിലേയ്ക്കും ഒക്കെ പാസ്‌ ചെയ്ത് അവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി  തുടങ്ങി.

Jog-Falls-Karnataka-Malayalm-travelogue

പക്ഷെ ഇറക്കം ആയതു കൊണ്ടും, വഴിയിൽ  പലയിടത്തു നിന്നും കാണുന്ന ജോഗിന്റെ ദൃശ്യങ്ങൾ അതി മനോഹരമായിരുന്നത്  കൊണ്ടും ഒരു കാന്തവലയത്തിൽ പെട്ടപോലെ ഞങ്ങൾ താഴോട്ടു ഇറക്കം തുടർന്നു.  ഇറക്കമാകുമ്പോൾ എളുപ്പമായിരിക്കും എന്ന മുൻവിധി വളരെ തെറ്റാണെന്നു,  കിതപ്പോടെ ജോഗ് വെള്ളച്ചാട്ടത്തിന്റെ അടിയിൽ ചെന്ന് നിന്നപ്പോൾ മനസ്സിലായി.  എന്നൂറടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭീകരസൗന്ദര്യം  മനസ്സിലാക്കണമെങ്കിൽ അതിന്റെ താഴെ ചെന്ന് മേൽപ്പോട്ട് നോക്കണം.

Jog-Falls-Karnataka-Malayalm-travelogue

നമ്മുക്ക്  ചുറ്റും ഭീമാകാരന്മാരായ പാറക്കെട്ടുകൾ മാത്രം. അതിനു നടുക്ക്, സ്ലോ മോഷനിൽ  എന്ന് തോന്നിപ്പിക്കും വിധം താഴോട്ട് പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം.  അവിടെ നിൽക്കുമ്പോൾ ഉള്ള ഒരു അനുഭവം പറഞ്ഞറിയിക്കാൻ പ്രയാസമാണ്.  വെള്ളച്ചാട്ടത്തിനു തൊട്ടടുത്തേയ്ക്ക് പോകാൻ സാധിക്കില്ല. ഉയരത്തിൽ നിന്നും  വീഴുന്നതായതു കൊണ്ട് വെള്ളത്തിന് ശക്തി വളരെ കൂടുതൽ ആയിരിക്കും. അതിനു  കീഴെ ചെന്ന് കുളിക്കാം എന്ന മോഹവുമായി ഇറങ്ങേണ്ട എന്ന് ചുരുക്കം!

Jog-Falls-Karnataka-Malayalm-travelogue
കുറെ  നേരം ജോഗിന് താഴെ നിന്നപ്പോഴാണ് ഒരു അസുഖകരമായ ഒരു കാര്യം ഓർമ വന്നത്. ഇനി  തിരിച്ച് ആയിരത്തി അഞ്ഞൂറ് സ്റ്റെപ്പുകൾ കയറണം! "ഒരു ആവേശത്തിന് കിണറ്റിൽ  ചാടിയാൽ മറ്റൊരു ആവേശത്തിനു കയറിപ്പോരാൻ കഴിയില്ല" എന്ന പ്രയോഗം  അക്ഷരാർത്ഥത്തിൽ മനസ്സിലായത് ഇപ്പോഴാണ്. ചാടിയത് കിണറിലേക്കല്ല എന്ന്  മാത്രം, വലിയൊരു വെള്ളച്ചാട്ടത്തിന്റെ അടിയിലേക്കാണ്!

Jog-Falls-Karnataka-Malayalm-travelogue

ഏതായാലും  ജോഗിന്റെ താഴെ ടെന്റടിച്ചു താമസിക്കാൻ വകുപ്പൊന്നും ഇല്ലാത്ത കാരണം ഞങ്ങൾ  മുകളിലേക്കുള്ള യാത്ര ആരംഭിച്ചു. ഓരോ നൂറു സ്റ്റെപ് കഴിയുമ്പോഴും,  വെള്ളച്ചാട്ടം ആസ്വദിക്കാനെന്ന വ്യാജേന, രണ്ടു മൂന്ന് മിനിട്ടു നിന്ന്  വെള്ളവും കുടിച്ചാണ് കയറ്റം. ആകെ ഒരു ആശ്വാസം തോന്നുന്നത് ഹൈ ഹീൽ   ചെരുപ്പും, അനാർക്കലി ചുരിദാറും ഒക്കെയിട്ട് താഴേയ്ക്ക് ഇറങ്ങി വരുന്ന  സുന്ദരിമാരെ കാണുമ്പോൾ ആണ്. ഇവരെയൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾക്ക് ഒരു  നല്ല സ്പോർട്സ് ഷൂ എങ്കിലും ഉണ്ട്! എന്തായാലും "പടച്ചോനെ ഇങ്ങള് കാത്തോളീ"  എന്നും പറഞ്ഞു ഒരു പത്തറുനൂറ് പടി ചവിട്ടിക്കയറി. ആയിരം പടിയൊക്കെ  കഴിഞ്ഞപ്പോ, 

