മേഗുത്തി മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന വിശാലമായ താഴ്വാരം മലപ്രഭ നദീതടമാണ്. കാര്‍ത്യവീരാര്‍ജുനനെയും മക്കളെയും വധിച്ചിട്ടും കോപം അടങ്ങാതെ പരശുരാമന്‍, ഇരുപത്തൊന്നു തലമുറകളിലെ ക്ഷത്രിയരെ ഒന്നടങ്കം ഇല്ലാതാക്കിയ ശേഷം രക്തത്തില്‍ കുതിര്‍ന്ന തന്റെ മഴു കഴുകി വൃത്തിയാക്കാന്‍ തിരഞ്ഞെടുത്തതും മലപ്രഭ നദിയെ തന്നെ. കുളിച്ചു കൊണ്ടിരുന്ന പെണ്ണുങ്ങള്‍, നിമിഷ നേരം കൊണ്ട് രക്ത വര്‍ണ്ണമായ നദി കണ്ട്, “അയ്യോ ഹൊളേ” എന്ന് വിലപിച്ചതും(“അയ്യോ, നദി” എന്ന് പരിഭാഷ), നദീതടത്തിലെ കര്‍ഷക ഗ്രാമം പിന്നീട് “ഐഹോളെ” എന്നറിയപ്പെട്ടതും വെറും പഴംകഥകള്‍ മാത്രമാവാം. കര്‍ണാടകത്തിന്റെ വടക്ക് ഭാഗത്ത്, ബദാമിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരെയുള്ള ഐഹോളെ എന്ന പുരാതന ചാലൂക്യ ഗ്രാമം ദക്ഷിണേന്ത്യന്‍ ക്ഷേത്ര നിര്‍മാണകലയുടെ കളിത്തൊട്ടിലാണ്. AD 544 മുതല്‍ ഉത്തര കര്‍ണാടകയും സമീപ പ്രദേശങ്ങളും ഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ കീഴിലാണ് ഐഹോളെയിലെ ക്ഷേത്രങ്ങളും ശില്പങ്ങളും നിര്‍മിക്കപ്പെട്ടത്.
ഐഹോളെ മലയാളം യാത്രാവിവരണം


പൊടിമഴ വീഴുന്ന ഒരു പ്രഭാതത്തില്‍ ആണ് ഞാന്‍ ഐഹോളെയില്‍ എത്തുന്നത്. ഏകദേശം രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള ഐഹോളെ ആ പുരാതന കാലത്തു തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഐഹോളെയുടെ ചളി നിറഞ്ഞ ഗ്രാമീണ വഴികളിലേയ്ക്ക് കാര്‍ പ്രവേശിച്ചപ്പോഴേയ്ക്കും കല്ലില്‍ നിര്‍മിച്ച അമ്പലങ്ങള്‍ കണ്ടു തുടങ്ങി. ചുരുക്കം ചിലവ ഒഴികെ, മിക്ക അമ്പലങ്ങളും ഗ്രാമവാസികള്‍ കയ്യേറി താമസിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള അമ്പലങ്ങളുടെ മുറ്റം ചീട്ടുകളിയും വെടിവെട്ടങ്ങളുമായി സജീവമാണ്. കുണ്ടും കുഴിയും താണ്ടി മേഗുത്തി മലയുടെ അടുത്തേക്ക്..
ഐഹോളെ മലയാളം യാത്രാവിവരണം

മേഗുത്തി മലയടിവാരത്തില്‍ ചെന്നു നിന്നപ്പോള്‍ ആദ്യം കണ്ട കാഴ്ച,  ദൂരെ രണ്ടു നില കെട്ടിടം പോലെ തോന്നിക്കുന്ന ഒരു ബുദ്ധിസ്റ്റ് ചൈത്യഗൃഹമാണ്. AD 580 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം, ബുദ്ധിസവും, ജൈനിസവും, ഹിന്ദുത്വവും ഒരു പോലെ ആഘോഷിക്കപ്പെട്ട ഒരു സുവര്‍ണ കാലഘട്ടത്തിന്റെ ബാക്കിപത്രമാണ്‌. ഞങ്ങള്‍ മേഗുത്തി മലയിലേയ്ക്കുള്ള പടികള്‍ കയറിത്തുടങ്ങി.

ഈ പുരാതന ക്ഷേത്രങ്ങളില്‍ മാത്രം ഐഹോളെയുടെ പ്രശസ്തി ഒതുങ്ങി നില്‍ക്കുന്നില്ല. ചാലൂക്യ രാജവംശത്തിന്റെ വാണിജ്യ സിരാകേന്ദ്രമായിരുന്നു ഐഹോളെ. “ഐഹോളെ 500” എന്ന് പ്രശസ്തമായ വാണിജ്യ സംഘത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു. ധീരരും ധര്‍മിഷ്ഠരുമായിരുന്നു ഈ സംഘത്തിലെ വണിക്കുകള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളും, വിദേശ രാജ്യങ്ങളുമായി വരെ ഇവര്‍ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നത്രേ! മുന്തിയ തരം ആനകളും, കുതിരകളും, ഇന്ദ്രനീലം, മുത്ത്, പവിഴം, വൈര്യം എന്നിവയും, കുങ്കുമം, ചന്ദനം, കുന്തിരിക്കം, കര്‍പ്പൂരം, കസ്തൂരി എന്നീ സുഗന്ധ വസ്തുക്കളും അവര്‍ കച്ചവടം ചെയ്തിരുന്നു. ഈ ബുദ്ധക്ഷേത്രത്തിന്റെ സാന്നിധ്യം ഇത് ശരി വയ്ക്കുന്നു. കുബെരന്മാരായ “ഐഹോളെ 500” ല്‍ പലരും എണ്ണം പറഞ്ഞ ബുദ്ധിസ്റ്റുകള്‍ ആയിരുന്നു.

