ആദ്യ ഭാഗം
ഇവിടെ വായിക്കാം
26 മാർച്ച് വൈകുന്നേരം 4:30
ഉച്ചവെയിൽ ഒന്ന് താണപ്പോൾ ഞങ്ങൾ വീണ്ടു ഹംപിയിലേയ്ക്കു തിരിച്ചു. അച്യുതരായ ക്ഷേത്രം(Achyutaraya Temple) ആണ് അടുത്ത ലക്‌ഷ്യം. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ "ചേട്ടൻ ഹംപി ലക്ഷ്യമാക്കി വിട്ടോ, വളവും തിരിവുമൊക്കെ ഞങ്ങൾ പറഞ്ഞു തരാം" എന്ന് ഞാൻ ധൈര്യമായി പറഞ്ഞു. ഗൂഗിൾ കാണിച്ചു തന്ന വഴിയെ മുന്നോട്ട് പോയി അവസാനം ഒരു ഗേറ്റിനു മുന്നിൽ ഡ്രൈവർ വണ്ടി നിറുത്തി. കാര്യം അന്വേഷിച്ചപ്പോൾ "ഈ ഗേറ്റിനുള്ളിൽ കടന്നാൽ എനിക്ക് അടി കിട്ടും!" എന്നായിരുന്നു മറുപടി. ഗൂഗിളിൽ കാണിക്കുന്ന വഴി ഒരു സന്യാസിനി മഠത്തിനുള്ളിലൂടെയാണത്രെ. അന്യർക്ക് പ്രവേശനം നിഷിദ്ധം. ഗൂഗിളും ചതിക്കും എന്ന് മനസ്സിലായി. ഞങ്ങൾ ആയുധം വച്ച് കീഴടങ്ങി.
"ഈ അച്യുതരായ ക്ഷേത്രം എവിടെയാണെന്ന് അറിയോ?" ഞങ്ങൾ നല്ല കുട്ടികളായി ഡ്രൈവറോടു വഴി ചോദിച്ചു.
"ബക്ഷി" എന്നാണ് ഡ്രൈവറുടെ പേര്. "അച്യുതരായ ക്ഷേത്രം ദേ അവിടെയാണെന്ന്" പറഞ്ഞു ബക്ഷി ചേട്ടൻ ദൂരെയൊരു മലയ്ക്കു മുകളിലേയ്ക്ക് കൈ ചൂണ്ടി. ഹംപിയെക്കുറിച്ചുള്ള കുറച്ചു വിവരം വച്ച്, അത് മാതംഗ മല ആണെന്ന് എനിക്ക് മനസ്സിലായി. മലയ്ക്കു മുകളിൽ ഒരു പൊട്ടു പോലെ ചെറിയൊരു അമ്പലവും കാണാനുണ്ട്. ആ കുത്തനെയുള്ള മലമുകളിലേയ്ക്ക് നോക്കി എന്റെ ഭർത്താവ് ഒരു നെടുവീർപ്പിട്ടു.
"നീ എന്നെയും എന്റെ പുതിയ ഷൂവിനെയും കൊലയ്ക്കു കൊടുത്തേ അടങ്ങൂ അല്ലേ?" എന്നായിരുന്നു ആ നെടുവീർപ്പിന്റെ അർത്ഥം.
|
ദേ ഏറ്റവും വലത്ത് വശത്ത് കാണുന്ന മലയാ ഈ മാതംഗ മല.. അതിനു മുകളിലാണ് അച്യതരായ ക്ഷേത്രം എന്നാണു ഡ്രൈവർ ബക്ഷി പറയുന്നത്. |
പക്ഷെ, ഞാൻ ഇന്റർനെറ്റിലും പുസ്തകങ്ങളിലും ഒക്കെ കണ്ട അച്യുതരായ ക്ഷേത്രം മലമുകളിൽ ഒന്നുമല്ല. പക്ഷെ മാതംഗമലയുടെ അടുത്താണ് താനും. ഒന്ന് നടന്നു നോക്കാം എന്ന് തീരുമാനിച്ച് ഞങ്ങൾ ഹംപി ബസാറിലൂടെ മാതംഗമലയുടെ ദിക്ക് നോക്കി നടന്നു. ബസാറിന്റെ ഒരറ്റത്ത് നന്ദിയുടെ ഒറ്റക്കൽ പ്രതിമയുണ്ട്.