"നാഡി ഞരമ്പ് വലിഞ്ഞു മുറുകണ്,
പേശികളാകെ ഉരുണ്ടു കയറണ്,
ചങ്കിനകത്ത് താളമടിക്കണ്,
തകിട തകിട മേളമടിക്കണ്"

എന്ന  അവസ്ഥയിൽ ആയി. മുകളിൽ നിന്ന് ആവേശത്തോടെ താഴോട്ട് വരുന്നവരെ ഉപദേശിച്ചും,  പ്രകൃതി ഭംഗി ആസ്വദിച്ചും, ഇരുന്നും നിരങ്ങിയുമൊക്കെ ഒരു തരത്തിൽ  മുകൾത്തട്ടിൽ എത്തിയപ്പോൾ എവറസ്റ് കീഴടക്കിയ സന്തോഷമായിരുന്നു.

Jog-Falls-Karnataka-Malayalm-travelogue

ജീവിതത്തിൽ  ഒരിക്കലും മറക്കാൻ പറ്റാത്ത  ഒരു ട്രെക്കിങ്ങ് ആയിരുന്നു. മിനിമം  രണ്ടു മണിക്കൂർ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ ജോഗ് വെള്ളച്ചാട്ടത്തിന്റെ  അടിയിലേക്ക് ഇറങ്ങാവൂ എന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ! മുകളിൽ ചെന്ന്,  ഞങ്ങൾ ജീവനോടെ തിരിച്ചെത്തി എന്ന് രെജിസ്റ്ററിൽ സാക്ഷ്യപ്പെടുത്തി, ജോഗ്  വെള്ളച്ചാട്ടത്തെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ഞങ്ങൾ മടക്ക യാത്ര  ആരംഭിച്ചു.
Jog-Falls-Karnataka-Malayalm-travelogue


കേരളത്തിൽ നിന്നും എങ്ങനെ ജോഗിൽ എത്താം ?
 കേരളത്തിൽ നിന്നും ജോഗ് ഫാൾസ് പോകാൻ പല റൂട്ടുകൾ ഉണ്ട്. ഞാൻ ബാംഗ്ലൂർ നിന്നാണ് പോയത് അതുകൊണ്ടു ഈ റൂട്ടുകൾ ഒന്നും നേരിട്ടു പരിചയം ഉള്ളവ അല്ല. സാഗർ അല്ലെങ്കിൽ താലഗുപ്പയിൽ നിന്നും പത്തോ ഇരുപതോ കിലോമീറ്റർ മാത്രമേ ജോഗിലേയ്ക്കുള്ളു. 

1 . Eranakulam --> Kumta (by train around 400RS) Kumta --> Sagar/Talaguppa KarnatakaSRTC ബസ് (170 RS)  

Trains: (mangala Netravathi)

2. Kochi-Bhatkal (by train around 400RS)   Bhatkal-Sagar  KarnatakaSRTC ബസ്

Trains: (mangala Netravathi Okha KCVL LTT SF EXP)

3. അല്ലെങ്കിൽ മൂകാംബിക വഴിയും പോകാം

kochi-Mukambika (by train) Mukambika  to Sagar ബസ് കിട്ടും പക്ഷെ KarnatakaSRTC സൈറ്റിൽ കാണിക്കുന്നില്ല. 

Trains:  KCVL LTT SF EXP  NETRAVATHI EXP  VERAVAL EXPRESS BIKANER EXPRESS OKHA EXPRESS  GANDHIDHAM EXP  MARU SAGAR EXP

പിന്നെ,  kumta->sagar and bhatkal--> sagar ബസ് ജോഗ് ഫാൾസ് വഴി ആണെന്ന് തോന്നുന്നു.

Post a Comment

Previous Post Next Post