ഐഹോളെ മലയാളം യാത്രാവിവരണം

കുറച്ചു കൂടി പടികള്‍ കയറിയപ്പോള്‍ മേഗുത്തി മലയുടെ മുകളിലെത്തി. മേഗൂത്തി മലയുടെ വിശാലമായ ഉച്ചിയിൽ, ചാലൂക്യവംശത്തിന്റെ മുഴുവൻ ചരിത്രവും പേറി നിൽക്കുന്ന ഒരു ജൈനക്ഷേത്രമുണ്ട്. പുലകേശി രണ്ടാമന്റെ സഭയിലെ ജൈന കവിയായിരുന്ന രവികൃതി AD 634 നിർമിച്ച ഈ ക്ഷേത്രത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനമായൊരു ശിലാലേഖനമുള്ളത്.

ഐഹോളെ മലയാളം യാത്രാവിവരണം


 "രവികൃതി ശിലാശാസനം" അല്ലെങ്കിൽ "ഐഹോളെ ഇൻസ്ക്രിപ്ഷൻ" എന്ന് പ്രസിദ്ധമായ ചരിത്ര രേഖയാണിത്. ഈ രേഖയിൽ "സത്യാശ്രയ" എന്ന് സംബോധന ചെയ്തിരിക്കുന്ന പുലകേശി രണ്ടാമനാണു(AD 610 - AD  642) ചാലൂക്യ വംശത്തിലെ ഏറ്റവും പ്രസിദ്ധനും ശക്തിമാനുമായ രാജാവ്. പുലകേശി രണ്ടാമൻ വരെയുള്ള, എല്ലാ ചാലൂക്യ രാജാക്കന്മാരുടെയും പേരുകൾ ഈ ശിലാ ലിഖിതത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഐഹോളെ മലയാളം യാത്രാവിവരണം


നർമദാ നദിക്കരയില്‍ വച്ച്,  ഹർഷവർദ്ധന രാജാവിനെ പരാജയപ്പെടുത്തി, "ദക്ഷിണ പദേശ്വരനായി"(ഡെക്കാന്‍ എന്ന വാക്കിന്റെ പൂര്‍വരൂപം) മാറിയ പുലകേശിയെ പ്രകീർത്തിക്കുന്ന ഈ ശിലാശാസനം, ലക്ഷണമൊത്തൊരു കവിതയാണ്. ഹർഷവർദ്ധനന്റെ "ഹർഷം" ഭയം കൊണ്ടില്ലതായി എന്ന് കവിവാക്യം!  മഹാഭാരത യുദ്ധത്തിന്റെ കാലഘട്ടം നിർണയിക്കുന്നതിൽ അതീവ പ്രധാനമായ പങ്കു വഹിച്ച ഒരു രേഖകൂടിയാണിത്.


 മഹാഭാരത യുദ്ധത്തിന് ശേഷം 3375 വർഷങ്ങൾക്ക് ശേഷമാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് ഈ രേഖയിൽ പറയുന്നത്. ബിസി 3010നടുത്തതാണ് ഭാരത യുദ്ധം നടന്നതെന്ന് ചരിത്രകാരന്മാർ ഈ രേഖകളും അന്നത്തെ നക്ഷത്രങ്ങളുടെ സ്ഥാനവും വച്ച് കണ്ടു പിടിച്ചിട്ടുണ്ട്. രണ്ടു ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഒന്ന് ക്ഷേത്രത്തിനകത്തും മറ്റൊന്നും മുകളിലും ആണ്. ക്ഷേത്രത്തിനകത്ത് മഹാവീരന്റെ വിഗ്രഹം ഇപ്പോഴുമുണ്ട്.


മേഗൂത്തി മലയുടെ മുകളിൽ നിന്നു കൊണ്ട് ഞാൻ  താഴ്വാരത്തേയ്ക്ക് നോക്കി. ക്ഷത്രിയ രക്തത്തിന്റെ ശാപം എന്ന പോലെ മാലപ്രഭ നദി ഉണങ്ങി വരണ്ടു കിടക്കുകയാണ്. എന്നാല്‍ മലയടിവാരം ഊഷരമല്ല.  എങ്ങോട്ട് തിരിഞ്ഞാലും കുട്ടികള്‍ വീടുണ്ടാക്കി കളിച്ചതു പോലെ, ചുവന്ന മണല്‍ക്കല്ലില്‍(red sandstone) തീര്‍ത്ത ക്ഷേത്രങ്ങളാണ്.

ഐഹോളെ മലയാളം യാത്രാവിവരണം

ദക്ഷിണേന്ത്യന്‍ വാസ്തു ശാസ്ത്രത്തിന്റെ കളിത്തൊട്ടില്‍ എന്നാണു ഐഹോളെ അറിയപ്പെടുന്നത്. ഗ്രാമത്തില്‍ അവിടിവിടെയായി ചിതറിക്കിടക്കുന്ന, ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങളുണ്ട്. അവയില്‍ പലതും പുരാതന ഭാരതത്തിലെ ശില്പകലാ വിദ്യാര്‍ഥികളുടെ പരീക്ഷണങ്ങളാണ്. എല്ലോറയിലെയും രാഷ്ട്രകൂട ക്ഷേത്രങ്ങളും, ഹംപിയിലെ വിജയനഗര ക്ഷേത്രങ്ങളും, ഹളെബീട്, ബേലൂര്‍ എന്നിവിടങ്ങളിലെ ഹൊയ്സാല ക്ഷേത്രങ്ങളും ഐഹോളയിലെ ക്ഷേത്ര നിര്‍മാണരീതികള്‍ പിന്തുടരുന്നു.

മേഗുത്തി മലയിറങ്ങി ഐഹോളിന്റെ ഹൃദയത്തിലേയ്ക്ക്.. മനോഹരമായ ഒരു ഉദ്യാനത്തിലാണ് ഐഹോളെയിലെ പ്രധാന ക്ഷേത്രങ്ങള്‍ അടങ്ങിയ കോംപ്ലക്സ്. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണിത്. ദുര്‍ഗ് ക്ഷേത്രം, ചക്രഗുടി, ത്രികുടെശ്വര ക്ഷേത്രം, ലാഡ്‌ ഖാന്‍ ക്ഷേത്രം, ഗൗഡർഗുഡി, ബടിഗരുഗുടി എന്നിങ്ങനെ വിചിത്രമായ പേരുകളാണ് ഈ ക്ഷേത്രങ്ങൾക്ക്. പണ്ട് കാലത്ത് ഐഹോളെയിലെ പല ക്ഷേത്രങ്ങളും ഗ്രാമവാസികള്‍ കയ്യേറിയിരുന്നു. പണ്ടത്തെ താമസക്കാരുടെ പേരുകള്‍ തന്നെ ഈ ക്ഷേത്രങ്ങള്‍ക്ക് പതിഞ്ഞു പോയി. യഥാര്‍ത്ഥ പേരുകള്‍ ആര്‍ക്കും അറിയില്ല. ഉദാഹരണത്തിന് ലാഡ്‌ ഖാന്‍ എന്ന മുസ്ലിം സിദ്ധന്‍ താമസിച്ചിരുന്ന സ്ഥലമാണ് ലാഡ്‌ ഖാന്‍ ക്ഷേത്രം. ഇസ്ലാമിക നാമമുള്ള ലോകത്തിലെ ഒരേയൊരു ക്ഷേത്രവും ഇതാവാം. അല്ലേ?


ടിക്കറ്റ് എടുത്ത് അകത്തു കടക്കുമ്പോള്‍ ആദ്യം കാണുന്നത് പ്രൗഢഗംഭീരമായ “ദുര്‍ഗ്ഗ” ക്ഷേത്രമാണ്. ഓവല്‍ രൂപത്തിലുള്ള ഈ ക്ഷേത്രം കണ്ടപ്പോൾ, ഇത് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് സംശയം തോന്നി. കാര്യം പിടികിട്ടി, നമ്മുടെ ഇന്ത്യന്‍ പാർലമെന്റിന്റെ  ഒരു പുരാതന രൂപം! ഈ രൂപത്തെ “ഗജപൃഷ്‌ടാകൃതി” എന്നാണു ഗൈഡ് വിശേഷിപ്പിച്ചത്.

ഐഹോളെ മലയാളം യാത്രാവിവരണം


AD 748 ല്‍ നിര്‍മിച്ച ഈ ക്ഷേത്രം പേര് സൂചിപ്പിക്കുന്നത് പോലെ ദുര്‍ഗാ ദേവി ക്ഷേത്രമല്ല. പണ്ട് ഈ ക്ഷേത്രത്തിന്റെ മേല്കൂരയിൽ വാച്ച് ടവര്‍ പോലെ ഒരു ഒരു ചെറിയ ദുര്‍ഗ്ഗ്(കോട്ട) ഉണ്ടായിരുന്നു. അഭംഗി കാരണം ASI അത് എടുത്തു മാറ്റി. “ദുര്‍ഗ്ഗ്” ക്ഷേത്രം എന്ന് നാട്ടുകാര്‍ വിളിച്ച ആ പേര് ഇപ്പോഴും അങ്ങനെ തന്നെ! ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ സൂര്യദേവന്‍ ആയിരുന്നു. വൈഷ്ണവിസം പ്രചാരത്തില്‍ വന്നപ്പോള്‍ ഇത് വിഷ്ണു ക്ഷേത്രമായി മാറ്റപ്പെട്ടു. ഏതു കാലഘട്ടത്തില്‍ അത് സംഭവിച്ചു എന്ന് വ്യക്തമല്ല.

ഐഹോളെ മലയാളം യാത്രാവിവരണം


നല്ല ഉയരമുള്ള പടികൾ കയറി വേണം ദുർഗ ക്ഷേത്രത്തിന്റെ ഒന്നാം തലത്തിൽ എത്താൻ. നമ്മുടെ നാട്ടിലെ ഇളംതിണ്ണ പോലെയൊരു ഭാഗം. ഏഴ് പത്തികളുള്ള, ശേഷ നാഗത്തിന്റെ ശിൽപം മേൽക്കൂരയെ അലങ്കരിക്കുന്നു. ഒരു കയ്യിൽ പൂക്കൂടയുമായി സന്ദർശകരെ വരവേൽക്കാൻ നിൽക്കുകയാണെന്ന് സർപ്പങ്ങളുടെ ഈ രാജാവെന്നു തോന്നിപ്പോകും.

ഐഹോളെ മലയാളം യാത്രാവിവരണം


മുഖമണ്ഡപം എന്നറിയപ്പെടുന്ന ഇളംതിണ്ണ കടന്നു ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാം. വാതിലിന്റെ ഫ്രെയിം അതിഗംഭീരമായ ഒരു കൊത്തുപണിയാണ്. കല്ലാണോ അതോ തടിയാണോ എന്നറിയാൻ ഒന്ന് തൊട്ടു നോക്കേണ്ടി വന്നു. നാഗ ശാഖ, പുഷ്പ ശാഖ, കുംഭ ശാഖ, മാനവ ശാഖ, മകര ശാഖ എന്നിങ്ങനെ അഞ്ചു തരം ഡിസൈനുകൾ ആണ് വാതിലിന്റെ അലങ്കരിക്കുന്നത്. ഇവയെല്ലാം കൂട്ടിപ്പിടിച്ച് മുകളിൽ, വിഷ്ണുവിന്റെ വാഹനമായ ഗരുഡനും ഉണ്ട്.

ഐഹോളെ മലയാളം യാത്രാവിവരണം


ദുർഗ ക്ഷേത്രത്തിന്റെ അകത്തേക്ക് പ്രകാശം അധികം കടന്നു വരുന്നില്ല. മേൽക്കൂരയിലെ ഗന്ധർവന്മാരും അപ്സരസുകളും വെള്ളം കിനിഞ്ഞിറങ്ങി കറുത്തു പോയിരിക്കുന്നു. ഇരുട്ടിനെ ഇഷ്ടമുള്ള ഒരു കൂട്ടരുണ്ട് - വാവലുകൾ. അവർ ക്ഷേത്രത്തിൽ സ്ഥിരതാമസമാണ്. വാവൽക്കാഷ്ഠവും, ഈർപ്പവും കല്ലിൽ നൂറ്റാണ്ടുകളായി കല്ലിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ഒരു രൂക്ഷ ഗന്ധമുണ്ട്. പണ്ട്, എന്റെ ആദ്യത്തെ മഹാബലിപുരം യാത്രയിൽ ഒരു പുരാതന ക്ഷേത്രത്തിനകത്ത് കടന്നപ്പോൾ ഈ മണമടിച്ച്  എനിക്ക് ബോധക്കേട് തോന്നി. പിന്നീട് എത്രയോ ക്ഷേത്രങ്ങളിലൂടെ അമൂല്യങ്ങളായ ശില്പങ്ങളും ചരിത്രവും തേടി അലയുന്നത് പതിവായപ്പോൾ ഈ മണവും ശീലമായി.