അതും കണ്ടു കുറച്ച് നേരം അവിടെ നിന്നപ്പോൾ ആണ്. "അച്യുതരായ ക്ഷേത്രം" എന്നൊരു ബോർഡും ഇടത്തേക്ക് ഒരു ചെറിയ വഴിയും കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. ബോർഡ് കാണിച്ച വഴിയെ വച്ചു പിടിച്ചു. കുറച്ചു നടന്നപ്പോൾ ഹംപിയുടെ തനി നാടൻ വഴിയായി.
|
അച്യുതരായ ക്ഷേത്രത്തിലേയ്ക്കുള്ള വഴി |
രണ്ടു വശത്തും വലിയ പാറക്കെട്ടുകൾ, നിലത്ത് കുത്തനെയുള്ള ഇറക്കങ്ങളിൽ കല്ലു പാകിയിരിക്കുന്നു. ആദ്യത്തെ ബോർഡിനു ശേഷം പിന്നെ അച്യുതരായ ക്ഷേത്രത്തെക്കുറിച്ച് വേറെ സൂചന ഒന്നും ഇല്ല.
|
കരിങ്കൽ ഗുഹയിലൂടെ ഒക്കെ കടന്നു വേണം അച്യതരായ ക്ഷേത്രത്തിൽ എത്താൻ |
വഴിയിൽ കണ്ട പല നാട്ടുകാരോടും ചോദിച്ചെങ്കിലും, അവർക്ക് നമ്മടെ കന്നഡ മനസ്സിലാവാത്തതാണോ അതോ സ്ഥലം അറിയാത്തതാണോ എന്തോ, ആർക്കും ഈ ക്ഷേത്രത്തെപ്പറ്റി അറിവില്ല. പണ്ട് ലാലേട്ടൻ ശ്രീഹള്ളിലോട്ടുള്ള വഴി ചോദിച്ച പോലെയാകും എന്ന് തോന്നിയപ്പോൾ കന്നഡ പരിജ്ഞാനം അധികം പരീക്ഷിക്കേണ്ടന്നു തീരുമാനിച്ചു .
മനോഹരമായ വഴി, ഒരു വശത്ത് തുംഗഭദ്ര നദി. കുറച്ച് ദൂരം നടന്നപ്പോൾ വഴിയിൽ കോദണ്ഡരാമ ക്ഷേത്രം കണ്ടു. അപ്പോൾ എനിക്ക് സമാധാനമായി, വഴി തെറ്റിയിട്ടില്ല.
|
കോദണ്ഡരാമ ക്ഷേത്രം - സുഗ്രീവൻ കിഷ്കിന്ദയുടെ രാജാവായി കിരീടധാരണം ചെയ്തത് ഈ ക്ഷേത്രത്തിൽ വച്ചാണെന്ന് ഐതിഹ്യം. |
അച്യുതരായ ക്ഷേത്രത്തിന്റെ വളരെ അടുത്താണ് കോദണ്ഡരാമ ക്ഷേത്രം എന്ന് മാപ്പിൽ കണ്ട ഓർമയുണ്ട്. ഹംപിയിൽ ഇപ്പോഴും ആരാധന നടക്കുന്ന ചുരുക്കം ചില അമ്പലങ്ങളിൽ ഒന്നാണ് കോദണ്ഡരാമ ക്ഷേത്രം. രാമായണത്തിൽ, ബാലി സുഗ്രീവ യുദ്ധം നടന്നത് ഇവിടെ വച്ചാണത്രേ! തുംഗബദ്രയുടെ തീരത്ത്, മനോഹരമായ ആൽച്ചുവട്ടിൽ പച്ചപ്പും ഹരിതാഭയും ഒക്കെയുള്ള നല്ല സ്ഥലം. ഒരു യുദ്ധത്തിനു പറ്റിയ ലൊക്കേഷൻ തന്നെ. രാമന്റെ സഹായത്തോടെ ബാലിയെ തോല്പിച്ച സുഗ്രീവൻ കിഷ്കിന്ദയുടെ രാജാവായി കിരീടധാരണം ചെയ്തത് ഈ ക്ഷേത്രത്തിൽ വച്ചാണെന്ന് ഐതിഹ്യം.
|
കോദണ്ഡരാമ ക്ഷേത്രം - ബാലി സുഗ്രീവ യുദ്ധത്തിന്റെ ലൊക്കേഷൻ ഇതായിരുന്നത്രേ ! |
ഈ ക്ഷേത്രത്തിന്റെ നിർമാണ കാലഘട്ടം കൃത്യമായി അറിയില്ലെങ്കിലും, വിജയനഗര സാമ്രാജ്യം നിലവിൽ വരുന്നതിനു എത്രയോ മുൻപേ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ടകൾ നിലനിന്നിരുന്നു എന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയത്. രാമനും, ലക്ഷ്മണനും, സീതയും ആണ് പ്രതിഷ്ഠ. അവരെ സേവിക്കുന്ന സുഗ്രീവനെയും കാണാം.
