ഒന്നാം ഭാഗം ഇവിടെ
രണ്ടാം ഭാഗം ഇവിടെ
തകർന്ന കൊട്ടാരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടത്തം തുടർന്നു. രസകരമായ കൊത്തു പണികളുള്ള ഒരു മതിലിനു മുന്നിലാണ് ആ നടത്തം ചെന്നെത്തിയത്. ആനകളും, കുതിരകളും വില്ലാളികളും, നർത്തകികളും അടങ്ങിയ ഒരു ആൾക്കൂട്ടം ഘോഷയാത്രയായി എങ്ങോട്ടോ പോകുന്നതാണ് മതിലിൽ ചിത്രീകരിച്ചിരിക്കുന്നത്.
"അത് ശരി,  എന്നാ പിന്നെ ഇവരെല്ലാം എങ്ങോട്ട് പോകുന്നു എന്ന് നോക്കിക്കളയാം" എന്നു വിചാരിച്ച് ഞങ്ങളും ആ മതിലിന്റെ അരികും പറ്റി നടന്നു. അങ്ങനെ ചെന്നു നിന്നത് ഒരു ക്ഷേത്രത്തിന്റെ നടയിൽ ആണ്. "ഹസാര രാമ" ക്ഷേത്രം എന്നാണു പേര്.

നേരത്തെ ഞങ്ങൾ കണ്ട ഘോഷയാത്ര ദൃശ്യം അവസാനിക്കുന്നത് ഒരു രാജാവിന്റെ മുന്നിലാണ്. ദസറ (മഹാനവമി) ആഘോഷങ്ങളുടെ വിവരണമാണ് ഹസാര രാമ ക്ഷേത്രത്തിന്റെ ചുറ്റുമതില് മുഴുവനും. "മഹാനവമി ഡിബ്ബ" എന്നറിയപ്പെടുന്ന  ഒരു വൻ സ്റ്റേജിനു മുകളിൽ ഇരിക്കുന്നത് പോലെയാണ് രാജാവിനെ ചിത്രീകരിച്ചിരിക്കുന്നത്."കല്ലിൽ തീർത്ത രാമായണം".  ഹസാര രാമ ക്ഷേത്രത്തെ  ഒറ്റ വാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. 15 ആം  നൂറ്റാണ്ടിന്റെ തുടക്കത്തിൽ  ദേവരായ ഒന്നാമൻ നിർമ്മിച്ചതാണ്  ഈ ക്ഷേത്രമെന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശ്രീ  രാമചന്ദ്ര ക്ഷേത്രം എന്നാണു ഈ അമ്പലത്തിന്റെ യഥാർത്ഥ പേര്, എന്നാൽ "ഹസാര രാമ" എന്ന വിളിപ്പേര് ഈ ക്ഷേത്രത്തിനു  വരാൻ കാരണമുണ്ട്. രാമായണത്തിലെ 108 പ്രധാന സന്ദർഭങ്ങൾ ഈ ക്ഷേത്രത്തിന്റെ ഉൾ ഭിത്തികളിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഒരു വശത്തു  നിന്നും നോക്കി തുടങ്ങി. ദശരഥൻ പുത്രന്മാൻ ഉണ്ടാകാൻ യാഗം ചെയ്യുന്നതും, രാമനും ലക്ഷ്മണനും സീതയും കാട്ടിലേയ്ക്ക് പോകുന്നതും, രാവണൻ സീതയെ തട്ടി കൊണ്ട് പോകുന്നതും, ഹനുമാൻ ലങ്കയ്ക്ക് തീയിടുന്നതും.. കഥയങ്ങനെ  ചുവരുകളിൽ നീണ്ടു നീണ്ടു കിടക്കുകയാണ്.കുറെയൊക്കെ മനസ്സിലായെങ്കിലും, വാനര രൂപത്തിലുള്ള ഏതു ശിൽപം കണ്ടാലും "ഇത് ഹനുമാനാണ്" , വില്ല് പിടിച്ച ആരെ കണ്ടാലും "ഇത് രാമൻ വില്ലൊടിക്കുന്ന  സീനാണ്" എന്ന സ്റ്റൈലിൽ  ഉള്ള എന്റെ തള്ളൽ സഹിക്കാതെ പാവം കണവൻ പതുക്കെ ക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു. ഗൈഡ് പണിക്ക് തത്കാലം വിരാമമിട്ട് പുറകെ ഞാനും.  മിനുങ്ങുന്ന കറുത്ത ഗ്രാനൈറ്റ് തൂണുകളാണ് ക്ഷേത്ര മണ്ഡപത്തിലെ പ്രധാന കാഴ്ച. ഹംപിയിൽ വേറെ എവിടെയും ഞാൻ ഇത്തരം തൂണുകൾ കണ്ടിരുന്നില്ല. ഈ ഗ്രാനൈറ്റ് ഹംപി ഭാഗങ്ങളിൽ കണ്ടു വരുന്നതും അല്ല. പിന്നീടാണ് വായിച്ചറിഞ്ഞത്,  ഈ കല്ല്‌ വളരെ വില പിടിപ്പുള്ളതാണ് . ക്ഷേത്ര നിർമാണത്തിനായി പടിഞ്ഞാറൻ കർണാടകയിൽ നിന്നും പ്രത്യേകമായി വരുത്തിച്ചതാണത്രേ.ഹംപിയിലെ "റോയൽ എൻക്ലോഷർ" എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു രാജാവിന്റെ പ്രത്യേക താത്പര്യവും പരിഗണനയും കിട്ടിയിരുന്നു. ഹസാര രാമ ക്ഷേത്രത്തിലെ കൊത്ത് പണികൾ എല്ലാം ഏറ്റവും മേന്മയുള്ളതാണ്. ശ്രീ കോവിലിൽ വിഗ്രഹങ്ങൾ വച്ചിരുന്ന കല്ല്‌ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ . ഹംപിയിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഇതും പൂജ മുടങ്ങി ഒരു പുരാവസ്തു മാത്രമായി നില കൊള്ളുകയാണ്.