ഐഹോളെ മലയാളം യാത്രാവിവരണം


ചാലൂക്യൻ ക്ഷേത്രങ്ങളിൽ ഞാൻ കണ്ട ഒരു അപാകത ആവശ്യത്തിന് വെളിച്ചം കടക്കില്ല എന്നതാണ്. പക്ഷെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ പ്രകാശ സംവേദനശക്തി(light sensitivity) നമ്മുടേതിനേക്കാൾ വളരെ കൂടുതൽ ആയിരുന്നിരിക്കണം. ബ്രൈറ്റ് ആയ ഇലക്ട്രിക്ക് ബൾബുകളും, ലാപ്ടോപ്പും, ഫോണും ഒക്കെ നമ്മുടെ സംവേദനശക്തി വളരെ കുറച്ചിട്ടുണ്ടാകണം. അതാവാം ഈ ക്ഷേത്രങ്ങളിൽ കയറുമ്പോൾ നമുക്ക് നമുക്ക് കണ്ണു കാണാത്തത്.


കയ്യിൽ ഒരു ടോർച്ച് ഉണ്ടായിരുന്നത് ഭാഗ്യമായി. ശ്രീകോവിലിനു ചുറ്റുമുള്ള ഇരുണ്ട,  ഇടുങ്ങിയ  പ്രദക്ഷിണ  പാതയിലേക്ക് ടോർച്ചും തെളിച്ച് ഞങ്ങൾ നടന്നു. ദുർഗാ ക്ഷേത്രത്തിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അതിന്റെ ഓവൽ രൂപം തന്നെയാണ്. വലിയ മണൽക്കൽ കഷ്ണങ്ങൾ വളച്ചെടുത്ത്, ഒന്നിന് മേലെ ഒന്നായി അടുക്കിയാണ് ഈ ഓവൽ രൂപം ഉണ്ടാക്കി എടുത്തിരിക്കുന്നത്. യന്ത്രങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത്, ഭീമാകാരനായ ഒരു കല്ല് വെട്ടിയൊരുക്കി, വളച്ച് മിനുക്കിയെടുക്കുക എന്നത് ചില്ലറക്കാര്യമല്ല! പ്രദക്ഷിണ പാതയുടെ മിനുസമുള്ള  ഉരുണ്ട ചുവരിൽ ചെവിചേർത്താൽ ചിലപ്പോൾ ശില്പികളുടെ ഹൃദയത്തുടിപ്പും നിശ്വാസവും കേൾക്കാം. ക്ഷേത്രത്തിൽ  ഇപ്പോൾ പ്രതിഷ്‌ഠയില്ല. സൂര്യദേവന്റെ  വിഗ്രഹം വച്ചിരുന്ന പീഠം ഒഴിഞ്ഞു കിടക്കുന്നു. 1565 നു ശേഷം ആദിൽഷാഹി ആക്രമണകാലത്ത് ഈ വിഗ്രഹം നശിപ്പിച്ചിരിക്കാം എന്നാണു ഗൈഡ് പറയുന്നത്.

ഐഹോളെ മലയാളം യാത്രാവിവരണം


ചാലൂക്യന്മാരുടെ ഒരു ഇഷ്ട ഡിസൈൻ ആയ കീർത്തിമുഖവും ക്ഷേത്രത്തിലെ തൂണുകളിൽ ഒന്നിൽ കൊത്തിയിട്ടുണ്ട്.

ഐഹോളെ മലയാളം യാത്രാവിവരണം


രണ്ടു പ്രദക്ഷിണ പാതകൾ ഉള്ള, ദക്ഷിണേന്ത്യയിലെ അപൂർവം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ദുർഗ ക്ഷേത്രം. ക്ഷേത്രത്തിനകത്തെ ഇരുട്ട് മൂടിയ പ്രദിക്ഷിണ പാത പോലെയല്ല പുറത്തുള്ളത്. ഓവൽ രൂപത്തിലുള്ള ഈ പ്രദക്ഷിണ പാത ഒരു ആർട്ട് ഗാലറി ആണ്. നിശ്ചിത അകലത്തിൽ, ക്ഷേത്രചുവരുകളിൽ വെട്ടിയുണ്ടാക്കിയ ഫ്രെയിമുകളിൽ ലക്ഷണമൊത്ത ശില്പങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.  ആർട്ട് ഗാലറി എന്ന സങ്കൽപം പാശ്ചാത്യ ലോകത്ത് രൂപം കൊള്ളുന്നത് യൂറോപ്യൻ നവോത്ഥാന കാലത്താണ്(AD 12 പന്ത്രണ്ടാം നൂറ്റാണ്ടിൽ) അതിനും അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് തന്നെ ചാലൂക്യ ശിൽപികൾ ലക്ഷണമൊത്ത ആർട്ട് ഗാലറി ഉണ്ടാക്കിയിരുന്നു എന്നത് അഭിമാനകരമാണ്.

ഐഹോളെ മലയാളം യാത്രാവിവരണം


ആർട്ട് ഗാലറിയിലെ ശില്പങ്ങൾ കണ്ടു കൊണ്ട് ഞങ്ങൾ പുറത്തെ പ്രദിക്ഷിണ വഴിയിലൂടെ നടന്നു. ദൈവങ്ങളുടെ ശില്പങ്ങൾ മാത്രമല്ല ആ കൂട്ടത്തിൽ ഉള്ളത്. ആ കാലഘട്ടത്തിലെ സ്ത്രീ പുരുഷന്മാരുടെ വസ്ത്രം, ആഭരങ്ങൾ, കേശാലങ്കാരം തുടങ്ങിയ വിവരിക്കുന്ന ശില്പങ്ങളുമുണ്ട്. അതിൽ കുഞ്ഞിനെ കയ്യിലെടുത്ത്, താലി മാലയും, കണ്ഠസൂത്രം എന്നറിയപ്പെടുന്ന നെക്‌ളേസും ധരിച്ച് നിൽക്കുന്ന സ്ത്രീ ധരിച്ചിരിക്കുന്നത് മുട്ടിനും എത്രയോ മേലെ നിൽക്കുന്ന,  ഇന്നത്തെ മിനി സ്‌കേർട്ടിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രമാണ്.