കോദണ്ഡരാമ ക്ഷേത്രത്തിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പോയാൽ രണ്ടു വശങ്ങളിലും കൽത്തൂണുകൾ നിരന്നു നില്ക്കുന്ന ഒരു വലിയ തെരുവിലെത്തും. ഒരറ്റത്തായി ഒരു ക്ഷേത്രഗോപുരം തലയുയർത്തി നില്ക്കുന്നു. ക്ഷേത്രത്തിന്റെ ഇരു വശങ്ങളിലുമായി "ഗന്ധമദന", "മാതംഗ" എന്നീ രണ്ടു വൻ മലകളും കാണാം. വിജയമായ വഴി. ചുറ്റുപാടിൽ ആകെ ഒരു ചലനമില്ലായ്മ. ഒരു ഇല പോലും അനങ്ങുന്നില്ല. പെട്ടെന്ന് ടൈം ട്രാവൽ നടത്തി പതിനഞ്ചാം നൂറ്റാണ്ടിൽ ചെന്ന് പെട്ടത് പോലെ.. സത്യത്തിൽ കാരണമില്ലാത്ത ഒരു ഭീതി എന്റെയുള്ളിൽ നിറഞ്ഞു.
|
അച്യുതരായ ക്ഷേത്രത്തിനു മുന്നിലെ തെരുവ്... ഒരു പ്രേത സെറ്റപ്പ് തന്നെ! |
അച്യുതരായ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഏകദേശം അഞ്ചു മണി. ഗോപുരത്തിന് അടുത്തുള്ള വിവരണം വായിച്ച ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. ഈ ക്ഷേത്രത്തിനു "തിരുവെങ്കലനാഥ " ക്ഷേത്രം എന്നും പേരുണ്ടത്രേ. വിഷ്ണുവിന്റെ ഒരു രൂപമാണ് തിരുവെങ്കലനാഥൻ. പ്രശസ്തനായ വിജയനഗര ഭരണാധികാരിയായ കൃഷ്ണദേവരായരുടെ ഇളയ സഹോദരനായ അച്യുത രായ ആണ് ഈ ക്ഷേത്രം നിർമിച്ചത് എന്ന തെറ്റായ ധാരണ പരക്കെയുണ്ട്. എന്നാൽ 1534-ൽ അച്യുത രായയുടെ ഭാര്യാ സഹോദരനായ ഹിരിയ തിരുമലരാജയാണ് ഈ ക്ഷേത്രം നിർമിച്ചത്. അളിയനോടുള്ള സ്നേഹം കാരണമായിരിക്കാം "അച്യുത രായ ക്ഷേത്രം" എന്ന് പേരിട്ടത്. പക്ഷെ ഈ ക്ഷേത്രത്തിനു 30 വര്ഷം മാത്രമേ സർവ പ്രൗഡിയോടും കൂടി നില്ക്കാൻ കഴിഞ്ഞുള്ളു. 1565 ലെ തളിക്കോട്ട യുദ്ധത്തിനു ശേഷം ശത്രു സൈന്യം ഈ ക്ഷേത്രം കുറെയധികം നശിപ്പിച്ചു.
|
അച്യുതരായ ക്ഷേത്ര ഗോപുരം |
ക്ഷേത്രത്തിനു ഉള്ളിലേയ്ക്ക് ഞങ്ങൾ കയറി. സമാന രീതിയിലുള്ള രണ്ടു ഗോപുരങ്ങൾ ക്ഷേത്രത്തിനുണ്ട്. ആദ്യ ഗോപുരം കയറിയെത്തുമ്പോൾ വലതു വശത്ത് അനേകം തൂണുകളുള്ള ഒരു മണ്ഡപം കാണാം. ഇതിൽ 100 തൂണുകൾ ഉണ്ടത്രേ. ഇത് കല്യാണമണ്ഡപം ആയിരുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തൂണും ഒരു മാസ്റ്റർ പീസാണ്. കൊത്തു പണിയില്ലാത്ത ഒരു ഇഞ്ച് പോലുമില്ല.