"ഈ കൽത്തൂണുകളിൽ വിഷ്ണുവിന്റെ 24 രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്. കൂടാതെ രാമായണത്തിലെ ചില കഥാപാത്രങ്ങളുമുണ്ട്."

പിന്നേം തുടങ്ങിയോ പുളുവടി എന്നർത്ഥം വരുന്ന ഒരു നോട്ടം എന്റെ ഭർത്താവ് നോക്കി. ഞാൻ ഉടനെ  ഗൈഡ് ബുക്ക്‌ എടുത്ത് കാണിച്ചു.  എന്നെ വിശ്വാസം വരാഞ്ഞിട്ടാണോ എന്തോ  കുറെ നേരം തൂണുകൾക്ക് ചുറ്റും നടന്നു അവസാനം "ഹും ശരിയാ.." എന്നൊരു അപ്രൂവലും തന്നു. അങ്ങനെ  ഞങ്ങൾ ഹസാര രാമ ക്ഷേത്രത്തിൽ റിസർച് നടത്തിക്കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിൽക്കുന്നത് കണ്ടു. അതിനു പുറകെ നിലവിളി ശബ്ദവുമായി ഒരു വി ഐ പി  കാറും, അകമ്പടിക്കായി വേറെ രണ്ടു കാറുകളും. ഏതോ വല്യ ആളാണെന്നു തോന്നുന്നു. ഇനിയിപ്പോ നിന്നാൽ സമാധാനമായി ഒന്നും കാണാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഞങ്ങൾ അടുത്ത ലക്ഷ്യ സ്ഥാനമായ "ലോട്ടസ് പാലസ്' കാണാനായി നടന്നു."സേനാന എൻക്ലോഷർ" എന്നറിയപ്പെടുന്ന ഒരു ഭാഗത്താണ് ലോട്ടസ് പാലസ്. വളരെ ഉയർന്ന ചുറ്റുമതിലും, കോണുകളിൽ വാച്ച് ടവറും ഒക്കെയായി അതീവ സുരക്ഷ ഉണ്ടായിരുന്ന ഒരു ഭാഗമായിരുന്നു സേനാന എൻക്ലോഷർ.രാജ സ്ത്രീകൾ വസിച്ചിരുന്ന ഇടം എന്നാണ് "സേനാന" എന്ന പേര് സൂചിപ്പിക്കുന്നതെങ്കിലും, ആനപ്പന്തിയും പട്ടാള പരേഡ് ഗ്രൌണ്ടും ഒക്കെ ഈ ചുറ്റുമതിലിന് അകത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ രാജ സ്ത്രീകൾക്കുള്ള കൊട്ടാരങ്ങൾ  മറ്റു ഭരണ-പട്ടാള കേന്ദ്രങ്ങളിൽ നിന്നും വളരെ ദൂരെ ആയിരിക്കും. അത് കൊണ്ട് തന്നെ,  രാജ്ഞിമാരും മറ്റും താമസിച്ചിരുന്നത് ഇവിടെയാണോ എന്നത് സംശയകരമാണ്. ലോട്ടസ് പാലസിൽ കടക്കാൻ പുരാവസ്തു  വകുപ്പിന്റെ  ടിക്കറ്റ് വേറെ എടുക്കണം. എനിക്ക് വല്യ സന്തോഷം ആയി. ഇന്ത്യയിൽ ഏതു സ്ഥലത്ത് പോയാലും കിട്ടുന്ന പ്രവേശന ടിക്കറ്റുകൾ സൂക്ഷിച്ച് വയ്ക്കുന്ന ശീലം  എനിക്കുണ്ട്. ആ കൂട്ടത്തിലേയ്ക്ക് ഒരെണ്ണം കൂടി. ഇതെല്ലാം ചേർത്ത് ഒരു  ആൽബം  ഉണ്ടാക്കണം. അഞ്ചും പത്തും രൂപ വിലയുള്ള ഈ ടിക്കറ്റുകളും, അവയോരോന്നും എടുത്ത് നോക്കുമ്പോൾ മനസ്സിലെത്തുന്ന ഓർമകളും തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.

    "ലോട്ടസ് പാലസ്" എന്ന് പേരു കേൾക്കുമ്പോൾ ഒരു വമ്പൻ കൊട്ടരമാണെന്നു തോന്നുമെങ്കിലും, സംഗതി ചെറിയൊരു മണ്ഡപം ആണ്. ഹംപിയിലെ കൊട്ടാരക്കെട്ടുകളിൽ തകരാതെ നില്ക്കുന്ന അപൂർവ്വം ചില വാസ്തുവിസ്മയങ്ങളിൽ  ഒന്നാണിത്. തളിക്കോട്ട യുദ്ധശേഷം ഹംപി നശിപ്പിക്കാൻ ക്വൊട്ടേഷൻ എടുത്ത ശത്രു സൈനികരുടെ കണ്ണിൽ ഇത് പെട്ടില്ലെന്ന് തോന്നുന്നു. ഭാഗ്യം!ഇളം പിങ്ക് നിറമുള്ള കല്ലിൽ, ഒരു താമരപ്പൂ വിടർന്നു നിൽക്കുന്നത് പോലെയാണ്  ലോട്ടസ് പാലസിന്റെ നിർമിതി. ചിത്രപ്പണികളുള്ള അനേകം തൂണുകൾ സമാന്തരമായി നിർമിച്ചിരിക്കുന്നു. പ്രണയം തുടിക്കുന്ന ഒരു അന്തരീക്ഷം. കാറ്റിനു പോലും ഒരു പ്രത്യേക മൃദുത്വം. കുയിലുകൾ അടുത്തുള്ള വേപ്പ് മരങ്ങളിൽ ഇരുന്നു പാടുന്നു. അങ്ങനെ ആ അന്തരീക്ഷത്തിൽ മുങ്ങി നിൽക്കുമ്പോൾ ഞാൻ ഒരാളെ ശ്രദ്ധിച്ചു  വേറാരെയുമല്ല.. എന്റെ ഭർത്താവിനെ തന്നെ.. കക്ഷി ലോട്ടസ് പാലസിന്റെ വിവിധ ആംഗിളുകളിൽ നിന്നും  ചിത്രങ്ങൾ എടുക്കുന്ന തിരക്കിലാണ്. "ലോട്ടസ് പാലസ്" ഫോട്ടോഗ്രാഫർമാരുടെ  ഒരു ഇഷ്ട ലൊക്കേഷൻ ആണ്.