ഐഹോളെ മലയാളം യാത്രാവിവരണം

ശില്പങ്ങൾ മാത്രമല്ല, നിശ്ചിത അകലത്തിൽ, കൊത്തുപണികൾ ചെയ്ത ജനാലകളും ഇവിടെയുണ്ട്. ഓരോ ഡിസൈനും വ്യത്യസ്തമാണ്. പെൺകുട്ടികൾ മൈലാഞ്ചി ഇടുമ്പോൾ പല പല ഡിസൈനുകളും വരച്ച് നോക്കാറില്ലേ? അതുപോലെയാണ് "ജാലന്ദർ" എന്ന ഈ ജനലുകളുടെ കാര്യവും. പുരാതന ഭാരതത്തിലെ ശില്പകലയുടെ ഒരു പരീക്ഷണ ശാലയായിരുന്നു ഐഹോളെ എന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെ പരീക്ഷിച്ചു വിജയിച്ച ഡിസൈനുകളും ശില്പങ്ങളുമാണ് ബദാമിയിലെയും, പട്ടടക്കലിലെയും ക്ഷേത്രങ്ങളുടെ മുഖമണ്ഡപങ്ങളും മേൽക്കൂരകളും അലങ്കരിക്കുന്നത്.

ഐഹോളെ മലയാളം യാത്രാവിവരണം


ത്രിഭംഗു ശിവൻ, ഗരുഡനു മേൽ പറക്കുന്ന വിഷ്ണു, മഹിഷാസുര മർദ്ദിനി, വലിയ ഗദയും പിടിച്ചു നിൽക്കുന്ന നരസിംഹം, ഭൂദേവിയെ പാതാളത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് വരുന്ന വരാഹം, ഹരിഹര ശിൽപം ഇവയൊക്കെയാണ് പ്രധാന ശില്പങ്ങൾ.
ഐഹോളെ മലയാളം യാത്രാവിവരണം

ഐഹോളെ മലയാളം യാത്രാവിവരണം


ഐഹോളെ മലയാളം യാത്രാവിവരണം

ദുർഗ ക്ഷേത്രത്തിൽ ഇനിയും ഒരുപാട് ശില്പങ്ങൾ കാണാനുണ്ട്. രാമായണത്തിലെ പല കഥകളും വിശദമായിത്തന്നെ ഭിത്തികളിൽ കൊത്തിയിരിക്കുന്നു. ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നതും, സരയൂ നദി കടക്കാനാകാതെ വിഷമിച്ചു നിൽക്കുമ്പോൾ ദേവ ശില്പിയായ 'ഗുഹൻ' ഒരു വള്ളം നിർമിച്ച് നൽകുന്നതും, മൂവരും അതിൽ കയറി സരയൂ നദി കടക്കുന്നതുമായ ദൃശ്യം വളരെ രസകരമായി തോന്നി. സമയം കുറവായതു കൊണ്ട് ഞങ്ങൾ അടുത്ത കാഴ്ചകളിലേയ്ക്ക് നീങ്ങി.

ഐഹോളെ മലയാളം യാത്രാവിവരണം


ഇത്രയും നേരം ദുർഗ ക്ഷേത്രത്തിൽ ചെലവഴിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഞങ്ങളുടെ ഗൈഡ് ശിവാനന്ദിന്റെ ഇംഗ്ലീഷ് ആണ്. ഐഹോളെക്കടുത്ത് സിദ്ധനക്കൊല്ല എന്ന ചെറുഗ്രാമത്തിൽ ജനിച്ച്,  ബഗൽകോട്ട് ബി എ ചരിത്രം പഠിച്ച ഈ മനുഷ്യൻ എത്ര മനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്! കർണാടകയുടെ ചരിത്രം മുഴുവൻ ഇദ്ദേഹത്തിന് കാണാപ്പാഠമാണ്. മിക്ക യാത്രകളിലും എനിക്ക് കിട്ടുന്ന വലിയൊരു ഭാഗ്യം മിടുക്കരായ ഗൈഡുകളെ കണ്ടുമുട്ടുന്നതാണ്. ചരിത്രത്തിൽ താത്‌പര്യമുള്ള സഞ്ചാരികളെ കാണുമ്പോൾ അവർക്കും ആവേശമാണ്. ഐഹോളെയിലെ പ്രധാന ശില്പങ്ങളും ക്ഷേത്രങ്ങളുമൊക്കെ നാലടിയോളം മണ്ണിനടിയിൽ ആയിരുന്നു. 1958-ൽ Dr.എസ് ആർ റാവുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പുരാവസ്തു വകുപ്പാണ് അവയൊക്കെ ഖനനം ചെയ്തെടുത്തത്.

ദുർഗ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് പുരാവസ്തു മ്യൂസിയം. വെള്ളിയാഴ്ച അവധിയായത് കൊണ്ട് ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. മ്യൂസിയത്തിന് മുറ്റത്ത് അഷ്ട ഗണപതി ശില്പങ്ങൾ ഉണ്ട്. അതിനടുത്തായി കണ്ട മറ്റൊരു ശിൽപം എനിക്ക് വളരെയധികം കൗതുകം ഉണ്ടാക്കി. 'സപ്തമാതാക്കളുടെ' ശില്പമാണത്. ബ്രാഹ്മിണി, വൈഷ്‌ണവി, മഹേശ്വരി, ഇന്ദ്രാണി, കുമാരി, വരാഹി, ചാമുണ്ഡ, എന്നിവരാണിത്. ഹൈന്ദവ പുരുഷ ദൈവങ്ങളുടെ സ്ത്രീ പതിപ്പുകൾ ആണിവർ. അതിപുരാതന കാലം മുതൽ ഇന്ത്യയിൽ സപ്തമാതൃകാ ആരാധനയുണ്ട്. നേപ്പാളിൽ നരസിംഹി എന്നെ ദേവി കൂടിയുണ്ട്. അഷ്ടമാതൃക സങ്കല്പമാണ് അവർക്കുള്ളത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും സപ്തമാതാക്കളെ ആരാധിക്കുന്ന ചടങ്ങുണ്ടെന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു.