|
അച്യുതരായ ക്ഷേത്രത്തിന്റെ ഉൾവശം |
ദൈവങ്ങളുടെയും വാദ്യമേളക്കാരുടെയും നൃത്തക്കാരുടെയും ശില്പങ്ങൾ കൂടാതെ, ലൈംഗികത വിഷയമാകുന്ന അനേകം ശിപ്ങ്ങളുമുണ്ട്. അശ്ലീലം അല്പം പോലും തോന്നിക്കാത്ത ഈ മൈഥുന ദൃശ്യങ്ങൾ, ദൈവങ്ങളുടെ ശില്പങ്ങൾക്കുള്ള തുല്യ പ്രാധാന്യത്തോടെ തൂണുകളിൽ തലയുയർത്തി നില്ക്കുന്നു. മാര്യേജ് കോഴ്സും സെക്സ് എജുക്കേഷനും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്, ഈ തൂണുകളിലെ കൊത്തുപണികൾ വരനും വധുവിനും മാർഗനിർദേശകം ആയിരുന്നു എന്ന് ചരിത്രം പറയുന്നു. ഭാഗ്യം, സദാചാര പോലീസൊന്നും ഇവിടെ ഇതുവരെ എത്തിയിട്ടില്ല!
|
അച്യുതരായ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും പുറത്തേയ്ക്കുള്ള കാഴ്ച. ഗരുടന്റെ ചെറിയ അമ്പലമാണ് മുന്നിൽ കാണുന്നത് |
പ്രധാന അമ്പലത്തിനു മുന്നിൽ വിഷ്ണുവിന്റെ വാഹനമായ ഗരുടന്റെ അമ്പലം കാണാം. മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും പ്രധാന ദേവന്റെ വാഹനം ശ്രീകോവിലിനു തൊട്ടു മുന്നില് ആയിരിക്കും. ദൈവത്തിനു അർജെന്റായി വാഹനത്തിൽ കയറി എങ്ങോട്ടെങ്കിലും പോകണമെങ്കിൽ സൗകര്യത്തിനു വേണ്ടിയായിരിക്കും അല്ലേ? നമ്മുടെ വീടിന്റെ മുന്നിൽ കാറിടില്ലേ? അത് പോലെ തന്നെ!
ക്ഷേത്രത്തിന്റെ ശ്രീ കോവിലിനു അടുത്തേക്ക് നടന്നപോൾ ഉള്ളിൽ ഇരുട്ട് കൂടിവരുന്നു.ശ്രീ കോവിലിനു മുന്നിൽ രണ്ടു വശത്തും ദ്വാരപാലകന്മാരായ "ജയ വിജയൻ" പ്രതിഷ്ഠ കാണാം. ശ്രീ കോവിലിലെ ഇരുട്ടിലേയ്ക്കു കാലെടുത്ത് വച്ചപ്പോൾ, എന്തോ ഒന്ന് ചുമലിൽ ഉരസി പുറത്തേക്ക് പറന്നു പോയി. ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് ടോർച്ച് അടിച്ചു നോക്കി. വേറൊന്നുമല്ല കട്ട പിടിച്ച ഇരുട്ടിൽ ശ്രീ കോവിലിലെ മച്ചിൽ നിന്നും തൂങ്ങിക്കിടക്കുന്ന, തിളങ്ങുന്ന കണ്ണുകളുള്ള നൂറു കണക്കിന് വാവലുകൾ. വാവലുകളുടെ സുഖനിദ്ര തടസപ്പെടുത്തെണ്ട എന്ന് കരുതി, വേഗം പോകാമെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു.. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല !
അച്യുതരായ ക്ഷേത്രത്തിൽ, അത്ര തന്നെ ശ്രദ്ധയാകർഷിക്കാത്ത, എന്നാൽ അതി പ്രധാനമായ ഒരു കൊത്തുപണി മറഞ്ഞു കിടപ്പുണ്ട്. "അച്യുതരായ ക്ഷേത്രത്തിലെ പുരാവസ്തു മാണിക്യം" എന്നാണു ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വിജയ നഗര സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന "സൂര്യ ചന്ദ്രന്മാരും വരാഹവും വാളും" ആണത്. ഹംപിയിലെ വളരെ അപൂർവ്വം ക്ഷേത്രങ്ങളിലേ ഈ മുദ്ര ഇന്ന് കാണാനാവൂ. ശത്രു സൈന്യം തെരഞ്ഞു പിടിച്ച് നശിപ്പിച്ച കൂട്ടത്തിൽ പ്രധാനം രാജ മുദ്രയായിരുന്നു.
|
"സൂര്യ ചന്ദ്രന്മാരും വരാഹവും വാളും" - വിജയ നഗര സാമ്രാജ്യത്തിന്റെ രാജ മുദ്ര |
അച്ച്യുത രായ ക്ഷേത്രത്തിനു മുന്നിലെ തെരുവിനും ഉണ്ട് ഒരു ചരിത്രം. "സൂളൈ ബസാർ" എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെറ്റില മുറുക്കി ചുവന്ന ചുണ്ടുകളും, തുടുത്ത കവിളുകളും, കരിമഷിയെഴുതി കറുപ്പിച്ച കണ്ണിമകളുമുള്ള സുന്ദരിമാർ വസിച്ചിരുന്ന ദേവദാസി തെരുവ്. ഒരു അമ്പലത്തിനു മുന്നിൽ ഇങ്ങനെ ഒരു തെരുവ് ഇക്കാലത്ത് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല. നമ്മുടെ പൂർവിക തലമുറയുടെ സാമൂഹിക ഘടന എത്രയോ വ്യതസ്തമായിരുന്നു! ഈ തെരുവിന്റെ ഒരു ഭാഗം അതിപ്രശതമായ ഒരു രത്ന വ്യാപാര കേന്ദ്രവും കൂടിയായിരുന്നു. നമ്മുടെ നാട്ടിലൊക്കെ തേങ്ങ കൂട്ടിയിട്ടു വില്‍ക്കുന്നത് പോലെയാണ് ഇവിടെ രത്നങ്ങൾ വിറ്റിരുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തി അല്ല. അത്രയേറെ സമ്പന്നമായിരുന്നു വിജയനഗരം. ദേവദാസികളുടെ ചിലമ്പൊച്ചയും , കൃഷ്ണ തീരത്ത് നിന്നും വന്ന രത്ന വ്യാപാരികളുടെ സഞ്ചികളുടെ തിളക്കവും നഷ്ടപ്പെട്ട സൂളൈ ബസാറിലൂടെ, ഒരു പ്രേത നഗരത്തിലൂടെ എന്ന പോലെ ഞങ്ങൾ നടത്തം തുടർന്നു.
|
ഒരു കാലത്ത് ഈ തെരുവിൽ ഉത്സവത്തിനുള്ള ആളുണ്ടാകുമായിരുന്നു . കാലം മായ്ക്കാത്ത ഒരു പ്രൗഡിയും ഇല്ല.. |
മാതംഗ മലയുടെ ഉച്ചിയിൽ പൊട്ടു പോലെ കാണുന്ന ക്ഷേത്രത്തിലേയ്ക്ക് ഉറുമ്പരിക്കുന്ന പോലെ നടന്നു പോകുന്ന മനുഷ്യരെ നോക്കി ഞങ്ങൾ കുറച്ചു നേരം നിന്നു.
|
അച്യതരായ ക്ഷേത്രത്തിൽ നിന്നുമുള്ള മാതംഗ മലയുടെ കാഴ്ച |
സൂളൈ ബസാറിലൂടെ നടക്കുമ്പോൾ ഇടത് വശത്ത് "പുഷ്കരണി" എന്നൊരു ബോർഡ് കണ്ടു. ഇതെന്താണ് സംഭവം എന്നറിയണമല്ലോ. മനോഹരമായ ഒരു കാഴ്ചയായിരുന്നു അവിടെ. അച്യുതരായ ക്ഷേത്രത്തിന്റെ കുളമാണ്. ഇപ്പോൾ വെള്ളം ഒന്നും ഇല്ല. പക്ഷെ നല്ല കാലത്ത് ഇതിന്റെ ഭംഗി കാണാൻ രണ്ട് കണ്ണൊന്നും പോരായിരുന്നിരിക്കും !