ലോട്ടസ് പാലസ് കാണുമ്പോൾ, രാജാവും രാജ്ഞിയും മരം ചുറ്റിപ്രേമം നടത്തിയിരുന്നത് ഇവിടെയാണ്‌ എന്ന് നമുക്ക് തോന്നും. പക്ഷെ, രാജാക്കന്മാർ ചർച്ചകൾ നടത്താനും, കുലീനർക്ക് മുഖം കാണിക്കാനും ഒക്കെയാണ് ഈ ലോട്ടസ്  പാലസ് ഉപയോഗിച്ചിരുന്നതെന്ന് 1799- ൽ  കണ്ടെടുത്ത ഒരു മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ലോട്ടസ് പാലസിന് രണ്ടു നിലകൾ ഉണ്ട്. മുകളിലെ നിലയിലേക്കുള്ള ഇടുങ്ങിയ ഗോവിണി പൂട്ടിയിട്ടിരിക്കുകയാണ്.അടുത്തതായി ഞങ്ങൾ പോയത്, ഹംപിയിലെ ആനപ്പന്തി കാണാൻ ആണ്. "ആനപ്പന്തി" എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ കാലത്തെ ആനപ്പന്തി പോലെയൊന്നുമല്ല. ദൂരെ നിന്ന് നോക്കുമ്പോൾ പാർലമെന്റ് കെട്ടിടം പോലെ തോന്നും. വിജയനഗര സാമ്രാജ്യം വേറെ ലെവൽ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഈ അനപ്പന്തി മാത്രം കണ്ടാൽ മതി. ലോട്ടസ് പാലസ് പോലെ ഈ ആനപ്പന്തിയും അക്രമികളുടെ കയ്യിൽ നിന്നും രക്ഷപെട്ടു. പതിനൊന്നു അറകളിലായി,  22 ആനകളെ തളയ്ക്കാൻ മാത്രം വലിപ്പം ഇതിനുണ്ട്. മേൽക്കൂരയിൽ  പല ഡിസൈനുകളിൽ ഉയർന്നു നിൽക്കുന്ന മകുടങ്ങളും, അതിനു നടുവിലായി വാദ്യമേളക്കാർക്ക്  ഇരിക്കാനായി ഒരു ബാൽക്കണിയും ഒക്കെയുണ്ട്. ആനപ്പന്തിയുടെ മുൻവശത്ത് ഒരു വലിയ പരേഡ് ഗ്രൌണ്ട് ആണ്.