ഐഹോളെ മലയാളം യാത്രാവിവരണം


ദുർഗ ക്ഷേത്രത്തിന്റെ അതേ കോംപ്ലക്സിൽ തന്നെ, വളരെ ചെറിയ എന്നാൽ അതിപ്രധാനമായ മറ്റൊരു ക്ഷേത്രമുണ്ട്. എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സൂര്യനാരായണ ക്ഷേത്രമാണിത്. സൂര്യദേവന്റെ വിഗ്രഹമുള്ള ഇന്ത്യയിലെ തന്നെ വളരെ അപൂർവമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.   പച്ച ഗ്രാനൈറ്റിൽ നിർമിച്ച പുരാതനമായ സൂര്യദേവ വിഗ്രഹം മനോഹരമായൊരു കലാസൃഷ്ടിയാണ്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത, ഇതിനു ഒറ്റ ജനൽ പോലും ഇല്ലെന്നതാണ്. പക്ഷെ ക്ഷേത്രത്തിന്റെ നിർമാണ വൈദഗ്ദ്യം കൊണ്ട്, പുറത്ത് നിന്നുള്ള വെളിച്ചം നേരെ സൂര്യദേവന്റെ വിഗ്രഹത്തിൽ വന്നു തട്ടുകയാണ്. പെട്ടെന്ന് കാണുമ്പോൾ, വിഗ്രഹത്തിനു താഴെ ഒരു സ്പോട്ട് ലൈറ്റ് വച്ചതു പോലെ തോന്നും. ഞാൻ എടുത്ത ഫോട്ടോയിൽ ഈ എഫക്ട് വ്യക്തമായി കാണാം. ഇരുട്ട് നിറഞ്ഞ ആ ക്ഷേത്രത്തിൽ നിന്ന് ഫ്ലാഷ് ഇടാതെ എടുത്ത ചിത്രമാണിത്.


ഐഹോളെ മലയാളം യാത്രാവിവരണം



അടുത്തതായി ഞങ്ങള്‍ പോയത് “ലാഡ്‌ ഖാന്‍” ക്ഷേത്രത്തിലേയ്ക്കാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. AD 450ല്‍ ചാലൂക്യ കാലഘട്ടത്തിനും മുന്‍പേയാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. വലിയ മരക്കഷ്ണങ്ങള്‍ പോലെ തോന്നിക്കുന്ന കല്‍പ്പാളികള്‍ പാകിയ മേല്‍ക്കൂര ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്ര നിര്‍മാണ രീതികളെക്കുറിച് മുന്‍പരിചയം ഒന്നുമില്ലാതിരുന്ന അന്നത്തെ ശില്‍പികള്‍ രണ്ടു നിലകളിലായാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പരുക്കന്‍ മട്ടില്ലുള്ള കൂറ്റന്‍ തൂണുകളുള്ള താഴത്തെ നില ഒരു പഞ്ചായത്ത്‌ ഹാളിനെ അനുസ്മരിപ്പിക്കുന്നു. മുകളില്‍ ഒരു ചെറിയ ശ്രീകോവില്‍ മാത്രമാണ് ഉള്ളത്. അങ്ങോട്ട്‌ കയറാന്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു ഭീമന്‍ ഗോവിണിയും ഉണ്ട്. 

ഐഹോളെ മലയാളം യാത്രാവിവരണം



‘ഐഹോളെ 500’ എന്ന വാണിജ്യ സംഘത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നല്ലോ. അവരുടെ പൊതുയോഗങ്ങള്‍ ഈ ക്ഷേത്രത്തിലെ താഴത്തെ നിലയില്‍ വച്ച് നടന്നിരിക്കാം എന്നാണു ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.


ലാഡ്‌ ഖാൻ ക്ഷേത്രത്തിനടുത്ത് തന്നെ, തറനിരപ്പിൽ നിന്നും അല്പം താഴെയായി നിൽക്കുന്ന മറ്റൊരു ക്ഷേത്രമാണ് 'ഗൗഡരുഗുഡി'. ദ്രാവിഡ ക്ഷേത്ര നിർമാണ രീതിയുടെ നല്ലൊരു ഉദാഹരണമാണ് ഗൗഡരുഗുഡി. ഇന്ത്യയിൽ രണ്ടു പ്രധാന ക്ഷേത്ര നിർമാണ രീതികളാണ് നിലവിൽ ഉണ്ടായിരുന്നത്. 'ദ്രാവിഡ രീതിയും നാഗര രീതിയും. പരന്ന കൽപാളികൾ മേഞ്ഞ, ചരിഞ്ഞ മേൽക്കൂരകൾ ദ്രാവിഡ രീതിയാണ്. വളരെ ഉയരം കൂടി, മേലോട്ട് ചെല്ലുന്തോറും വീതി കുറഞ്ഞു, നിറയെ കൊത്തുപണികൾ ഉള്ളത് നാഗര രീതി. കൊണാർക്കിലെ സൂര്യക്ഷേത്രവും, പുരി ജഗന്നാഥ ക്ഷേത്രവുമെല്ലാം നാഗര രീതിയുടെ ഉദാഹരണങ്ങൾ ആണ്. അതി പുരാതന ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ ഒക്കെ ദ്രാവിഡിയ രീതിയിൽ ഉള്ളതാണ്. എന്നാൽ ആറാം നൂറ്റാണ്ടിനു ശേഷം, പതിയെപ്പതിയെ നാഗര രീതിയും ഇവിടെ പ്രചാരത്തിൽ വരുകയായിരുന്നു.

ഐഹോളെ മലയാളം യാത്രാവിവരണം

ഗൗഡരുഗുഡിയ്ക്ക്  സമീപമുള്ള ചക്രഗുഡി, തനി നാഗര രീതിയിലുള്ള മേൽക്കൂര ഉള്ളതാണ്. ഈ ക്ഷേത്രങ്ങൾ ഒക്കെ അവിടെ പണ്ട് കുടിയേറി താമസിച്ചിരുന്നവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. യഥാർത്ഥ പേരുകൾ അറിയാൻ യാതൊരു വഴിയുമില്ല.