|
അച്യുതരായ ക്ഷേത്രത്തിന്റെ പുഷ്കരണി |
അച്യതരായ ക്ഷേത്രത്തിൽ നിന്നും മടങ്ങുന്ന വഴിയിൽ പല പുരാതന അമ്പലങ്ങളും ഉണ്ട്. ഹംപിയിലെ എല്ലാ അമ്പലങ്ങളിലും കയറി, കൊത്ത് പണികൾ എല്ലാം ആസ്വദിക്കണമെങ്കിൽ അവിടെ ഒരു വീട് വാങ്ങി സ്ഥിര താമസമാക്കുകയേ നിവൃത്തിയുള്ളൂ... അത്രയ്ക്കധികം കാണാനുണ്ട് അവിടെ..
|
ഹംപിയിലെ വഴിവക്കുകളിൽ ഒക്കെ ഇങ്ങനെ ഒരുപാട് അമ്പലങ്ങൾ ഉണ്ട്... |
ഹംപിയിൽ സൂര്യൻ താണു തുടങ്ങിയിരുന്നു. ഇനിയത്തെ അങ്കം അടുത്ത ദിവസം എന്ന് തീരുമാനിച്ച്, ഞങ്ങൾ ബക്ഷി ചേട്ടന്റെ അടുത്തേക്ക് നടന്നു. അച്യുതരായ ക്ഷേത്രം മാതംഗ മലയുടെ മുകളിൽ അല്ലെന്നു പറയാൻ. പക്ഷെ ബക്ഷി ചേട്ടന്റെ ആദ്യത്തെയും അവസാനത്തെയും അബദ്ധം ആയിരുന്നു അത്. അനാവശ്യമായി സംസാരിക്കാത്ത, എന്നാൽ വേണ്ടപ്പെട്ട കാര്യങ്ങളും കാഴ്ചകളും വിട്ടുപോകാതെ പറഞ്ഞു തരുന്ന ഒരു രസികനാണ് കക്ഷി എന്ന് പിറ്റേ ദിവസത്തെ യാത്രയിൽ ഞങ്ങൾക്ക് മനസ്സിലായി.
27 മാർച്ച് രാവിലെ 7:30
ഹംപിയിലെ അവസാന ദിവസമാണിന്ന്. രാവിലെ തന്നെ ബക്ഷി ചേട്ടൻ കാറുമായി ഹാജർ. വിജയനഗര കാലത്തെ രാജ കൊട്ടാരങ്ങളുടെയും മറ്റും ശേഷിപ്പുക്കൾ ഉള്ള "റോയൽ എൻക്ലോഷർ" എന്ന് വിളിക്കപ്പെടുന്ന ഭാഗത്തേക്കാണ് ഇന്ന് പോകുന്നത്. 1565 ലെ തളിക്കോട്ട യുദ്ധത്തിനു ശേഷം ശത്രുക്കൾ ഏറ്റവും നാശനഷ്ടം വരുത്തിയതും ഇവിടെ തന്നെയാണ്. എട്ടു മണിയോട് കൂടി ആദ്യത്തെ ലക്ഷ്യ സ്ഥാനമായ "ഭൂഗർഭ ശിവക്ഷേത്രത്തിൽ" എത്തി.രാവിലത്തെ സുഖമുള്ള ഇളം ചൂട്. മനോഹരമായ കാലാവസ്ഥ.
|
ഭൂഗർഭ പ്രസന്ന വിരൂപാക്ഷ ക്ഷേത്രം |
പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നും ഇതിന് പേരുണ്ട്. 14-ആം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പണ്ട്, ഹംപിയിൽ പുരാവസ്തു ഖനനം തുടങ്ങിന്നതിനു മുൻപ് മുഴുവൻ മണ്ണ് മൂടിക്കിടക്കുകയായിരുന്നു. ഭൂനിരപ്പിൽ നിന്നും താഴെയായതിനാൽ, അമ്പലത്തിന്റെ ഉള്ളറകളിൽ മുഴുവൻ ഒരടി പൊക്കത്തിൽ വെള്ളമാണ്. ഞങ്ങൾ ക്ഷേത്രത്തിന്റെ ചെറിയ ഗോപുരത്തിലൂടെ അകത്ത് കടന്നു. പച്ച നിറത്തിൽ ആ കൊടും വേനലിലും വെള്ളം നിറഞ്ഞു കിടക്കുന്ന ക്ഷേത്രത്തിന്റെ ഉള്ളറകളിലേയ്ക്ക് ഞങ്ങൾ പോയില്ല. നിലത്ത് കാലെടുത്ത് കുത്തിയാല്‍ തെന്നി വീഴും എന്ന് തോന്നി.
|
നൂറ്റാണ്ടുകളായി അടിഞ്ഞ പായൽ - ഭൂഗർഭ ശിവക്ഷേത്രത്തിൽ |
മഴക്കാലത്ത് ഈ ക്ഷേത്രത്തിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനു അടിയിലാകും.