പരേഡ് ഗ്രൌണ്ടും കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് നടന്നു. "മഹാനവമി ഡിബ്ബ" കാണേണ്ടേ? എന്നും ചോദിച്ച് ബക്ഷി അടുത്ത് കൂടി. ഉച്ച വെയിൽ കത്താൻ തുടങ്ങിയിരുന്നു. അത് കൊണ്ട് ഞങ്ങൾ മഹാനവമി ഡിബ്ബ ഒഴിവാക്കിയാലോ എന്ന് വിചാരിക്കുകയായിരുന്നു. പക്ഷെ ബക്ഷി വിടുന്ന മട്ടില്ല. രണ്ടു ദിവസത്തെ കൂട്ട് കൊണ്ട് തന്നെ ഞങ്ങൾ വെറുതെ കാഴ്ചകൾ കണ്ടു ഓടിപ്പോകുന്ന ടൂറിസ്റ്റുകൾ അല്ല എന്ന് ബക്ഷി ചേട്ടന് മനസ്സിലായിരിക്കുന്നു. "കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം ആകും" എന്ന ഡയലോഗിൽ ഞങ്ങൾ വീണു. മഹാനവമി ഡിബ്ബയുടെ അടുത്തെ എത്തിയപ്പോൾ ബക്ഷി ചേട്ടനെ പൂവിട്ടു പൂജിക്കണം എന്ന് തോന്നിപ്പോയി.ഉദ്യാനങ്ങളും അനേകം കൊട്ടാരങ്ങളും കുളങ്ങളും എല്ലാമുള്ള ഒരു കോമ്പൌണ്ടിന്റെ നടുക്ക്,തല പോയ  ഈജിപ്ഷ്യൻ  പിരമിഡ്  പോലെ ഉയർന്നു നില്ക്കുകയാണ് പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച,  മഹാനവമി ഡിബ്ബ എന്നറിയപ്പെടുന്ന കൂറ്റൻ സ്റ്റേജ്. ഏകദേശം നാൽപ്പതടി ഉയരം ഈ പ്ലാട്ഫോമിനുണ്ട്. മഹാരാജാവ് ദസറ ആഘോഷങ്ങൾ കണ്ടിരുന്നത് ഇവിടെ നിന്നാണത്രേ. ഹസാര രാമ ക്ഷേത്ര മതിലിൽ കണ്ട ഘോഷയാത്ര ദൃശ്യവും മഹാനവമി ഡിബ്ബയും ഞാൻ ഓർത്തു.


നല്ല ചൂടായത് കൊണ്ട് ആ പരിസരത്ത് അധികം ആൾക്കാർ ഒന്നുമില്ല. ആകെയുള്ളത് സെൽഫി സ്റ്റിക്കും പിടിച്ച്, അത്ഭുതലോകത്ത് എത്തിയപോലെ നടക്കുന്ന ഒരു ജപ്പാൻകാരനാണ്. ഞങ്ങൾ മഹാനവമി ഡിബ്ബയുടെ മുകളിലേയ്ക്ക് നടന്നു. അത് കണ്ടു പുറകെ ജപ്പാൻകാരനും. ഞാൻ ഓർത്തു,  ഇപ്പോൾ കയറുന്ന ഈ പടികളിൽ  എത്ര രാജാക്കന്മാരുടെ കാലടികൾ പതിഞ്ഞു കാണും? പ്ലാറ്റ്ഫോമിന്റെ മുകൾ ഭാഗത്ത്  നിരയൊപ്പിച്ച് ചതുര ആകൃതിയിലുള്ള ചെറിയ കുഴികൾ കാണാം. മഹാനവമി ഡിബ്ബയുടെ മേല്ക്കൂര താങ്ങി നിറുത്തിയിരുന്ന തടി കൊണ്ടുള്ള തൂണുകൾ സ്ഥാപിച്ചിരുന്ന കുഴികൾ ആണ്. ഒരു കാര്യം എനിക്ക് മനസ്സിലായി. ഇപ്പോൾ കാണുന്ന മഹാനവമി ഡിബ്ബ ഒന്നുമല്ല. അക്രമികൾ തീയിട്ടു നശിപ്പിച്ചപ്പോൾ, തടി കൊണ്ടുള്ള പ്രധാന ഭാഗങൾ ഒക്കെ കത്തി നശിച്ചു കാണണം. പിന്നെയും നഷ്ടബോധം. കലാബോധമില്ലാത്ത കാപാലികരോട് അതിയായ ദേഷ്യം തോന്നി.