‘ബഡിഗരുഗുഡി’ എന്ന ക്ഷേത്രവും കടന്നു ഞങ്ങൾ ദുർഗാ ക്ഷേത്ര കോംപ്ലെക്സിന് പുറത്തേയ്ക്ക് നടന്നു. ഐഹോളെയിൽ ക്ഷേത്രങ്ങൾ മുഴുവൻ നടന്നു കണ്ടു തീർക്കാൻ ഒരാഴ്ച പോലും മതിയാകില്ല. പുരാതന ഭാരതത്തിലെ വാസ്തുകലയുടെ വലിയൊരു വിദ്യാപീഠം തന്നെ ഇവിടെ ഉണ്ടായിരുന്നത്രെ! നളന്ദ, തക്ഷശില, കാഞ്ചീപുരം എന്നിവയോട് കിടപിടിക്കുന്ന ഒരു സർവ്വകലാശാല തന്നെയായിരുന്നു ഐഹോളെ.

ഐഹോളെ മലയാളം യാത്രാവിവരണം

ദുർഗാ ക്ഷേത്ര കോംപ്ലക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ "ഹുച്ചിമല്ലിഗുഡി' എന്ന് പേരുള്ള മറ്റൊരു ക്ഷേത്രമുണ്ട്. "ഭ്രാന്തി മല്ലിയുടെ വീട്' എന്നാണു ഇതിന്റെ പരിഭാഷ. ഈ ക്ഷേത്രത്തിന്റെ യഥാർത്ഥ പേരും ആർക്കും അറിയില്ല. ഗംഭീര കൊത്തുപണികൾ ഒന്നുമില്ലെങ്കിലും, ചാലൂക്യ കാലഘട്ടത്തിലെ ലക്ഷണമൊത്ത ഒരു ക്ഷേത്രമാണിത്. ശിവതാണ്ഡവ ദൃശ്യം കൊത്തിയ, നാഗര രീതിയിലുള്ള മേൽക്കൂരയാണ് ഹുച്ചിമല്ലിഗുഡിക്കുള്ളത്.

ഐഹോളെ മലയാളം യാത്രാവിവരണം


 ദക്ഷിണേന്ത്യയിൽ രണ്ടു തരം ക്ഷേത്രങ്ങളാണ്  പ്രചാരത്തിൽ ഉണ്ടായിരുന്നത്. ശ്രീകോവിലിനു ചുറ്റും പ്രദിക്ഷിണ പാതയുള്ളവ സാന്താര ക്ഷേത്രങ്ങൾ എന്നും,  ഇല്ലാത്തവ നിരന്താരാ ക്ഷേത്രങ്ങൾ എന്നും അറിയപ്പെടുന്നു. "ഹുച്ചിമല്ലിഗുഡി' ഒരു സാന്താര ക്ഷേത്രമാണ്. ബദാമി ഗുഹാക്ഷേത്രങ്ങൾ ആകട്ടെ നിരന്താരാ ക്ഷേത്രങ്ങളും.
ഐഹോളെ മലയാളം യാത്രാവിവരണം


മറ്റു ഐഹോളെ ക്ഷേത്രങ്ങൾക്കൊന്നും ഇല്ലാത്ത "അന്തരാള"(antechamber) എന്നൊരു ഭാഗം കൂടി ഹുച്ചിമല്ലി ക്ഷേത്രത്തിനുണ്ട്. ശ്രീകോവിലിനു തൊട്ടു മുന്നിലുള്ള ചെറിയൊരു തളമാണിത്. VIP കൾക്ക് വിഗ്രഹത്തിന്റെ അടുത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യമാണിതെന്ന് ഗൈഡ് പറഞ്ഞപ്പോൾ ഞാൻ നമ്മുടെ ഗുരുവായൂരും, തിരുപ്പതിയും ഒക്കെ ഓർത്തു പോയി. VIP സംസ്കാരം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല! സുബ്രഹ്മണ്യ സ്വാമിയുടെ ശിൽപം കൊത്തിയ അപൂർവം ചില ചാലൂക്യ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഐഹോളെ മലയാളം യാത്രാവിവരണം


ഹുച്ചിമല്ലിയുടെ ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ പോയത് "രാവൺഫാടി" എന്ന് വിളിപ്പേരുള്ള ഒരു ഗുഹാക്ഷേത്രത്തിലേക്കാണ്. "ഫാടി" എന്നാൽ ചെറിയ കുന്ന് എന്നാണു അർഥം. പേരിൽ മാത്രമേ രാവണൻ ഉള്ളൂ,  പക്ഷെ ഇന്ത്യയിലെ അതിപ്രസിദ്ധമായ ഒരു ശിൽപം ഈ ചെറിയ ഗുഹയ്ക്കുള്ളിലാണ്.

ഐഹോളെ മലയാളം യാത്രാവിവരണം


"ദശഭുജ നടരാജ" എന്നറിയപ്പെടുന്ന ആ മാസ്റ്റർ പീസിന് മുന്നിൽ ചെന്നു നിന്നപ്പോൾ, എനിക്കെന്തുകൊണ്ടോ രോമാഞ്ചം അനുഭവപ്പെട്ടു. ഒരു ശില്പകലാ സ്നേഹിയുടെ സ്വപ്നസാഫല്യമാണ് ദശഭുജ നടരാജനെ കാണുക എന്നത്. ഇരു വശങ്ങളിലും അഞ്ചു കൈകൾ വീതമുള്ള, ഉഗ്ര വിഷമുള്ള മൂർഖനെ കൈയിലേന്തി, ചടുലനൃത്തം ചെയ്യുന്ന ശിവൻ. ചുറ്റും പാർവതിയും സപ്തമാതാക്കളും. കാൽക്കൽ ഗണപതിയും സുബ്രഹ്മണ്യനും. എത്ര നോക്കി നിന്നാലും കൊതി തീരാത്ത ഒരു ശില്പമാണത്. ഗുഹാക്ഷേത്രത്തിന്റെ ഒരു ചുവരിൽ ആണ് ഈ ശിൽപം കൊത്തിയിരിക്കുന്നത്.