ഇത്തരത്തില്‍ തറ നിരപ്പില്‍ നിന്നും താഴെ ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള
കാരണം ചരിത്രരേഖകളില്‍ വ്യക്തമല്ല.പക്ഷെ ഹംപിയിലെ അതി പുരാതനമായ ഒരു
ക്ഷേത്രമാണ് ഇത്. 1327 -ൽ വിജയ നഗര സാമ്രാജ്യം സ്ഥാപിച്ച "സംഗമ"
സഹോദരങ്ങളായ "ഹുക്കയും ബുക്കയും" ആണ് ഈ ക്ഷേത്രം നിർമിച്ചതെന്ന്
പറയപ്പെടുന്നു. ഹുക്ക പിന്നീട് ഹരിഹര ഒന്നാമൻ എന്നറിയപ്പെട്ടു. നമ്മൾ
സ്കൂളിൽ പഠിച്ച ചരിത്രത്തിൽ വിജയ നഗര സാമ്രാജ്യം എന്നാൽ ഒറ്റ രാജവംശം
ആയിരുന്നത് പോലെയാണ് പറയുന്നത്. ഏറ്റവും പ്രഗത്ഭനായ രാജാവ് കൃഷ്ണദേവ
രായരും. എന്നാൽ "സംഗമ", "സാലുവ", "തുളുവ" ഇങ്ങനെ മൂന്നു രാജ വശങ്ങൾ ഏകദേശം
250 വർഷങ്ങൾ വിജയനഗരം ഭരിച്ചു. അതിൽ പ്രഗത്ഭരായ അനേകം രാജാക്കന്മാരും
ഉണ്ടായിരുന്നു... ചരിത്രം പറഞ്ഞു മുഷിപ്പിച്ചോ? സോറി, അതെന്റെ വീക്ക്നെസ്സ്
ആയിപ്പോയി.
സംഗമ കാലഘട്ടത്തിൽ നിർമിക്കപ്പെട്ട അമ്പലത്തിന്റെ പ്രധാന തൂണുകൾ എല്ലാം വളരെ ലളിതം ആണ്. കൊത്ത് പണികളും തുലോം കുറവ്. എന്നാൽ ഈ ക്ഷേത്രത്തിന്റെ തന്നെ പുറത്തുള്ള കല്യാണ മണ്ഡപം വർഷങ്ങൾ ക്ക് ശേഷം സാലുവ കാലത്ത് ഉണ്ടാക്കിയതാണത്രേ അവയിൽ കൊത്ത് പണികളും കൂടുതലുണ്ട്. കാലം പുരോഗതി പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന വാസ്തുപരിണാമം ഈ ക്ഷേത്രത്തിലെ വെള്ളത്തിനു ഔഷധ സിദ്ധി ഉണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. എന്നാൽ ഈ വെള്ളത്തിൽ ഇറങ്ങാൻ എനിക്കത്ര ധൈര്യം വന്നില്ല.അതുകൊണ്ട് വാതിക്കൽ നിന്നും അകത്തേക്ക് തല നീട്ടി ഒന്ന് നോക്കി. ക്യാമറ വെള്ളത്തിൽ വീഴാതെ ഒരു ഫോട്ടോയും ഒപ്പിച്ചു
വെളു വെളുപ്പിനെ പോയതു കൊണ്ട് ഞങ്ങൾ മാത്രമാണ് ക്ഷേത്രത്തിൽ, സായിപ്പന്മാർ പോലും എത്തിയിട്ടില്ല. എനിക്ക് കുറച്ച് അഭിമാനമൊക്കെ തോന്നി. സ്വന്തം കല്യാണത്തിനു പോലും ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഓടിക്കിതച്ച് ലേറ്റ് ആയി എത്തിയ എനിക്ക് അഭിമാനം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
അടുത്തതായി "ഹസാരെ രാമ" ക്ഷേത്രത്തിൽ പോകാമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇവിടെ അടുത്ത് കാണാൻ മറ്റൊരു കാഴ്ചയുണ്ട് എന്ന് പറഞ്ഞു ബക്ഷി ഞങ്ങളെയും കൂട്ടി നടന്നു. ചെറിയൊരു വാച്ച് ടവറിനു മുകളിലാണ് അയാള്‍ ഞങ്ങളെ കൊണ്ടെത്തിച്ചത്. താഴോട്ടു നോക്കിയപ്പോൾ കണ്ണെത്താ ദൂരത്തോളം, കൊച്ചു കുട്ടികൾ വീടുണ്ടാക്കി കളിച്ചത് പോലെ കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. വിജയ നഗര സാമ്രാജ്യത്തിലെ കുലീനരുടെ വാസസ്ഥലത്തിന്റെ അസ്ഥിവാരം ആണത്. "നോബിൾ മാൻ ക്വാർട്ടേഴ്സ്" എന്നാണിത് അറിയപ്പെടുന്നത്.