മഹാനവമി ഡിബ്ബയും മുഴുവൻ തകർത്ത നിലയിൽ ആയിരുന്നു. പിന്നീട് പുരാവസ്തു വകുപ്പിന്റെ പ്രയത്നം കൊണ്ട് വീണു പോയ കല്ലുകൾ ഒക്കെ അടുക്കി വച്ച് വീണ്ടും ഉണ്ടാക്കിയതാണിത്. പക്ഷെ കല്ലുകൾ പലതും വച്ചപ്പോൾ ക്രമം തെറ്റുകയും, തല തിരിഞ്ഞു പോകുകയും ഒക്കെ ചെയ്തത്രേ... അത് കൊണ്ട് കല്ലുകളിൽ കൊത്തി വച്ചിരുന്ന കഥകളുടെ എല്ലാം തുടർച്ച നഷ്ടപ്പെട്ടു.മനോഹരമായ പടിക്കെട്ടുകൾ ഉള്ള ഒരു കുളവും ഇതിനടുത്തുണ്ട്. അളക്കാനും മുറിക്കാനും മെഷീനുകൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇത്ര കൃത്യതയോടെ ജ്യാമതീയ രൂപത്തിൽ ഈ കുളം നിർമിച്ച ശില്പികളെ നമിച്ചു പോയി


അധികം നേരം അവിടെ കറങ്ങി നിൽക്കാൻ സൂര്യൻ സമ്മതിക്കില്ല. അടുത്തതായി വിജയനഗര കാലത്തെ സ്വിമ്മിംഗ് പൂൾ ആയ "ക്വീൻസ് ബാത്ത്" കാണാൻ ഞങ്ങൾ പുറപ്പെട്ടു. പേര് റാണിമാരുടെ കുളിപ്പുര എന്നാണെങ്കിലും ഇത്  രാജ സഭയിലെ കുലീനന്മാർ ഉപയോഗിച്ചിരുന്നതാണ് എന്നാണു ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുള്ളത്. കുളിപ്പുരയ്ക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കുന്ന കിടങ്ങും, കുളത്തിലേയ്ക്ക് തുറക്കുന്ന ഫൗണ്ടനുകളും, കുളത്തിൽ ഇറങ്ങാൻ ചിത്രപ്പണി ചെയ്ത പടവുകളും ഒക്കെയായി ഇന്നത്തെ കാലത്തെ  സ്വിമ്മിംഗ് പൂളുകളെ വെല്ലുന്ന രീതിയിൽ ആണ് ക്വീൻസ് ബാത്ത് നിർമിച്ചിരിക്കുനത്. ഫോട്ടോ ഗ്രാഫർമാർക്ക് മനോഹര ദൃശ്യങ്ങൾ പകർത്താൻ പറ്റിയ ലൊക്കേഷൻ.  കമലാപുര പുരാവസ്തു മ്യൂസിയവും കൂടി കണ്ടു ഞങ്ങൾ ഹോട്ടലിലേയ്ക്ക് മടങ്ങി.

27 March 2016 - 4:30pm

ഹംപി യാത്രയുടെ അവസാന ലാപ്പ് ആയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി യാഥാർത്യങ്ങളിൽ നിന്നും അകന്നു, രാജാക്കന്മാരുടെ കാലത്തെ സ്വപ്നലോകത്
തിൽ ആയിരുന്നു ഞങ്ങൾ. ഹംപി യാത്രയുടെ അവസാന മണിക്കൂറുകൾ  ഹേമകൂട കുന്നിൻ മുകളിലെ പുരാതന അമ്പലങ്ങളിൽ ചെലവഴിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.
 വിജയനഗര കാലത്തെക്കാൾ എത്രയോ പഴക്കമുണ്ട് ഹേമകൂട കുന്നിൻ മുകളിലെ ക്ഷേത്രങ്ങൾക്ക്. ചുറ്റും ഉയർന്ന മതിലും പല വശങ്ങളിലും ഗേറ്റുകളും ഒക്കെയായി ഒരു കോട്ട പോലെയായിരുന്നു ഈ ഭാഗങ്ങൾ. നേരത്തെ പറഞ്ഞ വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആദ്യ രൂപമായ മൂല വിരൂപാക്ഷ ക്ഷേത്രം നിലനിന്നിരുന്നതും ഈ കുന്നിൻ മുകളിൽ ആണത്രേ..വെയിൽ ചാഞ്ഞപ്പോൾ ഞങ്ങൾ ഹേമകൂട കുന്നിൻ മുകളിലേയ്ക്ക് പതുക്കെ നടന്നു. പൂ വിതറിയിട്ടിരിക്കുന്ന പോലെ, എവിടെ തിരിഞ്ഞാലും അമ്പലങ്ങളാണ്. ഈ കുന്നിൻ മുകളില മാത്രം 35 അമ്പലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ  കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയല്ലോ? മാത്രമല്ല ഹംപിയിലെ ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തവും ആണിവ. എല്ലാം ഒന്നും കേറിയിറങ്ങി കാണാൻ സാധിക്കില്ലെങ്കിലും അവയിൽ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങൾ വിശദമായി കാണാൻ ഞങ്ങൾ തീരുമാനിച്ചു.