ഐഹോളെ മലയാളം യാത്രാവിവരണം


AD 590 കാലഘട്ടത്തിൽ പണിചെയ്ത ഗുഹാക്ഷേത്രം ആണിത്. ആയിരത്തി അഞ്ഞൂറ് വര്ഷങ്ങളുടെ പഴക്കം ശിൽപങ്ങളുടെ ആകർഷണീയത ഒട്ടും കുറച്ചിട്ടില്ല. ദശഭുജ നടരാജനെ കൂടാതെ, മഹിഷാസുര മർദ്ദിനി, ഭൂവരാഹം, നിധി വാഹകർ എന്നിവരുടെ ശില്പങ്ങളും ഉണ്ട്.

ഐഹോളെ മലയാളം യാത്രാവിവരണം


മറ്റൊരു ശ്രദ്ധേയമായ ശിൽപം, ഗംഗ, യമുന സരസ്വതി എന്നീ നദികളോടൊപ്പം നിൽക്കുന്ന ശിവപാർതിമാരാണ്. അടുത്തുള്ള എല്ലും തോലുമായ, തപസ്സു ചെയ്യുന്ന മുനി ഭഗീരഥൻ ആണെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു. എന്നാൽ അത് ഭൃംഗി ഋഷിയും ആകാം എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്.

ഐഹോളെ മലയാളം യാത്രാവിവരണം


ഐഹോളെയുടെ,  അത്രയ്ക്കും ശ്രദ്ധ കിട്ടാത്തൊരു മൂലയ്ക്ക് ഒളിച്ചിരിക്കുന്ന ഈ ഗുഹാക്ഷേത്രമായിരുന്നു പ്രസിദ്ധമായ ബദാമി ഗുഹാ ക്ഷേത്രങ്ങൾക്ക് മാതൃകയായത്. ഇവിടെ പരീക്ഷിച്ചു വിജയിച്ച, ഗുഹാ ക്ഷേത്രമെന്ന സങ്കൽപം, ചാലൂക്യ ശിൽപികൾ ബദാമിയിലും പകർത്തുകയായിരുന്നു.

ഐഹോളെയോട് വിട പറയാറായിരിക്കുന്നു. ശില്പങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഈ അത്ഭുത ഗ്രാമത്തിൽ ഒരാഴ്ച താമസിച്ചാലും എല്ലാ കാഴ്ചകളും കണ്ടുതീർക്കാൻ ആവില്ല. എന്നെങ്കിലും വീണ്ടും തിരിച്ചു വരാമെന്ന  വിശ്വാസത്തിൽ , ദ്രാവിഡ ശില്പകലയുടെ ഈ മാതൃഭൂമിയോട് ഞാൻ വിടചൊല്ലട്ടെ!



പിന്‍കുറിപ്പ്:
ഐഹോളെയ്ക്ക് ആ പേര് വന്നതിനു പിന്നില്‍ ഒരു പുരാണ കഥയുണ്ട്. സപ്തര്‍ഷികളില്‍ ഒരാളായ ജമദഗ്നി മുനിയുടെ ആശ്രമത്തില്‍ “കാമധേനു” എന്നൊരു മാന്ത്രിക പശു ഉണ്ടായിരുന്നു. ഒരിക്കല്‍ ആശ്രമം സന്ദര്‍ശിച്ച കാര്‍ത്യവീരാര്‍ജുനന് കാമധേനുവിന്റെ സഹായത്തോടെ ഒരു വന്‍ സദ്യ തന്നെ ജമദഗ്നി ഒരുക്കി. സദ്യയെല്ലാം കഴിഞ്ഞപ്പോള്‍, കാര്‍ത്യവീരാര്‍ജുനന് കാമധേനുവിനെ കിട്ടണം എന്ന് ആഗ്രഹം തോന്നി. ജമദഗ്നി ആ ആഗ്രഹം സൗമ്യമായി നിരാകരിച്ചു. നിരാശനായി മടങ്ങിയ കാര്‍ത്യ വീരര്‍ജുന്‍ ഒരു പടയുമായി തിരിച്ചു വന്നു ജമദഗ്നിയെ വധിച്ച് കാമധേനുവിനെ സ്വന്തമാക്കി. ജമദഗ്നിയുടെ മകന്‍ കാര്‍ത്യവീരാര്‍ജുനെ വധിച്ച് പ്രതികാരം തീരത്തു. ജമദഗ്നിയുടെ മകനെ നമ്മള്‍ക്ക് എല്ലാവര്ക്കും പരിചയമുണ്ട്. പരശുരാമന്‍. ജമദഗ്നി മന്ത്ര ശക്തിയാല്‍ ജീവന്‍ വീണ്ടെടുത്തു. പക്ഷെ പ്രതികാരം തീര്‍ക്കാന്‍ കാര്‍ത്യവീരാര്‍ജുന്റെ മക്കള്‍ ജമദഗ്നിയെ വീണ്ടും വധിച്ചു.  കാര്‍ത്യവീരാര്‍ജുനന്റെ മക്കളെയും, ക്ഷത്രിയ കുലത്തെയും മുഴുവന്‍ പരശുരാമന്‍ കൊന്നൊടുക്കി. രക്തത്തില്‍ മുങ്ങിയ ആ മഴു പരശുരാമന്‍ “മലപ്രഭ” എന്ന നദിയില്‍ കഴുകി. നദി മുഴുവന്‍ നിമിഷാര്‍ദ്ധം കൊണ്ട് രക്ത വര്‍ണമായി. നദിയില്‍ കുളിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ “അയ്യോ ഹോളെ” എന്ന് വിലപിച്ചു. (“അയ്യോ, നദി” എന്ന് പരിഭാഷ). നദിയുടെ കരയിലുള്ള ഗ്രാമത്തിനു “അയ്യോഹോളെ” എന്നു പേര് വീണു, പിന്നീട് അത് ലോപിച്ചാണ് ഐഹോളെ ആയി മാറിയത്.

Post a Comment

أحدث أقدم