|
നോബിൾ മാൻ ക്വാർട്ടേഴ്സ് - കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊട്ടാരകെട്ടുകൾ - ഇപ്പൊ അസ്ഥിവാരം മാത്രേ ഉള്ളൂ.. |
എല്ലാം ഖനനം ചെയ്താണ് പുറത്തെടുത്തത്. ശത്രു സൈന്യം ഇടിച്ച് നിരത്തുന്നതിനു മുൻപ്, ഈ കൊട്ടാരങ്ങൾ എത്ര വിപുലമായിരുന്നിരിക്കും എന്ന് ഞാൻ ചിന്തിച്ചു പോയി. ദൈവം മുന്നിൽ പ്രത്യക്ഷപ്പെട്ടു, "മകളെ ഒരു വരം ചോദിച്ചോളൂ" എന്ന് ആവശ്യപ്പെട്ടാൽ, എനിക്ക് യാതൊരു കൺഫ്യൂഷനും ഉണ്ടാവില്ല. ടൈം ട്രാവൽ ചെയ്യാനുള്ള വരം തന്നെ ഞാൻ ചോദിക്കും. എന്നിട്ട് നേരെ വന്നു ഈ കൊട്ടരങ്ങളെല്ലാം അവയുടെ നല്ല കാലത്ത് എങ്ങനെയായിരുന്നു എന്ന് കൺകുളിർക്കെ കാണും. ആലോചിച്ചിട്ട് തന്നെ കുളിരു കോരുന്നു!
|
തകർന്നടിഞ്ഞ കൊട്ടാരക്കെട്ടുകൾ |
"നീയെന്താ സ്വപനം കാണുകയാണോ?" ഭർത്താവ് ഉറക്കെ ചോദിച്ചപ്പോൾ ആണ് ഞാൻ മനോരാജ്യത്തിൽ നിന്നും ഉണർന്നത്. വീട്ടി തടി കൊണ്ട് കൊത്തു പണി ചെയ്ത്, മനോഹരമായ ചുവർ ചിത്രങ്ങളും, രാമച്ചവും സിൽക്കും കൊണ്ട് പർദ്ദയിട്ട ജാലകങ്ങളുമുള്ള കുലീന ഗ്രഹങ്ങളും, അതിനിടയിലെ ഇട വഴികളിലൂടെ പാഞ്ഞു പോകുന്ന കുതിര വണ്ടികളും, കൊട്ടാരത്തിൽ എത്താൻ ലേറ്റ് ആയതു കൊണ്ട് തിരക്കിട്ട് വീട്ടിൽ നിന്നിറങ്ങുന്ന മന്ത്രിമാരും. ഒന്ന് കണ്ണടച്ചാൽ എന്തൊക്കെ ദൃശ്യങ്ങളാണ് മുന്നിൽ തെളിയുന്നത്. ഹംപിയെ "തകർന്ന നഗരം" എന്ന് വിശേഷിപ്പിക്കുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ ഒറ്റ കാഴ്ച മതി. അധികം മനോരാജ്യം കണ്ടു നിൽക്കാൻ സമയമില്ല.. കാഴ്ചകൾ ഇനിയും തുടരുന്നു. ചാർളി പറഞ്ഞത് പോലെ.. "ഈ കാൽ എന്നേം കൊണ്ടങ്ങു പോകുവാ.. അതേ കേറി ഞാനും അങ്ങ് പോകുവാ.."
മൂന്നാം ഭാഗം ഇവിടെ
Post a Comment