 1300 ന്റെ തുടക്ക കാലത്ത്,  അതായത് അതായത് വിജയ നഗര സാമ്രാജ്യം ഒക്കെ ഉദയം ചെയ്യുന്നതിനും മുൻപേ ഹംപി അടങ്ങിയ തുംഗഭദ്ര  തീരം ഭരിച്ചിരുന്ന "കാംപില" എന്നൊരു നാട്ടു രാജാവ് നിർമിച്ച  ക്ഷേത്രമാണ് ഒന്ന്.  1327 - ൽ ഡെക്കാൻ സുൽത്താനേറ്റ് ഹംപിയെ ആക്രമിച്ചപ്പോൾ കാംപില ധീരമായി പോരാടി മരിച്ചു. കാംപിലയെ തോല്പ്പിച്ച ഡെക്കാൻ സുൽത്താനേറ്റ് അവരുടെ പ്രതിനിധികളായി നിയമിച്ചതാണ്  ഹരിഹര-ബുക്ക സഹോദരങ്ങളെ. പക്ഷെ, ഡെക്കാൻ സുൽത്താനേറ്റിന്റെ കീഴിൽ നില്ക്കാതെ വിജയനഗര സാമ്രാജ്യം  പടർന്നു പന്തലിച്ചു. ഏകദേശം 200 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ഡെക്കാൻ സുൽത്താനേറ്റ് രാജാക്കന്മാർ അറിയുന്നത്. അവർ വീണ്ടും വന്നു, ഒരിക്കൽ ഭരണം എല്പ്പിച്ചവരിൽ നിന്നും എല്ലാം തിരിച്ച് പിടിക്കാൻ..

ഞങ്ങൾ കാംപില ക്ഷേത്രം നടന്നു കണ്ടു.  പ്രതിഷ്ഠ ഏതായിരുന്നു എന്ന് മനസ്സിലാകുന്നില്ല. അധികം ആക്രമണത്തിനു ഇരയായിട്ടില്ല ഈ ക്ഷേത്രം. കാരണം വളരെ ലളിതമാണ്. ഡെക്കാൻ സുൽത്താനേറ്റിന് കലി മുഴുവൻ അവരെ പറ്റിച്ച് വലുതായ വിജയനഗര രാജാക്കൻമാരോടായിരുന്നു. വിജയനഗര നിർമിതികൾ മാത്രമാണ് ശത്രു സൈന്യം തകർത്തത്.ഹേമകൂട കുന്നിലെ മറ്റൊരു പ്രധാന ക്ഷേത്രം "ജെയിൻ ടെമ്പിൾ" എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളുടെ മേൽക്കൂര നിർമിച്ചിരിക്കുന്നത് ജെയിൻ ക്ഷേത്രങ്ങളുടെ മാതൃകയിലാണ്. ഏഴാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ, കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഭാഗങ്ങൾ ഭരിച്ചിരുന്ന രാഷ്ട്രകൂടരാണ് ഈ ക്ഷേത്രം നിർമിച്ചത്. എല്ലോറയിലെയും പട്ടടയ്ക്കലെയും ഗംഭീര ക്ഷേത്രങ്ങൾ നിർമിച്ച വാസ്തുകലാ വീരന്മാരാണ് ഈ രാഷ്ട്രകൂടർ.ഉപേക്ഷിക്കപ്പെട്ട അമ്പലങ്ങൾക്കിടയിലൂടെ ഒരു സ്വപ്നത്തിൽ എന്ന പോലെ ഞങ്ങൾ നടന്നു. ചരിത്രാതീത കാലത്ത് ഏതോ അഗ്നി പർവതം പൊട്ടിയാണത്രെ ഹംപിയിലെ ഈ കുന്നുകളും പാറക്കൂട്ടങ്ങളും  ഒക്കെ ഉണ്ടായത്. നമ്മൾ കുന്നിനു മുകളിലൂടെ നടക്കുമ്പോൾ ഇടയ്ക്ക് വലിയ ഗർത്തം പോലെ ഭൂമി പിളർന്നിരിക്കുന്നത് കാണാം. ഡെക്കാൻ പീഠഭൂമിയിൽ ഏറ്റവും ഉറച്ച ഭൂമിയുള്ളത് ഹംപിയിൽ ആണത്രേ... ഒരിക്കലും ഭൂമി കുലുക്കം വരാത്ത പ്രദേശം.സമയം ആറു കഴിഞ്ഞു. ഞങ്ങൾ ഹെമകൂട കുന്നിന്റെ മുനമ്പിൽ ഉള്ള ഒരു പാറയിലേയ്ക്ക് നടന്നു. ഇവിടെ നിന്നും മനോഹരമായ  സൂര്യാസ്തമയം കാണാൻ കഴിയും. ഞങ്ങൾ എത്തുന്നതിനു മുൻപേ ഒരു സായിപ്പും ജപ്പാൻകാരിയും വലിയ ക്യാമറകളുമായി അവിടെ എത്തിയിട്ടുണ്ട്. അതും പോരാതെ ഒരു വലിയ ഗ്രൂപ്പ് വിദേശികൾ ഏറ്റവും അറ്റത്തുള്ള പാറയിൽ നിന്നും ഇരുന്നും യോഗ പോസിലും ഒക്കെ ഫോട്ടോ എടുക്കുന്നുണ്ട്. അതിൽ ചില ഫ്രേമുകൾ അതി മനോഹരമായി തോന്നിയത് കൊണ്ട് ഞാനും ഒന്ന് രണ്ടു ഫോട്ടോസ് ക്ലിക്കി.പതുക്കെ സൂര്യൻ കടും ചുവപ്പ് നിറമാകാൻ തുടങ്ങി. കലപില കൂട്ടിയിരുന്ന പക്ഷികളും സായിപ്പന്മാരും ജപ്പാൻകാരിയുമെല്ലാം നിശബ്ദരായി. തകർന്ന ഒരു സാമ്രാജ്യത്തിന്റെ കൽക്കൂമ്പാരത്തിനു മുകളിൽ സൂര്യൻ അസ്തമിച്ച് തുടങ്ങി. ഒരുതരം മിസ്റ്റിക് ആയ അനുഭവം ആയിരുന്നു അത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട്, ഒരു ആയുസ്സിലേയ്ക്കുള്ള ഓർമ്മകൾ സമ്മാനിച്ച ഹംപിയെ നോക്കി ശാന്തമായ മനസ്സുമായി ഞാനിരുന്നു. പിരിയുവാൻ ആഗ്രഹമില്ലെങ്കിലും ജീവിതത്തിന്റെ തിരക്കിലേയ്ക്കുള്ള തിരിച്ചു പോകൽ അനിവാര്യമാണല്ലോ.
1 تعليقات

إرسال تعليق

أحدث أقدم